സംവരണം 50 ശതമാനം കടക്കാന്‍ പാടില്ല; മറാത്ത സംവരണം റദ്ദാക്കി സുപ്രിംകോടതി

 
സംവരണം 50 ശതമാനം കടക്കാന്‍ പാടില്ല; മറാത്ത സംവരണം റദ്ദാക്കി സുപ്രിംകോടതി

മറാത്ത ക്വാട്ട 50 ശതമാനത്തില്‍ കൂടുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് .ഇന്ദിര സാഹ്നി വിധി പുനപ്പരിശോധിക്കേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംവരണത്തിന്റെ അടിസ്ഥാനം സാമൂഹിക, സാംസ്‌കാരിക പിന്നോക്കാവസ്ഥ ആയിരിക്കണമെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതിയുടെ വിധി. മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗങ്ങളെ പിന്നോക്ക വിഭാഗമായി കണക്കാക്കി സംവരണം നല്‍കാനുള്ള നിയമമാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.

സംവരണം ഒരു കാരണവശാലും 50 ശതമാനത്തിന് മുകളില്‍ ആവരുതെന്ന് കോടതി വ്യക്തമാക്കി. ഇന്ദിരാ സാഹ്നി കേസിലെ വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അഞ്ച് അംഗങ്ങളും ഏകകണ്ഠമായാണ് തീരുമാനിച്ചത്. മറാത്ത സംവരണവുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ അത് 68 ശതമാനമായി ഉയരുമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. അതേസമയം മറാത്ത ക്വാട്ട പ്രകാരം 09.09.2020 വരെ നടത്തിയ പിജി മെഡിക്കല്‍ പ്രവേശനത്തെ വിധി ബാധിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

മറാത്തകള്‍ക്കു തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കാന്‍ 2017 നവംബറില്‍ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവിഭാഗങ്ങള്‍ ഏതെന്നു തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഒഴിവാക്കിയ 102 ആം ഭരണഘടന ഭേദഗതിയുടെ സാധുത സംബന്ധിച്ചും ഇന്ന് ഭരണഘടന ബെഞ്ച് നിലപാട് വ്യക്തമാക്കുന്നുണ്ട്.

സംവരണം 50 ശതമാനത്തില്‍ കൂടുതലാകാമെന്നും മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണമെന്നും കേരളം നിലപാട് അറിയിച്ചിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍. നാഗേശ്വര റാവു, എസ്. അബ്ദുല്‍ നസീര്‍, ഹേമന്ദ് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.