വീഞ്ഞിന്റെ അളവുകൂട്ടിയാല്‍ സഭ രക്ഷപ്പെടുമോ?

 
വീഞ്ഞിന്റെ അളവുകൂട്ടിയാല്‍ സഭ രക്ഷപ്പെടുമോ?

സന്ദീപ് വെള്ളാരംകുന്ന്

ലോകത്തിന്റെ പാപം മുഴുവന്‍ തന്റെ ചുമലിലേറ്റി തന്റെ ശരീരവും രക്തവും പാപബലിയായി നല്‍കിയുള്ള ക്രിസ്തുവിന്റെ കുരിശിലേറിയുള്ള മരണത്തിന്റെ ഓര്‍മ്മയ്ക്കായി ക്രിസ്ത്യാനികള്‍ ആചരിച്ചു വരുന്ന തിരുവത്താഴ ശുശ്രൂഷയില്‍ വിശ്വാസികള്‍ക്ക് ഒരിക്കല്‍ വില കുറഞ്ഞ മുറിച്ച റൊട്ടി മാത്രം നല്‍കിയിരുന്ന പതിവുണ്ടായിരുന്നു. അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട ജനതയോട് ഐകമത്യപ്പെടുന്നതിന്റെ ചിഹ്നമായിരുന്നു ആ വില കുറഞ്ഞ റൊട്ടി കക്ഷണങ്ങള്‍. ചില യുവ തുര്‍ക്കികള്‍ കോക്കും ഹാംബര്‍ഗറും ഉപയോഗിക്കണമെന്ന് മുറവിളി കൂട്ടിയെങ്കിലും അത് അനുവദിക്കപ്പെട്ടില്ല. പിന്നീട് വിപ്ലവകരമായ ഒരു നീക്കത്തിലൂടെ തിരുവത്താഴ ശുശ്രൂഷയ്ക്ക് റൊട്ടിയെ പോലെ തന്നെ വൈനും ഉപയോഗിക്കാമെന്ന് വത്തിക്കാന്‍ തന്നെ ഉത്തരവിട്ടു. ഈ തീരുമാനത്തിന് എതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. വെസ്റ്റ് മിനിസ്റ്റര്‍ കത്തീഡ്രലിലെ വൃദ്ധനായ പുരോഹിതന്‍ മനസ്സില്ലാമനസോടെ വിശ്വാസികള്‍ക്ക് കര്‍ത്താവിന്റെ രക്തമായ വീഞ്ഞ് നല്‍കി. ആരാധനയ്ക്കുശേഷം വീഞ്ഞ് ധാരാളം അവശേഷിച്ചു. പുരോഹിതന്‍ ധര്‍മ്മ സങ്കടത്തിലായി. കാരണം ഈ വീഞ്ഞ് കളയാന്‍ ആകില്ല. അതിനു കാരണം മറ്റൊന്നുമല്ല. ആരാധനയില്‍ വീഞ്ഞ് പ്രാര്‍ത്ഥിച്ച് ശുദ്ധീകരിച്ചു കഴിഞ്ഞാല്‍ പിന്നെ അത് വീഞ്ഞല്ല. കര്‍ത്താവിന്റെ തിരുരക്തമാണ്. വൃദ്ധനായ പുരോഹിതന്‍ ഒരു പോംവഴി കണ്ടെത്തി. കര്‍ത്താവിന്റെ തിരുരക്തം പാനം ചെയ്യുക. ഈഗിള്‍ട്ടണിന്റെ ഓര്‍മ്മകുറിപ്പുകളില്‍ പറയുന്ന ഈ സംഭവ കഥയുടെ ഒടുവില്‍ വീഞ്ഞ് കുടിച്ച് അള്‍ത്താരയില്‍ വീണുപോയ പുരോഹിതനെ അള്‍ത്താര ബാലന്‍മാര്‍ എടുത്തു കൊണ്ടുപോയി കസേരയില്‍ ഇരുത്തുകയായിരുന്നു.

ഈ പഴങ്കഥ ഇപ്പോള്‍ ഉയര്‍ന്നു വരാന്‍ കാരണം മറ്റൊന്നുമല്ല. കേരളത്തിലെ സീറോ മലബാര്‍ സഭ വീഞ്ഞ് ഉല്‍പാദനം 5000 ലിറ്ററായി വര്‍ദ്ധിപ്പിക്കാന്‍ എക്‌സൈസ് വകുപ്പിന് അപേക്ഷ നല്‍കിയതും താമസംവിനാ സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയതുമാണ്. 1600 ലിറ്ററില്‍ നിന്ന് ഒറ്റയടിക്ക് 5000 ലിറ്റര്‍ ആയി വര്‍ദ്ധിപ്പിക്കാനാണ് സഭ അനുമതി തേടിയത്. കേരളത്തിലെ 3200 ഓളം സീറോ മലബാര്‍ സഭാ ഇടവകകളില്‍ ഉപയോഗിക്കുന്നതിനാണ് ഈ വീഞ്ഞ്. സര്‍ക്കാരിനെ ഇപ്പോള്‍ കള്ളുകുടിയനെ പോലെ ആടിയാടി നില്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിച്ച സര്‍ക്കാരിന്റെ മദ്യ നയ രൂപീകരണ വിവാദ സമയത്ത് ചാനലായ ചാനലുകളില്‍ ഒക്കെ അന്തിചര്‍ച്ചയ്ക്ക് വീര്യം കൂട്ടാന്‍ പുരോഹിതന്‍മാര്‍ മദ്യ നിരോധനത്തെ കുറിച്ച് പ്രസംഗിച്ചതിന്റെ വീര്യമൊക്കെ ഈ ഒറ്റ അപേക്ഷയില്‍ ഇറങ്ങിപ്പോയി.

വീഞ്ഞിന്റെ അളവുകൂട്ടിയാല്‍ സഭ രക്ഷപ്പെടുമോ?

വിശ്വാസികളുടെ എണ്ണം കൂടിയതു കൊണ്ടാണ് ഇപ്പോള്‍ വൈനിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമുന്നയിച്ചതെന്ന് സഭ പറയുമ്പോള്‍ തന്നെ മറുചോദ്യം ഉയരുന്നു. കഴിഞ്ഞ വര്‍ഷം വരെ 1600 ലിറ്റര്‍ വൈന്‍ മാത്രം മതിയായിരുന്നിരിക്കേ ഈ വര്‍ഷം മുതല്‍ 5000 ലിറ്റര്‍ ഉപയോഗിക്കാന്‍ തക്കവിധം വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടോ. കേരളത്തില്‍ ഇതര മതവിഭാഗങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കുടുംബാസൂത്രണം നാം രണ്ട് നമുക്ക് രണ്ട് എന്നതിലോ നമുക്ക് ഒന്ന് എന്നതിലോ നടപ്പിലാക്കുന്നവരാണ് ക്രിസ്ത്യാനികള്‍. അപ്പോള്‍ ഈ വിശ്വാസികളുടെ വര്‍ദ്ധനവ് എത്രമാത്രം വിശ്വാസത്തിലെടുക്കാന്‍ സാധിക്കും. എത്ര വിശ്വാസികള്‍ വര്‍ദ്ധിച്ചുവെന്ന് സഭ പറയുന്നുമില്ല. ഇതു സാധാരണ നടപടിക്രമം മാത്രമാണെന്നും വിവാദങ്ങളുണ്ടാക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞ കത്തോലിക്കാ മെത്രാന്‍ സമിതി വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് കൂടുതല്‍ പ്രതികരണത്തിനു തയാറായില്ല. അതേ സമയം വൈന്‍ ഉല്‍പ്പാദിപ്പിക്കണമെന്നാവശ്യപ്പെട്ടു കത്തു നല്‍കിയത് കത്തോലിക്കാ സഭയുടെ സത്യസന്ധതയാണു വെളിവാക്കുന്നതെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാദര്‍ ടി ജെ ആന്റണി പറയുന്നു.

"കത്തോലിക്കാ സഭ എത്രത്തോളം വൈന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് ആരും പരിശോധിച്ചു നോക്കുന്നു പോലുമില്ല. 1986-കളില്‍ എറണാകുളം രൂപതയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത് 800 ലിറ്റര്‍ വൈന്‍ മാത്രമായിരുന്നു. 1992- ആയപ്പോഴേക്കും ഇത് 1240 ലിറ്ററാക്കി ഉയര്‍ത്തി.പിന്നീടുള്ള 23 വര്‍ഷത്തോളം 1600-ഓളം ലിറ്ററായിരുന്നു ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഇപ്പോള്‍ 5000 ലിറ്റര്‍ വേണമെന്നു പറയുന്നത് ഒരു വര്‍ഷം മുഴുവനുമുള്ള ആവശ്യത്തിനായാണ്. എറണാകുളം രൂപതയുടെ കീഴില്‍ എത്ര പള്ളികളുണ്ടെന്നും അവിടെയൊക്കെ എത്ര കുര്‍ബാനകള്‍ നടക്കുന്നുണ്ടെന്നും വിമര്‍ശിക്കുന്നവര്‍ പരിശോധിക്കാറില്ല. വീഞ്ഞ് ഉപയോഗിക്കുന്നത് സഭയുടെ ആരാധനാ ക്രമത്തിന്റെ ഭാഗമായി മാത്രമാണ്. സഭ കൂടുതല്‍ വീഞ്ഞ് ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും വില്‍ക്കുന്നുണ്ടെന്നും ആക്ഷേപിക്കുന്നവര്‍ പരിശോധന നടത്തി തെളിവുണ്ടെങ്കില്‍ പിടികൂടുകയാണു വേണ്ടത്. നിലവില്‍ ഇടവക വികാരിയുടെ കത്തുമായി വരുന്നവര്‍ക്കു മാത്രമേ പള്ളികളുടെ ആവശ്യത്തിനായി പോലും വൈന്‍ നല്‍കാറുള്ളൂ. രൂപതകളിലും മറ്റും വൈന്‍ പുറത്തു വില്‍ക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല. സഭ ആരാധനാ ക്രമത്തിന്റെ ഭാഗമായി വീഞ്ഞ് ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ സഭയ്‌ക്കെതിരായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ ബിയര്‍-വൈന്‍ പാര്‍ലറുകളിലൂടെ മദ്യം വില്‍ക്കുന്നതും ബിയറിന്റെയും മറ്റും വീര്യം കൂട്ടിയതും അറിയുന്നു പോലുമില്ല. നിലവിലുള്ള നിയമവും നടപടി ക്രമങ്ങളും അനുസരിച്ചു മാത്രമാണ് സഭ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ സഭയ്ക്ക് ഈ വിഷയത്തില്‍ ആരെയും പേടിക്കാനില്ല." ഫാദര്‍ ടി ജെ ആന്റണി അഭിപ്രായപ്പെടുന്നു.

വീഞ്ഞിന്റെ അളവുകൂട്ടിയാല്‍ സഭ രക്ഷപ്പെടുമോ?

സംസ്ഥാന രാഷ്ട്രീയത്തെ മാസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തിയ ബാര്‍ കോഴവിവാദത്തിനിടെ മദ്യ നിരോധനത്തിനായി വാദിക്കുന്ന കത്തോലിക്കാ സഭയുടെ വൈന്‍ ഉല്‍പ്പാദനം സംബന്ധിച്ച കണക്കുകളും പുറത്തുവിടണമെന്ന ആവശ്യവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. താന്‍ ബിഷപ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ വൈന്‍ നല്‍കിയെന്നും വെള്ളാപ്പള്ളി പറഞ്ഞുവച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെത്തുടര്‍ന്ന് ലഹരിയുള്ള വീഞ്ഞിനു പകരം സംവിധാനം ഉണ്ടാക്കണമെന്ന തരത്തിലും ഈ സമയത്ത് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. നിലവില്‍ ഒരു രൂപത മാത്രമാണ് വൈന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കത്തു നല്‍കിയിക്കുന്നത് എന്നതിനാല്‍ മറ്റു രൂപതകളും വരും ദിവസങ്ങളില്‍ ഈ മാതൃക പിന്തുടര്‍ന്നേക്കാം. കഴിഞ്ഞ ആഴ്ചവരെ 1600 ലിറ്റര്‍ മതിയാകുമായിരുന്ന സ്ഥാനത്ത് പൊടുന്നനെ വര്‍ധന ആവശ്യപ്പെടുന്നതിലെ പൊരുത്തമില്ലായ്മക്കു മറുപടി പറയാന്‍ സഭാ നേതൃത്വത്തിനാകട്ടെ ഇതുവരെ കഴിഞ്ഞിട്ടുമില്ല. കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന വീഞ്ഞ് വില്‍ക്കാനാണെന്ന ആരോപണവും ഇതുമായി കൂട്ടി വായിക്കേണ്ടതാണ്.

ഭൂമിയിലെ മനുഷ്യരുടെ പാപത്തിന് മറുവിലയായാണ് കര്‍ത്താവ് കുരിശില്‍ രക്തം ചിന്തിയത്. ഭൂമിയിലെ പാപം വര്‍ദ്ധിക്കുന്നതിന് അനുസൃതമായി അതിനുള്ള പരിഹാരമായ വീഞ്ഞിന്റെ അളവും വര്‍ദ്ധിപ്പിക്കുകയാണെന്ന് സഭയുടെ വക താത്വികാവലോകനം ഏതെങ്കിലും സൈദ്ധാന്തികന്‍മാര്‍ പറയാതിരുന്നാല്‍ കൊള്ളാം. എന്നാല്‍ വാക്കൊന്നും പ്രവൃത്തി മറ്റൊന്നുമായ കേരളത്തിലെ സഭാ നേതാക്കളെ രക്ഷിക്കാന്‍ വീഞ്ഞിന്റെ വര്‍ദ്ധിപ്പിച്ച അളവിന് ആകുമോ.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

സന്ദീപ് വെള്ളാരംകുന്നിന്റെ നേരത്തെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍

ലുലു മാളും ക്രിസ്ത്യന്‍ പള്ളിയും തമ്മില്‍ വ്യത്യാസം വേണ്ടതുണ്ട് അച്ചോ!

ഹൈറേഞ്ച് രാഷ്ട്രീയം മലയിറങ്ങുമ്പോൾഅഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വീഞ്ഞിന്റെ അളവുകൂട്ടിയാല്‍ സഭ രക്ഷപ്പെടുമോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)