തോമസ് ഐസക്കിനെ കൊല്ലാൻ വന്നവർ ലക്ഷദ്വീപുകാരനെ കൊന്നതെന്തിന്: അന്ന് നടന്നതെന്തെന്ന് സൈമൺ ബ്രിട്ടോ വിശദീകരിച്ചപ്പോൾ

 
തോമസ് ഐസക്കിനെ കൊല്ലാൻ വന്നവർ ലക്ഷദ്വീപുകാരനെ കൊന്നതെന്തിന്: അന്ന് നടന്നതെന്തെന്ന് സൈമൺ ബ്രിട്ടോ വിശദീകരിച്ചപ്പോൾ

1973ലാണ് ലക്ഷദ്വീപുകാരനായ മുത്തുക്കോയ മഹാരാജാസ് കോളജിൽ വെച്ച് കൊല ചെയ്യപ്പെടുന്നത്. ഇദ്ദേഹം മഹാരാജാസിലെ ന്യൂ ഹോസ്റ്റലിൽ താമസിക്കുന്ന തന്റെയൊരു ബന്ധുവിനെ കാണാനെത്തിയതായിരുന്നു. ഹോസ്റ്റലിൽ നിന്നും ഇറങ്ങി വന്ന മുത്തുക്കോയയെ ഹോസ്പിറ്റൽ റോഡിലെ തേജസ് ക്ലിനിക്കിനു മുന്നിൽ വെച്ച് കെഎസ്‌യുക്കാർ കുത്തിക്കൊന്നു. ഈ സംഭവത്തിനു പിന്നിലെ കാരണങ്ങൾ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സൈമൺ ബ്രിട്ടോ വിവരിക്കുകയുണ്ടായി.

1973-74 കാലത്ത് വിദ്യാര്‍ത്ഥി യൂണിയന്‍ കെ.എസ്.യുവില്‍നിന്ന് പിടിച്ചെടുത്തതോടെയാണ് തോമസ് ഐസക്കിനെ കൊലപ്പെടുത്തണമെന്ന തീരുമാനം അവരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. കൊച്ചി തുറമുഖ മേഖലയിലെ സിടിടിയു എന്ന സംഘടന എസ്എഫ്ഐ, സിപിഎം അംഗങ്ങളെ തുടർച്ചയായി ആക്രമിക്കാറുണ്ടാണ്ടായിരുന്നു. പോളി എന്ന കുപ്രസിദ്ധ ഗുണ്ടയെ ഉപയോഗിച്ചായിരുന്നു ഇതെല്ലാം. ഒരിക്കൽ ഭിന്നശേഷിക്കാരനായ ആൽബി എന്ന സഖാവ് പോളിയെ ഒരു വോളിബോൾ മത്സരം നടക്കുന്നിടത്തു വെച്ച് വെല്ലുവിളിക്കുകയും തിരിച്ചടിക്കുകയും ചെയ്തു. കത്തിയുമായി ഗാലറിയിൽ നിന്ന ആൽബിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പോളിയെപ്പോലൊരു ഗുണ്ടയെ ചോദ്യം ചെയ്തത് പൊലീസിന് ഇഷ്ടപ്പെട്ടു. അടുത്ത ദിവസം ആൽബിയെ കോടതിയിൽ ഹാജരാക്കുമ്പോൾ ഗുണ്ടകൾ വളഞ്ഞു. എന്നാൽ മട്ടാഞ്ചേരിയിലെ സഖാക്കൾ അവരെ രക്ഷിച്ചു കൊണ്ടുവന്നു.

ഇതിന്റെ തുടർച്ചയായാണ് തോമസ് ഐസക്കിനെ കൊലപ്പെടുത്താൻ ഗുണ്ടകളെത്തിയത്. അക്രമം ഭയന്ന് എസ്എഫ്ഐ വിദ്യാർത്ഥികൾ കോളജ് ഹോസ്റ്റൽ വിട്ടിരുന്നു. ഗുണ്ടകളിൽ നിന്ന് രക്ഷപ്പെടാൻ തോമസ് ഐസക്ക് ഹോസ്റ്റലിന്റെ ടെറസ്സിലാണ് കിടന്നിരുന്നത്. ഐസക് വായിച്ചു കിടന്ന് ഉറങ്ങിപ്പോയി. ഉറക്കത്തിൽ കണ്ണാടി ഊർന്നുവീണു. അത് തലയ്ക്കടിയിൽ പെട്ട് പൊട്ടി.

അടുത്ത ദിവസം ഒറു കാറിൽ നിറയെ ഗുണ്ടകൾ ആയുധങ്ങളുമായി എത്തി. തോമസ് ഐസക്കിനെ അവർ മുമ്പ് കണ്ടിട്ടില്ലായിരുന്നു. 'കണ്ണട വെച്ച് മുടി വളർത്തിയയാൾ' എന്നായിരുന്നു അവർക്ക് ലഭിച്ചിരുന്ന അടയാളം. കാർ കണ്ടപ്പോൾ ഐസക്ക് അകത്തേക്ക് നോക്കി. ആയുധങ്ങൾ കിടക്കുന്നത് കണ്ടതോടെ ഐസക് പതുക്കെ സ്ഥലത്തു നിന്നും മാറുകയും ചെയ്തു. കണ്ണടയില്ലാത്തതിനാൽ ഐസക്കിനെ അവർക്ക് മനസ്സിലായില്ല. ഈ സമയത്താണ് കണ്ണടയും ജുബ്ബയും ധരിച്ച മുത്തുക്കോയ ഹോസ്റ്റലിൽ നിന്ന് ഇറങ്ങി വരുന്നത്. അവർ ഐസക്കാണെന്ന ധാരണയിൽ മുത്തുക്കോയയെ കൊലപ്പെടുത്തി.

ഈ കേസിൽ കോൺഗ്രസ്സ് പ്രവർത്തകരായ പ്രതികളെ കോടതി വെറുതെവിട്ടു. ഇവരെല്ലാം ഇപ്പോഴും കൊച്ചിയിൽ പൂർണ ആരോഗ്യത്തോടെ ജീവിക്കുന്നുണ്ടെന്ന് അന്ന് ഐസക്കിന്റെ കൂടെയുണ്ടായിരുന്ന എഴുത്തുകാരൻ എസ് രമേശൻ പറയുന്നു. മുഖ്യപ്രതി ഇപ്പോൾ കടുത്ത ദൈവവിശ്വാസിയായി മാറിയിരിക്കുന്നു.