വരാപ്പുഴ കസ്റ്റഡി മരണം; ആര് കുറ്റമേല്‍ക്കുമെന്ന തര്‍ക്കമാണോ പൊലീസില്‍ ഇപ്പോള്‍ നടക്കുന്നത്?

 
വരാപ്പുഴ കസ്റ്റഡി മരണം; ആര് കുറ്റമേല്‍ക്കുമെന്ന തര്‍ക്കമാണോ പൊലീസില്‍ ഇപ്പോള്‍ നടക്കുന്നത്?

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ ഇനിയും എത്രനാള്‍ അന്വേഷണം തുടരും? വ്യക്തമായ തെളിവുകള്‍ എസ് പി ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കെതിരെ ഉള്ളപ്പോള്‍ യഥാര്‍ത്ഥ പ്രതികളില്‍ എത്രപേര്‍ അര്‍ഹമായ ശിക്ഷയ്ക്ക് വിധേയരാകും? ഈ കസ്റ്റഡി കൊലപാതകത്തില്‍ പിന്നില്‍ നിന്നും പ്രേരണ ചെലുത്തിയ രാഷ്ട്രീയക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ നിയമത്തിനു മുന്നില്‍ വരുമോ? അതോ മുന്‍ കസ്റ്റഡി കൊലപാതകങ്ങളിലേതുപോലെ താഴെത്തട്ടിലുള്ള പൊലീസുകാരെ ബലിമൃഗങ്ങളാക്കി ഉന്നതന്മാര്‍ ഇവിടെയും രക്ഷപ്പെടുമോ? വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി കൊലപ്പെട്ട സംഭവത്തില്‍ ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് മാധ്യമങ്ങളും പൊതുജനങ്ങളും മാത്രമല്ല, പൊലീസ് സേനയിലെ ചിലര്‍ കൂടിയാണ്.

വീട് ആക്രമണക്കേസില്‍ പ്രതിയാണ് ശ്രീജിത്ത് എന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. ഇപ്പോഴിതാ ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിശദമായ തെളിവെടുപ്പുകള്‍ക്കുശേഷം സ്ഥിരീകരിച്ചിരിക്കുന്നു, ശ്രീജിത്തിനെ പിടികൂടിയത് ആളുമാറിയാണെന്ന്. ഈയൊരു കാര്യം മതി കുറ്റക്കാരെ കുടുക്കാന്‍. ശ്രീജിത്തിന്റെ മരണകാരണം പൊലീസ് മര്‍ദ്ദനം മൂലമാണെന്നും പുറത്തു വന്നിരിക്കുന്നു, അത് മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടല്ല, ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തിരക്കി കണ്ടുപിടിച്ച കാര്യം. തങ്ങള്‍ തല്ലിയല്ല, ശ്രീജിത്ത് മരിച്ചതെന്ന് ഇനിയും പൊലീസിന് പറയാന്‍ കഴിയില്ല. അപ്പോള്‍, ഇനിയുള്ള ചോദ്യങ്ങള്‍ ആരൊക്കെ തല്ലി. ആരൊക്കെയാണ് ആ ചെറുപ്പക്കാരന്റെ കൊലപാതകത്തിന് കാര്‍മികത്വം വഹിച്ചത് എന്നൊക്കെയാണ്. അതെപ്പോള്‍ കണ്ടുപിടിക്കും എന്നത് സംശയം.

കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഡിജിപി, ഈ കേസിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. പക്ഷേ, ദിവസങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഒരു പൊലീസുകാരനെ പോലും ഔദ്യോഗികമായി അറസ്റ്റ് ചെയ്യാനോ, ആരെല്ലാമാണ് ഇതിനു പിന്നില്‍ ഉള്ളവരെന്നു കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. ബോധപൂര്‍വമായ ഒരിഴച്ചില്‍ ഇതില്‍ നടക്കുന്നുണ്ടെന്നാണ് ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ പറയുന്നത്. ആരെയൊക്കെ രക്ഷപ്പെടുത്തണം, ആരെയെല്ലാം ബലിമൃഗങ്ങളാക്കണം എന്ന ആലോചനയായിരിക്കാം നടക്കുന്നതെന്നും ആ ഉദ്യോഗസ്ഥന്‍ പറയുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ തന്നെ, ഹിനമായ കുറ്റകൃത്യം പൊലീസ് നടത്തിയിരിക്കുന്നുവെന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മനസിലാക്കാമെന്നാണ് ആ ഉദ്യോഗസ്ഥനും ചൂണ്ടിക്കാണിക്കുന്നത്.

ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പോയ പ്രത്യേക സ്‌ക്വാഡിലെ പൊലീസുകാര്‍ ആംഡ് റിസര്‍വ്ഡ് ഫോഴ്‌സിലുള്ളവരാണ്. അവര്‍ക്ക് ഒരാളെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡയില്‍ എടുക്കാനോ നിയമം അനുവാദം നല്‍കുന്നില്ല. ലോക്കല്‍ പോലീസിനെ സഹായിക്കാന്‍ കൂടെപ്പോകാം. ഇനി ഇത്തരമൊരു സ്‌ക്വാഡ് ആണു പോകുന്നതെങ്കില്‍ തന്നെ ആ കുട്ടത്തില്‍ ഒരു സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എങ്കിലും ഉണ്ടായിരിക്കണം. ഇവിടെ അങ്ങനെയല്ല സംഭവിച്ചത്. ഇതു തന്നെ ഒന്നാമത്തെ നിയമലംഘനം. അറസ്റ്റ് നടപടികള്‍ ആദ്യം തന്നെ കൃത്യമായി എഴുതണമെന്നാണ് നിയമം. അതുണ്ടായോ? പിന്നീടാണ് എഴുതി ഉണ്ടാക്കിയത്, ഇത് അടുത്ത കുറ്റം.

കസ്റ്റഡിയില്‍ എടുക്കുന്നൊരാളെ മര്‍ദ്ദിക്കാന്‍ ഏതു പൊലീസുകാര്‍ക്കാണ് അധികാരം. പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയോ, ആക്രമണത്തിന് മുതിരുകയോ ചെയ്താല്‍ അതിനെ പ്രതിരോധിക്കാം, അല്ലാതെ ഇടിച്ചും ചവിട്ടിയും പിടിച്ചു കൊണ്ടുപോകാന്‍ അവകാശമില്ല. ശ്രീജിത്തിന്റെ കാര്യത്തില്‍ അത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടന്നിരിക്കുന്നുവെന്ന് ദൃക്‌സാക്ഷികള്‍ തന്നെ പറഞ്ഞിരിക്കുമ്പോള്‍, അതും പൊലീസ് ചെയ്ത കുറ്റം.

പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് കസ്റ്റഡിയില്‍ എടുത്തയാളുടെ വൈദ്യപരിശോധന നടത്തണം. അത്തരമൊരു പരിശോധന നടത്തിയിരുന്നോ? ഇല്ലെങ്കില്‍ അതും കുറ്റം.

കസ്റ്റഡിയില്‍ എടുത്തയാളെ കാണാന്‍ അയാളുടെ ബന്ധുക്കളായവര്‍ വന്നാല്‍ അവരെ കാണാന്‍ അനുവദിക്കണം. ബന്ധുക്കള്‍ അല്ലാത്തവര്‍ വന്ന് കസ്റ്റഡിയില്‍ എടുത്തയാളുടെ അപ്പോഴത്തെ അവസ്ഥയും അയാളെക്കുറിച്ചുള്ള വിവരങ്ങളും തിരക്കിയാല്‍ അത് പറഞ്ഞുകൊടുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വം. ഇവിടെ ശ്രീജിത്തിന്റെ അമ്മ ഉള്‍പ്പെടെ പറയുന്നു, മകനെ കാണാനോ, വെള്ളം കൊടുക്കാനോ പൊലീസ് അനുവദിച്ചില്ലെന്ന്. ഇത്തരം അവകാശങ്ങള്‍ നിഷേധിച്ചത് ഗുരുതരമായ കുറ്റം.

ഒരു പ്രതിയുടെ പൂര്‍ണമായ ഉത്തരവാദിത്വം അയാളെ കസ്റ്റഡിയില്‍ എടുക്കുന്ന ഉദ്യോഗസ്ഥനാണ്. ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്. പൊലീസ് അല്ല, അപ്പോള്‍ കോടതിയില്‍ എത്തിക്കുന്നതുവരെ പ്രതിയുടെ ജീവനും ആരോഗ്യത്തിനും ഉത്തരവാദിയാകേണ്ട ഉദ്യോഗസ്ഥന്‍ ഇവിടെ തന്റെ കടമ നിര്‍വഹിച്ചോ? ഇല്ലെങ്കില്‍ നിയമത്തെ അയാള്‍ വെല്ലുവിളിച്ചിരിക്കുന്നുവെന്നതും കുറ്റം.

ശ്രീജിത്ത് അവശനിലയിലായപ്പോള്‍ ആദ്യം ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും സ്ഥിതി ഗുരുതരമാണെന്ന് മനസിലാക്കിയതോടെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു എന്നു പറയുന്നു. എന്നാല്‍ പൊലീസ് അയാളെ അവിടെ കൊണ്ടുചെന്നിട്ടിട്ട് കടന്നുകളഞ്ഞു എന്ന ആരോപണം ശരിയാണെങ്കില്‍, അത് ഗുരുതരമായ മനുഷ്യാവകാശ ലംഘനം.

ആശുപത്രിയില്‍ കൊണ്ടു ചെല്ലുമ്പോള്‍ assault എന്ന് മാത്രം ഡോക്ടടറോട് പറയുന്നു. ആരില്‍ നിന്ന്, എങ്ങനെ എന്നു പറയുന്നില്ല. അതും കുറ്റം. പിന്നീട് ശ്രീജിത്ത് തന്നെ ഡോക്ടറോട് തന്നെ പൊലീസുകാര്‍ ആണ് മര്‍ദ്ദിച്ചതെന്ന് പറയുന്നതായി കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ സത്യം മൂടിവച്ച്, കസ്റ്റഡിയിലെടുത്തയാളുടെ ആരോഗ്യസ്ഥിതി പോലും ഗൗനിക്കാതെ രക്ഷപ്പെടാന്‍ നോക്കിയത് പൊലീസിന്റെ മറ്റൊരു കൃത്യവിലോപം.

പൊലീസ് മര്‍ദ്ദനമല്ല ശ്രീജിത്തിന് ഏറ്റതെന്നും വീട് ആക്രമണത്തിനിടയില്‍ നടന്ന സംഘര്‍ഷത്തില്‍ ആണ് പരിക്കേറ്റതെന്നുമായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ വ്യക്തമായത്, മര്‍ദ്ദനത്തിന്റെ ക്ഷതമാണ് ശ്രീജിത്തിന് ഏറ്റിരിക്കുന്നതെന്ന്. ആരാണ് മര്‍ദ്ദിച്ചത്? പൊലീസ് അല്ലെന്ന് അവര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു, അരക്കെട്ടിന് 16 സെന്റീമീറ്റര്‍ താഴെയായി രണ്ടു തുടകളിലും 23-24 സെന്റീമീറ്ററോളം ചതവ് ഉണ്ടായിരിക്കുന്നുവെന്ന്. തല്ലിയോ ചവിട്ടിയോ ഉണ്ടായ ക്ഷതമല്ലത്. കാരണം, അങ്ങനെ സംഭവിച്ചതാണെങ്കില്‍ പുറമെ അതിന്റെ പാടുകള്‍ കാണാം. ഇവിടെയതില്ല. ഒരു ഹാര്‍ഡ് മെറ്റീരിയല്‍ പുറമെ സോഫ്റ്റ് ആയിട്ടുള്ള എതോ മെറ്റീരിയല്‍ കൊണ്ട് പൊതിഞ്ഞശേഷം തുടകളില്‍ ഉരുട്ടിയതിന്റെ ഭാഗമായുണ്ടായിരിക്കുന്ന ക്ഷതമാണ് ശ്രീജിത്തില്‍ കണ്ടെത്തിയതെന്ന്. ആര് ഉരുട്ടി? പുറമെ നടന്ന സംഘര്‍ഷത്തില്‍ ഇത്തരത്തില്‍ ഒരാളെ പരിക്കേല്‍പ്പിക്കാന്‍ കഴിയില്ല, അപ്പോള്‍ ഈ മര്‍ദ്ദന മുറ നടന്നിരിക്കുന്നത് പൊലീസ് സ്റ്റേഷനില്‍വച്ച് തന്നെ. വീണ്ടും ഒരു ഉരുട്ടിക്കൊല കേരളത്തിലെ പൊലീസ് സ്റ്റേഷനില്‍ നടന്നിരിക്കുന്നുവെന്ന് ഇതുകൊണ്ട് മാത്രം പറയാം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന തെളിവുകളും ശ്രീജിത്തിനുമേല്‍ പൊലീസ് മര്‍ദ്ദനം തന്നെയാണ് നടന്നിരിക്കുന്നതെന്ന്. എങ്കില്‍ കുറ്റവാളികള്‍ ആരൊക്കെയാണെന്ന് കണ്ടെത്താന്‍ ഇനിയുമെന്ത് പ്രയാസം?

എസ് പി എ വി ജോര്‍ജ് തന്റെ സ്‌ക്വാഡിനെ അയച്ചാണ് ശ്രീജിത്തിനെ പിടികൂടിയതെങ്കില്‍, അങ്ങനെ സ്‌ക്വാഡിനെ അയച്ചത് നിയമവിരുദ്ധം. ഒരു പ്രത്യേക ഉദ്ദേശത്തിനായി( purposeful ) മാത്രമാണ് സ്‌ക്വാഡുകള്‍ ഉണ്ടാക്കാന്‍ പൊലീസ് ചട്ടത്തില്‍ പറയുന്നത്. ഡിജിപി, ഐജി, എസ് പി എന്നിവര്‍ക്ക് പ്രത്യേക ഉത്തരവിലൂടെ ഇങ്ങനെ സ്‌ക്വാഡുകള്‍ രൂപീകരിക്കാം. പക്ഷേ, എന്ത് ഉദ്ദേശത്തിനായാണോ സ്‌ക്വാഡ് ഉണ്ടാക്കിയത്, അത് പൂര്‍ത്തീകരിച്ചാല്‍ സ്‌ക്വാഡ് പിരിച്ചുവിടണം.തുടരാന്‍ അനുവദിക്കുന്നില്ല. അതായത് ഒരു എസ്പിക്കും ഇത്തരത്തില്‍ തന്റെ കീഴിലൊരു സ്‌പെഷല്‍ സ്‌ക്വാഡ് ഉണ്ടാക്കി വച്ചോണ്ടിരിക്കാന്‍ അനുവാദമില്ലെന്ന് സാരം. അപ്പോള്‍ എസ് പി ജോര്‍ജിന്റെ സ്‌ക്വാഡ് നിയമവിരുദ്ധം എന്നു പറയേണ്ടിവരും. സ്വഭാവികമായും കുറ്റവാളികളുടെ കൂട്ടത്തില്‍ എസ്പിയും പെടുന്നു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുകയാണ്, താന്‍ സഹായം ആവശ്യപ്പെട്ട പ്രകാരം മാത്രമാണ് എസ് പി സ്‌ക്വാഡിനെ അയച്ചതെന്ന് എങ്കില്‍ എസ് പിയെ കേസില്‍ നിന്നും ഒഴിവാക്കാം. അങ്ങനെ പറയുന്നില്ലെങ്കില്‍ എസ്പിയും കുറ്റക്കാരന്‍ തന്നെ.

ശ്രീജിത്തിനെ പിടിച്ചു കൊണ്ടുവന്ന പൊലീസുകാര്‍ പ്രതികള്‍. അവര്‍ ആരൊക്കെയാണെന്ന് കണ്ടെത്താന്‍ ഇനിയും അന്വേഷണം ആവിശ്യമോ?

ലീവിലുള്ള എസ് ഐ തിരിച്ചുവന്നാണ് ശ്രീജിത്തിനെ തല്ലിയതെന്ന് കൂട്ടുപ്രതികള്‍ പറയുന്നു(ഇവരുടെ മൊഴിയില്‍ തന്നെ police assault ആണ് നടന്നിരിക്കുന്നതെന്ന് വ്യക്തം). ഈ എസ് ഐയും പ്രതി.

സാഹചര്യത്തെളിവുകളും മറ്റും ഇത്രയും ഉണ്ടെന്നിരിക്കെ, ഇനി കാലതാമസം എന്തിന്? ഈ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഏറ്റവും കുറഞ്ഞത് ജീവപര്യന്തം തടവ് വിധിക്കപ്പെടേണ്ടവരാണ് കുറ്റക്കാര്‍. ആരൊക്കെ അതില്‍പ്പെടും?

പൊലീസിനുള്ളില്‍ ഇപ്പോള്‍ നടക്കുന്ന പ്രധാന ചര്‍ച്ച ആരൊക്കെ കുറ്റമേല്‍ക്കണം എന്നതാണത്രേ! ആരും ആരും ഏറ്റെടുക്കാന്‍ തയ്യാറാകാതെ നില്‍ക്കുന്നതാണോ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നീളുന്നതും നടപടികള്‍ വൈകുന്നതിനും തടസം?

ഇപ്പോള്‍ പറയുന്ന് ആള് മാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്ന്. എങ്കില്‍ ഇതാണ് പൊലീസുകാര്‍ക്കെതിരേ ചുമത്തേണ്ട പ്രധാന കുറ്റം. misidentification ഒരുതരത്തിലമുള്ള നീതികരണം അര്‍ഹിക്കുന്നില്ല. ഒരാളെ കസ്റ്റഡിയില്‍ എടുക്കാന്‍ പോകുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ഉണ്ട്. ആരെയാണോ കസ്റ്റഡിയില്‍ എടുക്കാന്‍ പോകുന്നത്, അയാള്‍ പ്രസ്തുത കേസില്‍ ഉള്‍പ്പെട്ടതാണോ എന്ന് സ്വയം ബോധ്യമുണ്ടായിരിക്കണം. പ്രതി ഇന്നയാള്‍ തന്നെയെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമെ അറസ്റ്റ് ചെയ്യാവൂ. അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് തന്നെ എന്തിന് അറസ്റ്റ് ചെയ്യുന്നുവെന്ന് പ്രതിയെ ബോധ്യപ്പെടുത്തിയിരിക്കണം. ആളു മാറി പിടികൂടിയതാണെങ്കില്‍ അതില്‍ പൂര്‍ണ ഉത്തരവാദിത്വം പൊലീസിനാണ്. ഒരു ന്യായം പറഞ്ഞും രക്ഷപ്പെടാന്‍ കഴിയില്ല.

ആളുമാറി ഒരാളെ കസ്റ്റഡിയില്‍ എടുക്കുക എന്നത് ക്രിമിനല്‍ കുറ്റമാണ്. ഒരു നിരപരാധിയെ പിടിച്ചുകൊണ്ടു പോവുക തികഞ്ഞ അപരാധമാണ്. ഒരാളുടെ പൗരാവകാശത്തെ തകര്‍ക്കലല്ലേ അത്. ശ്രീജിത്തിന്റെ കാര്യത്തില്‍ നടന്നിരിക്കുന്നത് ഇത്തരത്തില്‍ പൗരാവകാശനിഷേധം ആണെങ്കില്‍, പൊലീസുകാര്‍ അതിന് സമധാനം പറഞ്ഞേ മതിയാകൂ.

വരാപ്പുഴ കസ്റ്റഡി മരണം കേരള പൊലീസിന് ഉണ്ടാക്കിയിരിക്കുന്ന ക്ഷതം വളരെ വലുതാണ്. ഇവിടെ ഉത്തരവാദികളായവര്‍ ഒരു തരത്തിലും രക്ഷപ്പെടരുത്. പൊലീസിന് മാത്രമല്ല, സര്‍ക്കാരിനും ഈ മരണം ഉണ്ടാക്കിയിരിക്കുന്ന തിരിച്ചടി വളരെ വലുതാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഈ കേസിലെ അപരാധികളെ ഒരുതരത്തിലും സംരക്ഷിക്കുകയോ,ശ്രീജിത്തിന്റെ കുടുംബത്തിന് നീതി നിഷേധിക്കുകയോ ചെയ്യരുത്. പ്രധാനമായും മറ്റൊരു കാര്യം കൂടി; ശ്രീജിത്തിന്റെ മരണത്തിനു പിന്നില്‍ ഏതെങ്കിലും രാഷ്ട്രീയ ഇടപെടല്‍ കാരണമായിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ചുകൂടി അന്വേഷിക്കുകയും കുറ്റക്കാരെ പിടികൂടുകയും വേണം.

പൊതുജനം മാത്രമല്ല, പൊലീസ് സേനയുടെ മഹത്വം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ കൂടിയാണ് ഈ ആവശ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്.

കേരളത്തില്‍ ഇതിനു മുമ്പ് നടന്നൊരു പ്രമാദമായ കസ്റ്റഡി മരണക്കേസില്‍ നടന്നതുപോലൊരു രക്ഷപ്പെടല്‍ വരാപ്പുഴ കേസില്‍ ഉണ്ടാകരുത്. അന്നത്തെ ആ കസ്റ്റഡി മരണവുമായി നേരിട്ട് ബന്ധമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികളാകാതെ രക്ഷപ്പെട്ടതിന്റെ കഥയൊക്കെ കുറച്ചെങ്കിലും പുറത്തുവന്നിട്ടുണ്ട്. ആ കസ്റ്റഡി മരണം അന്വേഷിച്ച ക്രൈംബ്രാഞ്ച് പ്രതികളാക്കിയ താഴെ തട്ടിലുള്ള പൊലീസുകാര്‍ ആയിരുന്നില്ല യഥാര്‍ത്ഥ കുറ്റക്കാര്‍, പക്ഷേ അവര്‍ മാത്രമേ പിടിക്കപ്പെടൂ എന്ന അവസ്ഥ വന്നപ്പോള്‍ ചിലര്‍ ഒളിവില്‍ പോയി. അവര്‍ക്ക് കിട്ടിയ ചില ഉപദേശങ്ങളുടെ അടിസ്ഥാനത്തില്‍. ക്രൈംബ്രാഞ്ചിന് പിടികൊടുത്താല്‍ പിന്നീടവര്‍ക്ക് ജയിലില്‍ പോകേണ്ടി വരും. യഥാര്‍ത്ഥ കുറ്റക്കാര്‍ രക്ഷപ്പെടുകയും ചെയ്യും. പിന്നീടാ കേസ് സിബിഐക്ക് വിട്ടപ്പോള്‍ സിബിഐക്കു മുന്നില്‍ ഒളിവില്‍ പോയവര്‍ ഹാജരാകുകയും നടന്ന കാര്യങ്ങള്‍ പറയുകയും ചെയ്തു. സിബിഐയുടെ അന്വേഷണം ഉന്നതന്മാരില്‍ എത്തി. ആ ഉന്നതന്മാരില്‍ ഒരാള്‍ വേണമെങ്കില്‍ അകത്തുപൊയ്‌ക്കോട്ടെ എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാടെങ്കിലും രണ്ടാമനെ രക്ഷപ്പെടുത്തേണ്ടിയിരുന്നു. പക്ഷേ, ഒരാളെ ആയി മാത്രം രക്ഷപ്പെടുത്താനും കഴിയില്ല. ഒടുവില്‍ ഉന്നതന്മാര്‍ രണ്ടുപേരും രക്ഷപ്പെട്ടു. ഇന്നവര്‍ കൂടുതല്‍ ഉന്നതന്മാരായി. വരാപ്പുഴ കസ്റ്റഡി മരണക്കേസിലും ഈ ചരിത്രം ആവര്‍ത്തിക്കപ്പെടുമോ? രാഷ്ട്രീയവത്കരണം പൂര്‍ണമായി കഴിഞ്ഞ കേരള പൊലീസില്‍ അങ്ങനെ നടന്നാല്‍ അതില്‍ ഞെട്ടേണ്ട കാര്യമില്ല.