'ഒരാളെ കൂടി ലക്ഷ്യമിട്ടിരുന്നു, നടക്കാത്തത് നന്നായി'; കോങ്ങാട്ട് നക്‌സലൈറ്റുകള്‍ 'ശത്രു'വിന്റെ തലവെട്ടിയിട്ട് അര നൂറ്റാണ്ടു തികയുമ്പോള്‍ എം.എന്‍ രാവുണ്ണി വെളിപ്പെടുത്തുന്നു

 
'ഒരാളെ കൂടി ലക്ഷ്യമിട്ടിരുന്നു, നടക്കാത്തത് നന്നായി'; കോങ്ങാട്ട് നക്‌സലൈറ്റുകള്‍ 'ശത്രു'വിന്റെ തലവെട്ടിയിട്ട് അര നൂറ്റാണ്ടു തികയുമ്പോള്‍ എം.എന്‍ രാവുണ്ണി വെളിപ്പെടുത്തുന്നു

1967ലെ നക്‌സല്‍ബാരി കര്‍ഷക കലാപത്തിന്റെ തുടര്‍ച്ച എന്ന നിലയിലായിരുന്നു ഇന്ത്യയില്‍ വ്യാപകമായി ഇത്തരം സമരങ്ങളും ഉന്മൂലന പ്രക്ഷോഭങ്ങളുമെല്ലാം ഉയര്‍ന്നു വന്നത്. കോങ്ങാട് നടന്നത് പ്രത്യക്ഷത്തില്‍ ഒരാളെ വധിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന സമരമായിരുന്നില്ല. ഒരാളെ കൊന്നത് കൊണ്ട് ഇവിടുത്തെ വ്യവസ്ഥിതി മാറുമോ, ജന്മിത്തം ഇല്ലാതാകുമോ എന്നൊക്കെയുള്ള വാദങ്ങളാണ് സിപിഎം പോലുള്ള പാര്‍ട്ടികള്‍ ഉന്നയിച്ചത്. ബോധപൂര്‍വ്വം പ്രശ്‌നത്തെ വളച്ചൊടിക്കുകയായിരുന്നു അവര്‍ ചെയ്തത്. അങ്ങനെയൊരു ധാരണ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. മാത്രമല്ല, അങ്ങനെയൊരു വ്യക്തിയെ ഇല്ലായ്മ ചെയ്യുന്നതിലൂടെ ഭീകരത സൃഷ്ടിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും എന്നുള്ളത് ഒരു അരാജക ഭീകരവാദ ചിന്താഗതി കൂടിയാണ്. പണ്ട് റഷ്യയിലെ നരോദനിക്കുകളും അരാജകവാദ പ്രസ്ഥാനങ്ങളുമൊക്കെ അങ്ങനെയാണ് ധരിച്ചിരുന്നത്. സ്വാതന്ത്ര്യസമര കാലത്തൊക്കെ ഇന്ത്യയിലും അതിന്റെ ചില സ്വാധീനങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരു സമരം ചെയ്തുകൊണ്ടാണ് മാര്‍ക്‌സിസം തന്നെ വളര്‍ന്നത്. മാര്‍ക്‌സിന്റെ കാലത്ത് തന്നെ അരാജക പ്രസ്ഥാനങ്ങളും ഭീകരവാദ പ്രസ്ഥാനങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ട്. മാര്‍ക്‌സ് അവരെയെല്ലാം ഉള്‍ച്ചേര്‍ത്ത് ഒന്നാം സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ രൂപീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അവരുമായുള്ള രാഷ്ട്രീയ ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അരാജകവാദ ചിന്താഗതികള്‍ക്കെതിരായി സമരം ചെയ്തുകൊണ്ടാണ് മാര്‍ക്‌സിസം തന്നെ വളര്‍ന്നിട്ടുള്ളത്. ആ മാര്‍ക്‌സിസത്തിന്റെ മൂന്നാമത്തേതും നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ഉയര്‍ന്നതുമായ ഘട്ടമാണ് മാവോയിസം. മാര്‍ക്‌സിസം ആദ്യം ലെനിനിസവും പിന്നീട് അത് മാവോയിസമായി വളരുകയായിരുന്നു. അരാജക, ഭീകരവാദ, തീവ്രവാദ ചിന്താഗതികള്‍ക്ക് എതിരായി വളര്‍ന്നു വന്ന ആശയത്തിന്റെ ഭാഗം തന്നെയാണ് അതും. വ്യക്തികളെ ഉന്മൂലനം ചെയ്തതുകൊണ്ട് ഒന്നും സാധിക്കില്ലെന്നാണ് അവരും കരുതുന്നത്. എന്നാല്‍ വിപ്ലവത്തില്‍ ചില ഉന്മൂലനം അനിവാര്യമായി വരും.

കോങ്ങാട് സംഭവം പ്രത്യക്ഷത്തില്‍ ഒരു ഉന്മൂലനമായി തോന്നിയേക്കാമെങ്കിലും 67 തൊട്ട്, കേരളത്തില്‍ കുന്നിക്കല്‍ നാരായണന്റെ കാലം തൊട്ടെന്ന് കണക്കാക്കുമ്പോള്‍ 65 മുതലെന്ന് പറയാം, എഴുപത് വരെയുള്ള മൂന്ന് വര്‍ഷക്കാലം ബഹുജന പ്രവര്‍ത്തനങ്ങള്‍, ബഹുജന ഇടപെടലുകള്‍, മറ്റ് സായുധ ഇടപെടലുകള്‍ എല്ലാം നടക്കുന്നുണ്ട്. തലശ്ശേരിയിലും പുല്‍പ്പള്ളിയിലും സായുധ കലാപങ്ങളും പോലീസ് സ്‌റ്റേഷന്‍ ആക്രമണങ്ങളും നടക്കുന്നു. വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സിപിഐ (എംഎല്‍) രൂപീകരിക്കപ്പെട്ടിരുന്നു. അതിന്റെ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ഇതെല്ലാം നടക്കുന്നത്. അതില്‍ ഞാനും ഒരംഗവും ഉന്നത കമ്മിറ്റിയില്‍ ഉണ്ടായിരുന്ന വ്യക്തിയുമായിരുന്നു. അങ്ങനെ കേരളത്തിന്റെ മനോമണ്ഡലത്തെ പിടിച്ചുകുലുക്കിയ, ഇളക്കിമറിച്ച പുതിയ ആശയത്തെ മുന്നോട്ട് കൊണ്ടുവന്ന സായുധ ഇടപെടലുകളുടെയും മുന്നേറ്റങ്ങളുടെയും ഭാഗമായിട്ടാണ് എഴുപതില്‍ കോങ്ങാട് സംഭവം നടക്കുന്നത്. അതിന് മുമ്പ്, പ്രത്യേകിച്ച് പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ നിന്നും വിട്ടുനിന്നു കൊണ്ടു തുടങ്ങിയ ബഹുജന സംഘടനകളും ബഹുജന പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. കോങ്ങാട് സംഭവം ഒരു തുടക്കമായി കാണാമെങ്കിലും അത് മറ്റൊരു ആശയത്തെ ജനങ്ങളുടെ ഇടയില്‍ തട്ടി ഉണര്‍ത്തലായിരുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുമായി ഇണക്കപ്പെട്ട സംഭവം കൂടിയായിരുന്നു. അതുകൊണ്ട് തന്നെ പ്രത്യക്ഷത്തില്‍ ഒരു ഉന്മൂലനമായിരുന്നെങ്കിലും കേവലമൊരു ഉന്മൂലന സമരം ആയിരുന്നില്ല. കൊല്ലാന്‍ വേണ്ടി കൊല്ലുക എന്നതായിരുന്നില്ല ഇതിന്റെ ലക്ഷ്യം. ഇത് മനസ്സിലാക്കിയിട്ടും വളച്ചൊടിക്കുകയോ അല്ലെങ്കില്‍ മനസ്സിലാക്കാതെ 'വ്യക്തികളെ കൊല്ലുകയാണ് ഈ സംഘടനയുടെ ലക്ഷ്യ'മെന്ന് പ്രചരിപ്പിക്കുകയോ ആണ് എക്കാലത്തും സിപിഎം ചെയ്തിട്ടുള്ളത്.

ഉന്മൂലന സമരം എന്നത് ഗറില്ലാ സമരത്തിന്റെ മറ്റൊരു രൂപവും ആരംഭവും ആണെന്ന സിദ്ധാന്തം അന്ന് പൊന്തിവന്നിരുന്നു. ചാരു മജുംദാര്‍ ആണ് അത് മുന്നോട്ട് വച്ചത്. ഞങ്ങളൊക്കെ അതിനെ എതിര്‍ത്തിരുന്നവരാണ്. എങ്കിലും ഇത് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. കോങ്ങാട് സംഭവത്തെ തലവെട്ടല്‍ എന്ന് പ്രത്യക്ഷത്തില്‍ കാണുകയല്ല, അതിന് ഒരു തുടര്‍പ്രവര്‍ത്തനത്തിന്റെ ഉന്നത രൂപമായിരുന്നു. സ്‌ക്വാഡുകള്‍ ഉണ്ടാകുകയും തുടര്‍ സമരങ്ങള്‍ക്കുള്ള ബൗദ്ധികവും ആശയപരവുമായ സജ്ജീകരണങ്ങളുമായി മുന്നേറുകയും ചെയ്തു. പക്ഷെ അന്നത്തെ സംഘടനാ അവസ്ഥയ്ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ ഏറെക്കുറെ എല്ലാവരും പിടിക്കപ്പെടുകയും അത് അവസാനിക്കുകയുമായിരുന്നു. സിപിഎമ്മും മറ്റും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് പോലെ അത് വെറുമൊരു കൊലപാതകമായിരുന്നെങ്കില്‍ ഇന്ന് നിങ്ങള്‍ എന്നോട് സംസാരിക്കാന്‍ വരേണ്ട ആവശ്യമുണ്ടാകുമായിരുന്നില്ല. അതിന് ഒരു ആശയമുണ്ട്. അത് ഇന്നും കേരള രാഷ്ട്രീയ മണ്ഡലത്തില്‍ പ്രതിധ്വനി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഗതിയാണ്. കൃത്യമായി പറഞ്ഞാല്‍ ജന്മിത്വ വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഒരു തുടക്കമായിരുന്നു അത്. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നതിനാലും പലര്‍ക്കും ഈ ആശയം ബോധ്യപ്പെടാതിരുന്നതിനാലുമാണ് അത് മുന്നോട്ട് പോകാതിരുന്നത്. ഉടനെ എന്തെങ്കിലും ചെയ്യണമെന്ന പെറ്റി ബൂര്‍ഷ്വാ വിഭാഗങ്ങളുടെ ആവേശവും ആ ആശയത്തിന്റെ നിലനില്‍പ്പിനെ ബാധിച്ചു. നമ്മുടെ നിയമം നമ്മുടെ ആഗ്രഹത്തിനനുസരിച്ച് നില്‍ക്കുന്നതല്ലല്ലോ. വസ്തുനിഷ്ഠ സാഹചര്യങ്ങളും അത് നിയന്ത്രിക്കുന്ന നിയമങ്ങളും എല്ലാം ഇവിടെയുണ്ടല്ലോ. അതുകൊണ്ടാണ് അത് മുന്നോട്ട് പോകാതിരുന്നത്. പക്ഷെ, അത് ഉന്നയിച്ച രാഷ്ട്രീയം വളരെ ശക്തമാണ് എന്നതിനാലാണ് അത് ഇന്നും ചര്‍ച്ചാ വിഷയമാകുന്നത്.

എന്തുകൊണ്ടാണ് ഞങ്ങള്‍ കോങ്ങാട് നിന്ന് തന്നെ തുടങ്ങിയതെന്ന് പറയാം. നക്‌സല്‍ബാരിയെ തുടര്‍ന്ന് ആളിപ്പടര്‍ന്ന ഒരു വിപ്ലവ വികാരം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു ഇവിടെ വന്നത്. അന്ന് ഞങ്ങള്‍ നാലോ അഞ്ചോ ആളുകളെ തെരഞ്ഞെടുത്ത് പരിശോധിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അതില്‍ ഏറ്റവും നിന്ദ്യനായ വ്യക്തിയെ ഒടുവില്‍ തെരഞ്ഞെടുത്തു. നാട്ടിന്‍പുറങ്ങളില്‍ പറയാറില്ലേ, 'ഇവന്റെ തലയില്‍ ഒരു ഇടിത്തീ പോലും വീഴുന്നില്ലല്ലോ'യെന്ന്. അത്തരത്തിലൊരു വ്യക്തിയായിരുന്നു നാരായണന്‍കുട്ടി നായര്‍. തുടര്‍ന്നുള്ള കുതിപ്പിന് ഒരു സ്പ്രിംഗ് ബോര്‍ഡ് എന്ന നിലയ്ക്കാണ് നാരായണന്‍കുട്ടി നായരെ തന്നെ തെരഞ്ഞെടുത്തത്. ഏറ്റവും മോശപ്പെട്ട, അല്ലെങ്കില്‍ നാട്ടുകാരാല്‍ ഏറ്റവും വെറുക്കപ്പെട്ട ഒരാളെ ഉന്മൂലനം ചെയ്തുകൊണ്ട് ആരംഭിക്കുക എന്നതായിരുന്നു ലക്ഷ്യം. അത് ഏശി.

രണ്ട് പേരെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അന്ന് പോലീസ് ഐജിയായിരുന്ന വി എന്‍ രാജന്‍ ആയിരുന്നു മറ്റൊരാള്‍. നാരായണന്‍കുട്ടി നായരുടെ ചേട്ടന്റെ മകളുടെ ഭര്‍ത്താവായിരുന്നു ഇയാള്‍. രണ്ട് പേരും ഒരേ വീട്ടില്‍ കാണുമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷെ അയാള്‍ വേറൊരു വീട്ടിലായിരുന്നു. അന്ന് അയാളും ഈ വീട്ടിലുണ്ടായിരുന്നെങ്കില്‍ കോങ്ങാട് രണ്ട് തലകള്‍ വെട്ടിമാറ്റപ്പെടുമായിരുന്നു. പക്ഷെ പിന്നീട് ഞങ്ങള്‍ വിലയിരുത്തിയത് അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അബദ്ധമായി പോയേനെ എന്നാണ്. പോലീസ് ഉദ്യോഗസ്ഥന്‍ എന്നതില്‍ കവിഞ്ഞ് അയാളൊരു മോശക്കാരനായിരുന്നില്ല. അതൊരു തെറ്റായ വാതിലില്‍ പോയി മുട്ടലായി മാറിയേനെ. അത് സംഭവിച്ചില്ല, അയാളുടെ ഭാഗ്യം, ഞങ്ങളുടെയും ഭാഗ്യം. എല്ലാവരാലും വെറുക്കപ്പെട്ട മനുഷ്യനായതിനാലാണ് നാരായണന്‍കുട്ടി നായരെ തന്നെ തെരഞ്ഞെടുത്തത്. നിയമത്തെയും ഭരണസംവിധാനത്തെയും എല്ലാം വെല്ലുവിളിക്കുകയും ചെയ്ത അയാളുടെ കയ്യിലായിരുന്നു പല രാഷ്ട്രീയ നേതാക്കന്മാരും. അയാളുടെ ഭീകരതയൊക്കെ മറിച്ചു വയ്ക്കുകയും ഞങ്ങളെ ഭീകരരായി ചിത്രീകരിക്കുകയുമാണ് അന്നത്തെ ഇടതുപക്ഷവും കോണ്‍ഗ്രസും എല്ലാം ചെയ്തത്. മാത്രമല്ല, കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ അനുശോചനത്തിന് എം എന്‍ ഗോവിന്ദന്‍ നായര്‍ അടക്കമുള്ള സിപിഐ നേതാക്കള്‍ പോകുകയും ചെയ്തു. അതൊരു വര്‍ഗ്ഗ നിലപാടിന്റെയും വര്‍ഗ്ഗ വീക്ഷണത്തിന്റെയും പ്രശ്‌നമാണ്.

ഞങ്ങളുടെ ഇടയില്‍ തന്നെ ഉന്മൂലനത്തെ കേവലം ഉന്മൂലനമായി കണ്ട ആളുകളും ഉണ്ടായിരുന്നു. അന്ന് തന്നെ ഉന്മൂലനം ചര്‍ച്ച ചെയ്യപ്പെടുകയും തിരിച്ചടിയുണ്ടാകുകയും ഒക്കെ ചെയ്തിട്ടുണ്ട്. കോങ്ങാട് ഇതില്‍ നിന്നെല്ലാം വ്യത്യാസപ്പെടുന്നത് കൃത്യമായി സംഘടനാപരവും രാഷ്ട്രീയപരവുമായ നേതൃത്വവും ലക്ഷ്യവും ഉണ്ടായിരുന്നതിനാലാണ്. അത് പൂര്‍ത്തീകരിച്ചോ ഇല്ലയോ എന്നത് മറ്റൊരു കാര്യം.

സിപിഎമ്മില്‍ നിന്നും ഞങ്ങള്‍ കണക്ക് പറഞ്ഞ് വന്നതാണ്. അതൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി കഴിഞ്ഞു എന്നുള്ള കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങളൊക്കെ 66 മുതല്‍ സിപിഎമ്മിന്റെ ഉള്ളില്‍ തന്നെ ഉള്‍പ്പാര്‍ട്ടി സമരം നടത്തിയത്. 64ല്‍ സിപിഎം രൂപീകരിക്കുന്നതിന് മുമ്പ് 62 മുതല്‍ തന്നെ സിപിഐയ്ക്ക് ഉള്ളില്‍ നിന്നു കൊണ്ട് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും സംഘടന കെട്ടിപ്പെടുക്കുകയും പ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ സിപിഎമ്മിന്റെ മുഖപത്രമായ തീക്കതിര്‍ എന്റെ സ്വന്തം പത്രമായിരുന്നു. ഞങ്ങളുടെ ഒരു കൂട്ടം സ്വയം മുന്‍കൈയെടുത്ത് ആരംഭിച്ച പത്രമായിരുന്നു അത്. തിരുത്തല്‍വാദത്തിന് എതിരായി നടന്ന സമരം ആയിരുന്നു അതിന്റെ മുഖമുദ്ര. അതുപോലെ ബംഗാളില്‍ ഗണശക്തി വന്നു, ആന്ധ്രയില്‍ ജനശക്തി വന്നു. കേരളത്തില്‍ വളരെ വൈകി 63 ആയപ്പോള്‍ ചിന്ത വന്നു. പക്ഷെ അതിനെല്ലാം മുന്നേ തമിഴ്‌നാട്ടില്‍ തീക്കതിര്‍ ആണ് പ്രസിദ്ധീകരണം ആരംഭിക്കുന്നത്. തിരുത്തല്‍ വാദത്തിനെതിരായ ഒരു സമരം കൂടാതെ ഒരു വിപ്ലവ പാര്‍ട്ടി കെട്ടിപ്പെടുക്കാനോ വിപ്ലവം മുന്നോട്ട് കൊണ്ടുപോകാനോ സാധ്യമല്ല എന്ന തിരിച്ചറിവുണ്ടായിരുന്നു. കുറച്ചുകൂടി പിന്നിലേക്ക് പോയാല്‍ ക്രൂഷ്‌ചേവിന്റെ നേതൃത്വത്തില്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ഭാഗത്ത് പുത്തന്‍ തിരുത്തല്‍വാദ ആശയം കൊണ്ടുവരികയായിരുന്നു. പഴയ ജര്‍മ്മനിയിലെ കോസ്‌കിന്റെ അതേ ആശയങ്ങളെ പുതിയ രൂപത്തില്‍ ഉന്നയിക്കുകയായിരുന്നു അവര്‍ ചെയ്തത്. അതിനെതിരായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാവോ സെ തുംഗിന്റെ നേതൃത്വത്തില്‍ രണ്ടാം ഇന്റര്‍നാഷണല്‍ കമ്മ്യൂണില്‍ ലെനിന്‍ നടത്തിയ സമരത്തെ കവച്ചു വയ്ക്കുന്ന രീതിയില്‍ ഒരു ആശയ സമരത്തിന് തയ്യാറായി. ആ ആശയങ്ങളും അതിന്റെ ലേഖനങ്ങളും കിനിഞ്ഞെത്താന്‍ തുടങ്ങിയ കാലം കൂടിയായിരുന്നു അറുപതുകളുടെ തുടക്കം.

62ലെ ഇന്ത്യാ-ചൈന യുദ്ധവും ഉടനടി കാരണമായി വരുന്നുണ്ട്. പിന്നീടുണ്ടായ ആശയ സമരങ്ങളില്‍ സിപിഐയും സിപിഎമ്മും മാവോ വാദികളെ തള്ളിപ്പറയുകയാണ് ചെയ്തത്. ചൈനീസ് പക്ഷം പിടിക്കുന്നുവെന്ന് ഭാവിച്ച് മുതലെടുപ്പ് നടത്താനാണ് സിപിഎം ശ്രമിച്ചത്. അതിനാല്‍ തന്നെ ഞങ്ങളെല്ലാം അതിലുണ്ടായിരുന്നു. ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ വരുന്നതിന് മുമ്പ് ഞങ്ങളൊക്കെ ആ പാര്‍ട്ടിയിലുണ്ട്. 64ല്‍ ഇവര്‍ വിച്ഛേദിച്ച് സിപിഎമ്മിന്റെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് അതായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസിലൂടെയാണ് ഇവര്‍ ഔദ്യോഗികമായി പാര്‍ട്ടി രൂപീകരിക്കുന്നത്. ആ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള കരട് ജില്ലാ കമ്മിറ്റികളിലും സംസ്ഥാന കമ്മിറ്റികളിലും എത്തിയപ്പോള്‍ തന്നെ ഇത് അപകടമാണ് എന്ന് തോന്നിയിരുന്നു. പഴകിയ വീഞ്ഞ് പുതിയ കുപ്പിയില്‍ വരാന്‍ പോകുകയാണെന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്. സിപിഐയുടെ മറ്റൊരു പതിപ്പ് മാത്രമാണ് സിപിഎം എന്ന വ്യക്തമായ തിരിച്ചറിവും ഞങ്ങള്‍ക്കുണ്ടായിരുന്നു. മാത്രമല്ല, ആഗോള തലത്തില്‍ മാര്‍ക്‌സിസത്തിനും പുത്തന്‍ തിരുത്തല്‍ വാദത്തിനും ഇടയില്‍ നടന്ന സമരത്തിന് അനുകൂലമായി ഒരു നിലപാടും അന്നും സിപിഎം നേതൃത്വം എടുത്തിട്ടില്ല, ഇന്നും എടുത്തിട്ടില്ല. ഒരു വാദത്തിന് വേണ്ടി മാവോയിസത്തെ മാറ്റി വച്ചാലും മാര്‍ക്‌സിസം ലെനിനിസം എന്നിവയെ പോലും അവര്‍ അംഗീകരിച്ചിരുന്നില്ലെന്നതാണ് ഇതിന് അര്‍ത്ഥം. അതുകൊണ്ടാണ് പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തി ആശയപരമായും സംഘടനാപരമായും വിച്ഛേദനമുണ്ടാക്കി അഖിലേന്ത്യ തലത്തില്‍ പുതിയൊരു സംഘടനയ്ക്ക് രൂപം കൊടുത്ത് ഞങ്ങളൊക്കെ പുറത്തു വന്നത്. 66ല്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്ന കാലത്ത് ഞാനൊക്കെ ജയിലിലാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാരെയെല്ലാം പിടിച്ച് ജയിലിലിട്ട സമയമായിരുന്നു അത്. പത്രാധിപര്‍ എന്ന നിലയ്ക്ക് ഞാനും ജയിലിലായി. എന്നാല്‍ നേതൃത്വങ്ങളെല്ലാം പുറത്ത് പോയപ്പോഴും എന്നെ വിട്ടയക്കാന്‍ കൂട്ടാക്കിയില്ല. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ആശയസംഘട്ടനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നതിനാലായിരുന്നു അത്.

സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഒരുപാട് നിര്‍ണ്ണായകമായ സമരങ്ങളും സംഭവ വികാസങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്നും വ്യക്തമായ ഒരു നിലപാട് എടുത്തില്ലെന്ന് മാത്രമല്ല, പുറംതിരിഞ്ഞ് നില്‍ക്കുകയും ക്രമേണ വീണ്ടും ക്രൂഷ്‌ചേവ് ഇല്ലാത്ത ക്രൂഷ്‌ചേവിനിസത്തിന്റെ വക്താക്കളായി മാറുകയുമാണ് സിപിഎം ചെയ്തത്. ഡാങ്കയും മറ്റുമൊക്കെ എന്ത് പറഞ്ഞോ അത് തന്നെ ഡാങ്കയില്ലാത്ത ഡാങ്കയിസത്തെ നേതൃത്വ മാര്‍ഗ്ഗമായി സ്വീകരിക്കുകയും മുന്നോട്ട് പോകുകയുമാണ് ചെയ്തത്. അതുകൊണ്ട് തന്നെ സിപിഎം ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് ലോകത്തിലെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളൊന്നും അംഗീകരിച്ചിരുന്നില്ല. ഇന്ന് ഇപ്പോള്‍ അതിന്റെ ജീര്‍ണ്ണത വളരെ വ്യക്തമാണ്. വക്രീകരിക്കാന്‍ വേണ്ടി അവര്‍ ഭീകരവാദമാണ് തീവ്രവാദമാണ് എന്നൊക്കെ പറഞ്ഞ് വിപ്ലവ അണികളെ മാറ്റി നിര്‍ത്താനും തെറ്റിദ്ധരിപ്പിക്കാനും സിപിഎം ഉപയോഗിക്കുന്ന തുരുപ്പ് ചീട്ടാണ് തലവെട്ടി പ്രസ്ഥാനം, ഭീകരവാദം എന്നിവ. അവരിന്നും അത് തുടരുന്നുണ്ട്. പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏഴ് പേരെയാണ് വെടിവച്ച് കൊന്നത്. അവരാരും സമരത്തില്‍ ഏറ്റുമുട്ടി മരിക്കുകയായിരുന്നില്ല. ജീവനോടെ പിടിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നിട്ടും അവരെ കോടതിയിലെത്തിക്കുന്നതിന് പകരം വ്യാജ ഏറ്റുമുട്ടല്‍ ഒരുക്കുകയായിരുന്നു. ഇതിനിടയില്‍ അട്ടപ്പാട്ടിയില്‍ ബെന്നി എന്ന ഒരാളെയും വെടിവച്ച് കൊന്നിട്ടുണ്ട്. അയാള്‍ ഒരുപക്ഷെ ഇടതുപക്ഷവുമായി യാതൊരു വിധത്തിലും ബന്ധമില്ലാത്ത ആളായിരിക്കും. അത് കൂടി ചേര്‍ത്താല്‍ എട്ട് പേരാകും.

നേരത്തെ പറഞ്ഞതു പോലെ ഉന്മൂലന സമരങ്ങളോട് പൊതുവെ അതൃപ്തിയുള്ളവര്‍ ഉണ്ടായിരുന്നു. ഈയൊരു വിഷയത്തില്‍ അഭിപ്രായ ഭിന്നത സംഘടനയ്ക്കുള്ളില്‍ ഉണ്ടായിട്ടില്ല.ഞാന്‍ അതിനോട് സൈദ്ധാന്തികമായി വിയോജിക്കുന്ന ആളാണ്. പക്ഷെ ഒരു വിപ്ലവപരമായ നിലപാടില്‍ നിന്നുകൊണ്ടാണ് ഞാന്‍ അതിനെ പരിശോധിച്ചത്. എന്നാല്‍ ചുറ്റിവളഞ്ഞ് അടിച്ചമര്‍ത്തുന്ന ഒരു കാലഘട്ടം അഖിലേന്ത്യാ തലത്തില്‍ തന്നെയുണ്ടായപ്പോള്‍ കേവലം സിപിഎം വിരോധം കൊണ്ട് മാത്രം ഇതിലേക്ക് വന്നവരെല്ലാം തിരിച്ച് പല വിഭാഗങ്ങളായി പോകുകയും ചിലര്‍ സിപിഎമ്മിലേക്ക് തന്നെ പോകുകയും ചെയ്തു. ഒരു സമരത്തില്‍ ഏര്‍പ്പെടുമ്പോള്‍ തീര്‍ച്ചയായും അസംഘടിതാവസ്ഥയുമുണ്ടാകുമെന്ന് ലെനിന്‍ തന്നെ പറഞ്ഞിട്ടുണ്ട്. സമരത്തിന് തൊട്ടുമുമ്പ് അതിന് നേതൃത്വം നല്‍കുന്ന സംഘടന എന്തായിരുന്നോ അത് മതിയാകില്ല സമരം കഴിഞ്ഞാല്‍. വീണ്ടും അതിനെ സംഘടിപ്പിക്കേണ്ടതായി വരും. ഇക്കാര്യം ലെനിന്‍ വളരെ വ്യക്തമായി ഗറില്ലാ സമരത്തെക്കുറിച്ച് പറയുമ്പോള്‍ പറയുന്നുണ്ട്.

അതുതന്നെ ഞങ്ങളുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. ഒന്നാമത് പാലക്കാടും കേരളത്തിലൊട്ടാകെയും സംഘടന വളരെ ദുര്‍ബലമായിരുന്നു. അതിന്റെയൊരു ശിഥിലീകരണം ഉണ്ടായിട്ടുണ്ട്. പക്ഷെ അതില്‍ നിന്നെല്ലാം മോചിതമായി പുനഃസംഘടന പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്. ഇന്നും അത് മുന്നോട്ട് പോകുകയാണ്. വിപ്ലവ പ്രസ്ഥാനം എപ്പോഴും നേര്‍വരയായി പോകുന്ന ഒന്നല്ല. അതിന് ഏറ്റ, ഇറക്കങ്ങളുണ്ടാകും, വളവുകളും തിരിവുകളും ഉണ്ടാകും അതങ്ങനെയേ മുന്നോട്ട് പോയിട്ടുള്ളൂ. മനുഷ്യരാശിയുടെ ഇന്നുവരെയുള്ള ചരിത്രം വര്‍ഗ്ഗ സമരത്തിന്റെ ചരിത്രമാണ്. വര്‍ഗ്ഗസമരത്തിലൂടെയാണ് നമുക്ക് മുന്നില്‍ ഇന്നുള്ള ഈ സമൂഹം വരേയ്ക്കും വികസിച്ചിട്ടുള്ളത്. അത് തന്നെയും ഒരു നേര്‍വരയായി വന്നില്ല. അടിമ കലാപം ഉണ്ടായപ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടു. അതിന് ശേഷം ജന്മി, നാടുവാഴിത്ത ഭരണങ്ങളൊക്കെ വരികയുണ്ടായി. അതിനെതിരെ ഇംഗ്ലീഷ് വിപ്ലവവും ഫ്രഞ്ച് വിപ്ലവവും നടന്നു. അതെല്ലാം അടിച്ചമര്‍ത്തപ്പെടുകയാണ് ചെയ്തത്. അതിന് ശേഷം 1879ല്‍ പാരിസ് കമ്മ്യൂണ്‍ ഉണ്ടായി. അതും വളരെ രക്തരൂക്ഷിതമായും ഭീകരമായും അടിച്ചമര്‍ത്തപ്പെട്ടു. പാരിസ് കമ്മ്യൂണ്‍ അടിച്ചമര്‍ത്തപ്പെട്ടാലും അതിന്റെ ആശയത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നാണ് അന്ന് മാര്‍ക്‌സ് പറഞ്ഞത്.

ജൂലൈ 30നാണ് കോങ്ങാട് സംഭവം നടക്കുന്നത്. ഓഗസ്റ്റില്‍ തന്നെ ഞാന്‍ പിടിയിലായിരുന്നു. 71ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഞങ്ങള്‍ ഒമ്പത് പേര്‍ ജയില്‍ ചാടിയിരുന്നു. അതിന് ശേഷം ഏകദേശം ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് പോലീസ് പിടികൂടിയത്. അക്കാലത്തെല്ലാം ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ടായിരുന്നു. രണ്ട് തവണയും അബദ്ധത്തില്‍ മാത്രമാണ് പിടിയിലായത്. അതൊന്നും പോലീസിന്റെ കഴിവ് ആയിരുന്നില്ല. നമ്മുടെ ദൗര്‍ബല്യം കൊണ്ട് തന്നെ പെട്ട് പോയതാണ്. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച ശേഷം 1985ലാണ് മോചിതനാകുന്നത്. അഞ്ച് കൊല്ലം വിയ്യൂരില്‍ ഏകാന്ത തടവില്‍ ആയിരുന്നു. ആകാശം കാണണം സൂര്യവെളിച്ചം വേണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പത്ത് പതിന്നാല് ദിവസം അക്കാലത്ത് ജയിലില്‍ ഞങ്ങള്‍ നിരാഹാര സമരം നടത്തിയത്. 76ല്‍ അഞ്ച് കൊല്ലത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്. അതോടെ കണ്ണൂരിലേക്ക് മാറ്റി. അവിടെ ജയിലിനകത്ത് ഒരു ജയില്‍ എന്ന് അറിയപ്പെടുന്ന സിടി ബ്ലോക്കിലാണ് ഇട്ടത്. ഇപ്പോള്‍ അത് പത്താം വാര്‍ഡാണ്. പേര് മാറ്റിയെങ്കിലും ഇപ്പോഴും ജയിലിനകത്തെ ജയിലാണ് പത്താം വാര്‍ഡ്. അവിടെയായിരുന്നു ബാക്കിയുള്ള ശിക്ഷാ കാലം മുഴുവന്‍ കിടന്നത്. പത്ത് കൊല്ലം അവിടെയും കിടന്നു. അതിന് മുമ്പ് തമിഴ്‌നാട്ടില്‍ ഒരു രണ്ട് കൊല്ലവും ശിക്ഷ അനുഭവിച്ചിരുന്നു. അങ്ങനെ 17 കൊല്ലം ജയില്‍ ശിക്ഷ അനുഭവിച്ചു. കേരളത്തിലെ ജയില്‍ നിയമ പ്രകാരം ജീവപര്യന്തം തടവിന് അത്രയും കാലം വേണ്ടിവരില്ല. ഒരു തടവുകാരന് മറ്റ് റിമാര്‍ക്കുകള്‍ ഒന്നുമില്ലെങ്കില്‍ ഒമ്പത് വര്‍ഷവും നാല് മാസവും പിന്നെ ഏതാനും മാസവുമാണ് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. കാശ് കൊടുത്ത് വാങ്ങാന്‍ കഴിയുന്ന ഇളവുകളും ഗുഡ് മാര്‍ക്ക്, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി, അംബേദ്കര്‍ ജയന്തി തുടങ്ങിയ അവധികളുടെ ഇളവുകളും അനുവദിക്കാറുണ്ട്.

എന്നാല്‍ ജീവപര്യന്തമെന്നാല്‍ ജീവപര്യന്തമാണെന്ന് പറഞ്ഞ് ഞങ്ങളെ വിട്ടയച്ചില്ല. അന്ന് നായനാര്‍ സര്‍ക്കാര്‍ ആയിരുന്നു. 83-84 കാലഘട്ടത്തില്‍ ഗൗരിയമ്മ ഉള്‍പ്പെടെ സിപിഎമ്മിലെ ആറ് എംഎല്‍എമാര്‍ ഉള്‍പ്പെടെ 81 എംഎല്‍എമാര്‍ ഒപ്പിട്ട ഒരു നിവേദനം പോയിരുന്നു. സിപിഎമ്മിലെയും സിപിഐയിലെയും കോണ്‍ഗ്രസിലെയും സ്വതന്ത്രന്മാരും ആയ എംഎല്‍എമാര്‍ ആണ് അതില്‍ ഒപ്പിട്ടത്. എന്‍ വി കൃഷ്ണവാര്യരും എം ടി വാസുദേവന്‍ നായരും ഉള്‍പ്പെടെ നിരവധി പ്രമുഖരും ആറ് മാസം നീണ്ടുനിന്ന ക്യാമ്പെയ്‌നിംഗിനൊടുവിലെ ആ മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചിരുന്നു. ഗൗരിയമ്മ അതില്‍ ഒപ്പുവച്ചത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള മെമ്മോറാണ്ടം എന്ന് പറഞ്ഞതിനാലാണ് താന്‍ ഒപ്പ് വച്ചതെന്ന് ഗൗരിയമ്മ പിന്നീട് വിശദീകരണം നല്‍കിയിരുന്നു. അതിന് മുമ്പും നിയമസഭയിലും സമൂഹത്തിലും ഞങ്ങളുടെ അനിശ്ചിതമായ ജയില്‍വാസം ചര്‍ച്ചയായിരുന്നു. എം വി രാഘവനൊക്കെ അതില്‍ സജീവമായി പങ്കെടുത്തു. എന്നാല്‍ സിപിഎം അവഗണനാ മനോഭാവമാണ് ഞങ്ങളോട് പുലര്‍ത്തിയത്. ഉന്മൂലനത്തെക്കുറിച്ച് പറയുന്നവര്‍ മനുഷ്യാവകാശത്തെക്കുറിച്ച് പറയരുതെന്ന് ഇഎംഎസ് അക്കാലത്ത് ചിന്തയില്‍ എഴുതിയ ലേഖനമൊക്കെ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. 83ലാണ് ഞാന്‍ നിരാഹാര സമരം നടത്തുന്നത്. നാട്ടില്‍ വലിയ ഒച്ചപ്പാടുകളും ബഹളങ്ങളും നടക്കുന്നു, സുപ്രിംകോടതിയില്‍ ഹര്‍ജി പോകുന്നു, അന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഭാസ്‌കരനെ ബോംബെയില്‍ വച്ച് പത്രപ്രവര്‍ത്തകര്‍ വളയുകയുമൊക്കെ ചെയ്തു. ഘരാവോ ചെയ്തുവെന്നാണ് പിന്നീട് അതിനെക്കുറിച്ച് പറഞ്ഞ് കേട്ടത്. പക്ഷെ വളഞ്ഞു പിടിച്ച് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്.

കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മൈക്ക് പിടിച്ചു പറിക്കുന്നതിലേക്ക് വരെയെത്തി കാര്യങ്ങള്‍. തൃശൂരില്‍ എവിടെയോ നടന്ന ആ യോഗത്തില്‍ മൈക്കിലൂടെ ഞങ്ങളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യമാണ് ഉയര്‍ന്നത്. വയനാട്ടിലും സമാനമായ സംഭവം കരുണാകരനെതിരെ നടന്നു. അങ്ങനെയൊരു ശക്തമായ മുന്നേറ്റം തന്നെ നടന്നു. സിപിഎം മാത്രമാണ് ഇടംകോലിട്ട് നടന്നത്. പിന്നീട് കരുണാകരന്‍ മുഖ്യമന്ത്രിയും വയലാര്‍ രവി ആഭ്യന്തര മന്ത്രിയും സുധീരന്‍ സ്പീക്കറും ആയിരിക്കുമ്പോളാണ് എനിക്ക് ആദ്യമായി പരോള്‍ തന്നെ ലഭിക്കുന്നത്. 1982ല്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ചെറിയച്ചന്‍ മരിച്ചപ്പോള്‍ പോലീസ് എസ്‌കോര്‍ട്ടില്‍ ഏഴ് ദിവസത്തെ പരോള്‍ ആണ് അനുവദിച്ചത്. അതിന് മുമ്പ് അച്ഛന്‍ മരിച്ചപ്പോഴും സഹോദരി മരിച്ചപ്പോഴും സഹോദരന്‍ മരിച്ചപ്പോഴും ഒന്നും പരോള്‍ അനുവദിച്ചില്ല. ഒരു രാഷ്ട്രീയ പകപോക്കല്‍ തന്നെയായിരുന്നു അത്.

പിന്നീട് നിരാഹാരവും മറ്റുമായപ്പോള്‍ എംവി രാഘവന്‍ ഉള്‍പ്പെടെയുള്ളവര്‍ ബഹളമുണ്ടാക്കിയാണ് സര്‍ക്കാര്‍ ഇടപെട്ട് ചികിത്സയ്ക്ക് പരോള്‍ അനുവദിക്കുകയായിരുന്നു. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വച്ച് രണ്ട് മൂന്ന് തവണ ഈ വിധത്തില്‍ പരോള്‍ ലഭിച്ചു. ഞങ്ങളൊക്കെ ജയിലില്‍ ആയിരുന്നപ്പോള്‍ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ ഒരു ബഹുജന പ്രക്ഷോഭം തന്നെയുണ്ടായത് ആ പ്രവര്‍ത്തിയുടെ ഉദ്ദേശ ശുദ്ധി കണക്കിലെടുത്താണ്. സിപിഎമ്മിന്റെ അകത്ത് തന്നെ വലിയൊരു വിഭാഗം ഈ ആവശ്യം ഉന്നയിച്ചിരുന്നു. പരോള്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഞാന്‍ നിരാഹാരം കിടന്നപ്പോള്‍ എം വി രാഘവന്റെ ഒരു മകന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ കോളേജിലെ എണ്‍പതിലേറെ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് പ്രകടനം നടത്തിയിരുന്നു. ഒടുവില്‍ 85ല്‍ ജയില്‍ മോചിതനായി. അപ്പോഴേക്കും ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷമായിരുന്നു.

കോങ്ങാട് സംഭവത്തെ ഇന്നും ജനങ്ങള്‍ ഓര്‍ത്തുകൊണ്ടിരിക്കുന്നത് യക്ഷിക്കഥകളെ പോലെയാണ്. എന്നെയൊന്നും പിടിക്കാന്‍ കഴിയില്ലെന്നും പിടിച്ചുവെന്ന് പോലീസ് പറയുന്നത് വെറുതെയാണെന്നും വിശ്വസിക്കുന്ന ജനങ്ങള്‍ ഇപ്പോഴും കോങ്ങാടും പരിസര പ്രദേശങ്ങളിലുമുണ്ട്. മുണ്ടൂരാണ് സ്വദേശമെന്ന് പറയുമ്പോള്‍ ചിലരൊക്കെ രാവുണ്ണി എന്ന് പറയുന്ന ആളെ അറിയുമോ എന്ന് ചോദിക്കാറുണ്ട്. കേട്ടിട്ടുണ്ട് എന്ന് മാത്രമേ ഞാന്‍ മറുപടി പറയൂ. മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടിയുടെ കഥകളുടെ ഇതിവൃത്തം മുഴുവന്‍ ഇതാണ്. സുവര്‍ണ്ണ കഥകള്‍ എന്ന അദ്ദേഹത്തിന്റെ സമാഹാരത്തില്‍ 'മുഴുമിക്കാത്ത കത്ത്' എന്ന കഥയില്‍ കോങ്ങാട് സംഭവമാണ് വിശദീകരിക്കുന്നത്.

പിണറായി വിജയന്‍ അന്ന് കെ എസ് എഫില്‍ ആണ്. ഞാന്‍ സിപിഎമ്മില്‍ രഹസ്യമായി നില്‍ക്കുന്ന ആളാണ്. അന്ന് കെ എസ് എഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരുത്തല്‍വാദ നേതൃത്വമാണെന്ന് പറഞ്ഞ് പ്രമേയം കൊണ്ടുവന്നിരുന്നു. ആ പ്രമേയം പാസാക്കുന്നതിനെതിരെ പാര്‍ട്ടി ഇടപെടുകയാണ് ചെയ്തത്. ഫിലിപ്പ് എം പ്രസാദും സി ഭാസ്‌കരനുമൊക്കെ ഈ പ്രമേയത്തെ അനുകൂലിച്ച് പിണറായി വിജയനൊപ്പമുള്ള കാലമാണ് അത്. അവരെല്ലാം തന്നെ പിന്നീട് നക്‌സലൈറ്റ് പ്രസ്ഥാനത്തോടും അനുകൂലിച്ച് വന്നിരുന്നു. പിണറായി വിജയനൊക്കെ പിന്നീട് കാലുമാറി പോയതാണ്. എംവി രാഘവന് ഞാന്‍ നക്‌സലൈറ്റ് സാഹിത്യമെല്ലാം നല്‍കാറുണ്ടായിരുന്നു. എം വി രാഘവന്‍ പോകുമെന്ന് കണ്ടതോടെ അവര്‍ പിടിച്ച് ജില്ലാ സെക്രട്ടറിയാക്കി. നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് ശക്തമായ ഒരു ചുവടുവയ്പ്പ് നടക്കുമെന്ന് കണ്ട് അത് തടുക്കാനും അണികളെ വിപ്ലവത്തില്‍ നിന്നും അകറ്റി നിര്‍ത്താനുമാണ് സിപിഎം ഇതിനെ ഭീകരവാദം, തീവ്രവാദം, തലവെട്ടി പ്രസ്ഥാനം എന്നൊക്കെ വിശേഷിപ്പിച്ചത്. പക്ഷെ ഇതൊന്നും അറിയാത്ത ആളുകളും ഉണ്ടായിരുന്നു. ഞാന്‍ കണ്ണൂരില്‍ ഒളിവില്‍ കഴിയുന്ന വീട്ടിലെ കുട്ടിയ്ക്ക് അമ്മ ചോറ് കൊടുത്തിരുന്നത് നക്‌സലൈറ്റ് വരുന്നുണ്ട് വേഗം കഴിച്ചോളാന്‍ പറഞ്ഞായിരുന്നു. ഞാന്‍ ആ പ്രസ്ഥാനത്തിന്റെ ആളാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.

ഒളിവിലായിരുന്ന കാലത്ത് കേരളത്തിലെ പഴയ പ്രവര്‍ത്തകരെയെല്ലാം ഒന്നിച്ചുകൂട്ടി സംഘടന ശക്തിപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്. സിപിഐ(എംഎല്‍)ന്റെ ഒരു താല്‍ക്കാലിക കമ്മിറ്റി അക്കാലത്ത് രൂപീകരിച്ചു. യാത്ര ചെയ്ത് എത്താനാകാത്തതിനാല്‍ യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല. പോലീസിനോട് കുറച്ച് കരുതല്‍ വേണ്ടിയിരുന്ന കാലമായിരുന്നു അത്. എന്നാല്‍ ഞാന്‍ ഇല്ലാതെ തന്നെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആ കമ്മിറ്റി പിന്നീട് കൂടിയിട്ടേയില്ല. ആ കമ്മിറ്റിയിലെ പലരും അറസ്റ്റ് ചെയ്യപ്പെട്ടു. അതോടെ ഞാന്‍ കേരളത്തില്‍ തന്നെയുണ്ടെന്നും എന്റെ യഥാര്‍ത്ഥ പേര് ഇതാണെന്നുമെല്ലാം പോലീസിന് മനസ്സിലായി. എങ്കില്‍ പോലും സംഘടനാ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി തന്നെ കേരളത്തില്‍ അക്കാലത്തും നടന്നിരുന്നു.

ജയിലിന്റെ ചുവരുകള്‍ക്ക് അകത്താണെങ്കിലും അവിടെയിരുന്നും ഞങ്ങള്‍ സംഘടനയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. പുറത്ത് എന്തൊക്കെ ചെയ്‌തോ അതുപോലെ അകത്തെ പരിമിതികളെ ഉള്‍ക്കൊണ്ടുകൊണ്ടും ചിലപ്പോഴൊക്കെ ആ പരിമിതികളെ ലംഘിച്ചുകൊണ്ടും പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. എഴുതുകയും പുറത്തുനിന്ന് സാഹിത്യങ്ങള്‍ സംഘടിപ്പിച്ച് വായിച്ചും ജയില്‍ നീതിക്ക് വേണ്ടി തടവുകാരെ സംഘടിപ്പിക്കുകയും ഒക്കെ ചെയ്തിട്ടാണ് അത് നടത്തിയ്. പുറത്ത് അന്യായ തടവാണ് എന്ന ലേഖനങ്ങള്‍ വരുന്നത് കാണുമ്പോള്‍ മാത്രമാണ് പതിനഞ്ച് വര്‍ഷമായി എന്ന് തിരിച്ചറിയുന്നത് തന്നെ. അതൊക്കെ എല്ലാ വിപ്ലവകാരികളും ചെയ്തിട്ടുള്ള കാര്യവുമാണ്. ജയിലിനുള്ളിലിരുന്ന് തന്നെ സാര്‍വ്വദേശീയമായി ബന്ധപ്പെടാനും റെവല്യൂഷണറി ഇന്റര്‍നാഷണലിസ്റ്റ് മൂവ്‌മെന്റ് എന്ന പ്രസ്ഥാനം രൂപീകരിക്കാന്‍ മുന്‍കൈയെടുത്തതും എല്ലാം ജയിലില്‍ കിടന്നുകൊണ്ടാണ്. അതിന് അമേരിക്കയിലുള്ള വിപ്ലവ പ്രസ്ഥാനങ്ങളുമായും ബന്ധുപ്പെട്ടിരുന്നു. നേരിട്ടൊന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും അവരുമായി ബന്ധപ്പെടാനും ബന്ധങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാനും അക്കാലത്ത് സാധിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍ ജയിലില്‍ കിടക്കുമ്പോഴും സജീവമായിരുന്നു. പുറത്തുവന്നപ്പോള്‍ മൂവ്‌മെന്റ് നിലനില്‍ക്കുന്നുണ്ട്. ആ മൂവ്‌മെന്റിന്റെ ഭാഗമായി മാറുകയുമാണ് ചെയ്തത്. പാലക്കാടും കണ്ണൂരും കേന്ദ്രീകരിച്ചും തെക്കന്‍ ജില്ലകളിലുമായിരുന്നു പ്രവര്‍ത്തനങ്ങള്‍. ദുര്‍ബലമായിപ്പോയിട്ടുണ്ടെങ്കിലും ഒരു കാലത്തും കേരളത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനം ഇല്ലാതായി പോയിട്ടില്ല. നക്‌സല്‍ബാരി കലാപത്തെ തുടര്‍ന്നുണ്ടായ ഒരു കൂലംകുത്തിയ ഒഴുക്കായിരുന്നു അത്. ഇടയ്ക്ക് ശിഥിലമായി ഒരു നദി പോലെ മാറി ഒഴുകുകയും ചിലയിടത്തൊക്കെ വറ്റി വരണ്ട അവസ്ഥയില്‍ നീര്‍ച്ചാലുകള്‍ മാത്രമായെങ്കിലും ഇപ്പോഴും ആ പ്രസ്ഥാനവും അത് മുന്നോട്ട് വച്ച ആശയങ്ങളും ഇല്ലാതാകുന്നില്ല.

ഉടന്‍: കോങ്ങാട് നക്സലൈറ്റുകള്‍ തലവെട്ടിയതിന്റെ 50 വര്‍ഷം തികയുമ്പോള്‍ ആ കേസിലെ അന്വേഷണോദ്യോഗസ്ഥനായിരുന്ന ഹോര്‍മിസ് തരകന്‍ ഐപിഎസ് എഴുതുന്നു