കുരിശു പൊളിക്കല്‍; ക്രൈസ്തവര്‍ക്കില്ലാത്ത വേദന സിപിഎമ്മിനോ?

 
കുരിശു പൊളിക്കല്‍; ക്രൈസ്തവര്‍ക്കില്ലാത്ത വേദന സിപിഎമ്മിനോ?

നീണ്ട ഇടവേളയ്ക്കു ശേഷം സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍ക്കു കനത്ത മറുപടി നല്‍കാന്‍ റവന്യു വകുപ്പിനു കഴിഞ്ഞിരിക്കുന്നു. മതത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള നീക്കം കൂടിയാണ് മൂന്നാറിലെ സൂര്യനെല്ലിക്കടുത്തുള്ള പാപ്പാത്തിച്ചോലയില്‍ സ്ഥാപിച്ച കൂറ്റന്‍ കുരിശ് പൊളിച്ചു നീക്കിയതിലൂടെ റവന്യൂ വകുപ്പും കൈയേറ്റമൊഴിപ്പിക്കലിനു നേതൃത്വം നല്‍കുന്ന ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും നടപ്പാക്കിയത്. കുരിശുപൊളിക്കലിനതിരേ ക്രൈസ്തവരില്‍ നിന്നോ മത മേലധ്യക്ഷന്‍മാരില്‍ നിന്നോ പ്രതിഷേധമുണ്ടായില്ലെങ്കിലും ഭരിക്കുന്ന പാര്‍ട്ടിയായ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനും കുരിശുപൊളിച്ചതില്‍ വിശ്വാസികളേക്കാള്‍ കൂടുതല്‍ വേദന ഉണ്ടായതായാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. കോട്ടയത്ത് ഒരു പരിപാടിയില്‍ വെച്ച് കുരിശ് പൊളിച്ചുമാറ്റിയ രീതിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് എത്തി. ഇടുക്കി ജില്ലാ കളക്ടറെ മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തു.

കൈയേറ്റമൊഴിപ്പിക്കല്‍ നടപടി ഏതു വിധേനയും പരാജയപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നു പകല്‍ പോലെ വ്യക്തമാണെന്ന് ഇപ്പോള്‍ തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇത്തരം നീക്കങ്ങളൊന്നു മുഖവിലയ്‌ക്കെടുക്കാതെ കൈയേറ്റമൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് റവന്യൂ വകുപ്പ് അധികൃതരുടെ തീരുമാനം.

പാപ്പാത്തി ചോലയിലെ കുരിശുപൊളിച്ചു നീക്കുകയെന്നത് കഴിഞ്ഞ കുറച്ചു നാളുകളായി റവന്യു വകുപ്പിന് ഏറെ തലവേദനയുണ്ടാക്കിയ സംഭവമായിരുന്നു. കുരിശ് അനധികൃതമായി സ്ഥാപിച്ചതാണെന്നും പൊളിച്ചുനീക്കണമെന്നും തഹസീല്‍ദാര്‍ റിപ്പോര്‍ട്ടു നല്‍കിയെങ്കിലും പൊളിച്ചുനീക്കല്‍ നടപടി രണ്ടു തവണയും എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. കുരിശ് പൊളിക്കേണ്ടെന്നു ഇതിനിടെ ജില്ലാകളക്ടര്‍ ഉത്തരവിട്ടെങ്കിലും ഇത് കൈയേറ്റക്കാര്‍ക്കു സഹായകമാകുമെന്നു തിരിച്ചറിഞ്ഞതോടെ കുരിശ് പൊളിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ക്രമസമാധാന പ്രശ്‌നം വരെ ഉണ്ടാകാന്‍ സാധ്യതയുള്ള കുരിശുപൊളിക്കല്‍ നടപടി വിജയകരമായി പൂര്‍ത്തിയാക്കാനായതോടെ മറ്റു കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

അതേസമയം റവന്യൂ വകുപ്പ് അധികൃതര്‍ അനധികൃത കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കിയത് മൂന്നാറിലെ സിപിഎമ്മുകാരുടെ ഉറക്കംകെടുത്തുന്നുണ്ട്. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന പരാതിയില്‍ ദേവികുളം ലോക്കല്‍ സെക്രട്ടറിയുടെ ഭൂമിയില്‍ കഴിഞ്ഞ ദിവസം റവന്യൂ അധികൃതര്‍ റീസര്‍വേ നടത്തി.

ദേവികുളം ലോക്കല്‍ സെക്രട്ടറി ജോബി ജോണും ബന്ധുക്കളും താമസിക്കുന്ന ദേവികുളത്തെ ഭൂമിയിലാണ് സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്റെ നിര്‍ദേശ പ്രകാരം ബുധനാഴ്ച റീ സര്‍വ്വേ നടത്തിയത്. കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ ദേവികുളം ടൗണിനു സമീപം സര്‍വ്വേ നമ്പര്‍ 155/2ല്‍ പെട്ട 59 സെന്റ് പട്ടയഭൂമിയിലാണ് ലോക്കല്‍ സെക്രട്ടറിയും ബന്ധുക്കളും മൂന്നു വീടുകളിലായി താമസിക്കുന്നത്. ലോക്കല്‍ സെക്രട്ടറിയുടെ പിതാവിന്റെ ബന്ധുവായ ജോര്‍ജ് ദാസിന്റെ പേരിലാണ് ഈ ഭൂമിയുടെ പട്ടയമുള്ളത്. എന്നാല്‍ പട്ടയത്തില്‍ പറഞ്ഞിരിക്കുന്നതിലധികം ഭൂമി ഇവര്‍ കൈയേറിയെന്നും മണ്ണ് നീക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും സബ് കളക്ടര്‍ക്കു പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് റീ സര്‍വേ നടത്താന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നിര്‍ദേശം നല്‍കിയത്. സര്‍വേ റിപ്പോര്‍ട്ട് അടുത്ത ദിവസം സബ് കലക്ടര്‍ക്ക് സമര്‍പ്പിക്കും.

കുരിശു പൊളിക്കല്‍; ക്രൈസ്തവര്‍ക്കില്ലാത്ത വേദന സിപിഎമ്മിനോ?

അതേസമയം ലോക്കല്‍ സെക്രട്ടറിയുടെ ഭൂമി അളന്ന നടപടിയില്‍ സിപിഎം പ്രാദേശിക നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയം ഉയര്‍ത്തിക്കാട്ടി സബ് കളക്ടര്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ പ്രാദേശിക തലത്തില്‍ പ്രചാരണം നടത്തുന്നത്.

അതേസമയം വ്യാജ പട്ടയങ്ങള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമെതിരായ നടപടിയില്‍ ആദ്യനീക്കം റവന്യൂവകുപ്പ് ബുധനാഴ്ച നടത്തിക്കഴിഞ്ഞു. മൂന്നാറിനു സമീപം പൂപ്പാറയിലുള്ള മൂന്നാര്‍ ഗേറ്റ് എന്ന റിസോര്‍ട്ടിന്റെ പട്ടയം വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ റദ്ദാക്കുകയായിരുന്നു. 80 സെന്റ് വരുന്ന റിസോര്‍ട്ടിന്റെ പട്ടയം വ്യാജമാണെന്നു നേരത്തേ തന്നെ കണ്ടെത്തിയതിനെത്തുടര്‍ന്നു സബ് കളക്ടര്‍ പട്ടയം റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരേ ഉടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച കോടതി ജില്ലാ കളക്ടര്‍ക്കു റിവിഷന്‍ ഹര്‍ജി നല്‍കാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പട്ടയം സംബന്ധിച്ച കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ഉടമകള്‍ക്ക് കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് പട്ടയം റദ്ദാക്കാന്‍ ജില്ലാ കളക്ടര്‍ തീരുമാനിച്ചത്. ഇതോടെ ആദ്യമായി മൂന്നാറില്‍ ഒരു റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് കളമൊരുങ്ങിയിരിക്കുകയാണ്.

പാര്‍ട്ടി നേതാക്കുടെയുും വന്‍കിട റിസോര്‍ട്ടുകളുടെയും നേര്‍ക്ക് റവന്യൂവകുപ്പിന്റെ നടപടികള്‍ നീണ്ടതോടെ കൈയേറ്റമൊഴിപ്പിക്കല്‍ നടപടിയെ സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ എത്രത്തോളം പിന്തുണയ്ക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. അതേസമയം വിഎസ് സര്‍ക്കാരിന്റെ കാലത്ത് സിപിഐയും സിപിഎമ്മും കൈയറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്കു തുരങ്കം വച്ചെങ്കില്‍ ഇപ്പോള്‍ റവന്യൂവകുപ്പു ഭരിക്കുന്ന സിപിഐയും മന്ത്രിയും കൈയേറ്റമൊഴിപ്പിക്കലിന് പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ട്. കൈയേറ്റമൊഴിപ്പിക്കലിനു നേതൃത്വം നല്‍കുന്ന ശ്രീരാം വെങ്കിട്ടരാമനെ പിന്തുണയ്ക്കേണ്ടത് ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ ബാധ്യതയാണ്. അതുകൊണ്ടുതന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ കൂടുതല്‍ ശക്തമായി നടത്താനാണ് റവന്യൂ വകുപ്പ് അധികൃതരുടെ നീക്കവും.