സി പി നായര്‍ വധശ്രമക്കേസ്; മലയായാലപ്പുഴയില്‍ സംഭവിച്ചത് എന്താണ്?

 

കൃഷ്ണ ഗോവിന്ദ്

മലയാലപ്പുഴ: മുന്‍ ചീഫ് സെക്രട്ടറിയും ദേവസ്വം കമ്മീഷണറുമായിരുന്ന സി പി നായര്‍ക്കു നേരെയുണ്ടായ വധശ്രമക്കേസില്‍ സംഭവ ദിവസവും തുടര്‍ന്നും എന്താണ് സംഭവിച്ചത്. പോലീസും ക്രൈംബ്രാഞ്ചും സമര്‍പ്പിച്ചിരിക്കുന്ന പ്രതിപ്പട്ടികയില്‍ എത്രപ്പേര്‍ കുറ്റവാളികളായുണ്ട്? ഒരുകൂട്ടം ദേവസ്വം ഉദ്യോഗസ്ഥര്‍ അവരുടെ അഴിമതി മൂടിവയ്ക്കാന്‍ സി പി നായര്‍ കേസ് ഉപയോഗിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.

2002 മാര്‍ച്ച് പതിനാലിനായിരുന്നു കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. 2002 മാര്‍ച്ച് മുപ്പത്തിയൊന്നിന് മലയാലപ്പുഴ ക്ഷേത്രത്തില്‍ ശതക്കോടി അര്‍ച്ചന നടത്തുവാന്‍ ഒരുകൂട്ടം ദേവസ്വം ഉദ്യോഗസ്ഥരും ആളുകളും രഹസ്യമായി തീരുമാനിക്കുകയും അതിനായി സംഭാവന കൂപ്പണുകള്‍ ദേവസ്വംബോര്‍ഡിന്റെ അനുമതിയില്ലാതെ അച്ചടിക്കുകയും അതുപയോഗിച്ച് അയല്‍ സംസ്ഥാനങ്ങളിലുള്‍പ്പടെ സംഭാവനകള്‍ പിരിക്കുകയും ചെയ്തു. ഇത് കൂടാതെ ശതകോടി അര്‍ച്ചനയ്ക്കുള്ള സജ്ജീകരണത്തിനായിട്ടുള്ള കരാറുക്കാരും അനധികൃതരായിട്ടുള്ളവരായിരുന്നു.

പിന്നീട് ശതക്കോടി അര്‍ച്ചനയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ക്ഷേത്ര ഉപദ്ദേശകസമിതിയും നാട്ടുകാരും സഹകരിച്ചത് നാടിന്റെ വികസനത്തിന് സഹായകമാവും എന്നു കരുതിയായിരുന്നു. എന്നാല്‍ ഇതിനെതിരെയുള്ള പരാതികള്‍ ഉയര്‍ന്നപ്പോള്‍ അതേകുറിച്ച് അന്വേഷിക്കാനും സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ശതകോടി അര്‍ച്ചന മാറ്റി വയ്ക്കുന്നതിനുള്ള ചര്‍ച്ചയ്ക്കുമായിട്ടായിരുന്നു അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്ന സി പി നായര്‍ മലയാലപ്പുഴയില്‍ എത്തിയത്.

രാവിലെ ഒന്‍പതരയ്ക്ക് തുടങ്ങിയ ചര്‍ച്ച പിന്നീട് ബഹളത്തില്‍ കലാശിക്കുകയായിരുന്നു. ശതകോടി അര്‍ച്ചനയ്ക്കായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുള്‍പ്പടെയുള്ളവര്‍ തയ്യാറാക്കിയ എട്ടരക്കോടിയുടെ ബജറ്റ് ദേവസ്വം കമ്മീഷണര്‍ അംഗീകരിച്ചില്ല. ശതകോടി അര്‍ച്ചന മാറ്റി വയ്ക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തോട് ഉപദ്ദേശകസമിതിയും അംഗീകരിച്ചില്ല. തുടര്‍ന്നു നടന്ന ചര്‍ച്ചയിക്കിടെ ചിലര്‍ 'ശതകോടി അര്‍ച്ചന നടത്തുന്നില്ലായെന്ന്' പ്രചരിപ്പിക്കുകയും മൈക്കിലൂടെ തെറ്റായ വിവരങ്ങള്‍ വിളിച്ച് പറയുകയും ജനങ്ങളെ വിളിച്ച് കൂട്ടുകയും ചെയ്തു.

വാക്ക് തര്‍ക്കത്തിനൊടുവില്‍ ശതകോടി അര്‍ച്ചന നടത്താമെന്ന് സമ്മതിച്ച സി പി നായരോട് സമ്മതപത്രം ഒപ്പിട്ടു കൊടുക്കണമെന്നും അത് സ്റ്റാമ്പ് പേപ്പറിലോ മുദ്ര കടലാസിലോ വേണമെന്നും ശഠിച്ചു. ഇതിന് വിസമ്മതിച്ച സി പി നായരെയുള്‍പ്പടെയുള്ളവരെ ചര്‍ച്ച നടന്നിരുന്ന ഊട്ടുപുരയില്‍ പൂട്ടിയിടുകയും ബലാല്‍ക്കാരമായി സമ്മതപത്രം ഒപ്പിടീവിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതിന്റെ എല്ലാം പിന്നില്‍ അഴിമതിക്കാരായ ദേവസ്വം ഉദ്യോഗസ്ഥരും കരാറുക്കാരും അവരുടെ ആളുകളുമുണ്ടെന്നാണ് സംഭവത്തില്‍ ദൃക്‌സാക്ഷികളായിട്ടുള്ള പ്രദേശവാസികള്‍ പറയുന്നത്.

പ്രശ്‌നം രൂക്ഷമാക്കാന്‍ ശ്രമിക്കുകയും ജനങ്ങളെ ചര്‍ച്ചക്കെത്തിയവര്‍ക്ക് എതിരെ തിരിക്കുകയും ചെയ്തത് അവരാണെന്നും നാട്ടുകാര്‍ പറയുന്നു. പ്രശ്‌നം സംഘര്‍ഷാവസ്ഥയിലെത്തുകയും ഊട്ടുപുരക്ക് ജനം കല്ലേറ് നടത്തുകയും ചെയ്തു.

ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ദേവസ്വം കമ്മീഷണറും വിജിലന്‍സ് കമ്മീഷണറും കൂടെയുള്ള ഏഴ് ഉദ്യോഗസ്ഥരെയും രക്ഷിക്കുന്നതിന് പോലീസ് നടത്തിയ നടപടികള്‍ സംഘര്‍ഷം രൂക്ഷമാക്കി. മൂന്നര മണിക്കൂറോളമാണ് ഇവരെ പൂട്ടിയിട്ടിരുന്നത്. തുടര്‍ന്ന് പോലീസ് ടിയര്‍ഗ്യാസും റബ്ബര്‍ ബുള്ളറ്റും ഉപയോഗിച്ച് ആളുകളെ തുരത്തി ദേവസ്വം അധികൃതരെ രക്ഷിച്ചു.

സംഘര്‍ഷത്തില്‍ 28 പോലീസുകാര്‍ക്കും എഴുപത്തിയഞ്ചോളം പേര്‍ക്കും പരിക്കേറ്റു. ആളുകള്‍ പിരിഞ്ഞു പോയതിനുശേഷവും പോലീസ് ക്ഷേത്രത്തിന് സമീപമുള്ള ഭവനങ്ങള്‍ തകര്‍ക്കുകയും സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കളക്ടര്‍ പോലീസിനെ പിന്‍വലിച്ചതിന് ശേഷമാണ് പ്രദേശം ശാന്തമായത്.

പോലീസ് അന്ന് കുറ്റവാളികളെന്നപ്പേരില്‍ പിടികൂടിയ നിരപരാധികളായ പലരും ക്രൂരമര്‍ദനത്തിനരയായി. മര്‍ദത്തിനിരയായവരില്‍ ഒരാള്‍ ജാമ്യത്തിലിറങ്ങി അത്മഹത്യ ചെയ്തിരുന്നു. പതിമൂന്ന് വര്‍ഷമായ കേസിലേ കുറ്റാരോപിതരില്‍ ആറുപേര്‍ മരിച്ചു. ഇതില്‍ മൂന്നും ആത്മഹത്യയായിരുന്നു. പോലീസ് ആയിരംപേര്‍ക്കെതിരെയായിരുന്നു ആദ്യം കേസെടുത്തിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ചാണ് കേസ് ഏറ്റെടുത്ത് കൂടുതല്‍ അന്വേഷണത്തില്‍ അത് നൂറ്റിനാല്‍പ്പത്തിയാറ് പേരിലേക്ക് ചുരുക്കിയത്. അന്ന് മലയാലപ്പുഴയില്‍ ഇല്ലായിരുന്ന വ്യക്തികളുടെ പേരില്‍ പോലും പോലീസ് കള്ളക്കേസ് എടുത്തിരുന്നുവെന്നും നിലവിലെ കുറ്റരോപിതരായ പലരും നിരപരാധിളാണെുന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള നൂറ്റിനാല്‍പ്പത്തിയാറ് പേരും കേസിന്റെ പേരില്‍ ദുരിതമനുഭവിക്കുകയാണ്. കേസില്‍പ്പെട്ടതിനാല്‍ പല ചെറുപ്പക്കാര്‍ക്കും വിദ്ദേശത്ത് ലഭിച്ച ജോലി ഉപേക്ഷിക്കേണ്ടി വന്നു. പി എസ് സി ലിസ്റ്റില്‍ പേരുള്ളവര്‍ക്ക് കേസു കാരണം ജോലി നഷ്ടപ്പെട്ടു. കൂലിപ്പണിക്കാരും, ദിവസ പണിക്കാരും കേസിന്റെ ആവശ്യത്തിനായി ഓടിനടന്ന് പണിയ്ക്ക് പോകുവാന്‍ കഴിയാത്ത അവസ്ഥയാണ്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിചാരണ കഴിഞ്ഞ മാര്‍ച്ച് മുതലാണ് ആരംഭിച്ചത്. പത്തനംത്തിട്ട സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്.

കേസിന് വിചാരണക്കു പോകുന്ന പലര്‍ക്കും നിലവില്‍ നാട്ടുകാര്‍ പിരിവ് എടുത്താണ് ചെലവിനുള്ള പണം നല്‍കുന്നത്. കേസിന്റെ വിചാരണ തുടങ്ങിയതിന് ശേഷം മിക്ക ദിവസവും കോടതിയില്‍ ഇവര്‍ക്ക് ഹാജരാവണം. ഇത് കാരണം ബുദ്ധിമുട്ടിലായത് കൂലിപ്പണിക്കാരും, ദിവസ പണിക്കാരുമൊക്കെയാണ്. തൊഴില്‍ ചെയ്യുവാന്‍ സാധിക്കാത്തത് കാരണം ഇവരുടെ കുടുംബങ്ങള്‍ സ്ത്രീകളുടെ വരുമാനം മാത്രം ആശ്രയിച്ചാണ് കഴിയുന്നത്.

അതേ സമയം ചില ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ ദേവസ്വംബോര്‍ഡ് നടപടി എടുത്തിരുന്നുവെങ്കിലും അത് പിന്നീട് പിന്‍വലിച്ചു.

നാട്ടുകാരും പ്രതിപ്പട്ടികയില്‍ പേരുള്ളവരും ചേര്‍ന്ന് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി അടൂര്‍ പ്രകാശ് മുഖാന്തരം ആഭ്യന്തരമന്ത്രിക്കും മുഖ്യന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തോടെ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കേസ് പിന്‍വലിച്ചത് വിവാദമായതിനാല്‍ ആഭ്യന്തരവകുപ്പ് കേസ് പുനപരിശോധനയ്ക്ക് വിധേയമാകും. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ സിപി നായര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.