മഴക്കാലത്ത് കാറുകള്‍ക്ക് വേണം കൂടുതല്‍ പരിചരണം

 
മഴക്കാലത്ത് കാറുകള്‍ക്ക് വേണം കൂടുതല്‍ പരിചരണം

മഴക്കാലമെത്തിയിരിക്കുകയാണ് വേനല്‍ക്കാലത്തെ അപേക്ഷിച്ച്‌ വാഹനങ്ങള്‍ക്ക് കൂടുതലായി ശ്രദ്ധ കൊടുക്കേണ്ട സമയമാണിത്. വാഹനത്തിന്റെ ടയര്‍, ബ്രേക്ക്, ബോഡി, ലൈറ്റുകള്‍ തുടങ്ങി പുറമേയുള്ള ഭാഗങ്ങള്‍ പരിശോധിക്കുകയും ആവശ്യമായ പരിചരണവും നല്‍കണം.

പ്രധാനമായും സുരക്ഷയെ മുന്‍ നിര്‍ത്തിയുള്ള കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. നിരത്തുകളില്‍ വെള്ളം ഉള്ളതിനാല്‍ വാഹനങ്ങളില്‍ ഗ്രിപ്പുള്ള ടയറുകള്‍ ഉറപ്പാക്കണം. തേയ്മാനം സംഭവിച്ച ടയറുകള്‍ ബ്രേക്കിങ്ങ് കാര്യക്ഷമമായിരിക്കില്ല. എയര്‍ പ്രഷര്‍ പരിശോധിച്ച ശേഷമം മാത്രമേ വാഹനം ഉപയോഗിക്കാവൂ. യാത്ര തുടങ്ങുന്നതിന് മുമ്ബ് എല്ലാ ദിവസവും ബ്രേക്ക് പരിശോധിക്കുന്നത് ഉത്തമം. ബ്രേക്ക് ഫ്ളൂയിഡ് കൃത്യമായി ചേഞ്ച് ചെയ്യണം. ലീക്ക് ഇല്ലെന്നും ഉറപ്പുവരുത്തുക. ഇരുചക്ര വാഹനങ്ങളുടെ ഡിസ്‌ക് ബ്രേക്ക് ക്ലീന്‍ ചെയ്ത് സൂക്ഷിക്കണം.

രാത്രി സമയങ്ങളില്‍ വാഹനം ഓടിക്കുന്നവരാണെങ്കില്‍ വാഹനത്തിലെ ലൈറ്റുകളുടെയും ഇന്റിക്കേറ്ററുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമായിരിക്കണം. റോഡില്‍ വ്യക്തമായ വെളിച്ചം നല്‍കാന്‍ ഹെഡ്ലാംമ്ബ് വൃത്തിയായി സൂക്ഷിക്കാം. ഹെഡ്ലാംമ്ബ് ഗ്ലാസിന് മങ്ങലുണ്ടെങ്കില്‍ വൈറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച്‌ തുടച്ച്‌ തിളക്കം കൂട്ടാം. വൈപ്പര്‍ പ്രവര്‍ത്തനം ഉറപ്പുവരുത്തണം പൊടിയു മറ്റും പറ്റിപിടിച്ചിരിക്കുന്ന ഗ്ലാസില്‍ വെള്ളം ഒഴിക്കാതെ വൈപ്പര്‍ ഓണ്‍ ചെയ്യരുത്.

വാഹനത്തിനുള്ളില്‍ ജലാംശം കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി ഗ്ലാസുകളും മറ്റും പൂര്‍ണമായും ഉയര്‍ത്തിയിടണം. റെയിന്‍ ഗാര്‍ഡ് ഘടിപ്പിക്കുന്നതും നല്ലതാണ്. വാഹനത്തിനുള്ളില്‍ മഴവെള്ളമെത്തിയാല്‍ പൂപ്പലിന്റെ ആക്രമണമുണ്ടായേക്കാം. മറ്റൊന്ന് വാഹനങ്ങള്‍ ഷെഡുകളിലും മറ്റും സൂക്ഷിക്കുന്നതാണ് ഉചിതം. തുറസായ സ്ഥലങ്ങളിലിടുന്ന വാഹനങ്ങളില്‍ ഇലയും മറ്റും വീഴുന്നത് ബോഡിയുടെ നിറത്തെ ബാധിക്കും. അതുപോലെ മരത്തിന്റെയും മറ്റും സമീപത്ത് നിര്‍ത്തുന്നതും അപകടമാണ്. മഴയില്‍ ഒടിയെത്തിയ വാഹനം നനവോടെ മൂടിയിടരുത്. ഇത് വാഹനത്തിന്റെ ബോഡിയില്‍ തുരുമ്ബുണ്ടാക്കും. അല്ലെങ്കില്‍ വാഹനത്തിലുള്ള ചെറിയ തുരുമ്ബ് കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാനും കാരണമാകും. മഴക്കാലത്തും വാഹനം കഴുകി വൃത്തിയാക്കണം. വാഹനത്തില്‍ ചെളിയും മറ്റും അടിഞ്ഞുകൂടി കേടുപാട് സംഭവിക്കാന്‍ സാധ്യതയുള്ളതിനാലാണിത്. വാഹനങ്ങളുടെ ബാറ്ററിയുടെ ടെര്‍മിനലുകളില്‍ തുരുമ്ബ് അല്ലെങ്കില്‍ ക്ലാവ് അടിഞ്ഞുകൂടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് ടെര്‍മിനലുകള്‍ പെട്രോള്‍ ജെല്ലി പുരട്ടി വൃത്തിയാക്കുന്നത് ശീലമാക്കുക.