'കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷന്‍'; കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി

 
'കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷന്‍'; കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി

രാജ്യത്ത് കോവിഡ് വ്യാപനത്തിനിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് റാലികള്‍ നടത്തുന്നതിന് അനുവാദം നല്‍കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും കോടതി നിരീക്ഷിച്ചു.

മാസ്‌കുകള്‍ ധരിക്കുക, സാനിറ്റൈസറുകള്‍ ഉപയോഗിക്കുക, തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടുവെന്നും കോടതി ഉത്തരവുകള്‍ അവഗണിച്ചുവെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് റാലികള്‍ നടന്നപ്പോള്‍ നിങ്ങള്‍ മറ്റൊരു ഗ്രഹത്തിലായിരുന്നോ? ''ചീഫ് ജസ്റ്റിസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ പദ്ധതി തയ്യാറാക്കിയില്ലെങ്കില്‍ മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണല്‍ തടയേണ്ടി വരുമെന്നും മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

പൊതുജനാരോഗ്യം പരമപ്രധാനമാണെന്നും ഇത് ഓര്‍മ്മപ്പെടുത്തേണ്ടത് സങ്കടകരമാണെന്നും കോടതി പറഞ്ഞു. ഒരു പൗരന്‍ അതിജീവിക്കുമ്പോള്‍ മാത്രമേ ജനാധിപത്യ റിപ്പബ്ലിക്ക് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ആസ്വദിക്കാന്‍ കഴിയൂ. ഇപ്പോള്‍ സ്ഥിതി നിലനില്‍പ്പും സംരക്ഷണവുമാണ്. ബാക്കി എല്ലാം അതുകഴിഞ്ഞേ വരൂ' ഹൈക്കോടതി പറഞ്ഞു. വോട്ടെണ്ണല്‍ ദിനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഈ മാസം 30-ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനും തമിഴ്നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കോടതി ആവശ്യപ്പെട്ടു.