പാലോട് ആത്മഹത്യ ചെയ്തത് 45 ആദിവാസികള്‍; ഓ ശരി, അപ്പോള്‍ പള്‍സറിന്റെ മാഡം ആരാണെന്നാ പറഞ്ഞെ...

 
പാലോട് ആത്മഹത്യ ചെയ്തത് 45 ആദിവാസികള്‍; ഓ ശരി, അപ്പോള്‍ പള്‍സറിന്റെ മാഡം ആരാണെന്നാ പറഞ്ഞെ...

പാലോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2012-2017 കാലയളവില്‍ ആത്മഹത്യ ചെയ്തത് 45 ആദിവാസികള്‍. സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ആ പ്രഖ്യാപനത്തെ നമുക്ക് സ്വാഗതം ചെയ്യാം. ഇന്നലെ ലോക ആദിവാസി ദിനം കൂടിയായിരുന്നു.

ആത്മഹത്യ ചെയ്തവരില്‍ “43 പേരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരിക്കുന്നവരില്‍ ഏറെയും യുവാക്കളാണ്. വിശദമായി അന്വേഷിക്കാന്‍ പട്ടിക ജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കുമെന്ന്” മന്ത്രി ബാലന്‍ സഭയില്‍ പറഞ്ഞു. സംഭവത്തെ സര്‍ക്കാര്‍ നിസാരമായി കാണുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ഒരു സാധാരണ നിയമസഭാ റിപ്പോര്‍ട്ടിംഗിന് അപ്പുറം ഇതിന് എന്തെങ്കിലും പ്രാധാന്യമുണ്ടെന്ന് നമ്മുടെ മാധ്യമങ്ങള്‍ക്ക് തോന്നിയില്ല. ഇന്നിറങ്ങിയ ഒരു പ്രമുഖ പത്രത്തിലും ഇത് ഒന്നാം പേജില്‍ പോയിട്ട് സംസ്ഥാന പേജില്‍ പോലും ഇടം പിടിച്ചില്ല.

മാതൃഭൂമിയില്‍ പ്രതിപക്ഷ നേതാവും പട്ടികജാതി കമ്മീഷനും ഞാറനീലി സന്ദര്‍ശിച്ചതായി വാര്‍ത്തയുണ്ട്. പ്രതിപക്ഷ നേതാവിന്റെ കൂടെ മുന്‍ പട്ടികജാതി വകുപ്പ് മന്ത്രി എ.പി അനില്‍ കുമാറും സ്ഥലം എംഎല്‍എ കെ.എസ് ശബരീനാഥനും ഒക്കെ ഉണ്ടായിരുന്നു. രണ്ടു മാസത്തിനിടെ നാലു പേര്‍ ആത്മഹത്യ ചെയ്ത ഊരാണ് പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചത്.

പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് പിഎന്‍വി വിജയകുമാര്‍, അംഗം എഴുകോണ്‍ നാരായണന്‍, സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ചിത്രാകുമാരി എന്നിവരും കോളനി സന്ദര്‍ശിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

“കഴിഞ്ഞ ആഴ്ച വീണ കൃഷ്ണന്‍ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിച്ചപ്പോഴാണ് തുടര്‍ മരണങ്ങളുടെ ഞെട്ടിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്” എന്നു എ.പി അനില്‍കുമാര്‍ പറഞ്ഞു. മരണം നടന്നു എന്നു പറയുന്ന നാലു വര്‍ഷക്കാലം പട്ടിക ജാതി വകുപ്പ് മന്ത്രി ആയിരുന്നു ടിയാന്‍ എന്ന കാര്യം ലജ്ജയോടെ നമുക്കോര്‍ക്കാം.

പാലോട് ആത്മഹത്യ ചെയ്തത് 45 ആദിവാസികള്‍; ഓ ശരി, അപ്പോള്‍ പള്‍സറിന്റെ മാഡം ആരാണെന്നാ പറഞ്ഞെ...

പാലോട് പോലീസ് പറയുന്ന കണക്ക് ഇങ്ങനെയാണ്. "2012ല്‍ 40 (36 പുരുഷന്മാര്‍, നാല് സ്ത്രീകള്‍ ), 2013ല്‍ 28 (27 പുരുഷന്മാര്‍, ഒരു സ്ത്രീ) 2014ല്‍ 39 (35 പുരുഷന്മാര്‍ നാലു സ്ത്രീകള്‍) 2015ല്‍ 37 (16 പുരുഷന്മാര്‍, 21 സ്ത്രീകള്‍) 2016ല്‍ 23, ഈ വര്‍ഷം 22 പേരും ആത്മഹത്യ ചെയ്തു. ഇതില്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ മാത്രം 35 പേരുണ്ട്.” മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. “കാരണങ്ങളില്‍ കുടുംബ പ്രശ്നങ്ങള്‍, പീഡനം, ലഹരി, മാനസിക സംഘര്‍ഷം, സാമ്പത്തിക പ്രശ്നം എന്നിവയെല്ലാമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.” മനോരമ റിപ്പോര്‍ട്ട് തുടരുന്നു.

ആദിവാസിമേഖലയില്‍ പെരുകുന്ന ആത്മഹത്യകളുടെ സാമൂഹിക വശം പഠിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. നല്ല കാര്യം. പോലീസിന്റെ കണക്ക് മുന്‍ ആഭ്യന്തര മന്ത്രിയുടെ കയ്യില്‍ ഇപ്പോഴാണ് എത്തിയത് എന്നതിന് നമ്മള്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. കെപിസിസി പ്രസിഡണ്ട് ആയിരുന്ന കാലത്ത് ആദിവാസി, ദളിത് കോളനിയില്‍ കയറിയിറങ്ങി ഊണ് കഴിച്ച കക്ഷിയാണ് ചെന്നിത്തല എന്ന കാര്യം ഓര്‍മ്മിക്കാന്‍ അധികം ചരിത്രമൊന്നും ചികയേണ്ടി വരില്ല.

2015 മുതല്‍ സ്ഥലം എം.എല്‍.എയാണ് കെ എസ് ശബരീനാഥന്‍. അതിനു മുന്‍പ് അദ്ദേഹത്തിന്റെ പിതാവ് ജി. കാര്‍ത്തികേയന്‍ ആയിരുന്നു എംഎല്‍എ. മുന്‍മന്ത്രിയും സ്പീക്കറുമായിരുന്നു കാര്‍ത്തികേയന്‍. വികസനത്തിന് വേണ്ടി വേണമെങ്കില്‍ വിഴിഞ്ഞം പദ്ധതി സ്വന്തം മണ്ഡലത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജനപ്രതിനിധി. ആ ലെഗസിയുമായാണ് ശബരീനാഥന്‍ എത്തുന്നത്. 2015ല്‍ ഉപതിരഞ്ഞെടുപ്പിലൂടെ അത്ഭുത വിജയം കരസ്ഥമാക്കിയ ശബരീനാഥനുമായി മുന്‍പ് അഴിമുഖം നടത്തിയ അഭിമുകം വായിക്കുക:

ടാറ്റ ട്രസ്റ്റിലെ അനുഭവം. അദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് വായിച്ചു. അരുവിക്കരയിലും ആദിവാസി സെറ്റില്‍മെന്റുകളുണ്ട്. ജോലി ചെയ്തിരുന്നപ്പോള്‍ കിട്ടിയ അനുഭവം ഇവിടെ പ്രയോജനപ്പെടുത്താന്‍ സാധിക്കുമോ?

"ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റാണ് ടാറ്റയുടെത്. ഏതാണ്ട് അഞ്ഞൂറുകോടി രൂപ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്നു. ട്രസ്റ്റ് ഏറ്റവുമധികം ഇടപെടലുകള്‍ നടത്തുന്നത് ഇന്ത്യയില്‍ വളരെ പിന്നാക്കം നില്‍ക്കുന്ന അമ്പതോളം സ്ഥലങ്ങളിലാണ്. അവിടെ ആദിവാസിക്ഷേമത്തിനും ആരോഗ്യസംരക്ഷണത്തിനുമൊക്കെയായി നടത്തിയ പ്രവര്‍ത്തനങ്ങളിലൊക്കെ പങ്കാളിയാകാന്‍ കഴിഞ്ഞിട്ടുണ്ട്. മന്ത്രിമാര്‍ക്കും കളക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥന്മാര്‍ക്കുമെല്ലാം ഒപ്പം പ്രവര്‍ത്തിച്ചു. മുളയിലധിഷ്ഠിതമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ ആദിവാസികളെ പരിശിലീപ്പിക്കുന്നതിലായിരുന്നു ഞാന്‍ പ്രധാനമായും ഏര്‍പ്പെട്ടിരുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍, നക്‌സല്‍ ബാധിത മേഖലകളിലായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങളൊക്കെ നടത്തിയിരുന്നത്. സര്‍ക്കാരിന്റെ കൂടെ സഹായത്തോടെ പ്രാവര്‍ത്തികമാക്കിയ ആ പദ്ധതികളൊക്കെ വന്‍വിജയങ്ങളുമായിരുന്നു. അവിടെയെല്ലാം ഓരോന്നും ചെയ്യുമ്പോഴും നമ്മുടെ ബഞ്ച് മാര്‍ക്ക് കേരളമായിരുന്നു. മലയാളി എന്ന നിലയില്‍ ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളാണ്. ഇന്ത്യയെ കുറിച്ച് വായിച്ചും കേട്ടും അതുവരെയുണ്ടായിരുന്ന കാഴ്ച്ചപ്പാടുകള്‍ മാറ്റുന്നതായിരുന്നു മധ്യേന്ത്യയിലെയും തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയുമൊക്കെ ഉള്‍നാടുകളില്‍ നിന്ന് കിട്ടിയ അനുഭവങ്ങള്‍. പലതും ജീവിതത്തില്‍ പഠിക്കുന്നത് അവിടെ നിന്നാണ്. ആ എക്‌സീപിരിയന്‍സ് ഇനിയിപ്പോള്‍ എന്നെ ഏറെ സഹായിക്കും. മണ്ഡലത്തില്‍, പ്രത്യേകിച്ച് വിതുര, കുറ്റിച്ചിറ പോലുള്ള മേഖലകളില്‍ പലപ്രവര്‍ത്തനങ്ങളും ചെയ്യാന്‍ സാധിക്കും. ചില ആശയങ്ങള്‍ മനസ്സിലുണ്ട്. അതൊക്കെ ചെറുതായിട്ടാണെങ്കിലും വിത്തുപാകാം എന്ന വിശ്വാസമുണ്ട്. ആരോഗ്യരംഗത്തായാലും അതുപോലെ ടെക്‌നോളജിയുടെ കാര്യത്തിലായാലുമൊക്കെ. അതിനൊക്കെ പറ്റിയ വളക്കൂറുള്ള മണ്ണ് ഇവിടെയുണ്ട്."

പാലോട് ആത്മഹത്യ ചെയ്തത് 45 ആദിവാസികള്‍; ഓ ശരി, അപ്പോള്‍ പള്‍സറിന്റെ മാഡം ആരാണെന്നാ പറഞ്ഞെ...പഞ്ചായത്ത് പ്രസിഡന്‍റ് പി ചിത്രാകുമാരി സിപിഎമ്മിന്റെ പ്രതിനിധിയാണ്. ഇപ്പോള്‍ ആത്മഹത്യ നടന്ന ഞാറനീലിയിലും സിപിഎം പ്രതിനിധിയാണ് ജയിച്ചത്. 19 വാര്‍ഡുകളില്‍ 11ലും ജയിച്ചത് ഇടതു മുന്നണിയാണ്. കഴിഞ്ഞ ഭരണസമിതി യുഡിഎഫിന്‍റേത് ആയിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വികെ മധു പാലോട് മേഖലയെയാണ് പ്രതിനിധീകരിക്കുന്നത്. അതായത് ഇടതുപക്ഷം മുഖ്യ ശക്തിയാണ് എന്നര്‍ത്ഥം. കുടുംബശ്രീയും പ്രാദേശിക ആസൂത്രണ പദ്ധതികളും എല്ലാ മികച്ച രീതിയില്‍ നടക്കുന്നു എന്നവകാശപ്പെടുന്ന സ്ഥലമാണ് ഇവിടം എന്നാണ് ഇരു വിഭാഗത്തിലും പെട്ട രാഷ്ടീയ നേതാക്കളുടെ അവകാശ വാദം. 'ഊരില്‍ ഒരു ദിവസം' എന്ന അദാലത്ത് പരിപാടി ജില്ല കളക്ടറുടെ ആഭിമുഖ്യത്തില്‍ ഞാറനീലിയില്‍ നടന്നത് കഴിഞ്ഞ ഏപ്രില്‍ ഫൂള്‍ ദിനത്തിലാണ്.

എന്നിട്ടും ഇത്രയേറെ ആത്മഹത്യകള്‍ നടന്നു എന്നതും അത് രാഷ്ട്രീയ സമൂഹം അറിഞ്ഞില്ല എന്നതും മാധ്യമ ലോകം കണ്ടില്ല എന്നതും നമ്മുടെ സമൂഹത്തിന് കാര്യമായ കുഴപ്പം ഉണ്ട് എന്നാണ് തെളിയിക്കുന്നത്.

ഇന്നലെ ലോക ആദിവാസി ദിനമായിരുന്നു. അത്യാവശ്യം കേമമായി തന്നെ അതാഘോഷിച്ചു. ആദിവാസി ക്ഷേമ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. ആ മന്ത്രി തന്നെ അതിരപ്പിള്ളി പദ്ധതിയുമായി മുന്‍പോട്ട് പോകും എന്നു ഇന്നലെ നിയമസഭയില്‍ പറഞ്ഞു എന്നതാണു വൈരുദ്ധ്യം. അതിരപ്പിള്ളിയില്‍ കാടര്‍ വിഭാഗം അതിജീവന സമരത്തിലാണ്.

പാലോട് ആത്മഹത്യ ചെയ്തത് 45 ആദിവാസികള്‍; ഓ ശരി, അപ്പോള്‍ പള്‍സറിന്റെ മാഡം ആരാണെന്നാ പറഞ്ഞെ...

ആദിവാസി ക്ഷേമ ഫണ്ട് ആരുടെയൊക്കെയോ കീശയിലേക്ക് പോവുകയാണ് എന്നാണ് രാഷ്ട്രീയ മഹാസഭ അധ്യക്ഷ സികെ ജാനു ഇന്നലെ പറഞ്ഞത്. വിവിധ ഗോത്ര സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ ഗോത്ര സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. “ആദിവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ ഏറെ വര്‍ഷമൊന്നും വേണ്ട. സര്‍ക്കാരുകള്‍ വിചാരിച്ചാല്‍ കേവലം ഒരു വര്‍ഷം കൊണ്ട് പരിഹരിക്കാം. ആദിവാസി ക്ഷേമത്തിന് വേണ്ടി ചെലവാക്കിയ ഫണ്ട് പരിശോധിച്ചാല്‍ കുടുംബത്തിന് വേണ്ടി രണ്ട് കോടി രൂപ ചെലവാക്കിയിട്ടുണ്ട്.” ജാനു പറഞ്ഞു. സികെ ജാനുവിന്റെ പാര്‍ട്ടി ഇപ്പോള്‍ ബിജെപിയുടെ കൂടെയാണ്.

പാലോട് ആത്മഹത്യ ചെയ്തത് 45 ആദിവാസികള്‍; ഓ ശരി, അപ്പോള്‍ പള്‍സറിന്റെ മാഡം ആരാണെന്നാ പറഞ്ഞെ...

ജാനുവിന്റെ ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിച്ചു പലതവണ കേരളത്തില്‍ എത്തിയിട്ടുള്ള മേധാ പട്ക്കര്‍ ഇപ്പോള്‍ മധ്യപ്രദേശ് ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കസ്റ്റഡിയില്‍ ആണ്. ദാര്‍ ജയിലിലാണ് ഇപ്പോള്‍ അവര്‍ ഉള്ളത്. സര്‍ദാര്‍ സരോവര്‍ പദ്ധതി കാരണം തങ്ങളുടെ ആവാസ വ്യവസ്ഥയില്‍നിന്നും കൂടി ഒഴിക്കപ്പെടുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയാണ് മേധ സമരം ചെയ്യുന്നത്. ആദിവാസി ദിനത്തില്‍ മേധ അറസ്റ്റ് ചെയ്യപ്പെട്ടു എന്നത് സമരങ്ങളോട് രാജി പ്രഖ്യാപിച്ച സികെ ജാനുവിന് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

ഇനി ഞാറനീലിയിലേക്ക്. ഞാറനീലി സന്ദര്‍ശിക്കുമെന്ന് പട്ടികജാതി, പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചതാണ് ഒടുവിലത്തെ വാര്‍ത്ത. മന്ത്രി കാര്യങ്ങളുടെ നിജസ്ഥിതി കണ്ടു മനസിലാക്കുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കും എന്നു പ്രതീക്ഷിക്കാം.

ഒക്കെ ശരി, അപ്പോള്‍ പള്‍സര്‍ സുനി വെളിപ്പെടുത്തിയ മാഡം ആരാണെന്നാണ് പറഞ്ഞത്?