നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാർ‌ നേരിട്ടത് ക്രൂരമർദ്ദനം, മരണകാരണം ആന്തരിക ക്ഷതവും, ന്യൂമോണിയയുമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

 
നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാർ‌ നേരിട്ടത് ക്രൂരമർദ്ദനം, മരണകാരണം ആന്തരിക ക്ഷതവും, ന്യൂമോണിയയുമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

സാമ്പത്തിക തട്ടിപ്പുകേസിൽ റിമാൻഡ് തടവിലിരിക്കെ മരിച്ച വാഗമൺ കോലാഹലമേട് സ്വദേശി രാജ്‍കുമാറിന് പോലീസ് കസ്റ്റഡിയിൽ നേരിട്ടത് ക്രൂരമായ പീഢനങ്ങളെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ആന്തരിക ക്ഷതങ്ങളും ഇതേ തുടർന്നുണ്ടായ ന്യൂമോണിയയുമാണ് മരണകാരണമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അന്തരികമായ മുറിവിന് കാരമം ക്രൂരമായ മർദ്ദനമാണെന്നും പരാമർശിക്കുന്നതാണ് റിപ്പോർട്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മതിയായ ആഹാരം ലഭിക്കാതെ നിരന്തര മര്‍ദ്ദനമേറ്റത് ന്യൂമോണിയയിലേക്ക് നയിച്ചേക്കാം എന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്.

രാജ്‍കുമാറിന്‍റെ ദേഹത്താകെ ഏഴ് ചതവുകളും 22 പരിക്കുകളും ഉണ്ട്. തുടയിലും കാൽവെള്ളയിലും ചതവുകളും അടിയേറ്റ പാടുകളും ദൃശ്യമാണ്. ഇതിന് പുറമെയാണ് ആന്തരികമായ ക്ഷതങ്ങൾ. രാജ്‍കുമാറിന്റെ മൂത്രസഞ്ചി കാലിയായിരുന്നു, മൂത്രസഞ്ചി വരണ്ടിരുന്നതിനാൽ നിർജലീകരണം സംഭവിച്ചിരിക്കാനുള്ള സാധ്യതയുമുണ്ടെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലുണ്ട്.

രാജ്കുമാർ ഉരുട്ടലിന് വിധേയനായെന്ന വ്യക്തമായ സൂചനകളും നൽകുന്നുണ്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടയിലും കാല്‍വെള്ളയിലും മുറിവുകളും ചതവുകളും അടക്കം 22 പരിക്കുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. 22 പരിക്കുകളിൽ 15 എണ്ണം മുറിവുകളാണ് ബാക്കിയുള്ളവ ചതവുകളും. തുടമുതല്‍ കാല്‍പാദം വരെയുള്ള ഭാഗത്ത് അസ്വാഭാവികമായ നാല് വലിയ ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിരലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഉരുട്ടല്‍ അല്ലെങ്കില്‍ ക്രൂരമായ മര്‍ദ്ദനം നടന്നെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. നാല് വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. എന്നാൽ ജീവന്‍നല്‍കാനുള്ള ഡോക്ടര്‍മാരുടെ ശ്രമത്തിന്റെ ഭാഗമാവാം വാരിയൽ പൊട്ടാലിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാൽ നാട്ടുകാർ മർദിച്ചെന്ന് പോലീസിന്റെ വാദത്തിന് വിരുദ്ധമാണ് രാജ്കുമാറിന്റെ ശരീരക്കിന്റെ പരിക്കുകൾ. നാട്ടുകാർ മർദ്ദിച്ചാൽ അരയ്ക്ക് താഴെ പരിക്കേൽക്കാനുള്ള സാധ്യത വളരെ കുറവാണെന്നും, കാൽ വെള്ളയിലുൾപ്പെടെയുള്ള പരിക്കുകൾ വിരൽ ചൂണ്ടുന്നതിതാണെന്നും റിപ്പോർട്ടുകളാണ് പറയുന്നു.

Read More: നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട അഞ്ച് ജൂണ്‍ മാസങ്ങളിലൊന്ന്; കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു കാലാവസ്ഥാ മാറ്റ ദുരന്തമോ?