ചാണ്ടിയുടെ KSU ബുദ്ധി പിഴച്ചോ? ലാവലിന്‍ ഷോക്ക് ഏല്‍ക്കാതെ പിണറായിയുടെ യാത്ര

 
ചാണ്ടിയുടെ KSU ബുദ്ധി പിഴച്ചോ? ലാവലിന്‍ ഷോക്ക് ഏല്‍ക്കാതെ പിണറായിയുടെ യാത്ര

കെ എ ആന്റണി

നമ്മുടെ മാണി സാറിന്റേയും പിണറായി സഖാവിന്റേയും കേസുകള്‍ അടുത്തടുത്ത ദിവസങ്ങളിലാണ് കോടതികള്‍ പരിശോധിച്ചത്. രണ്ടും അവധിക്ക് വച്ചിരിക്കുന്നു. മാണി സാറിന്റെ മന്ത്രി സഭാ പുനപ്രവേശനം ഉടന്‍ ഒന്നും നടക്കില്ല. അക്കാര്യത്തില്‍ ഇനി തര്‍ക്കം വേണ്ടെന്ന് തന്നെ വേണം കരുതാന്‍. പിണറായി സഖാവിന് നവകേരള മാര്‍ച്ചും തുടരാനുള്ള സാവകാശം കേരള ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. കേസ് അവധിക്ക് വച്ചിരിക്കുന്നു. ഫെബ്രുവരി അവസാന വാരത്തിലേക്കാണ്. നവകേരള മാര്‍ച്ച് ആകട്ടെ ഫെബ്രുവരി രണ്ടാം വാരത്തിന് ഒടുവില്‍ ശംഖുമുഖത്ത് സമാപിക്കും.

ഈ രണ്ടു കേസുകളുടേയും മെറിറ്റിലേക്ക് പോകുമ്പോള്‍ സ്വാഭാവികമായും കേരളത്തിലെ ചിന്തിക്കുന്ന മനുഷ്യര്‍ക്കൊക്കെ അത്യാവശ്യം മനസ്സിലാക്കാന്‍ പോന്ന ഒന്ന് രണ്ട് കാര്യങ്ങള്‍ കൃത്യമായി മുഴച്ചു നില്‍ക്കുന്നു. മാണി സാറിന്റേത് തെരക്കുപിടിച്ച പുനപ്രവേശ പ്രശ്‌നമായിരുന്നു എങ്കില്‍ പിണറായി സഖാവിന്റേത് ഒരു വഴി മുടക്കി കേസിന്റെ പുനരാവിഷ്‌കരണമായിരുന്നു. രണ്ടിലും കേരളം ഭരിക്കുന്ന ചാണ്ടി സാറിന് തെറ്റിയെന്നുവേണം തല്‍ക്കാലം കരുതാന്‍.

ചാണ്ടിയുടെ KSU ബുദ്ധി പിഴച്ചോ? ലാവലിന്‍ ഷോക്ക് ഏല്‍ക്കാതെ പിണറായിയുടെ യാത്ര

ഇങ്ങനെ കരുതുന്നത് കേരളത്തിലെ വോട്ടര്‍മാരുടെ നിലവിലുള്ള പള്‍സ് നില പരിശോധിച്ചു തന്നെയാണ്. പള്‍സ് ഇടയ്ക്ക് ഒക്കെ മാറിയും മറിഞ്ഞും ഇരിക്കും. തല്‍ക്കാലം കേരളത്തിന്റെ പള്‍സ് പിണറായി സഖാവിനും സിപിഐഎം നയിക്കുന്ന ഇടതുപക്ഷ മുന്നണിക്കും ഒപ്പമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

വഴി മുടക്കി ലാവലിന്‍ കേസ് പിണറായി സഖാവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുന്നണിയും മാത്രമായിരുന്നില്ല ദീര്‍ഘ ദര്‍ശനം ചെയ്തിരുന്നത്. ജനങ്ങളും കാത്തിരുന്ന ഒരു കേസായിരുന്നു അത്. ഇത്തവണ അല്‍പം കൂടിയ തമാശയോടു കൂടിയാണ് ജനം അത് കേട്ടതും ഏറ്റെടുത്തതും എന്ന് വേണം കരുതാന്‍. രണ്ട് നാള്‍ നീണ്ട യാത്രയ്ക്കിടയില്‍ എറണാകുളം മുതല്‍ കോഴിക്കോട് വരെയുള്ള നാടന്‍ കടകളിലും ട്രെയിനിലും ബസിലും ഒക്കെ കേട്ട വര്‍ത്തമാനങ്ങള്‍ പിണറായി സഖാവിന് അനുകൂലമായിരുന്നു. വൈകിയ വേളയില്‍ നടക്കുന്ന പിണറായി ആക്രമണത്തെ ജനം പ്രതിരോധിക്കുമെന്ന സൂചനയാണ് കിട്ടിയത്. ട്രെയിനില്‍ വച്ച് മുംബയിലേക്ക് യാത്രയാകുന്ന ഒരു കുടുംബം പോലും രാവിലെ പത്രം വായിച്ച് ചോദിച്ച ചോദ്യം ഈ ചാണ്ടി സാറിന് എന്താ പ്രാന്തുണ്ടോയെന്നാണ്. എത്ര കാലം കഴിഞ്ഞു. ഇതൊക്കെ മനുഷ്യന്‍ മറന്നില്ലേയെന്ന ആ ചോദ്യ കര്‍ത്താവിന് സിപിഐഎമ്മുമായി യാതൊരു ബന്ധവുമില്ല. കേരളത്തില്‍ നിലവില്‍ വോട്ടുമില്ല എന്നതിനാല്‍ ചാണ്ടി സാറും ഭയക്കേണ്ട. എങ്കിലും മാറുന്ന മനസ്സുകളുടെ ഒരു പ്രതിബിംബമായി വേണം അയാളേയും കാണാന്‍.

ലാവലിനില്‍ തൊട്ട് ഡയലോഗിന് ഇല്ലെന്ന് കാരാട്ടു മുതല്‍ കോടിയേരി വരെ പറഞ്ഞു കഴിഞ്ഞു. നവകേരള മാര്‍ച്ചിലൂടെ മുന്നോട്ടു വയ്ക്കുന്ന നവകേരളത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കോട്ടം തട്ടും എന്നതാണ് അവര്‍ പറയുന്ന ന്യായം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പിണറായിയുടെ യാത്ര അവസാനിക്കും വരേയും അതിനുശേഷവും ലാവലിന്‍ ചര്‍ച്ച തുടരുക തന്നെ ചെയ്യും. അതുപക്ഷേ സിപിഐഎം വളരെ തന്ത്രപരമായി തന്നെ ജനങ്ങള്‍ക്ക് വിട്ടു കൊടുത്തിരിക്കുകയാണ്. അതിന്റെ ആനുകൂല്യവും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ചാണ്ടിയുടെ KSU ബുദ്ധി പിഴച്ചോ? ലാവലിന്‍ ഷോക്ക് ഏല്‍ക്കാതെ പിണറായിയുടെ യാത്ര
പിണറായിയുടെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. കാസര്‍കോഡ് വിട്ട് കണ്ണൂരിന്റെ ചുവന്ന മണ്ണിലൂടെ കടത്തനാടന്‍ മണ്ണും സാമൂതിരി നാടും ഏറനാടും പാലക്കാടിന്റെ ചൂടന്‍ കാറ്റുമേറ്റ് പ്രയാണം തുടരേണ്ടതുണ്ട്. അതിനിടയില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ച് പാലക്കാടിന്റെ ചുട്ടുപ്പഴുത്ത മണ്ണിലാണുള്ളത്. വടകര എത്തുമ്പോള്‍ തന്നെ യാത്രയ്‌ക്കേറ്റ മാനഹാനി അദ്ദേഹം മറന്നിട്ടില്ല. മുല്ലപ്പള്ളി ഇങ്ങനെയൊരു പണി ചെയ്യുമെന്ന് സുധീരന്‍ വിചാരിച്ചിരുന്നില്ല. യാത്ര കോഴിക്കോട് വിട്ട് മലപ്പുറത്ത് എത്തിയപ്പോഴാണ് സുധീരന്‍ തന്നെ അറിയുന്നത് ചാണ്ടി സാറിന്റേയും രമേശ്ജിയുടേയും അറിവോടു കൂടിയാണ് മുല്ലപ്പള്ളി വിട്ടു നിന്നതെന്ന്. ഇതേ അനുഭവം പിണറായിയുടെ യാത്രയ്ക്ക് എവിടേയും വച്ച് ഉണ്ടാകുമോയെന്ന് അറിയില്ല. ഉണ്ടാകുകയാണെങ്കില്‍ തന്നെ ഉണ്ടാകേണ്ട സ്ഥലങ്ങള്‍ തല്‍ക്കാലം പിന്നിട്ടു കഴിഞ്ഞു. ആലപ്പുഴ ഉള്ളതിനേക്കാള്‍ വി എസ് ഭക്തരുള്ളത് നീലേശ്വരത്താണ്. അവരൊക്കെ ഒറ്റക്കെട്ടായി ഒരു ഭരണ മാറ്റത്തിനുവേണ്ടി നില്‍ക്കുന്നുവെന്ന സൂചനയാണ് നിലവില്‍ ലഭിക്കുന്നത്. വറുതിയുടെ അഞ്ച് വര്‍ഷത്തിനുശേഷം വീണ്ടുമൊരു ഭരണത്തിന്റെ ശീതളഛായയിലേക്ക് ഏത് കൊടിയ സഖാവിന്റേയും മനസ് മാറി ചിന്തിക്കാം. സഖാക്കളുടെ മുന്നില്‍ ആരു മുഖ്യമന്ത്രിയെന്നതല്ല ഭരണം നമ്മുടേതാണോയെന്ന ചോദ്യം മാത്രം അവശേഷിക്കുമ്പോള്‍ നവകേരള മാര്‍ച്ച് കൊട്ടുകുരവയുമായി ശംഖുമുഖത്ത് അവസാനിക്കും എന്നുതന്നെ വേണം കരുതാന്‍.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചാണ്ടിയുടെ KSU ബുദ്ധി പിഴച്ചോ? ലാവലിന്‍ ഷോക്ക് ഏല്‍ക്കാതെ പിണറായിയുടെ യാത്ര