പുതുവൈപ്പിലെ തീവ്രവാദികള്‍ അഥവാ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ കഥകള്‍

 
പുതുവൈപ്പിലെ തീവ്രവാദികള്‍ അഥവാ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ കഥകള്‍

കൊച്ചി പുതുവൈപ്പിലെ ഐ ഒ സി പാചകവാതക സംഭരണിക്കെതിരെ തദ്ദേശവാസികള്‍ ആരംഭിച്ച പ്രക്ഷോഭത്തിന്റെ ന്യായാന്യായങ്ങള്‍ എന്തുതന്നെയാകട്ടെ. അത്തരം ചര്‍ച്ചകളിലേക്ക് കടക്കാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ല. എന്നാല്‍ പ്രസ്തുത സമരവുമായി ബന്ധപ്പെട്ട് പോലീസ് ഉയര്‍ത്തിക്കൊണ്ടുവന്ന 'തീവ്രവാദി' പ്രയോഗത്തെ കണ്ടില്ലെന്നു നടിക്കാന്‍ ആവുന്നതല്ല.

ഏതു വിഷയത്തിലായാലും തീവ്രനിലപാട് സ്വീകരിക്കുന്നവരെയാണ് പണ്ടുകാലം മുതല്‍ക്കേ തീവ്രവാദി എന്ന് വിളിച്ചു വന്നിരുന്നത്. ഇന്നിപ്പോള്‍ തീവ്രവാദികള്‍ക്കിടയില്‍ തന്നെ വേര്‍തിരിവുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിനും ഭരണകൂടങ്ങള്‍ക്കുമെതിരെ പോരാടുന്ന തീവ്രവാദികള്‍, മതതീവ്രവാദികള്‍ എന്നിങ്ങനെ പലതരം തീവ്രവാദികളാല്‍ നമ്മുടെ നാടും സമൃദ്ധമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. പുതുവൈപ്പിലെ സമരക്കാര്‍ ഏതു വിഭാഗത്തില്‍ പെടുമെന്ന് നമ്മുടെ രഹസ്യാന്വേഷികളോ പൊലീസോ സര്‍ക്കാരോ വ്യതമാക്കിയിട്ടില്ല എന്നതിനാല്‍ അവരുടെ 'തീവ്രവാദ'ത്തിന്റെ ഗ്രേഡും സ്വഭാവവും ഒക്കെ രഹസ്യമായി തന്നെ തുടരും.

സിഐഡിമാര്‍ പലവേഷത്തിലും വരും എന്ന് പറഞ്ഞതുപോലെ തീവ്രവാദികളും പല രൂപത്തിലും വേഷത്തിലും വരും. ആരും 'ഞാന്‍ തീവ്രവാദി' എന്ന് നെറ്റിയില്‍ എഴുതിവെക്കാത്തിടത്തോളം കാലം രഹസ്യാന്വേഷകരും പോലീസും അവരെ എങ്ങനെ വേര്‍തിരിച്ചു കാണിച്ചു തരും? 'പുതുവൈപ്പിലെ തീവ്രവാദി'കളുടെ കാര്യത്തില്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞതും ഇത് തന്നെയാണ്. തീവ്രവാദികളെ കൃത്യമായി വേര്‍തിരിച്ചറിയാന്‍ കഴിയാതെ വന്നപ്പോള്‍ കണ്ണില്‍ പെട്ടവരൊയൊക്കെ പോലീസ് തല്ലിച്ചതച്ചു. കൊച്ചു കുട്ടികളെപ്പോലും വെറുതെ വിട്ടില്ല. വെറുതെ വിടാന്‍ എങ്ങനെ കഴിയും? ആരുകണ്ടു അവരുടെ കുരുന്നു മനസ്സിലും ഒരു തീവ്രാദി മുളപൊട്ടി തുടങ്ങിയിട്ടില്ലെന്ന്! അത് മുളയിലേ തന്നെ നുള്ളാന്‍ പോലീസ് തീരുമാനിച്ചു എന്നു കരുതേണ്ടിവരും.

പുതുവൈപ്പ് സമരക്കാരെ ഡിസിപി യതീഷ് ചന്ദ്രയും കൂട്ടരും ചേര്‍ന്ന് തല്ലിച്ചതച്ചതിന് ഡിജിപി നല്‍കിയ വിശദീകരണം കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ്. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സേന ബാധ്യസ്ഥമാണ്. എന്നാല്‍ പ്രധാനമന്തി കൊച്ചിയിലെത്തിയ ദിവസമായിരുന്നില്ല പോലീസിന്റെ ഈ നരനായാട്ട് എന്നത് ഡിജിപിയുടെ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നുണ്ട്.

ഡിജിപി പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരും വെള്ളം തൊടാതെ വിഴുങ്ങിയ മട്ടാണ്. അതുകൊണ്ടുതന്നെയാവണമല്ലോ പണ്ടൊരിക്കല്‍ സിപിഎം നേതാക്കള്‍ അടക്കമുള്ളവരെ പട്ടിയെ തല്ലുന്നതുപോലെ തല്ലിച്ചതച്ച യതീഷ് ചന്ദ്രക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സര്‍ക്കാര്‍ മടികാണിക്കുന്നത്. സര്‍ക്കാര്‍ എന്ന് പറയുമ്പോള്‍ ഭരണമുന്നയിലെ സിപിഐയെ മാറ്റിനിര്‍ത്തേണ്ടതായുണ്ട്. പുതുവൈപ്പ് സമരത്തെ പോലീസ് നേരിട്ട രീതിയെ അവര്‍ അതിശക്തമായി തന്നെ അപലപിക്കുകയുണ്ടായി. സിപിഎം എറണാകുളം ജില്ല സെക്രട്ടറി പി രാജീവിനെപ്പോലുള്ള ചിലരും പോലീസ് നടപടിയെ വിമര്‍ശിച്ചു കണ്ടു. സത്യത്തില്‍ ഈ സുരക്ഷാഭീഷണി പ്രശ്‌നവും തീവ്രവാദ വാദവും ഒക്കെ ഉന്നയിച്ച ഡിജിപിയെ സര്‍ക്കാര്‍ തള്ളിപ്പറയാതിരുന്നത് എന്തുകൊണ്ടെന്ന് ആരൊക്കെ എതിര്‍ത്താലും എല്‍പിജി പ്ലാന്റ് ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് തന്നെ വ്യക്തമാണ്.

പുതുവൈപ്പിലെ തീവ്രവാദികള്‍ അഥവാ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ കഥകള്‍

പുതുവൈപ്പിനിലെ സമരത്തില്‍ പുറത്തുനിന്നുള്ള പലരും നുഴഞ്ഞു കയറിയിട്ടുണ്ട് എന്നതായാണ് പൊലീസിന്റെ മറ്റൊരു വാദം. ഈ വാദം കേട്ടാല്‍ തോന്നും സ്വന്തമായി ഒന്നും ചെയ്യാന്‍ കൊള്ളാത്ത വെറും അപ്പാവികളാണ് പുതുവൈപ്പിലെ ജനങ്ങളെന്ന്. വൈപ്പിന്‍ മദ്യദുരന്തം ഉണ്ടായപ്പോള്‍ അതിനെതിരെ ശക്തമായി രംഗത്തിറങ്ങിയവരാണ് അവര്‍. മദ്യദുരന്തക്കാലത്ത് ജോണ്‍ എബ്രഹാമും സംഘവും അവതരിപ്പിച്ച 'നായ്ക്കലി' എന്ന തെരുവ് നാടകം നെഞ്ചേറ്റിയ ഇവര്‍ 'വെറും മീന്‍പിടുത്തക്കാര്‍' മാത്രമെന്ന് കരുതിയാല്‍ തെറ്റി. എണ്‍പതുകളില്‍ കേരളത്തില്‍ വേരൂന്നിയ 'വിമോചന ദൈവശാസ്ത്രം' അരച്ചുകലക്കി കുടിച്ചവരും ഇവര്‍ക്കിടയിലുണ്ട് എന്ന കാര്യവും മറന്നു പോകരുത്.

ആരാണ് തീവ്രവാദി എന്ന ചോദ്യം വീണ്ടും തികട്ടി തികട്ടി വരുമ്പോള്‍ പെട്ടെന്ന് ഓര്‍മയിലേക്ക് ഓടിയെത്തുന്നത് സക്കറിയയുടെ 'ഒരു തീവണ്ടിക്കൊള്ള' എന്ന ചെറുകഥയാണ്. പട്ടിണികൊണ്ടു വശം കെട്ടുപോയ ഒരു അച്ഛനും കൊച്ചുമകനും ചേര്‍ന്ന് ഒരു തീവണ്ടി കൊള്ളയടിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നതും പിടിക്കപ്പെട്ട് തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നതുമാണ് കഥയുടെ ഇതിവൃത്തം. ബോംബ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഒരു പഴുത്ത പപ്പായ പഴംതുണിയില്‍ പൊതിഞ്ഞ് ബോംബാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ആ അച്ഛനും മകനും ചേര്‍ന്ന്. നടന്‍ ശ്രീനിവാസന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, അച്ഛന്‍ പോക്കറ്റ് മണി നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ നക്‌സലൈറ്റാകാന്‍ ശ്രമിച്ച കഥ.

പ്രിയ സുഹൃത്ത് ഷാജഹാന്‍ കാളിയത്ത് (ഏഷ്യാനെറ്റിലെ ഷാജഹാന്‍ ) അടുത്ത കാലത്ത് മലയാളം വാരികയില്‍ എഴുതിയ 'സദ്ദാം' എന്ന കഥയും നമ്മുടെ രഹസ്യാന്വേഷകരും പോലീസുമൊക്കെ ഒന്ന് വായിക്കുന്നത് നന്നായിരിക്കും.

നമ്മുടെ രഹസ്യാന്വേഷണ സേനയുടെ കാര്യം കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ടെന്നു തോന്നുന്നു. കാരണം അവരുടെ തീവ്രവാദി ആക്രമണ സാധ്യത സംബന്ധിച്ച മുന്നറിയിപ്പാണ് കൊച്ചിയിലെ നരനായാട്ടിലേക്കു നയിച്ചത് എന്നാണല്ലോ ഡിഐജിയുടെ വാദം. ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുക എന്നതുതന്നെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ജോലി. ഒരു ആക്രമണം ഉണ്ടായതിനു ശേഷം പറഞ്ഞിട്ട് കാര്യമില്ലല്ലോ. എന്നാല്‍ എല്‍ടിടിഇയെക്കുറിച്ച് വെറും ഉഹാപോഹങ്ങളുടെ പേരില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ഇന്ത്യന്‍ സേനയെ ശ്രീലങ്കയിലേക്ക് അയക്കാന്‍ രാജീവ് ഗാന്ധിയെ പ്രേരിപ്പിച്ച നമ്മുടെ രഹസ്യന്വേഷണ വിദഗ്ധരുടെ വൈഭവവും അതിനു രാജ്യം നല്‍കേണ്ടിവന്ന വന്ന വിലയും നമ്മള്‍ കണ്ടതാണ്.

എന്റെ തന്നെ ഒരു അനുഭവം ഇവിടെ വിവരിക്കട്ടെ. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ മലപ്പുറത്ത് ജോലിക്കെത്തിയതിന്റെ മൂന്നാം നാള്‍ ജില്ലാ കളക്ടറുടെ ഒരു വാര്‍ത്ത സമ്മേളനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്നു. സമ്മേളനം കഴിഞ്ഞു പുറത്തേക്കു നടക്കുമ്പോള്‍ വെളുത്തു തടിച്ചു സുമുഖനായ ഒരു മനുഷ്യന്‍ വഴി തടഞ്ഞു നിന്ന് 'ആന്റണി അല്ലേ' എന്ന് തിരക്കി. അതെ എന്ന് പറഞ്ഞപ്പോള്‍ 'താടി എവിടെ പോയി' എന്നതായിരുന്നു അടുത്ത ചോദ്യം. 'ഞാന്‍ സ്ഥിരമായി താടി വെക്കാറില്ല' എന്ന് പറഞ്ഞു ഓഫീസിലേക്ക് നടന്നു. തൊട്ടു പിന്നാലെ ഉണ്ടായിരുന്ന മലയാള മനോരമയുടെ മാത്യു കദളിക്കാട് പറഞ്ഞാണ് അറിഞ്ഞത് ആള്‍ ഐബി ഓഫീസറാണെന്ന്. നായനാര്‍ എന്നെ നക്‌സലൈറ്റ് ആക്കിയിട്ട് അധികകാലം ആയിരുന്നില്ല എന്നതിനാല്‍ വലിയ അത്ഭുതം തോന്നിയില്ല. എന്നാല്‍ പിന്നീട് മലപ്പുറത്ത് സിനിമ തീയേറ്ററുകള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് തോമസ് എന്ന് പേരുള്ള ഈ ഉദ്യോഗസ്ഥനെ കാണേണ്ടി വന്നു. സംസാരത്തിനിടയില്‍ എന്നെക്കുറിച്ചും എന്റെ താടിയെക്കുറിച്ചും ചോദിക്കാനുണ്ടായ കാരണം എന്തെന്ന് തിരക്കി. അപ്പോള്‍ അയാള്‍ പറഞ്ഞത് എന്നെപ്പോലെ പല പത്രപ്രവര്‍ത്തകരുടെയും വിവിധ പോസ്സുകളിലുള്ള ഫോട്ടോകള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്കല്‍ ഉണ്ടെന്നാണ്. ഇത്തരം ചിത്രങ്ങള്‍ അവര്‍ക്കു നല്‍കുന്നത് ചില പത്രഫോട്ടോഗ്രാഫര്‍മാര്‍ തന്നെയാണെന്നും പറഞ്ഞു. അപ്പോഴാണ് നക്‌സലൈറ്റ് അല്ലാതിരുന്നിട്ടും നായനാര്‍ എന്തുകൊണ്ട് എന്നെ നക്‌സലൈറ്റാക്കി എന്ന് മനസ്സിലായത്. ചുരുക്കി പറഞ്ഞാല്‍ രഹസ്യാന്വേഷകര്‍ക്കു സംശയം തോന്നുന്ന ആരെയും എപ്പോള്‍ വേണമെങ്കിലും നക്‌സലൈറ്റോ തീവ്രവാദിയോ ഒക്കെ ആക്കി മാറ്റാന്‍ കഴിയും എന്ന് സാരം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)