തിരുവനന്തപുരത്ത് നിന്നും ഇനിയും ലോഡ് പോകും; ദുരിതത്തില്‍ പെട്ട മനുഷ്യര്‍ക്കായി മാത്രമല്ല, മിണ്ടാപ്രാണികള്‍ക്ക് വേണ്ടിയും

 
തിരുവനന്തപുരത്ത് നിന്നും ഇനിയും ലോഡ് പോകും; ദുരിതത്തില്‍ പെട്ട മനുഷ്യര്‍ക്കായി മാത്രമല്ല, മിണ്ടാപ്രാണികള്‍ക്ക് വേണ്ടിയും

വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചു മണി കഴിഞ്ഞാല്‍ നഗരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ ദുരിതാശ്വാസ കൗണ്ടറുകളും നിശാഗന്ധി ഓഡിറ്റേറിയത്തിലേക്ക് മാറ്റും

തിരുവനന്തപുരം നഗരസഭയില്‍ നിന്നും പ്രളയയദുരിതാശ്വാസ സാധനങ്ങളുമായി അമ്ബത്തിനാല് ലോഡ് പോയിക്കഴിഞ്ഞിരിക്കുന്നു. നഗരസഭ ഓഫീസ് പരിസരത്തെ ദുരിതാശ്വാസ കൗണ്ടറുകളിലേക്ക് ഇന്നും അവശ്യസാധനങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടേയിരിക്കുന്നു. ഇതിനിടയിലാണ് മേയര്‍ വി കെ പ്രശാന്തിന്റെ പുതിയൊരു അഭ്യര്‍ത്ഥന. ഇതുവരെ പോയത് മനുഷ്യര്‍ക്കാവശ്യമായവയായിരുന്നെങ്കില്‍ ഇനി നമ്മള്‍ സഹായിക്കേണ്ടത് മിണ്ടാപ്രാണികളെയാണെന്ന് മേയര്‍ എല്ലാവരോടും ആവിശ്യപ്പെടുന്നത്.

വയനാട്ടില്‍ നിന്നും നഗരസഭയിലേക്ക് ബന്ധപ്പെടുന്നവര്‍ ഇത്തരത്തില്‍ കൂടി തങ്ങളെ സഹായിക്കുമോയെന്നു ചോദിക്കുകയാണെന്നാണ് മേയര്‍ പറയുന്നത്. പ്രളയബാധിത പ്രദേശങ്ങളിലെ മനുഷ്യരില്‍ ഭൂരിഭാഗവും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നവരാണ്. കന്നുകാലികള്‍ അവരുടെ ജീവിതത്തിന്റെ ഭാഗവുമാണ്. അവയില്ലാതെ തങ്ങള്‍ക്ക് ഒറ്റയ്ക്കു ജീവിതവുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന വാസ്തവമാണ് തിരുവനന്തപുരം മേയര്‍ക്ക് മുന്നില്‍ അവര്‍ വ്യക്തമാക്കിയത്. കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളും പ്രളയ ദുരന്തത്തില്‍ അകപ്പെട്ടിരിക്കുകയാണ്. അവയ്ക്കാവശ്യമായ ആഹാരങ്ങളും മറ്റും കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ കിട്ടുന്ന വിലയ്ക്ക് കന്നുകാലികളെ ഉള്‍പ്പെടെ വില്‍ക്കേണ്ടൊരു സാഹചര്യം മുന്നില്‍ വന്നു നില്‍ക്കുകയാണ്. പലരും തുച്ഛമായ വിലപറഞ്ഞ് കച്ചവടത്തിനായി തങ്ങളെ സമീപിക്കുന്നുണ്ടെന്നും ദുരിതബാധിതര്‍ മേയര്‍ വി കെ പ്രശാന്തിനെ അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ കന്നുകാലികളെ വില്‍ക്കേണ്ടി വന്നാല്‍ നാളെ തങ്ങള്‍ക്ക് നിത്യവൃത്തിക്കുപോലും വഴിയില്ലാതായി പോകുമെന്നുമുള്ള വേദന അവര്‍ പങ്കുവയ്ക്കുന്നു. അതുകൊണ്ട് തങ്ങളുടെ കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള മിണ്ടാപ്രാണികളുടെ കര്യം കൂടി പരിഗണിക്കണമെന്നാണ് തിരുവനന്തപുരം നഗരസഭയോട് വയനാട്ടില്‍ നിന്നും നിലമ്ബൂരില്‍ നിന്നുമൊക്കെയുള്ളവര്‍ അപേക്ഷിക്കുന്നത്. ഭക്ഷണവും വസ്ത്രങ്ങളും ഉള്‍പ്പെടെ, മനുഷ്യരുടെ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള സഹായങ്ങള്‍ തിരുവനന്തപുരം നഗരസഭയില്‍ നിന്ന് ഉള്‍പ്പെടെ ലഭിച്ചുകൊണ്ടിരിക്കുന്നതിന്റെ നന്ദി പറയുന്നതിനൊപ്പമാണ് മിണ്ടാപ്രാണികളെ കൂടി സഹായിക്കണേയെന്നൊരു ജനത ആവിശ്യപ്പെടുന്നത്.

ആ ആവശ്യം നമ്മള്‍ നിറവേറ്റി കൊടുക്കണമെന്നാണ് വി കെ പ്രശാന്ത് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നത്. നഗരസഭയിലെ പ്രളയ ദുരിതാശ്വാസ കൗണ്ടറിലേക്ക് സാധാനങ്ങള്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള മിണ്ടാപ്രാണികള്‍ക്കു കൂടി വേണ്ടിയുള്ള അഹാരസാധനങ്ങളും മറ്റും എത്തിച്ചു നല്‍കാന്‍ തയ്യാറാകണമെന്നാണ് പ്രശാന്തിന്റെ അഭ്യര്‍ത്ഥന.

തിരുവനന്തപുരം നഗരസഭയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രളയ ദുരിതാശ്വാസ കൗണ്ടര്‍ വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും മേയര്‍ വി കെ പ്രശാന്ത് അറിയിച്ചു. അതു കഴിഞ്ഞാല്‍ നഗരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ ദുരിതാശ്വാസ കൗണ്ടറുകളും നിശാഗന്ധി ഓഡിറ്റേറിയത്തിലേക്ക് മാറ്റും. 20 വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അവിടേക്ക് മൃഗങ്ങള്‍ക്കും കൂടിയുള്ള അവശ്യസാധനങ്ങള്‍ എത്തിക്കണമെന്നാണ് പ്രശാന്ത് ജനങ്ങളോടായി പറയുന്നത്.