'നവോത്ഥാനം പറയുന്നവർ ഞാനൊരു സ്ത്രീയാണെന്ന് പരിഗണിക്കണമായിരുന്നു; എ വിജയരാഘവനെതിരെ നിയമനടപടി സ്വീകരിക്കും': രമ്യ ഹരിദാസ്

 
'നവോത്ഥാനം പറയുന്നവർ ഞാനൊരു സ്ത്രീയാണെന്ന് പരിഗണിക്കണമായിരുന്നു; എ വിജയരാഘവനെതിരെ നിയമനടപടി സ്വീകരിക്കും': രമ്യ ഹരിദാസ്

തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തെത്തിയ എൽഡിഎഫ് കൺവീനർ എ വിജയ രാഘവനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. ഇടത് മുന്നണി കൺവീനറുടെ പരാമർശം ഏറെ വേദനിപ്പിച്ചെന്നും രമ്യ പറയുന്നു. ആലത്തുരിൽ മാധ്യമങ്ങളോടായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രതികരണം.

ആശയയുദ്ധമാണ് നടക്കുന്നത് വ്യക്തിഹത്യ നടത്തി അതിന്റെ പേരിൽ വോട്ട് പിടിക്കേണ്ട സാഹചര്യം ഇപ്പോൾ ആലത്തൂരിലില്ല. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീ സുരക്ഷ ഉയർത്തിക്കാട്ടിയും, നവോത്ഥാനത്തിന്റെ വനിതാ മതിൽ ഉൾപ്പെടെ നടത്തിയ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത്തരമൊരു സാഹചര്യം നില നിൽക്കെയാണ് ദലിത് വിഭാഗത്തിൽപ്പെട്ട തനിക്കെതിരെ ഇടത് പക്ഷ മുന്നണിയുടെ മുതിർന്ന നേതാവ് നടത്തിയ പരാമർശം തീർത്തും അപലനീയമാണെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. പട്ടികജാതി വിഭാഗത്തിൽ പെട്ട വനിതാ സ്ഥാനാര്‍ത്ഥിയാണ് താനെന്നും സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കന്ന ഇടത് മുന്നണി പ്രതിനിധിയിൽ നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചില്ല. പട്ടിക ജാതി വിഭാഗത്തിൽ നിന്ന് ഇനിയും സ്ത്രീകൾ മുന്നോട്ട് വരാനുണ്ട്. അവര്‍ക്കാര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും രമ്യ ഹരിദാസ് പറഞ്ഞു.

എനിക്കും അമ്മയുണ്ട്, അച്ഛനുണ്ട്, കുടുംബമുണ്ട്, അവരെല്ലാം അവരെല്ലാം ഇതുി കാണുന്നുണ്ട്. തന്നെ കുറിച്ച് നാട്ടിൽ അന്വേഷിക്കാമായിരുന്നു. ഞാനൊരു ജനപ്രതിനിധിയാണ്. നാട്ടിലെ ഇടത് പക്ഷ പ്രവർത്തകരോട് ചോദിക്കാമായിരുന്നു രമ്യ എങ്ങനെയാണെന്ന്, നാട്ടിൽ എങ്ങനെയാണ്, ഏത് രീതിയിലാണ് ഇത്തരത്തിൽ വളർന്ന് വന്നതെന്ന് ചോദിക്കാമായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു പരാമർശം അനുചിതമാണെ്. ആലത്തൂരിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും രമ്യ പറയുന്നു. യുഡിഎഫ് നേതാക്കളോട് ഫോണിൽ സംസാരിച്ചു. എ വിജയരാഘവനെതിരെ നിയമപരമായി പോരാടാൻ തന്നെയാണ് തീരുമാനം, രമ്യ പറയുന്നു.

ഇന്നലെയാണ് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ രമ്യ ഹരിദാസിനെതിരെ സ്ത്രീ വിരുദ്ധപരാമര്‍ശവുമായി രംഗത്തെത്തിയത്. പൊന്നാനിയിലെ തിരഞ്ഞെടുപ്പ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നോമിനേഷന്‍ കൊടുക്കാന്‍ പോയ നമ്മുടെ ആലത്തൂരിലെ സ്ഥാനാര്‍ത്ഥി ആദ്യം പാണക്കാട്ടെ തങ്ങളെ കണ്ടു. പിന്നെ പോയിട്ട് കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോട് കൂടി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്ക് പറയാന്‍ വയ്യ’ എന്നായിരുന്നു വിജയരാഘവന്റെ പരാമർശം.