ചുരുങ്ങിയ ശമ്പളം ഇരുപതിനായിരമെന്ന് വിജ്ഞാപനമായി; മാനദണ്ഡങ്ങളില്‍ അവ്യക്തത; നഴ്‌സുമാര്‍ പ്രതികരിക്കുന്നു

 
ചുരുങ്ങിയ ശമ്പളം ഇരുപതിനായിരമെന്ന് വിജ്ഞാപനമായി; മാനദണ്ഡങ്ങളില്‍ അവ്യക്തത; നഴ്‌സുമാര്‍ പ്രതികരിക്കുന്നു

നഴ്‌സുമാരുടെ ചുരുങ്ങിയ ശമ്പളം ഇരുപതിനായിരം രൂപയാക്കി വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ കരട് വിജ്ഞാപനമിറക്കി. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍, ഡിസ്പന്‍സറികള്‍, ഫാര്‍മസികള്‍, സ്‌കാനിങ് സെന്ററുകള്‍, എക്‌സ്‌റെ യൂണിറ്റുകള്‍, ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കേണ്ട വേതനനിരക്ക് ഉള്‍പ്പെടുത്തിയാണ് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ട്രെയിനിങ് കാലാവധി സംബന്ധിച്ചോ, ട്രെയിനിയായി ജീവനക്കാരെ എടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചോ വിജ്ഞാപനത്തില്‍ പരാമര്‍ശമില്ല. ഇത് നഴ്‌സുമാരുള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്

2013 ല്‍ നഴ്‌സുമാരുടെ വേതനം വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പുതുക്കിക്കൊണ്ടാണ് വിജ്ഞാപനമിറങ്ങിയത്. വേതനവര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ സ്വകാര്യആശുപത്രിയിലെ നഴ്‌സുമാര്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരത്തിനിറങ്ങിയിരുന്നു. സ്വകാര്യ ആശുപത്രികളിലെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും തടസ്സപ്പെട്ട നിലയിലായപ്പോള്‍ സര്‍ക്കാര്‍ യൂണിയന്‍ ഭാരവാഹികളുമായി ചര്‍ച്ച ചെയ്യുകയും ചുരുങ്ങിയ വേതനം ഇരുപതിനായിരം രൂപയാക്കി വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. ചര്‍ച്ചയില്‍ രൂപപ്പെട്ട് വന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വേതന നിരക്കുകള്‍ സ്വകാര്യ ആശുപത്രികളും ആശുപത്രിയോടനുബന്ധിച്ച എം.ഡി., എം.എസ്., എം.ബി.ബി.എസ.്, ബി.ഡി.എസ്., ബി.എസ്.സി.(നഴ്‌സ്), തുടങ്ങിയ കോഴ്‌സുകളും, പാരാമെഡിക്കല്‍ കോഴ്‌സുകളും നടത്തിവരുന്ന സ്ഥാപനങ്ങളിലെയും സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും ജീവനക്കാര്‍ക്ക് ബാധകമാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

കിടത്തിചികിത്സയില്ലാത്ത ആശുപത്രികളും സ്ഥാപനങ്ങളും കിടത്തിടികിത്സയുള്ള ആശുപത്രികള്‍ എന്നിങ്ങനെ രണ്ടായി തിരിച്ചുകൊണ്ടാണ് നിര്‍ദ്ദേശങ്ങള്‍. കിടത്തിചികിത്സയില്ലാത്ത സ്ഥാപനങ്ങളില്‍ ജോലി ചെയയ്ുന്ന ജീവനക്കാരുടെ എണ്ണത്തിനനുസൃതമായി ജീവനക്കാര്‍ക്ക് 12ശതമാനം മുതല്‍ 20 ശതമാനം വരെ അധിക അലവന്‍സ് നല്‍കണമെന്നും, കിടത്തി ചികിത്സയുള്ള സ്ഥാപനങ്ങളില്‍ കിടക്കകളുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാര്‍ക്ക് 10 മുതല്‍ 30 ശതമാനം വരെ അധിക അലവന്‍സ് ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ നിര്‍ദ്ദേശിക്കുന്നു. കിടത്തി ചികിത്സയില്ലാത്ത ആശുപത്രികളിലെ നഴ്‌സിങ് ജീവനക്കാര്‍ക്ക് അഞ്ച് ശതമാനം മുതല്‍ 10ശതമാനം വരെ അധിക അലവന്‍സ് നല്‍കണം. കിടത്തി ചികിത്സയുള്ള ആശുപത്രികള്‍ 12 ശതമാനം മുതല്‍ 32 ശതമാനം വരെ അധിക അലവന്‍സിന് നഴ്‌സുമാര്‍ക്ക് അവകാശമുണ്ട്. ക്ഷാമബത്ത, വാര്‍ഷിക ഇന്‍ക്രിമെന്റ് എന്നിവ നല്‍കുന്നതിന് പുറമെ സര്‍വീസ് ഓരോ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുമ്പോഴും അടിസ്ഥാനശമ്പളത്തിനൊപ്പം വാര്‍ഷിക ഇന്‍ക്രിമെന്റ് എന്ന രീതിയില്‍ സര്‍വീസ് വെയ്‌റ്റേജ് നല്‍കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും വിജ്ഞാപനത്തിലുണ്ട്. പുതുക്കിയ നിരക്കിലുള്ള വേതനം ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായി കണക്കാക്കുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസ് ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

എന്നാല്‍ ശമ്പള വര്‍ധനവ് സംബന്ധിച്ച വിജ്ഞാപനം വന്നപ്പോള്‍ നഴ്‌സുമാരുടെ പരിശീലന കാലാവധി സംബന്ധിച്ചോ, ഇക്കാര്യത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചോ ഉള്ള കാര്യങ്ങള്‍ വിജ്ഞാപനം ചെയ്യാത്തതിലാണ് നഴ്‌സുമാരുടെ ആശങ്ക. 'ശമ്പള പരിധി നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാപനം ആശ്വാസം പകരുന്നതാണ്. എന്നാല്‍ ട്രെയിനിങ് കാലാവദി, ട്രെയിനിങ് സമ്പ്രദായം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് നിലവില്‍ ആശുപത്രികളില്‍ വലിയ തോതില്‍ ചൂഷണങ്ങള്‍ നടക്കുന്നത്. ആറ് മാസവും, ഒരു വര്‍ഷവും ട്രെയിനിങ് പൂര്‍ത്തിയാക്കിയാല്‍ പലരെയും ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന പ്രവണതയുണ്ട്. 2013ലെ ഉത്തരവില്‍ അത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് പലയിടത്തും പാലിക്കപ്പെട്ടില്ല. ട്രെയിനിങ് സമ്പ്രദായവുമായി ബന്ധപ്പെട്ട വിജ്ഞാപനമുണ്ടാവണമെന്ന് യു.എന്‍.എ. ഭാരവാഹികള്‍ ലേബര്‍ കമ്മീഷ്ണറോട് ആവശ്യപ്പെട്ടതാണ്. അതുണ്ടാവുമെന്ന് ഉറപ്പും നല്‍കിയിരുന്നു. അത്തരമൊരു വിജ്ഞാപനം വന്നാല്‍ മാത്രമേ നഴ്‌സുമാര്‍ക്ക് പൂര്‍ണമായും ആശ്വാസിക്കാനുള്ള വകയുണ്ടാവൂ. ഇന്ന് ഞങ്ങള്‍ അത് ലേബര്‍ കമ്മീഷ്ണര്‍ ഓഫീസില്‍ അന്വേച്ചിരുന്നു. ഇക്കാര്യങ്ങള്‍ ക്മമീഷ്ണര്‍ ഓഫീസില്‍ നിന്ന് ലേബര്‍ സെക്രട്ടറിക്ക് കൈമാറിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ അത് വിജ്ഞാപനമായി ഇറങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് ഒരു തീരുമാനമുണ്ടാവേണ്ടത് ആവശ്യമാണ്. 'യുഎന്‍എ പ്രതിനിധി പവിന്‍ പറഞ്ഞു.

ചേര്‍ത്തല കെവിഎം ആശുപത്രിയിലും കോട്ടയം ഭാരത് ആശുപത്രിയിലും നഴ്‌സുമാര്‍ സമരം തുടരുന്നത് ട്രെയിനിങ് സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്നും പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നുകൂടി ആവശ്യപ്പെട്ടുകൊണ്ടാണ്. 'സര്‍ക്കാര്‍ ഉത്തരവുകള്‍ക്കെതിരായി ബ്ലാങ്ക് മുദ്രപത്രത്തില്‍ ഒപ്പുവാങ്ങിക്കൊണ്ടാണ് ഭാരത് ആശുപത്രിയില്‍ ഇപ്പോഴും നഴ്‌സുമാരെ ജോലിക്കെടുക്കുന്നത്. അവര്‍ക്ക് താത്പര്യമില്ലാത്തവരെ ഒരു കാരണവുമില്ലാതെ പരിശീലന കാലാവധി കഴിഞ്ഞു എന്ന് കാണിച്ച് പിരിച്ചുവിടുന്ന സമ്പ്രദായമുണ്ട്. സംഘടന നിലനില്‍ക്കുന്ന ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ലഭ്യമാക്കാന്‍ ആവുമെന്ന വിശ്വാസമുണ്ട്. എന്നാല്‍ അന്യായമായ പിരിച്ചുവിടല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപടികളുണ്ടാവണം 'യൂണിയന്‍ പ്രതിനിധി ലിസു അഴിമുഖത്തോട് പറഞ്ഞു.