സര്‍ക്കാര്‍ തന്നെ സ്വന്തമാകുമ്പോള്‍ ലോ അക്കാദമിയില്‍ ലക്ഷ്മി നായര്‍ക്ക് എന്തും ചെയ്യാം

 
സര്‍ക്കാര്‍ തന്നെ സ്വന്തമാകുമ്പോള്‍ ലോ അക്കാദമിയില്‍ ലക്ഷ്മി നായര്‍ക്ക് എന്തും ചെയ്യാം

സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ക്കെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം കേരളത്തില്‍ ആളിക്കത്തുന്നതിനിടയില്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും സമാനമായ വിവാദങ്ങള്‍ ഉയരുകയാണ്. മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമരം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നതിന് മുമ്പ് കോളേജ് അനിശ്ചതകാലത്തേക്ക് അടച്ചിടാനാണ് പ്രമുഖ ടെലിവിഷന്‍ അവതാരക കൂടിയായ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ശ്രമിച്ചത്.

അതേസമയം ലോ അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ഉടമസ്ഥയും കൂടിയായ ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കെ.എസ്.യു, എ.ഐ.എസ്.എഫ്, എംഎസ്എഫ് തുടങ്ങിയ സംഘടനകള്‍ ഉന്നയിക്കുന്നത്. പ്രിന്‍സിപ്പളിന് കോളേജിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനേക്കാള്‍ മുഖ്യം കുക്കറി ഷോകളാണെന്നും സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം കേള്‍ക്കാതെ കോളേജ് അടച്ച് പൂട്ടി രക്ഷപ്പെടുന്ന സമീപനമാണ് എടുത്തതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിവിധ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഒട്ടനവധി ആരോപണങ്ങളാണ് ലോ അക്കാദമിക്ക് എതിരെ ഉയരുന്നത്.

നിയമങ്ങള്‍ക്ക് അനുസൃതമായല്ല ലോ അക്കാദമി പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാര്‍ത്ഥികളെയല്ല അവര്‍ പ്രധാനമായും കാണുന്നതെന്നും എഐഎസ്എഫ് നേതാവ് വിവേക് വി ജെ പറയുന്നു. പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളെ എതിര്‍ക്കുന്നവരെ അവര്‍ ക്രൂരമായാണ് വേട്ടയാടുന്നതെന്നും ഇന്റേണല്‍ മര്‍ക്കും അറ്റന്‍ഡന്‍സും പ്രിന്‍സിപ്പളിന് ഇഷ്ടമുള്ളതു പോലെ ഇഷ്ടമുള്ളവര്‍ക്കാണ് നല്‍കുന്നതെന്നും ഇവരുടെ നടപടികള്‍ മൂലം 21 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെട്ടെന്നും എംഎസ്എഫ് നേതാവ് നൈമത്തുള്ള പറയുന്നു.

അതേസമയം ഗുരുതരമായ വേറെയും പരാതികള്‍ മാനേജ്‌മെന്റിനെക്കുറിച്ചും പ്രിന്‍സിപ്പലിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെ അറ്റന്‍ഡന്‍സിന്റെയും ഇന്റേണല്‍ മാര്‍ക്കിന്റെയും ഇയര്‍ ഔട്ടിന്റെയും പേരിലാണ് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്. പ്രിന്‍സിപ്പല്‍ അടക്കം ജാതി പറഞ്ഞുപോലും വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കൊറിഡോറിലും മെസ് ഹാളിലും ഉള്‍പ്പെടെ നാല് ചുറ്റിലും ക്യാമറയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ ശുചിമുറി ഉള്‍പ്പെടെ ഹോസ്റ്റലിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ അധികൃതര്‍ യാതൊരു താല്‍പര്യവും പ്രകടിപ്പിക്കാറില്ല. കുളിമുറിയ്ക്ക് സമീപം പോലും ഇവിടെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിക്കുന്നത് വിലക്കിയിരിക്കുന്ന കോളേജ് മാനേജ്‌മെന്റ് വസ്ത്രധാരണത്തില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നും മാനേജ്‌മെന്റിന്റെ ഇഷ്ടക്കാര്‍ക്ക് മാത്രം മാര്‍ക്ക് നല്‍കുന്നുവെന്നും പരാതിയുണ്ട്.

ഇത് കൂടാതെ പ്രിന്‍സിപ്പലിന്റെ ഉമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ കോളേജിലെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ക്ലാസ് മുറിയില്‍ നിന്നും കാരണം പറയാതെ വിളിച്ചിറക്കി കൊണ്ടുപോയി ഹോട്ടലില്‍ എത്തിയ ശേഷം ജോലി നിര്‍ദ്ദേശിക്കുകയാണ് ചെയ്യുന്നതെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.

സര്‍ക്കാര്‍ തന്നെ സ്വന്തമാകുമ്പോള്‍ ലോ അക്കാദമിയില്‍ ലക്ഷ്മി നായര്‍ക്ക് എന്തും ചെയ്യാം

അതേസമയം ആരോപണങ്ങള്‍ ലക്ഷ്മി നായര്‍ നിഷേധിച്ചു. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ അടുക്കളയിലും ഡൈനിംഗ് റൂമിലും സ്‌റ്റോര്‍ റൂമിലും മാത്രമാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും വേറെ ഒരു സ്ഥലത്തും ക്യാമറകള്‍ വച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു. കുട്ടികളുടെ സുരക്ഷിതത്വത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ തെറ്റിദ്ധരിക്കുന്നതെന്തിനാണെന്ന് ചോദിച്ച അവര്‍ തനിക്കെതിരെയുള്ള ആരോപണങ്ങളും നിഷേധിച്ചു. അവധി ദിവസങ്ങളിലോ ആഴ്ചാവസാനങ്ങളിലോ ആണ് താന്‍ ഷൂട്ടിംഗിന് പോകാറുള്ളത്. സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന ഹാജരില്ലാത്തവരും പരീക്ഷകളില്‍ തോല്‍ക്കുന്നവരുമാണ് സമരം ചെയ്യുന്നവരില്‍ അധികമെന്നും ലക്ഷ്മി നായര്‍ ആരോപിച്ചു.

അതേസമയം ലോ അക്കാദമിയില്‍ എന്തും നടക്കുമെന്ന അവസ്ഥയാണുള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നു. പൂര്‍വ വിദ്യാര്‍ത്ഥി പട്ടികയിലെ പ്രമുഖരുടെ വന്‍ നിരയാണ് ഇവരുടെ മുഖ്യബലം. രാഷ്ട്രീയഭേദമന്യേ ലോ അക്കാദമിയില്‍ പഠിച്ചിറങ്ങിയ നിരവധി പേരാണ് ഇപ്പോഴും അധികാരത്തിന്റെ തലപ്പത്തുള്ളത്. ഇവരില്‍ പലര്‍ക്കും ലോ അക്കാദമി മാനേജ്‌മെന്റുമായി അടുത്ത ബന്ധമാണുളളത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തി ലോ അക്കാദമിയില്‍ നിന്നും നിയമബിരുദം നേടിയിരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ നിരവധിയാണ്. അതിനാല്‍ തന്നെ തങ്ങള്‍ക്ക് നേരെ ഉയരുന്ന ഏത് ആരോപണത്തിന്റെയും മുന വളരെ നിസാരമായി തന്നെ ഒടിക്കാമെന്ന് ഇവര്‍ കണക്കു കൂട്ടുന്നു.

കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, എംപിമാര്‍, മുന്‍ എംപിമാര്‍ എന്നിങ്ങനെ നീണ്ടു പോകുന്നു ആ നിര. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, മേഴ്‌സിക്കുട്ടി അമ്മ, കെ കെ ഷൈലജ, വിഎസ് സുനില്‍ കുമാര്‍ എന്നിവരാണ് നിലവിലെ മന്ത്രിസഭയില്‍ ലോ അക്കാദമിയില്‍ നിന്നും ബിരുദമെടുത്തവര്‍. മുന്‍ മന്ത്രിമാരായ പി കെ അബ്ദുറബ്ബ്, അടൂര്‍ പ്രകാശ്, ബിനോയ് വിശ്വം, എംഎം ഹസന്‍, കുട്ടി അഹമ്മദ് കുട്ടി, മോന്‍സ് ജോസഫ്, കെ മുരളീധരന്‍, എംകെ മുനീര്‍, വി എസ് ശിവകുമാര്‍, പി എസ് സുജനപാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം വിജയകുമാര്‍ എന്നിവരും ലോ അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. എംപിമാരായ എംബി രാജേഷ്, കെ സി വേണുഗോപാല്‍ എന്നിവരും മുന്‍ എംപിമാരായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജ്, കെ എന്‍ ബാലഗോപാല്‍, പീതാംബരക്കുറുപ്പ്, സിഎസ് സുജാത എന്നിവരും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തന്നെ. ഇതൊന്നും കൂടാതെ നിരവധി എംഎല്‍എമാരും മുന്‍ എംഎല്‍എമാരും ലോ അക്കാദമിയില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.

ചുരുക്കത്തില്‍ നിയമസഭയുടെ ഓരോ ഇടനാഴികളിലും നമുക്ക് ലോ അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥികളെ പരിചയപ്പെടാം. എന്നിട്ടും ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരും ശ്രമിക്കുന്നില്ല. അതോ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മാനേജ്‌മെന്റിനോടുള്ള നന്ദി പ്രകടനമാണോ ഈ നിശബ്ദത. കാരണം പഠനത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ സ്വാഭാവികമായും നഷ്ടമാകുന്ന അറ്റന്‍ഡന്‍സ് ഇവരുടെ ബിരുദധാരണത്തിന് തടസമായിട്ടില്ലല്ലോ.