കയ്യേറ്റനിരോധന ബില്‍ വരുന്നു; മൂന്നാറില്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍

 
കയ്യേറ്റനിരോധന ബില്‍ വരുന്നു; മൂന്നാറില്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍

ദേവികുളം സബ് കളക്ടര്‍ക്കെതിരേ ഇടുക്കിയിലെ സിപിഎം നേതൃത്വം മുന്‍കൈയെടുത്ത് എതിര്‍പ്പുകള്‍ ഉയര്‍ത്തുമ്പോഴും മൂന്നാറിലെ കയ്യേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണമെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങളുടെ ആരംഭത്തില്‍ തന്നെ കയ്യേറ്റമൊഴിപ്പിക്കുന്നതുമായി മുന്നോട്ടു പോയ്ക്കാളാനും ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ തെറ്റുകളിലെന്നും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനോട് മുഖ്യമന്ത്രി നേരിട്ട് പറഞ്ഞിരുന്നതായാണ് അറിയുന്നത്.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മുഖ്യമന്ത്രിയും റവന്യു മന്ത്രിയും സബ് കളക്ടറുടെ പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുമ്പോഴും വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയടക്കം ജില്ലയിലെ സിപിഎം നേതൃത്വം സബ് കളക്ടറുടെ നടപടികള്‍ സാധാരണക്കാരെ ദ്രോഹിക്കുന്നതരത്തിലുള്ളതാണെന്ന വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്. ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടറെ സിപിഎം പ്രാദേശിക നേതാക്കള്‍ പരസ്യമായി തടയുകയും വെല്ലുവിളിക്കുകയും ചെയ്തതോടു കൂടി മുകളില്‍ നിന്നുള്ള നിര്‍ദേശങ്ങളെപോലും തങ്ങള്‍ മാനിക്കുന്നില്ല എന്ന പരോക്ഷ സന്ദേശമാണ് പ്രാദേശിക നേതൃത്വം നല്‍കിയിത്. ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് പാര്‍ട്ടിയേയും സര്‍ക്കാരാനേയും കൊണ്ടെത്തിക്കാന്‍ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല എന്ന സൂചനയും വരുന്നുണ്ട്.

ഇതിന്റെ ഭാഗമായാണ് കയ്യേറ്റ നിരോധന ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കയ്യേറ്റക്കാര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്ന വ്യവസ്ഥകളുമായാണു റവന്യു വകുപ്പ് ഭൂമി കയ്യേറ്റ നിരോധന ബില്‍ തയ്യാറാക്കിയിരിക്കുന്നത്. കരട് ബില്ലിനു നിയമവകുപ്പിന്റെ അംഗീകാരം ലഭിച്ചാല്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. കയ്യേറ്റത്തിനു കൂട്ടുനില്‍ക്കുന്നതായി കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് രണ്ടരവര്‍ഷം വരെ തടവുശിക്ഷ നല്‍കാനും ജോലിയില്‍ നിന്നു പിരിച്ചുവിടാനും ബില്ലില്‍ ശിപാര്‍ശ ചെയ്യുന്നുണ്ടെന്നത് മൂന്നാറിലെ സാഹചര്യംവച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

കയ്യേറ്റനിരോധന ബില്‍ വരുന്നു; മൂന്നാറില്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍

അതേസമയം മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങളെ സംബന്ധിച്ച് റവന്യു വകുപ്പ് കണക്കെടുപ്പ് നടത്തുന്നുണ്ട്. ഈ ആഴ്ചയോടെ കണക്കെടുപ്പ് പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്. കയ്യേറ്റങ്ങളുടെ സ്വഭാവം, വ്യാപ്തി, അനധികൃത നിര്‍മാണങ്ങള്‍, കയ്യേറ്റം ഉണ്ടാക്കിയിരിക്കുന്ന പാരിസ്ഥിതികാഘാതം എന്നിവയും കണ്ടെത്തുന്നുണ്ട്. മാര്‍ച്ച് 27 നു മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിലും മൂന്നാറിലെ കയ്യേറ്റം എന്തുവിലകൊടുത്തും ഒഴിപ്പിക്കണം എന്ന നിര്‍ദേശമാണ് മുന്നോട്ടുവന്നത്.

ഇതിനിടയില്‍ സബ് കളക്ടര്‍ക്ക് വേണ്ട സഹായം പൊലീസില്‍ നിന്നും കിട്ടുന്നില്ലെന്ന ആക്ഷേപത്തെ ചെറുക്കാനുള്ള നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടു. മൂന്നാറലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്ന റവന്യു സംഘത്തെ സഹായിക്കാന്‍ പൊലീസിന്റെ ഏഴംഗ സേനയെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം റെയ്ഞ്ച് ഐ ദി പി വിജയനാണു പൊലീസ് സംഘത്തെ നിയോഗിച്ചത്. ഒരു സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ രണ്ട് വനിത പൊലീസുകാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘം സബ് കളക്ടര്‍ക്കു വിട്ടുകൊടുക്കുമെന്നു ജില്ല പൊലീസ് മേധാവി കെ ബി വേണുഗോപാലും അറിയിച്ചു. കഴിഞ്ഞ ബുധാനാഴ്ച ദേവികുളത്ത് റവന്യു സംഘത്തെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മര്‍ദ്ദിച്ചതായി ആരോപണമുണ്ടായിരുന്നു.