'അത്ഭുതമാണ് നടന്നിട്ടുള്ളത്, കേരളത്തില്‍ മറ്റാരേക്കാളും മുന്‍പ് വിശുദ്ധയാക്കേണ്ടത് സിസ്റ്റര്‍ അഭയയെ' ആത്മകഥയില്‍ ലോനപ്പന്‍ നമ്പാടന്‍ പറഞ്ഞത്

 
'അത്ഭുതമാണ് നടന്നിട്ടുള്ളത്, കേരളത്തില്‍ മറ്റാരേക്കാളും മുന്‍പ് വിശുദ്ധയാക്കേണ്ടത് സിസ്റ്റര്‍ അഭയയെ' ആത്മകഥയില്‍ ലോനപ്പന്‍ നമ്പാടന്‍ പറഞ്ഞത്

''കേരളത്തില്‍ മറ്റാരെക്കാളും മുമ്പ് വിശുദ്ധയാക്കേണ്ടത് സിസ്റ്റര്‍ അഭയെയാണ്! സഭാനേതൃത്വം അതിനു മുന്‍കൈ എടുക്കണം.'' ഇങ്ങനെ സ്വന്തം ആത്മകഥയില്‍ എഴുതിവെച്ചത് സാക്ഷാല്‍ നമ്പാടന്‍ മാഷാണ്. അഭയാക്കേസ് അന്വേഷണം ഇല്ലാതാക്കാനുള്ള അധീശശക്തികളുടെ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാടൊട്ടുക്ക് ഓടിനടന്ന് പ്രതിഷേധവും മറ്റും സംഘടിപ്പിക്കുകയും നിയമസഭയിലും പാര്‍ലമെന്റിലും അതിനായി ശക്തിയുക്തം വാദിക്കുകയും ചെയ്ത എംഎല്‍എയും മന്ത്രിയും പാര്‍ലമെന്റംഗവുമൊക്കെയായ ലോനപ്പന്‍ നമ്പാടന്‍.

''യഥാര്‍ഥത്തിലുള്ള അത്ഭുതമാണ് ഇവിടെ നടന്നിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിവിധ സഭാമേലദ്ധ്യക്ഷന്മാരും ഭരണകര്‍ത്താക്കളുമെല്ലാം സംഘടിതമായി പ്രവര്‍ത്തിച്ചിട്ടും അഭയക്കേസ് ഇല്ലായ്മ ചെയ്യുവാന്‍ കഴിയാതിരുന്നത് അത്ഭുതമായി അംഗീകരിക്കണം.'' നമ്പാടന്‍ മാഷ് തന്റെ ആത്മകഥയായ' സഞ്ചരിക്കുന്ന വിശ്വാസി'യില്‍ എഴുതി. ആ കേസ് തേച്ചുമാച്ചുകളയാന്‍ നടത്തിയ ഗൂഢനീക്കങ്ങളെ കുറിച്ചും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നതുകൊണ്ടാകാം ലോനപ്പന്‍ നമ്പാടന്‍ പ്രതികളുടെ അറസ്റ്റില്‍ അത്ഭുതപ്രവര്‍ത്തി കണ്ടത്. അത്ഭുതം പ്രവര്‍ത്തിച്ചില്ലെങ്കില്‍ സംഭവം നടന്ന് 18 വര്‍ഷങ്ങള്‍ക്കുശേഷം പ്രതികള്‍ അറസ്റ്റിലാകില്ലെന്നും അദ്ദേഹം കരുതി.


സഭാധികാരികള്‍ക്കു ദൈവം പോലും മാപ്പു നല്‍കുകില്ലെന്നും ലോനപ്പന്‍ നമ്പാടന്‍ വിമര്‍ശിക്കുന്നു. അത്രയ്ക്കു നിരുത്തരവാദപരമായാണു സഭ പ്രവര്‍ത്തിച്ചത്. അവര്‍ വെറും കാഴ്ചക്കാരായി നോക്കിനിന്നു. കന്യാസ്ത്രീകള്‍ കൊല ചെയ്യപ്പെട്ടാലും വൈദികര്‍ കൊലചെയ്യപ്പെട്ടാലും സഭാദ്ധ്യക്ഷന്മാര്‍ക്ക് ഒരു ദുഃഖവുമില്ലെന്നും അദ്ദേഹം എഴുതി.

ഭരണകക്ഷിക്കാരേയും ഉദ്യോഗസ്ഥപ്രമുഖരേയും വിലയ്ക്കെടുത്ത് അഭയകേസ് ഇല്ലായ്മ ചെയ്യാന്‍ സഭാനേതൃത്വം തുടക്കം മുതല്‍ ശ്രമിച്ചിരുന്നതായും ലോനപ്പന്‍ നമ്പാടന്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. സിസ്റ്റര്‍ അഭയാ കൊലക്കേസിലെ പ്രതികളെ കുറ്റക്കാരായി കണ്ടെത്തി വിചാരണക്കോടതി ശിക്ഷാവിധിയിലേക്ക് കടക്കാനിരിക്കെ കേസ് തെളിയിക്കാനായി ഓടിനടന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിനെപ്പോലെ ഇപ്പോള്‍ നമ്മളോടൊപ്പമില്ലാത്ത ലോനപ്പന്‍ നമ്പാടന്റെ പേരും സ്മരണീയമാണ്.

ആത്മകഥയിലെ 'ജോബച്ചന്റെ രക്തവും സിസ്റ്റര്‍ അഭയയുടെ കൊലപാതകവും' എന്ന അധ്യായത്തില്‍ ലോനപ്പന്‍ നമ്പാടന്‍ ഇങ്ങനെ എഴുതുന്നു:

''സിസ്റ്റര്‍ അഭയ 1992 മാര്‍ച്ചു 27ന് കൊലചെയ്യപ്പെട്ടു. കോട്ടയം ടൌണിലെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിലാണു കന്യാസ്ത്രീയുടെ ജഡം കാണപ്പെട്ടത്. ബി.സി.എം. കോളജിലെ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു. അരീക്കര ഐക്കരക്കുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും ഏകമകളാണ് ബീന അഥവാ സിസ്റ്റര്‍ അഭയ. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ താമസിച്ചുവന്നിരുന്ന 21 വയസ്സ് പ്രായമുള്ള അഭയ മാര്‍ച്ച 27ന് വെളുപ്പിന് നാലു മണിക്കു താഴത്തെ നിലയിലുള്ള അടുക്കള മുറിയിലെ ഫ്രിഡ്ജില്‍നിന്നും വെള്ളമെടുത്തു മുഖംകഴുകുന്നതിനാണു കിടപ്പുമുറിയില്‍ നിന്നും പോയത്. സിസ്റ്റര്‍ സ്റ്റെഫിയുമായി ഫാ. കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും അവിഹിതവേഴ്ച നടത്തുന്നതു യാദൃഛികമായി അഭയ കാണാനിടയായതാണു കൊലപാതകത്തിനു നിദാനമായത്. മരിച്ചെന്നു കരുതി കിണറ്റിലിട്ടതാണ്. സത്യത്തില്‍ കിണറ്റിലെ വെള്ളംകുടിച്ചാണു മരിച്ചത്. പ്രതികള്‍ ഇവര്‍ മുന്നു പേരുമാണെന്നു നാട്ടുകാര്‍ക്കും ക്നാനായസഭ വിശ്വാസികള്‍ക്കും ഞങ്ങള്‍ക്കും അന്നുമുതല്‍ക്കുതന്നെ അറിയാമായിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്താണ് കൊലപാതകം നടന്നത്. ഭരണകക്ഷിക്കാരെയും ഉദ്യോഗസ്ഥപ്രമുഖരെയും വിലയ്ക്കെടുത്തു കേസ് ഇല്ലായ്മചെയ്യുവാന്‍ സഭാനേതൃത്വം നിരന്തരമായി ശ്രമിച്ചിരുന്നു. കേരള പൊലീസും ക്രൈംബ്രാഞ്ചും പ്രതികളെ രക്ഷപ്പെടുത്തുന്നതിനുള്ള എല്ലാ സൌകര്യങ്ങളു, ചെയ്തുകൊടുത്തു.

സിസ്റ്റര്‍ അഭയാകേസ് സി.ബി.ഐ.യ്ക്കു വിടണമെന്നു നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചും കൊണ്ട് ഞാന്‍ ശക്തിയായി ആവശ്യപ്പെട്ടു. സഭാമേലദ്ധ്യക്ഷന്മാര്‍ അങ്കലാപ്പിലായി. പിന്നീടു കേസ്് സി.ബി.ഐ. ഏറ്റെടുത്തു. കേന്ദ്രഗവര്‍മെന്റിനെയും സ്വാധീനിക്കുവാന്‍ സഭ മേലദ്ധ്യക്ഷന്മാര്‍ക്കു കഴിഞ്ഞു. 1992 മാര്‍ച്ച് 31ന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രുപീകരിച്ചതുമുതല്‍ മൂന്‍പന്തിയില്‍നിന്നു പ്രവര്‍ത്തിക്കുവാന്‍ ഞാനും ഉണ്ടായിരുന്നു. നിയമസഭയ്ക്കകത്തും പുറത്തും അവസാനം പാര്‍ലമെന്റിലും നിരന്തരമായി സിസ്റ്റര്‍ അഭയാക്കേസ് തെളിയിക്കുന്നതിനു ഞാന്‍ പോരാട്ടംനടത്തിയിട്ടുണ്ട്. സിസ്റ്റര്‍ അഭയയുടെ ഒന്നാംചരമവാര്‍ഷികത്തില്‍ കോട്ടയത്ത് അനുസ്മരണ പൊതുയോഗം ഉദ്ഘാടനംചെയ്തത് എം.എല്‍.എ.യായിരുന്ന ഞാനാണ്. കേസ് എഴുതിത്തള്ളാന്‍ മൂന്നു പ്രാവശ്യം സി.ബി.ഐ. എറണാകുളം സി.ജെ.എം. കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കി. ഇതിനെയൊക്കെ അതിജീവിച്ചാണു കോടതിയുടെ ശക്തമായ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സി.ബി.ഐ. കേസ് അന്വേഷണം നടത്തി പ്രതികളെ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കിയത്. 18 വര്‍ഷംമുമ്പ് നടന്ന കൊലപാതകം ഇപ്രകാരം തെളിയിക്കുവാന്‍ കഴിഞ്ഞത് അത്ഭുതകരമാണ്.

കേരളത്തില്‍ മറ്റാരെക്കാളും മുമ്പ് വിശുദ്ധയാക്കേണ്ടത് സിസ്റ്റര്‍ അഭയെയാണ്! സഭാനേതൃത്വം അതിനു മുന്‍കൈ എടുക്കണം. യഥാര്‍ഥത്തിലുള്ള അത്ഭുതമാണ് ഇവിടെ നടന്നിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിവിധ സഭാമേലദ്ധ്യക്ഷന്മാരും ഭരണകര്‍ത്താക്കളുമെല്ലാം സംഘടിതമായി പ്രവര്‍ത്തിച്ചിട്ടും അഭയക്കേസ് ഇല്ലായ്മചെയ്യുവാന്‍ കഴിയാതിരുന്നത് അത്ഭുതമായി അംഗീകരിക്കണം.

അഭയാക്കേസ്സില്‍ ആക്ഷന്‍ കൗണ്‍സില്‍ കാണിച്ച ആവേശത്തിന്റെ ഒരംശംപോലും ഫാ. ജോബ് ചിറ്റിലപ്പിള്ളിയുടെ കേസ്സില്‍ പ്രകടിപ്പിക്കുവാര്‍ സഭാധികാരികള്‍ക്കു കഴിഞ്ഞില്ല. രണ്ടു കൊലപാതകങ്ങളും കോണ്‍ഗ്രസ ഭരണത്തിലാണു നടന്നത്. കേസ്സിലെ എല്ലാ തെളിവുകളും നശിപ്പിക്കുവാര്‍ ഭരണാധികാരികള്‍ക്കു കഴിഞ്ഞു. സഭാധികാരികള്‍ വെറും കാഴ്ചക്കാരായി നോക്കിനിന്നു. ദൈവം പോലും ഇവര്‍ക്കു മാപ്പു നല്‍കുകയില്ല. അത്രയ്ക്കു നിരുത്തരവാദപരമായാണു സഭ പ്രവര്‍ത്തിച്ചത്. കന്യാസ്ത്രീകള്‍ കൊല ചെയ്യപ്പെട്ടാലും വൈദികര്‍ കൊലചെയ്യപ്പെട്ടാലും സഭാദ്ധ്യക്ഷന്മാര്‍ക്ക് ഒരു ദുഃഖവുമില്ല.''

അവലംബം:

സഞ്ചരിക്കുന്ന വിശ്വാസി-ലോനപ്പന്‍ നമ്പാടന്‍, ഡിസി ബുക്സ്, കോട്ടയം