മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ യുവാവിന്റെ മരണം പോലീസ് കസ്റ്റഡി കൊലയോ?

 
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ യുവാവിന്റെ മരണം പോലീസ് കസ്റ്റഡി കൊലയോ?

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ എടക്കാട് പോലീസ് മർദ്ദനത്തിൽ യുവാവ് മരിച്ചതായി പരാതി. ഉനൈസാണ് ഈ മാസം രണ്ടാം തിയ്യതി മരണപ്പെട്ടത്. ഏതാണ്ട് രണ്ട് മാസം മുമ്പ് ഭാര്യപിതാവിന്‍റെ പരാതിയിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് ഏറ്റ മർദ്ദനങ്ങൾ മരണത്തിലേക്ക് വഴി വെച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഭാര്യവീട്ടിലെ ജനലിന്‍റെ ചില്ല് തകർത്തെന്നും വാഹനം കത്തിച്ചെന്നുമുള്ള പരാതിയിലാണ് രണ്ട് തവണ ഉനൈസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയതിന് ശേഷം തലശ്ശേരി സഹകരണാശുപത്രിയിൽ ആറ് ദിവസത്തോളം ഇയാൾ ചികിത്സ തേടിയിരുന്നു. ഓട്ടോഡ്രൈവറായ ഉനൈസിന് ഇതിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ മൂലം ജോലിക്ക് പോകാനും സാധിച്ചിരുന്നില്ല.

ഫെബ്രുവരി 21ന് കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്ത് വിട്ടയച്ച ഉനൈസിനെ പിറ്റേന്ന് ഭാര്യപിതാവിന്‍റെ ബൈക്ക് അഗ്നിക്കി എന്നാരോപിച്ചാണ് വീണ്ടും അറസ്റ്റ് ചെയ്തു. അന്നേ ദിവസം രാവിലെ ഏഴുമണിയോടെ വീടിനകത്ത് നിന്നും വലിച്ചിഴച്ച് കൊണ്ട് പോകുകയായിരുന്നെന്ന് സഹോദരൻ നവാസ് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ സൂചിപ്പിക്കുന്നു. പോലീസുകാർ കാൽപാദത്തിന്‍റെ അടിയിൽ ലാത്തി വെച്ചടിച്ചെന്നും നെഞ്ചിലും മുതുകിലും മുഷ്ടി ചുരുട്ടി ഇടിച്ചെന്നും ഉനൈസ് കുടുംബത്തിലുള്ളവരോട് പറഞ്ഞിരുന്നു. മർദ്ദനത്തിനിരയായി കൊല്ലപ്പെടുകയാണെങ്കിൽ റെയില്‍വേ പാളത്തിൽ തള്ളി ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുമെന്നും പോലീസ് ഭിഷണിപ്പെടുത്തിയതായും അറിയിച്ചു.തിരിച്ചു വന്ന ദിവസം ഒരുമണിക്കൂറിലധികം ശ്രമിച്ചിട്ടാണ് ഉനൈസിന് മൂത്രം പോലും ഒഴിക്കാനായത്. മൂത്രത്തിലൂടെ രക്തമായിരുന്നു പോയിരുന്നത്. ചുമക്കുമ്പോഴും വായിൽ നിന്ന് കട്ടരക്തം വന്നിരുന്നു. "അന്ന് മുതല്‍ പണിക്കൊന്നും പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഓപ്പറേഷൻ ചെയ്ത് പ്രസവിച്ച പെണ്ണുങ്ങള്‍ നടക്കുന്ന പോലെ നാഭിക്ക് കൈവെച്ച് കുനിഞ്ഞാണ് നടന്നിരുന്നത്. മരിക്കുന്നതിന് അഞ്ചെട്ട് ദിവസം മുന്നേ ഭക്ഷണം പോലും കഴിക്കാൻ പറ്റാതായി. നല്ല തണ്ടും തടിയുമുള്ള ചെക്കനായിരുന്നു." ഉനൈസിൻറെ അർദ്ധസഹോദരൻ സാദിഖ് പറയുന്നു.

"എന്‍റെ മോനെ അടിച്ചു നുറുക്കിക്കളഞ്ഞിരുന്നു. തിന്നാനോ കുടിക്കാനോ പറ്റ്ണുണ്ടായിരുന്നില്ല. നയിച്ചിട്ട് മക്കളെ പോറ്റാൻ കഴിയാണ്ടാക്കീന്നാ അവൻ പറഞ്ഞിരുന്നത്. എന്‍റെ മോൻ പോയില്ലേ. കുറ്റക്കാരെ അന്വേഷിച്ച് കണ്ടെത്തണം." ഉനൈസിന്‍റെ ഉമ്മ സക്കീന കണ്ണീരിനിടയിൽ ആവർത്തിച്ചു.

കസ്റ്റഡിയിൽ നിന്ന് തിരിച്ചു വന്ന ദിവസം തന്നെ അവശതയെ തുടർന്ന് തലശ്ശേരി സഹകരണാശുപത്രിയിൽ ഉനൈസിനെ അഡ്മിറ്റ് ചെയ്തു. മെഡിക്കോ ലീഗൽ സർട്ടിഫിക്കറ്റ് ആയാണ് ആശുപത്രിയില്‍ രജിസ്റ്റർ ചെയ്തെങ്കിലും പോലീസ് മൊഴിയെടുക്കാനോ അന്വേഷണത്തിനോ എത്തിയിരുന്നുമില്ല. സ്കാനിങ്ങ് റിപ്പോര്‍ട്ടിലും ആന്തരാവയവങ്ങൾക്കും നെഞ്ചിലും ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നതാണ്. തുടർന്നുള്ള രണ്ട് മാസത്തിനിടക്ക് പലതവണ ഉനൈസിന് ചികിത്സ തേടേണ്ടി വന്നു. മരിച്ച ദിവസം രാവിലെ അടുത്തുള്ള കടയില്‍ പോയി ചായ കുടിച്ച് വന്ന് ഉറങ്ങാന്‍ കിടന്നതായിരുന്നു ഈ യുവാവ്. മണിക്കൂറുകൾ കഴിഞ്ഞും എഴുന്നേൽക്കാതായതോടെ വീട്ടുകാര്‍ തട്ടിവിളിച്ചപ്പോഴാണ് മരിച്ചതായി മനസിലായത്.

ഭാര്യയും നാല് ആൺമക്കളും ഉമ്മയും അടങ്ങിയ കുടുംബത്തെ പോറ്റിയിരുന്നത് ഉനൈസാണ്. മൂത്തമകന് എട്ടുവയസേ ആയിട്ടുള്ളു. ഇളയവന് രണ്ടു വയസ്സും. "മരിച്ച മൂന്നിന്‍റെ അന്ന് വീട്ടിലെത്തിയ ഭാര്യാപിതാവ് പൊട്ടിപ്പൊട്ടി കരയുന്നത് കണ്ടപ്പോൾ കുറ്റബോധം കൊണ്ടാണോ എന്ന് ഞാൻ ചോദിച്ചു. ഞാനൊരു അപേക്ഷ കൊടുത്തിരുന്നെന്നേ ഒള്ളു. പോലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നാണ് പറഞ്ഞത്. ഭാര്യയുടെ അച്ഛനുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഭാര്യയുമായി അവൻ നല്ല സ്നേഹത്തിലായിരുന്നു." സാദിഖ് ഓർക്കുന്നു.

സംഭവം നടന്ന് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് വീട്ടിലെത്തിയതെന്നും ബന്ധുക്കൾ പറയുന്നു. മരണ ദിവസം തന്നെ ഉനൈസിന്‍റെ സഹോദരൻ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കാണിച്ച് എടക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. ഏഴാം തിയ്യതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി അയച്ചിരുന്നതാണ്. ഇതിലൊന്നും യാതൊരു നടപടിയും ഉണ്ടാകുകയോ ഉനൈസിന്‍റെ പോസറ്റ്മോർട്ടം റിപ്പോര്‍ട്ടും ഇത് വരെ ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല. പോലീസ് സ്റ്റേഷനിൽ ഉനൈസിൻറെ സഹോദരങ്ങൾ നിരവധി തവണ ചെന്നിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇത് വരെ ലഭ്യമായിട്ടില്ല.

മരണത്തിന് ശേഷം ഉനൈസിന്‍റെ മുറിയിൽ നിന്ന് പോലീസ് സൂപ്രണ്ടിന് നൽകാനായി സ്വന്തം കൈപ്പടയിലെഴുതിയ പരാതി കണ്ടെടുത്തു. ഇതിൽ താനനുഭവിച്ച മർദ്ദനങ്ങളെ കുറിച്ചും ഭീഷണിയെ കുറിച്ചും ഇയാൾ വിശദമായി എഴുതിയിട്ടുമുണ്ട്. നിരപരാധിയായ തന്നെ ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് ഉനൈസ് പരാതി അവസാനിപ്പിക്കുന്നത്.

മയക്കുമരുന്നിന്‍റെ നിരന്തര ഉപയോഗം കൊണ്ടാണ് ഉനൈസ് മരിച്ചതെന്നാണ് പോലീസ് ഭാഷ്യം. "മരണ ദിവസം തന്നെ അയാളുടെ മുറിയിൽ നിന്ന് സിറിഞ്ചും ബ്രൗൺ ഷുഗറിന്‍റെ അവശിഷ്ടങ്ങളും കിട്ടിയിട്ടുണ്ട്. രക്തത്തിന്‍റെയും മൂത്രത്തിന്‍റെയും സാംപിളുകൾ രാസപരിശോധന നടത്തിയതിൻറെ ഫലം വന്നാലേ മരണകാരണം കൃത്യമായി പറയാനാകൂ. രണ്ട് മാസം മുമ്പ് പോലീസ് വിളിപ്പിച്ചത് ഭാര്യവീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. അയാളുടെ ശരീരത്തിൽ ഒരു പരിക്കും കാണാനില്ല. പോലീസിനെയും ഭാര്യവീട്ടുകാരെയും പ്രതിക്കൂട്ടിലാക്കാനാണ് അന്ന് ആശുപത്രിയില്‍ പോയികിടന്നത്"

എടക്കാട് എസ്.ഐ. പ്രതികരിച്ചു.

പോലീസ് കസ്റ്റഡിയിൽ നിന്ന് വന്ന ശേഷം ഉനൈസിന്‍റെ ആരോഗ്യ സ്ഥിതി മോശമായതും ഉനൈസ് എഴുതിയ പരാതിയും ചൂണ്ടിക്കാട്ടി മർദ്ദനമാണ് മരണകാരണം എന്നതില്‍ ബന്ധുക്കൾ ഉറച്ച് നിൽക്കുന്നുണ്ട്. മരണശേഷം പരാതി നൽകിയിട്ടും രണ്ടാഴ്ചയോളം പോലീസ് തിരിഞ്ഞ് നോക്കാതിരുന്നതും സംഭവത്തിന്‍റെ ഗൗരവം കൂട്ടുന്നു. "ഞങ്ങൾക്ക് പേരിനെന്തെങ്കിലും നഷ്ടപരിഹാരമല്ല വേണ്ടത്. ഏത് ഉന്നതനായാലും കുറ്റം ചെയ്തതിന് ശിക്ഷിക്കപ്പെടണം. നല്ല ആരോഗ്യമുള്ള ചെക്കനെയാണ് കൊന്ന് കളഞ്ഞത്. ജനങ്ങളെ രക്ഷിക്കേണ്ട പോലീസ് ഇങ്ങനെ കാപാലികരാകരുത്. നീതി കിട്ടാൻ ഏതറ്റം വരെയും പോകും." സാദിഖ് വ്യക്തമാക്കുന്നു.