അരൂര്‍; വിജയങ്ങളേക്കാള്‍ പരാജയങ്ങള്‍ ശ്രദ്ധേയമാക്കിയ മണ്ഡലം

 
അരൂര്‍; വിജയങ്ങളേക്കാള്‍ പരാജയങ്ങള്‍ ശ്രദ്ധേയമാക്കിയ മണ്ഡലം

വിജയങ്ങളേക്കാള്‍ പ്രഗത്ഭരുടെ പരാജയങ്ങളിലൂടെ അറിയപ്പെടുന്ന നിയോജക മണ്ഡലം. പുന്നപ്ര വയലാര്‍ സമരത്തിന്റെ മുന്നണി നേതാക്കളില്‍ പ്രമുഖനും തന്റെ രാഷ്ട്രീയ മുന്‍ഗാമിയുമായ സി.ജി സദാശിവനെ കെ.ആര്‍. ഗൗരി രണ്ടു തവണ പരാജയപ്പെടുത്തിയ ഇടം. അതേ ഗൗരിയമ്മയ്ക്ക് ഇളംമുറക്കാരനായ എ.എം ആരിഫിനു മുന്നില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന മണ്ഡലം. കേരളത്തിലെ ഏറ്റവും വാശിയേറിയ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലൊന്നായ അരൂരിന് ഇത്തരത്തിലുള്ള സവിശേഷതകള്‍ ഏറെ.

'പൂതനാ'വിവാദം തുടങ്ങി ഒട്ടേറെ വാര്‍ത്തകളും വിശേഷങ്ങളുമായി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന അരൂര്‍, കുലപതികള്‍ക്ക് കാലിടറിപ്പോയ മണ്ഡലമാണ്. വിശേഷിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം. സി.ജി സദാശിവനെന്ന തന്റെ രാഷ്ട്രീയ ഗുരുനാഥനെ നാലാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് അരൂരില്‍ ആധിപത്യം തുടങ്ങിയ ഗൗരിയമ്മ സിപിഐ നേതാവായിരുന്ന പി.എസ് ശ്രീനിവാസനില്‍ നിന്നും പിന്നീട് ഇളംമുറക്കാരനായ എ.എം ആരിഫില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയതടക്കം ഏറെ ശ്രദ്ധേയമായ മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട് അരൂര്‍. വിപ്ലവവീര്യം നിന്നു തിളയ്ക്കുന്ന ഈ മണ്ഡലത്തെ ആദ്യകേരള സഭയില്‍ പ്രതിനിധാനം ചെയ്തത് കോണ്‍ഗ്രസായിരുന്നുവെന്നതും ശ്രദ്ധേയം.

വലതുപക്ഷ രാഷ്ട്രീയ സഖ്യങ്ങളിലേക്കും സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിലേക്കും പോയെങ്കിലും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തേയും വീരാംഗനയായി വിശേഷിപ്പിക്കപ്പെടുന്ന കെ.ആര്‍ ഗൗരിയെന്ന മലയാളികളുടെ ഗൗരിയമ്മയുടെ തട്ടകമാണ് അരൂര്‍.

ഗൗരിയമ്മയെ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടയാക്കുന്നതില്‍ പ്രധാനിയായ സി.ജി സദാശിവനെ മൂന്നാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലാമനാക്കിക്കൊണ്ടാണ് അവരവിടെ നിന്നും ജൈത്രയാത്ര തുടങ്ങിയത്. 1970ല്‍ അഞ്ചാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും സി.ജി സദാശിവനെ ഗൗരിയമ്മ അരൂരില്‍ പരാജയപ്പെടുത്തി. ഗൗരിയമ്മയ്ക്ക് 34,095 വോട്ടുകളും സി.ജി സദാശിവന് 28,868 വോട്ടുകളും ലഭിച്ചു. 65ല്‍ നാലാം സ്ഥാനത്ത് ആയിരുന്ന സി.ജി. അക്കുറി രണ്ടാം സ്ഥാനത്തേക്ക് എത്തി. പക്ഷെ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ സിപിഐയിലെ പി.എസ് ശ്രീനിവാസനില്‍ നിന്നും ഗൗരിയമ്മ പരാജയം ഏറ്റുവാങ്ങി. പി.എസ് ശ്രീനിവാസന്‍ 39,643 വോട്ടുകളും കെ.ആര്‍ ഗൗരി 30,048 വോട്ടുകളും നേടി.1977ല്‍ പി.എസ്. ശ്രീനിവാസന്റെ പക്കല്‍ നിന്നും പരാജയം ഏറ്റുവാങ്ങിയതിനുശേഷം 2006-ല്‍ എ.എം ആരിഫിന്റെ മുന്നില്‍ അടിപതറുന്നതുവരെ ഗൗരിയമ്മയുടെ സ്വന്തം മണ്ഡലമായി അരൂര്‍ അറിയപ്പെട്ടു. ദീര്‍ഘനാളായി ആലപ്പുഴ ചാത്തനാട്ട് താമസിക്കുന്ന കളത്തിപ്പറമ്ബില്‍ രാമന്‍ ഗൗരി എന്ന ഗൗരിയമ്മയുടെ തറവാട് വീടിരിക്കുന്നതും അരൂര്‍ മണ്ഡലത്തില്‍ തന്നെയാണ്.

ഗൗരിയമ്മയുടെ ആത്മകഥയില്‍ ഏറെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള നേതാവാണ് സി.ജി സദാശിവന്‍. തന്റെ സഹോദരനൊപ്പം സി.ജി സദാശിവന്‍ വീട്ടില്‍ നിരന്തരം എത്തിയിരുന്നതും താനടക്കമുള്ള കുട്ടികളുമായി രാഷ്ട്രീയകാര്യങ്ങള്‍ സംസാരിക്കുകയും രാഷ്ട്രീയത്തില്‍ തത്പരയാക്കാനുള്ള ശ്രമം നടത്തിയിരുന്നതുമൊക്കെ ഗൗരിയമ്മ സുദീര്‍ഘം വിവരിച്ചിട്ടുണ്ട്. താന്‍ ആദ്യകാലത്ത് നേരിട്ട് കണ്ടിട്ടുള്ള വലിയ മൂന്ന് നേതാക്കളില്‍ ഒരാള്‍ എന്നും അവര്‍ സി.ജി സദാശിവനെ കുറിച്ച്‌ വിശേഷിപ്പിച്ചിട്ടുണ്ട്. സഹോദരനെ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനാക്കിക്കൊണ്ടുപോയ സി.ജി വീട്ടിലെത്തുന്നത് ഗൗരിയമ്മയുടെ പിതാവിന് ഇഷ്ടക്കേടുണ്ടാക്കിയിരുന്നു. ഒരാളെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായി നല്‍കി. കൂടുതല്‍ പേരെ അവിടെ നിന്നും തരാനില്ല. ഈ നിലപാടായിരുന്നു ഗൗരിയമ്മയുടെ പിതാവിന്. ഇതൊക്കെയാണെങ്കിലും ഗൗരിയമ്മയുടെ വീട്ടില്‍ സി.ജി സദാശിവന്‍ പലവട്ടം ഒളിവില്‍ കഴിഞ്ഞിരുന്നു. ഇത്തരത്തില്‍ വലിയ അടുപ്പമുണ്ടായിരുന്ന ഒരു മുതിര്‍ന്ന നേതാവിനെയാണ് ഗൗരിയമ്മ 1965ലും 70ലും അരൂരില്‍ പരാജയപ്പെടുത്തിയത്.

65-ലായിരുന്നു അരൂരിലെ അവരുടെ ആദ്യമത്സരം.കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിനുശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പായിരുന്നു അത്. ഗൗരിയമ്മ സിപിഎമ്മിനൊപ്പവും ഭര്‍ത്താവ് ടി.വി തോമസും സി.ജി സദാശിവനും പോലുള്ള പ്രഗത്ഭര്‍ ഒക്കെ സിപിഐക്കൊപ്പവും നിലകൊള്ളുകയായിരുന്നു. അക്കുറി കെ.ആര്‍ ഗൗരി 19,426 വോട്ടുകള്‍ നേടി അരൂരില്‍ നിന്നും വിജയിച്ചു. തൊട്ടടുത്ത എതിരാളി കോണ്‍ഗ്രസിലെ ദേവകി കൃഷ്ണന്‍ 14,843 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മാതാവാണ് ദേവകി കൃഷ്ണന്‍. അവിഭക്ത കമ്യൂണിസ്‌ററ് പാര്‍ട്ടിയില്‍ കെ.ആര്‍. ഗൗരിയും സി.ജി സദാശിവനും ദേവകി കൃഷ്ണനുമൊക്കെ സഖാക്കളായിരുന്നു. പിന്നീടാണ് ദേവകി കൃഷ്ണന്‍ കോണ്‍ഗ്രസിലേക്ക് എത്തിയത്. സി.ജി സദാശിവന് 6544 വോട്ടുകളോടെ നാലാം സ്ഥാനം കൊണ്ടു തൃപ്തനാകേണ്ടി വന്നു. 10,183 വോട്ടുകള്‍ നേടിയ കേരള കോണ്‍ഗ്രസിലെ ഭാസ്‌കരന്‍ പിള്ളയായിരുന്നു മൂന്നാം സ്ഥാനത്ത്. 1970-ല്‍ ഗൗരിയമ്മയുമായി അരൂരില്‍ മത്സരിച്ച്‌ പരാജയപ്പെട്ടതിനുശേഷം സി.ജി. സദാശിവന്‍ നിയമസഭയിലേക്ക് മത്സരിച്ചില്ല.

1957ല്‍ ഗൗരിയമ്മ നിയമസഭയിലെത്തിയത് അരൂരില്‍ നിന്നുമായിരുന്നില്ല. തൊട്ടടുത്ത ചേര്‍ത്തല മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അവര്‍ സഭയിലെത്തിയതും കൃഷിമന്ത്രിയായതും. വ്യവസായ മന്ത്രിയായിരുന്ന ടി.വി.തോമസിന്റെ ജീവിത സഖിയായി തീരുന്നതും അക്കാലത്ത് തന്നെ.

57-ല്‍ അരൂരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ പി.എസ് കാര്‍ത്തികേയന്‍ 23,956 വോട്ടുകള്‍ നേടി വിജയിച്ചു. തൊട്ടടുത്ത എതിരാളി സ്വതന്ത്രനായി മത്സരിച്ച അവിരാ തരകന് 22,296 വോട്ടുകളും ലഭിച്ചു. 1957ലും 60ലും കെ.ആര്‍. ഗൗരി ചേര്‍ത്തലയില്‍ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 57ല്‍ കോണ്‍ഗ്രസിലെ എ.സുബ്രഹ്മണ്യം പിള്ളയെ 3,332 വോട്ടുകള്‍ക്കുപരാജയപ്പെടുത്തിയാണവര്‍ സഭയിലെത്തിയത്. സി.ജി സദാശിവന്‍ തൊട്ടടുത്ത മാരാരിക്കുളം മണ്ഡലത്തില്‍ നിന്നും ടി. വി. തോമസ് ആലപ്പുഴയില്‍ നിന്നും അക്കുറി സിപിഐ പ്രതിനിധികളായി സഭയിലെത്തി. 60ലും ചേര്‍ത്തലയില്‍ നിന്നു തന്നെ ഗൗരിയമ്മ സഭയിലെത്തി. പഴയ എതിരാളിയായ സുബ്രഹ്മണ്യം പിള്ളയെ 1566 വോട്ടുകള്‍ക്കാണ് അക്കുറി അവര്‍ പരാജയപ്പെടുത്തിയത്. അക്കുറി സി.ജി സദാശിവന്‍ അരൂരില്‍ പി.എസ്. കാര്‍ത്തികേയനോടും ടി.വി. തോമസ് ആലപ്പുഴയില്‍ എ. നഫീസത്ത് ബീവിയോടും പരാജയം ഏറ്റുവാങ്ങി.

1994ല്‍ സിപിഎമ്മില്‍ നിന്നും പുറത്തായ ഗൗരിയമ്മ ജെഎസ്‌എസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച്‌ യുഡിഎഫ് സഖ്യത്തിന്റെ ഭാഗമായി. 1996-ലും 2001-ലും മണ്ഡലം തന്റെ പിടിയില്‍ നിലനിര്‍ത്തി. പക്ഷെ, 2006-ല്‍ അവര്‍ക്ക്, തുടക്കക്കാരനായ സിപിഎമ്മിലെ എ.എം. ആരിഫിനു മുന്നില്‍ പിടിച്ച്‌ നില്‍ക്കാനായില്ല. 4753 വോട്ടുകള്‍ക്ക് ഗൗരിയമ്മ അവിടെ പരാജയപ്പെട്ടു. ഗൗരിയമ്മ സി.ജി. സദാശിവനെ 1965ല്‍ പരാജയപ്പെടുത്തിയതുപോലെ ആരിഫ് ഗൗരിയമ്മയേയും പരാജയപ്പെടുത്തി. സ്വന്തം പാര്‍ട്ടിയില്‍ കണ്‍മുന്നില്‍ വളര്‍ന്നുവന്നയാളില്‍ നിന്നേറ്റ പരാജയം നേരത്തെ പി.എസ്. ശ്രീനിവാസനില്‍ നിന്നും ഏല്‍ക്കേണ്ടിവന്ന പരാജയത്തിലും വലിയ ആഘാതമാണ് അവര്‍ക്ക് നല്‍കിയത്. ആരിഫാകട്ടെ, ജയന്റ് കില്ലറിന്റെ വിതാനത്തിലേക്ക് വളര്‍ന്നു. മണ്ഡലത്തിലെ ആധിപത്യം എ.എം. ആരിഫും തുടര്‍ന്നു പോരുന്നതിനിടെയാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് മത്സരിച്ച്‌ വിജയിച്ചതും അരൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും.

2006 മുതല്‍ സിപിഎം നിലനിര്‍ത്തുന്ന ഈ മണ്ഡലത്തില്‍ 38,519 ആയിരുന്നു കഴിഞ്ഞ തവണ ആരിഫിന്റെ ഭൂരിപക്ഷം. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മറ്റു മണ്ഡലങ്ങളില്‍ പിന്നില്‍ പോയിട്ടും അരൂരില്‍ 648 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന്‍ ഇത്തവണ മത്സരിക്കുന്നത്. എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെക്കെത്തിയ മനു സി. പുളിക്കലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിഡിജെഎസ് പിന്മാറിയതോടെ സീറ്റ് ഏറ്റെടുത്ത ബിജെപി യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബുവിനെയാണ് ഇവിടെ മത്സരത്തിനിറക്കിയിരിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)