ആരോഗ്യകേരളവും കിട്ടുണി സര്‍ക്കസ് മെഡിക്കല്‍ കോളേജുകളും

 
ആരോഗ്യകേരളവും കിട്ടുണി സര്‍ക്കസ് മെഡിക്കല്‍ കോളേജുകളും

അജിത് കൃഷ്ണന്‍

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍(primary ) ,ജില്ല ആശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍(SECONDARY ) ഇവിടുന്നെല്ലാം റെഫര്‍ ചെയ്‌തെത്തുന്ന(അവിടുത്തെ ചികിത്സ സൗകര്യങ്ങള്‍ മതിയാകാതെ വരുന്ന) രോഗികളുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജുകളും, ഇന്‍സ്റ്റിറ്റിയൂട്ട് ഗവേഷണ സ്ഥാപനങ്ങളും (TERTIARY )എന്ന രീതിയില്‍ ജനങ്ങളുടെ ആരോഗ്യപരിപാലനം സാധ്യമാകുന്ന രീതിയാണ് നമ്മുടെ നാട്ടില്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്(പല കോര്‍പ്പറേറ്റ് വന്‍കിട ആശുപത്രികളും QUAR TERNARY ആശുപത്രികള്‍ എന്ന് സ്വയം അവകാശപെടുന്നുണ്ട് ,സാധാരണകാര്‍ക്ക് ഏറെ കുറെ അപ്രാപ്യമായ ഈ ആശുപത്രികളുടെ കാര്യം അവിടെ നില്‍ക്കട്ടെ). ഇത്തരത്തില്‍ ദുഷ്‌കരമായതും താഴെ തലങ്ങളിലുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്‌തെത്തുന്ന രോഗികളെ ചികിത്സിക്കാന്‍ സുസജ്ജമായ ആശുപത്രികള്‍ ആയിരിക്കണം മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ എന്നാണ് പറയുന്നതെങ്കിലും നമ്മുടെ മെഡിക്കല്‍ കോളേജുകള്‍ പലപ്പോഴും ആരുടെയൊക്കയോ 'പരീക്ഷണ കേന്ദ്രങ്ങള്‍' മാത്രമാണ്. കണ്ടു കണ്ടങ്ങിരിക്കവെയാണ് പലതും മെഡിക്കല്‍ കോളേജുകളാകുന്നത്.

മഞ്ചേരി മോഡല്‍
രാത്രിയില്‍ സംഭവിച്ചൊരു പ്രസവം. കുഞ്ഞു കരയുന്നില്ല. എന്തോ പ്രശ്‌നമുണ്ട് എന്നാണല്ലോ വിചാരിക്കുക. അല്പം ദുഷ്‌കരമെന്നു പ്രതീക്ഷിക്കാവുന്ന ഇത്തരം കേസുകള്‍ ഒരു മെഡിക്കല്‍ കോളേജില്‍ ഏറെയുണ്ടാവുക സ്വാഭാവികം. എന്നാല്‍ നിങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു ഗൈനക്കോളജിസ്‌റ്റോ നവജാത ശിശു വിദഗ്ധനോ അവിടെ ഉടന്‍ സേവനത്തിനു ഉണ്ടാകണമെന്നില്ല. ഒരു ത്വക് രോഗ വിദഗധനോ നെഞ്ച് രോഗ വിദഗ്ധനോ ആവാം അവിടെ ലഭ്യമായത്. അതെന്താ അവരും എംബിബിഎസ് കഴിഞ്ഞതല്ലേ! ആണ്... പക്ഷെ ശരിയായ തരത്തില്‍ വിദഗധ ചികിത്സ എന്നത് ഈ കാലത്ത് ഒരു മെഡിക്കല്‍ കോളേജില്‍ ലഭ്യമാകുന്നില്ലെങ്കില്‍ അതിനെ മറ്റെന്തെങ്കിലും പേരിട്ടു വിളിക്കുന്നതാവും ഭേദം. ഇനി അവിടെ ദിവസേന ഡ്യൂട്ടിക്ക് വന്നിരികാത്ത ഗൈനക്കോളജിസ്റ്റ്, സര്‍ജന്‍,ഫിസിഷ്യന്‍ എന്നിങ്ങനെ സകലരെയും ഈയിടെ ഒരു എംഎല്‍എ പറഞ്ഞതുപോലെ അറസ്റ്റ് ചെയ്യ്തു പാഠം പഠിപിക്കണോ? ദിവസവും ഓരോ മുറിക്കുള്ളില്‍ MEDICINE DUTY MEDICIN OFFICER, SURGERY M .O എന്നൊനും ബോര്‍ഡ് തൂക്കി ഇരിക്കാന്‍ മാത്രം ഭിഷഗ്വരന്മാരൊന്നും അവിടെ ഇല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ഓപ്പറേഷന്‍ തിയേറ്റര്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആണെങ്കിലോ, കഷ്ടി ജില്ല ആശുപത്രി നിലവാരത്തില്‍. ജില്ല ആശുപത്രിയും മെഡിക്കല്‍ കോളേജും വേര്‍തിരിക്കാതെ ഒരേ കൂരയ്ക്ക് കീഴില്‍ ഒരേ സമയം രണ്ടു ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന വികൃത പരീക്ഷണത്തിന്റെ ഫലമായുള്ള ദുരന്തങ്ങള്‍ വേറെയും.

ഇങ്ങനെ റഫറല്‍ സമ്പ്രദായം അട്ടിമറിക്കപ്പെടാതെ ജില്ല ആശുപത്രി വികസിപ്പിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് അതൊരു മികച്ച ആശുപത്രിയായി ഉയരുന്നത് കാണാമായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജില്ല ആശുപത്രികള്‍ക്കായി പുറത്തിറക്കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളും സ്റ്റാഫ് പാറ്റേണും(ജില്ല ആശുപത്രിയില്‍ ഒന്നോ അതിലധികമോ ആയുഷ് ഡോക്ടര്‍മാരെ നിയമിക്കുക തുടങ്ങിയ ചില വങ്കന്‍ നിര്‍ദേശങ്ങള്‍ ഒഴിച്ച് ) ഒക്കെ പിന്തുടര്‍ന്ന് ഒരു മാതൃക ആശുപത്രി ആകേണ്ട സ്ഥാപനമാണ് ഈ അവസ്ഥയില്‍. ജില്ല ആശുപത്രിയുടെ മാതൃ ശിശു കേന്ദ്രത്തിലാണ് മെഡിക്കല്‍ കോളേജ് ഇന്ന് പ്രവര്‍ത്തിക്കുന്നത്.

എന്തുകൊണ്ട് ഇങ്ങനെയൊക്കെ പറയുന്നു? ഒരു മെഡിക്കല്‍ കോളേജ് വന്നാല്‍ അതൊരു വല്യ കാര്യമല്ലേ. കുറെ ഡോക്ടര്‍മാര്‍ പടിച്ചിറങ്ങില്ലേ, നിങ്ങള്‍ എന്താണ് അത് പറയാത്തത്?

പറയാം, അതിനു മുന്‍പ് റഫറല്‍ സമ്പ്രദായത്തിലെ മറ്റൊരു അത്ഭുതമായ ഇടുക്കി മോഡലിനെ കുറിച്ച് ഓര്‍ക്കുന്നത് നന്ന്.

മെഡിക്കല്‍ കോളേജ് രോഗികളെ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുക എന്ന വിചിത്രമായ റഫറല്‍ സമ്പ്രദായമാണ് ഇടുക്കിയില്‍ പരീക്ഷിക്കിച്ചത്. കയ്യടി മാത്രം താത്പര്യമുള്ള രാഷ്ട്രീയക്കാര്‍ നടത്തിയ ബോര്‍ഡ് മാറ്റല്‍ ശസ്ത്രക്രിയയിലൂടെ ജന്മമെടുത്ത ഈ മെഡിക്കല്‍ കോളേജിന്റെ അവസ്ഥ ഇതാണെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് ഒപ്പിടാനുള്ള രജിസ്റ്റര്‍ സൂക്ഷിക്കാനുള്ള മുറി പോലും ഇല്ലാത്ത മെഡിക്കല്‍ കോളേജും ഉണ്ട് കേരളത്തില്‍.

അടി കൊള്ളാന്‍ ഡോക്ടറും കയ്യടി വാങ്ങാന്‍ നേതാവും
മഞ്ചേരിയില്‍ ജനസമ്മതനായ, സര്‍വര്‍ക്കും സ്വീകാര്യനായ, ഈ മെഡിക്കല്‍ കോളേജ് വളര്‍ന്നു വലുതാകണമെന്ന് ആഗ്രഹിക്കുന്ന ഒരു നേതാവ് ഒരു ചര്‍ച്ചയില്‍ വേദനയോടെ പറഞ്ഞു; 'നിങ്ങള്‍ ക്ഷമ കാണിക്കൂ. ഇന്നലെ ജനിച്ച കുട്ടിയെ നോക്കി ഇതിനു മീശയൊന്നും ഇല്ലല്ലോ എന്ന് പരിഹസിക്കരുത്'. എന്നാല്‍ മീശയും താടിയും ഒക്കെയായി മൂത്ത് പക്വത എത്തേണ്ട ആലപുഴ മെഡിക്കല്‍ കോളേജിലെ അവസ്ഥ എന്താണ്? രാത്രി നേരത്ത് രോഗിയെ കൊണ്ട് വന്നാല്‍ സ്‌കാന്‍ ചെയ്യാനുള്ള സൗകര്യം ഇല്ല. രോഗ നിര്‍ണയത്തിനായുള്ള മിക്ക അടിസ്ഥാന സൗകര്യങ്ങളും പല അടിസ്ഥാന വിഭാഗങ്ങളിലും മുഴുവന്‍ സമയം ലഭ്യമല്ല. മിക്ക അടിസ്ഥാന സ്‌പെഷ്യാലിറ്റികളിലും ആവശ്യത്തിനു ഡോക്ടര്മാരും ഇല്ല. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള സാധാരണ ജനം ആശ്രയിക്കുന്ന ആശുപത്രിക്ക് വര്‍ഷമിത്ര കഴിഞ്ഞിട്ടും 'മീശയും താടിയും' വന്നില്ലെന്നു ഓര്‍ക്കണം(കുടലിലേക്കുള്ള രക്തയോട്ടം നിലച്ച രോഗിയെ രാത്രി മുഴുവന്‍ ഒബ്‌സര്‍വേഷനില്‍വെച്ച് കാലത്ത് സി ടി സ്‌കാന്‍ ചെയ്തപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയ സംഭവം നടന്ന് ഈയിടെയാണ്. ഹൗസ് സര്‍ജനേയും പി ജി യേയുമൊക്കെ അറസ്റ്റ് ചെയ്യണമെന്നാണ് അവിടുത്തെ ജനപ്രതിനിധി ആവശ്യപെടുന്നത്. സര്‍ക്കാര്‍ ആശുപത്രി ഈ നിലയില്‍ ആയതിനു ആരെയാണ് സര്‍ ശരിക്കും അറസ്റ്റ് ചെയ്യേണ്ടത്?) ആലപ്പുഴ അടക്കമുള്ള മെഡിക്കല്‍ കോളേജുകള്‍ നേരെയാക്കിയിട്ടു പോരെ നാട്ടിലുള്ള ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകളാക്കി ഉയര്‍ത്താന്‍...

ആരോഗ്യകേരളവും കിട്ടുണി സര്‍ക്കസ് മെഡിക്കല്‍ കോളേജുകളും

കിട്ടുണ്ണി സര്‍ക്കസ് മെഡിക്കല്‍ കോളേജുകള്‍
2028 ആകുമ്പോഴേക്കു ആയിരം പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന അനുപാതം ഇന്ത്യയില്‍ എത്തണമെന്ന കണക്കുകൂട്ടലിലാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍' ഡോക്ടര്‍ നിര്‍മാണ ശാലകള്‍' ആരംഭികുന്നത് (ഈ അനുപാതവും ജനങ്ങളുടെ ആരോഗ്യവും തമ്മിലുള്ള ബന്ധം തന്നെ ചോദ്യം ചെയ്യപ്പെട്ടിടുള്ളതാണ്. അതവിടെ നില്‍ക്കട്ടെ).

ഭാരതം മുഴുവനായി എടുത്താല്‍ തന്നെ എംബിബിഎസ് മെഡിക്കല്‍ ഡോക്ടര്‍മാരുടെ ലഭ്യതയില്‍ കാര്യമായ കുറവില്ല എന്ന വസ്തുത കണക്കുകളില്‍ വ്യക്തമാണ്. എന്നാല്‍ ഗ്രാമങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നില്ല എന്ന പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുന്നു. മിനിമം വിദഗ്ധ സേവനമെങ്കിലും ഉറപ്പു വരുത്തേണ്ട സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ(ഏറ്റവും ആവശ്യമായ മെഡിസിന്‍, ഗൈനക്കോളജി,ശിശുരോഗ വിദഗ്ധര്‍ ഉള്‍പ്പെടെ) 70% പോസ്റ്റുകളും ഒഴിഞ്ഞു കിടക്കുന്നു(Rural Health Statistics in India 2011.http://nrhm-mis.nic.in/UI/RHS/RHS 2011/RHS 2011 Webpage.thm). സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് പോലെ രൂക്ഷമായ ഒരു പ്രശ്‌നമാണ് മെഡിക്കല്‍ ടീച്ചര്‍മാരുടെ എണ്ണത്തിലുള്ള കുറവ്. ഇരുട്ടി വെളുക്കുമ്പോഴെക്കു 200 ഓളം മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നത് ഇതിനൊരു പരിഹാരം ആവുന്നതെങ്ങനെയാണ്? താരതമ്യേന മെഡിക്കല്‍ കോളേജുകള്‍ കുറവുള്ള സംസ്ഥാനങ്ങളായ ബിഹാര്‍(115 ലക്ഷം ജനസംഖ്യക്ക് ഒരു മെഡിക്കല്‍ കോളേജ് ), ഉത്തര്‍ പ്രദേശ് (95 ലക്ഷം പേര്‍ക്ക് ഒന്ന്) മുതലായവയുമായി തട്ടിച്ചു നോക്കുമ്പോള്‍ 15 ലക്ഷം ജനസംഖ്യക്ക് ഒരു മെഡിക്കല്‍ കോളേജുമായി 'ആളോഹരി മെഡിക്കല്‍ കോളേജ് ' പട്ടികയില്‍ കേരളം ഇപ്പോള്‍ തന്നെ ഒരു പക്ഷെ ഒന്നാം സ്ഥാനത്തായിരിക്കാം. കഴിഞ്ഞ എതാനും വര്‍ഷങ്ങളായി സ്വകാര്യ, പരകായ, സഹകരണ സര്‍ക്കാര്‍ മേഖലകളിലായി പൊങ്ങിയ മെഡിക്കല്‍ കോളേജുകള്‍ ആണ് ഈ 'അസൂയാവഹമായ' നേട്ടം നമുക്കുണ്ടാക്കി തന്നത്. 2007 ലെ പഠനങ്ങള്‍ അനുസരിച്ച് തന്നെ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ എണ്ണത്തില്‍ 25 മുതല്‍ 33% വരെ കുറവുണ്ട്. അതിപ്പോള്‍ എത്രയോ അധികം രൂക്ഷമായിരിക്കുന്നു(നിബന്ധനകളില്‍ അയവു വരുത്തി നിലവാരം ഉറപ്പു വരുത്തേണ്ട മെഡിക്കല്‍ കൗണ്‍സില്‍ കുറച്ചൊക്കെ സഹായിക്കുന്നുണ്ട്). ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കുമ്പിടി പ്രൊഫസ്സര്‍മാരും, മെഡിക്കല്‍ കൗണ്‍സില്‍ ഇന്‍സ്‌പെക്ഷന് ദിവസക്കൂലിക്കു ലേലം പിടിക്കുന്ന അധ്യാപകരും ഒക്കെയായി സര്‍ക്കസ് മുന്നോട്ടു പോകുന്നു. വളയം പിടിക്കുകയും ചാടുകയും കാശു പിരിക്കുകയും ഒക്കെ ഒരാള് തന്നെ ചെയുന്ന ഈ കിട്ടുണ്ണി സര്‍ക്കസിലേക്ക് സര്‍ക്കാര്‍ വിലാസം ജില്ലാ ആശുപത്രികള്‍ കൂടി വന്നുപ്പെടുമ്പോള്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ണമായി. മികവിന്റെ കേന്ദ്രങ്ങളായി നിലനിര്‍ത്തേണ്ട മെഡിക്കല്‍ കോളേജുകള്‍ക്കാണ് ഈ ദുരവസ്ഥ. .ആവശ്യത്തിനു രോഗികളും വഴിതെളിക്കാന്‍ അധ്യാപകരും ഇല്ലാത്ത മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടെ ആരോഗ്യ രംഗത്തെ ഏതെങ്കിലും ചോദ്യത്തിനുത്തരമാണോ...?

കാലാവസ്ഥാവ്യതിയാനത്തിനനുസരിച്ച് പടര്‍ന്നു പിടിക്കുന്ന സാംക്രമിക രോഗങ്ങള്‍, ചെറുപ്പക്കാര്‍ക്കുള്‍പ്പെടെ ഉണ്ടാകുന്ന കാന്‍സറിന്റെ ആധിക്യം, ജീവിത ശൈലീരോഗങ്ങള്‍, വയോധിക ജനസംഖ്യയിലെ വര്‍ദ്ധനവും അതിന്റെ പ്രശ്‌നങ്ങളും എല്ലാത്തിലുമുപരി വളരെ ഉയര്‍ന്ന രോഗതുരാവസ്ഥ(MORBIDITY), ചികിത്സാ രംഗത്തുനിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റം, അതുമൂലമുണ്ടാകുന്ന ഉയര്‍ന്ന ചികിത്സാ ചെലവ്, ശുദ്ധ ജല/ഭക്ഷണ ലഭ്യതയുടെ അപര്യാപ്തത; എന്നിങ്ങനെ ആരോഗ്യകേരളം നേരിടുന്ന ഒരു ചോദ്യത്തിനും ഉത്തരമല്ല ഈ തട്ടുകട മെഡിക്കല്‍ കോളേജ് ഫോര്‍മുല. നേരെ മറിച്ചു അത് പുതിയൊരു ചോദ്യം മാത്രമാണ്!

കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മെഡിക്കല്‍ കോളേജ് ടെന്‍ഡന്‍സിയില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍ എഴുതുന്ന കുറിപ്പാണിത്. ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുമെന്നതിനാല്‍ സ്വന്തം പേര് വെളിപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. മുകളില്‍ നല്‍കിയിരിക്കുന്നത് വ്യാജ പേരാണ് ).

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ആരോഗ്യകേരളവും കിട്ടുണി സര്‍ക്കസ് മെഡിക്കല്‍ കോളേജുകളും