പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നരക്കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ആരോഗ്യ കേന്ദ്രങ്ങള്‍ കാടെടുക്കുന്നു; എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാസര്‍ഗോഡെ ഒരു പഞ്ചായത്ത് ചെയ്യുന്നത്

 
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നരക്കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ആരോഗ്യ കേന്ദ്രങ്ങള്‍ കാടെടുക്കുന്നു; എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാസര്‍ഗോഡെ ഒരു പഞ്ചായത്ത് ചെയ്യുന്നത്

1980ന് ശേഷമാണ് കാസറഗോഡ് ജില്ലയിലെ കുമ്പഡാജെ എന്ന ഈ ചെറിയ പഞ്ചായത്തില്‍ ആദ്യമായി ഒരു ഹെല്‍ത്ത് സെന്റര്‍ വരുന്നത്. 90 ശതമാനത്തിലേറെയും കാര്‍ഷിക മേഖലയില്‍ ജോലിചെയ്യുന്ന താരതമ്യേനെ വിദ്യാഭ്യാസം കുറവായ, കന്നഡയും, തുളുവും സംസാരിക്കുന്ന ഗ്രാമീണരാണ് ഇവിടെ. മുപ്പത് വര്‍ഷക്കാലത്തിന് ശേഷം ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഓരോ പ്രദേശങ്ങളും മാറ്റങ്ങളെ വലിയ രീതിയില്‍ വരവേല്‍ക്കുമ്പോള്‍, ഈ പഞ്ചായത്ത് ഇന്നും മുട്ടിലിഴയുകയാണ്. പ്രധാന ടൗണുകളായ മുള്ളേരിയ, ബദിയഡുക്ക എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ ഗതാഗതസൗകര്യം തീരെ കുറവ്. അതിനാല്‍ തന്നെ ഇവിടേക്ക് പോസ്റ്റിംഗ് ലഭിച്ചെത്തുന്ന ഉദ്യോഗസ്ഥര്‍ പലരും ഒരാഴ്ച കഷ്ടിച്ച് പിടിച്ച് നില്‍ക്കുകയും പിന്നീട് ഇവിടം വിടുകയും പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനെല്ലാം പുറമെ കുമ്പഡാജെ ഒരു എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്ത് കൂടിയാണ്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് നബാര്‍ഡില്‍ നിന്നും അനുവദിച്ച ഒന്നരക്കോടിയിലധികം തുക ചിലവഴിച്ച് നിര്‍മ്മിച്ച സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങള്‍ (പ്രൈമറി ഹെല്‍ത്ത് സെന്ററും, സബ് സെന്ററുകളും, ബഡ്സ്സ്‌കൂളും) അനാഥമായി കിടക്കുന്നു. കുമ്പഡാജെയിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ സി.എച്ച് രാമചന്ദ്രന്‍ പറയുന്നതിങ്ങനെ, 'എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിന് ലഭിച്ച ആംബുലന്‍സ് ഡ്രൈവറെ നിയമിച്ച് കൂലി നല്‍കാന്‍ വകയില്ലെന്ന് കാണിച്ച്, ഒരു ദിവസം പോലും, ഒരു രോഗിക്ക് വേണ്ടിപ്പോലും നിരത്തിലിറങ്ങതെ, തുരുമ്പിച്ച വണ്ടി തിരികെ നല്‍കി. ഡ്രൈവര്‍ക്കുള്ള ശമ്പളം സന്നദ്ധസംഘടകള്‍ ഒരുമിച്ച് നല്‍കാമെന്നും, പഞ്ചായത്തിന് ആംബുലന്‍സ് അത്യവശ്യമാണ്. സര്‍ക്കാര്‍ അനുവദിച്ച ആ വാഹനം കൈവിട്ടു കളയരുതെന്നും പലതവണ ആവശ്യപ്പെട്ടിട്ടും, അധികൃതര്‍ ചെവിക്കൊണ്ടില്ല. കുമ്പഡാജെയ്‌ക്കൊപ്പം ആംബുലന്‍സ് അനുവദിക്കപ്പെട്ട എല്ലാ പഞ്ചായത്തുകളും ആ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. എം.പിയുടേയും ആരോഗ്യവകുപ്പ് മന്ത്രിയുടേയും ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്തിന് ലഭിച്ച പ്രത്യേക പരിഗണനയെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ഭരണസമിതിയ്ക്ക് സാധിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ബഡ്‌സ് സ്‌കൂളില്‍ സ്റ്റാഫായി നാലുപേര്‍ വന്നിട്ടും, അവര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സോ, ആവശ്യത്തിന് കുടിവെള്ളമെത്തിക്കാനുള്ള സൗകര്യമോ ഇവിടെയില്ലതന്നെ, ഫലമോ, ആ കെട്ടിടവും അടഞ്ഞുതന്നെ കിടക്കുന്നു.'

കഴിഞ്ഞ ദിവസം ഗാഡിഗുഡ്ഡെയിലെ സബ്‌സെന്റര്‍ കാണിക്കാന്‍ ഒരു ഹെല്‍ത്ത് ഡിപ്പാര്‍ട്ട് മെന്റ് ഉദ്യോഗസ്ഥനോടൊപ്പം അവിടെ വരെ പോയിരുന്നു. അവിടുത്തെ നാട്ടുകാര്‍ക്ക് ആര്‍ക്കുംതന്നെ എന്തിനാണ് ഇങ്ങനെയൊരു കെട്ടിടം എന്ന് അറിയില്ല. പത്ത് പതിനഞ്ച് കൊല്ലത്തോളമായി നിത്യവും ഇത് കാണുന്നുമുണ്ട്. ആ കൗതുകം പലരും പങ്കുവെയ്ക്കുകയും ചെയ്തിരുന്നു, രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ച് മുസ്ലീം ലീഗ്, രണ്ട് കോണ്‍ഗ്രസ്, ആറ് ബിജെപി എന്നിങ്ങനെയാണ് പഞ്ചായത്തിലെ മെമ്പര്‍മാരുടെ കണക്ക്. കോണ്‍ഗ്രസിന്റെ പിന്‍തുണയോടെ ലീഗാണ് പഞ്ചായത്ത് ഭരിക്കുന്നത്. 2000-2010 ബിജെപി, തുടര്‍ന്നിങ്ങോട്ട് ലീഗ്. അഞ്ഞൂറിലേറെ എന്‍ഡോസള്‍ഫാന്‍ ബാധിതരുള്ള പഞ്ചായത്തില്‍ സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങള്‍ ലഭിച്ചിട്ടും അവയൊന്നും ഉപയോഗിക്കാതെ കാടുപിടിക്കുന്ന അവസ്ഥയില്‍ വന്‍ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ മെമ്പര്‍മാരായ രവീന്ദ്ര റായി, ശശിധര തുടങ്ങിയവര്‍ ജില്ലാപഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോഴാണ് കെട്ടിടം ഹാന്‍ഡ് ഓവര്‍ ചെയ്തിട്ടില്ലയെന്ന പഞ്ചായത്ത് അധികൃതരുടെ വാദം പൊളിഞ്ഞത്. 2019 ജനുവരി ആദ്യവാരം കെട്ടിടങ്ങള്‍ ഹാന്‍ഡ്ഓവര്‍ ചെയ്ത വിവരം സെക്രട്ടറി അറിഞ്ഞിട്ടേയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നരക്കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ആരോഗ്യ കേന്ദ്രങ്ങള്‍ കാടെടുക്കുന്നു; എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാസര്‍ഗോഡെ ഒരു പഞ്ചായത്ത് ചെയ്യുന്നത്

'കുമ്പഡാജെ സാമ്പത്തിക പരാധീനതകള്‍ ഏറെയുള്ള ഒരു ചെറിയ പഞ്ചായത്താണ്. അതു തന്നെയാണ് ഈ വിഷയത്തില്‍ ഇത്രമാത്രം കാലതാമസം വന്നത്. സബ് സെന്ററുകളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. ഞാന്‍ ജോയിന്റ് ചെയ്തിട്ട് ആറുമാസം ആകുന്നതേയുള്ളൂ. പിച്ച്‌സി സംബന്ധിച്ച് നിലവില്‍ ഒരു ഡോക്ടറാണ് ഉള്ളത്, പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ആറുമണിവരെ രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുകയും ചെയ്യും. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടത്തിന് ഇനി വൈദ്യുതി, ഫര്‍ണിച്ചറുകള്‍ തുടങ്ങി നിരവധി ആവശ്യങ്ങളുണ്ട്. പഞ്ചായത്തിന് ഇവയുടെയെല്ലാം മേല്‍നോട്ട ചുമതലമാത്രമാണുള്ളത്. ഫണ്ട് അനുവദിക്കേണ്ടതും, വസ്തുവകകള്‍ എത്തിക്കേണ്ടതും സര്‍ക്കാരാണ്. പഞ്ചായത്തിന് ഡ്രൈവറെ വെയ്ക്കാന്‍ ഫണ്ടില്ലാത്തതിനാല്‍ അനുവദിച്ച ആംബുലന്‍സ് തിരികെ നല്‍കിയിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ കൂലി നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും, അത് എത്രമാത്രം വിശ്വസിക്കാനാണ്.

സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കുംബഡാജെ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂള്‍, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു. സ്റ്റാഫുകളായി മൂന്ന് ടീച്ചര്‍മാരും, ഒരു ഫിസിയോ തെറാപ്പിസ്റ്റും തിരുവനന്തപുരത്ത് നിന്നും എത്തിയിരുന്നു. എന്നാല്‍ ഇവിടെ സ്റ്റാഫിന് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സോ, ആവശ്യത്തിനുള്ള കുടിവെള്ള സൗകര്യമോ ഇല്ല. തല്‍ക്കാലം അവരെ എന്റെ സ്വന്തം റിസ്‌കില്‍ ഗസ്റ്റുകളായി താമസിപ്പിച്ചു. ഇപ്പോള്‍ അവര്‍ സ്‌കൂളില്‍ തന്നെ കഴിയുകയാണ്. കുഴല്‍കിണര്‍ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ വെള്ളം പമ്പ് ചെയ്യുന്നതിനായുള്ള മോട്ടോര്‍ മോഷണം പോയതായി അറിയുന്നു. കാലങ്ങളായി മോട്ടോര്‍ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.' കുമ്പഡാജെ പഞ്ചായത്ത് സെക്രട്ടറി അച്ചുത പറയുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നരക്കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ആരോഗ്യ കേന്ദ്രങ്ങള്‍ കാടെടുക്കുന്നു; എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാസര്‍ഗോഡെ ഒരു പഞ്ചായത്ത് ചെയ്യുന്നത്

കരാറു പണി 2015ല്‍ തന്നെ പൂര്‍ത്തിയായെങ്കിലും ജില്ലാപഞ്ചായത്ത് കെട്ടിടങ്ങള്‍ ഹാന്‍ഡ് ഓവര്‍ ചെയ്യാന്‍ വൈകിയിരുന്നു. ഈ ജനുവരിയിലാണ് കെട്ടിടങ്ങള്‍ ഹാന്‍ഡ് ഓവര്‍ ചെയ്തത്. ഇനി ഉടന്‍ തന്നെ കറന്റ്, വെള്ളം, തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കി പുതിയ കെട്ടിടം ഉടന്‍ ഉദ്ഘാടനം ചെയ്യും. പുതിയ കെട്ടിടത്തെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കാറ്റഗറിയിലല്ലാതെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തും. ഇവിടെ വൈകീട്ട് ആറ് മണിവരെയായി രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. അടിയന്തിര ഘട്ടങ്ങളില്‍ പെട്ടെന്ന് ചെയ്യാവുന്ന എല്ലാ മെഡിക്കല്‍ സര്‍വ്വീസും ഇവിടെ ലഭിക്കും. അധിക സ്റ്റാഫിനെ എന്‍.ആര്‍.എച്ച.എം വഴി നിയമിക്കും. അഗല്‍പാടി, ഗാഡൂഗുഡ്ഡെ, ബെളിഞ്ച എന്നീ സബ്‌സെന്ററുകളും പി.എച്ച്.സിയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങും കുംമ്പഡാജെ പ്രസിഡന്റ് ഫാത്തിമത്ത് സുഹറ പറയുന്നു.

പി.എച്ച്.സി വിഷയം പഞ്ചായത്താണ് കൈകാര്യം ചെയ്യേണ്ടതാണ്. പല കാരണങ്ങള്‍കൊണ്ടും അത് വൈകി. തുറക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായാണ് അറിഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് അധികൃതരെ വിളിച്ച് അന്വേഷിക്കുന്നുണ്ട്, ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി ദിനേശ്കുമാര്‍ പറഞ്ഞു.

നന്നേ കഷ്ടപ്പെട്ടാണ് കുമ്പഡാജെയിലെത്തിയത്. കാസര്‍ഗോഡു നിന്ന് ബദിയഡുക്ക, മുള്ളേരിയ എന്നീ ടൗണുകളിലേക്ക് ധാരാളം പ്രൈവറ്റ് ബസ് സര്‍വ്വീസുകളുണ്ട്. എന്നാല്‍, കുമ്പഡാജെയിലെത്താന്‍ മണിക്കൂറുകള്‍ കാത്തിരുന്നേ മതിയാകൂ. സ്വകാര്യ വാഹനങ്ങള്‍ തീരെ കുറഞ്ഞ ആ മേഖലയിലെ ജനങ്ങ്ള്‍ക്ക് പിന്നെ ഒരാശ്രയം ഓട്ടോയാണ്. അതിനാകട്ടെ, നൂറുരൂപയ്ക്ക് മുകളിലെങ്കിലും കൂലി നല്‍കണം. കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ജനതയ്ക്ക് ഇത് വല്ലാതെ വലയ്ക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ്, എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കായി ലഭിച്ച ആംബുലന്‍സ് പഞ്ചായത്ത് തന്നെ വിട്ടുകളഞ്ഞത്. വന്‍ പ്രതിഷേധങ്ങള്‍ ഇതിനെതിരെ നടന്നെങ്കിലും ഫലം കണ്ടില്ല. നിലവില്‍ ഒരു ഡോക്ടര്‍ മാത്രം സേവനമനുഷ്ടിക്കുന്ന പി.എച്ച്.സിയില്‍ ഡോക്ടറില്ലാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ബദിയഡുക്ക, മുള്ളേരിയ, കാസര്‍ഗോഡ്, പരിയാരം, മംഗലാപുരം എന്നിങ്ങനെ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന് അറുതിവരുത്താന്‍ സര്‍ക്കാര്‍ അനുവദിച്ച കെട്ടിടങ്ങളെല്ലാം ആര്‍ക്കും ആശ്രയമാകാതെ കാടെടുക്കുകയാണ്. ഇനി ഈ നാട്ടുകാര്‍ ആരോടാണ് കൈനീട്ടേണ്ടത്?

ഇടതു പക്ഷ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നിരവധി പ്രഖ്യാപനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. ചില കാര്യങ്ങള്‍ നടന്നെങ്കിലും പട്ടികയില്‍ നിന്നും അര്‍ഹരായവര്‍ പുറത്താകുന്നതുള്‍പ്പെടെ നിരവധി നീതി നിഷേധങ്ങള്‍ അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ നടത്തിത്തരണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പുള്ള മാസങ്ങളില്‍ പോലും എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ നേതൃത്വത്തില്‍ അവര്‍ക്ക് സമരവുമായി തലസ്ഥാനത്തേക്ക് വണ്ടി കയറേണ്ടി വന്നു. രോഗബാധിതരായ കുഞ്ഞുങ്ങളുമായി വീണ്ടും അമ്മമാര്‍ക്ക് സമരത്തിനിറങ്ങേണ്ടി വരുന്ന ഗതികേട് നിലനില്‍ക്കുമ്പോഴാണ് കുമ്പഡാജെയില്‍ ഇത്രയും ഭീമമായ തുക യാതൊരു ഉപയോഗവുമില്ലാതെ പാഴാക്കി കളയുന്നത്.

അരോഗ്യമേഖലയില്‍ ആവശ്യമായ സൌകര്യങ്ങള്‍ ഇല്ല എന്നതാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നേരിടുന്ന ഏറ്റ്വും വലിയ വെല്ലുവിളി. ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനും ഒരു മെഡിക്കല്‍ കോളേജിനുമുള്ള ആവശ്യമോ ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇപ്പൊഴും ചികിത്സയ്ക്ക് ആശ്രയിക്കുന്നത് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളെയാണ്. അതുകൊണ്ടു തന്നെ പ്രാദേശികമായ സൌകര്യങ്ങള്‍ കൂടുതല്‍ വിപുലവും മെച്ചപ്പെട്ടതും ആകേണ്ടത് എന്തുകൊണ്ടും അനിവാര്യമാണ്. പെട്ടെന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കടക്കം ദൂര ദേശങ്ങളിലെ സ്വകാര്യ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ പ്രയാസങ്ങളാണ് രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഉണ്ടാക്കുന്നത്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഈ കാര്യത്തില്‍ എന്തെങ്കിലും അടിയന്തിരമായി ചെയ്യാന്‍ കഴിയുക. അതുകൊണ്ടു തന്നെ കുമ്പഡാജെയില്‍ ഒന്നരക്കോടി ചെലവഴിച്ചു നിര്‍മ്മിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എത്രയും വേഗം പ്രവര്‍ത്തന ക്ഷമമാക്കേണ്ടതുണ്ട്. തങ്ങളുടെ ദുരിതങ്ങള്‍ക്ക് അരുതിയുണ്ടാകും എന്ന വിശ്വാസത്തില്‍ കാത്തിരിക്കുകയാണ് കുമ്പഡാജെയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍.