ജേക്കബ് തോമസ്സിനെ തിരിച്ചെടുക്കണമെന്ന് ശുപാർശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്; അപ്രധാന പദവിയിലിരുത്തിയേക്കും

 
ജേക്കബ് തോമസ്സിനെ തിരിച്ചെടുക്കണമെന്ന് ശുപാർശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്; അപ്രധാന പദവിയിലിരുത്തിയേക്കും

ഡിജിപി ജേക്കബ് തോമസ്സിനെ തിരിച്ചെടുക്കണമെന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ശുപാർശ. ഈ ഫയൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയതായി റിപ്പോർട്ടുകൾ പറയുന്നു. ജേക്കബ് തോമസ്സിന്റെ സ്വയംവിരമിക്കൽഡ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാർ കഴിഞ്ഞദിവസം സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. അതെസമയം ആഭ്യന്തര ചീഫ് സെക്രട്ടറിയുടെ ശുപാർശയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് എടുക്കുക.

ജേക്കബ് തോമസ്സിനെ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധിച്ചിരുന്നു. ട്രിബ്യൂണലിന്റെ തീരുമാനമുണ്ടായിട്ടും സംസ്ഥാനം അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്നു ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ശുപാർശ. രണ്ട് വർഷമായി ജേക്കബ് തോമസ് സസ്പെൻഷനിലാണ്. തുടർച്ചയായി സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ സസ്പെൻഷൻ നീട്ടിയതാണ് ഇത്രയും നീണ്ടകാലം ജേക്കബ് തോമസ്സിനെ പുറത്തു നിർത്തിയത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് ജേക്കബ് തോമസ് സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സർവ്വീസ് ചട്ടത്തിന്റെ തുറന്ന ലംഘനമാണിതെന്ന് കണ്ടെത്തി സർക്കാർ ജേക്കബ് തോമസ്സിനെ സസ്പെൻഡ് ചെയ്തു. സസ്പെൻഷനിലിരിക്കുമ്പോൾ അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു ഇദ്ദേഹം.

മൂന്നുമാസം മുന്‍കൂര്‍ നോട്ടിസ് നല്‍കണമെന്ന കാലപരിധി പാലിക്കാത്തതിനാല്‍ സ്വയം വിരമിക്കൽ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് കേന്ദ്രം സർക്കാരിനെ അറിയിച്ചിരുന്നു. വിആർ‌എസ് നൽകുന്നതിനോട് സർക്കാരിനും എതിർപ്പുണ്ടായിരുന്നു. സർക്കാരിനെ വിമർശിച്ചതു സംബന്ധിച്ച തെളിവുകൾ സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിന് കൈമാറിയിരുന്നു. വിജിലൻസ്, ക്രൈംബ്രാഞ്ച് കേസുകളുടെ വിവരങ്ങളും സർക്കാർ കൈമാറുകയുണ്ടായി.

തിരിച്ചെടുത്താലും ജേക്കബ് തോമസ്സിന് അപ്രധാന പദവിയേ നൽകൂ എന്നാണറിയുന്നത്.

തന്റെ സസ്പെൻഷൻ സംബന്ധിച്ച വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലിരിക്കെ ആർഎസ്എസ്സിനോട് ആഭിമുഖ്യം കാണിച്ച് ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു. എന്നാലിത് കാര്യമായ ഗുണം ചെയ്തില്ല.