'പ്രധാനമന്ത്രിയുടെ പരാമർശം ഡിസ്ലെക്സിയ ബാധിതരെ മോശക്കാരാക്കി ചിത്രീകരിക്കുന്നു'; മോദി മാപ്പുപറയണമെന്ന് ഭിന്നശേഷിക്കാരുടെ അവകാശ സംഘടന

 
'പ്രധാനമന്ത്രിയുടെ പരാമർശം ഡിസ്ലെക്സിയ ബാധിതരെ മോശക്കാരാക്കി ചിത്രീകരിക്കുന്നു'; മോദി മാപ്പുപറയണമെന്ന് ഭിന്നശേഷിക്കാരുടെ അവകാശ സംഘടന

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിക്കാന്‍ ഡിസ്ലെക്സിയ ബാധിതരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയിൽ വ്യപക പ്രതിഷേധം. പരാമർശത്തിൽ പ്രധാനമന്ത്രി മാപ്പു പറയണമെന്ന് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ നാഷണൽ ഫ്ലാറ്റ്ഫോം ഫോർ റൈറ്റ്സ് ഓഫ് ഡിസേബിൾഡ് (എൻപി ആർഡി) ആവശ്യപ്പെട്ടു. സംഘടന പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ആവശ്യം ഉന്നയിച്ചത്. ഡിസ്ലെക്സിയ ബാധിതരെ കുറിച്ച് മനസിലാക്കാതെയാണ് പ്രധാനമന്ത്രി പരാമര്‍ശം നടത്തിയത്. പരാമർശം 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിന് വിരുദ്ധമാണ്. തന്റെ പരാമര്‍ശത്തിലെ പ്രശ്നം തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും പ്രസ്താവന പറയുന്നു.

കഴിഞ്ഞദിവസം വീഡിയോ കോൺഫറൻസിലൂടെ ഐഐടി ഖൊരഗ്പൂരിലെ വിദ്യാർത്ഥികളുമായി സംവദിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർഭോചിതമല്ലാത്ത പ്രതികരണം. ഡെറാഡൂണിൽ നിന്നുള്ള ഒരു വിദ്യാർത്ഥി തന്റെ പ്രോജക്ടിനെപ്പറ്റി മോദിയോട് വിശദീകരിക്കുകയായിരുന്നു. പദാന്ധത, അഥവാ വായിക്കാനും എഴുതാനുമുള്ള പ്രയാസം (dyslexia) നേരിടുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന ഒരു ആശയത്തെക്കുറിച്ച് വിദ്യാർത്ഥി പറഞ്ഞു.

എന്നാൽ, ഇതിനോട് രാഷ്ട്രീയലക്ഷ്യം വെച്ചുള്ള ഒരു ചോദ്യമായിരുന്നു മോദിയുടെ പ്രതികരണമായി വന്നത്. 40-50 വയസ്സുള്ള ‘കുട്ടികള്‍ക്കും’ ഈ പ്രോജക്ട് കൊണ്ട് ഗുണമുണ്ടാകുമോയെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധിയെയാണ് ലക്ഷ്യം വെക്കുന്നതെന്ന് മനസ്സിലാക്കിയ സദസ്സ് പൊട്ടിച്ചിരികളോടെയായിരുന്നു ഇത് ആസ്വദിച്ചത്. വിദ്യാർത്ഥി വീണ്ടും തുടരവെ മോദി വീണ്ടും ഇടപെട്ടു. “അങ്ങനെയാണെങ്കിൽ അവരുടെ അമ്മമാർക്ക് വലിയ സന്തോഷമാകുമെ”ന്നും മോദി കൂട്ടിച്ചേർത്തു. ചടങ്ങിലെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്നത്. ഡാവിഞ്ചി, ആൽബർട്ട് ഐൻസ്റ്റീൻ തുടങ്ങിയവർക്കെല്ലാം പദാന്ധത ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയും ചിലർ രംഗത്തെത്തിയിരുന്നു.

Also Read- രാഹുൽ ഗാന്ധിയെ കളിയാക്കാൻ പ്രധാനമന്ത്രി ‘പദാന്ധത’യുള്ള കുട്ടികളെ അവഹേളിച്ചു; മോദിക്കെതിരെ വ്യാപക പ്രതിഷേധം

'പ്രധാനമന്ത്രിയുടെ പരാമർശം ഡിസ്ലെക്സിയ ബാധിതരെ മോശക്കാരാക്കി ചിത്രീകരിക്കുന്നു'; മോദി മാപ്പുപറയണമെന്ന് ഭിന്നശേഷിക്കാരുടെ അവകാശ സംഘടന