ഇതോടെ കേരളാ കോണ്‍ഗ്രസ് മുച്ചൂടും മുടിഞ്ഞു എന്നു പറയാന്‍ പറ്റുമോ?

 
ഇതോടെ കേരളാ കോണ്‍ഗ്രസ് മുച്ചൂടും മുടിഞ്ഞു എന്നു പറയാന്‍ പറ്റുമോ?

കെ എം മാണിയില്ലാത്ത പാലാ അടുത്ത ഒന്നര വര്‍ഷത്തേക്കെങ്കിലും മാണി സി കാപ്പന് സ്വന്തം. മണ്ഡലം രൂപീകൃതമായ 1965 മുതല്‍ തുടര്‍ച്ചയായി 54 വര്‍ഷം പാലായെ പ്രതിനിധീകരിച്ച കെ എം മാണിയുടെ മാത്രമല്ല അദ്ദേഹത്തിന്റെ കരിംകോഴക്കല്‍ കുടുംബത്തിന്റെ കൂടി വിശ്വസ്തന്‍ എന്ന ലേബലുമായി കേരള കോണ്‍ഗ്രസിനും യു ഡി എഫിനും വേണ്ടി മണ്ഡലം നിലനിര്‍ത്താന്‍ വേണ്ടി ഉപ തിരെഞ്ഞെടുപ്പ് ഗോദയിലെത്തിയ ജോസ് ടോം പുലിക്കുന്നേലിനെ മലര്‍ത്തിയടിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍സിപി നേതാവ് മാണി സി കാപ്പന്‍ പാലാ പിടിച്ചെടുത്തിരിക്കുന്നത്. പാലായില്‍ പരാജയപ്പെട്ടത് ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥിയാണെങ്കിലും ഈ തോല്‍വിയെ കേവലം ജോസ് കെ മാണി വിഭാഗം കേരളാ കോണ്‍ഗ്രസിന്റെ മാത്രം പരാജയമായി കാണാന്‍ ആവില്ല. പ്രത്യേകിച്ചും പതിവ് തെറ്റിച്ചു ഇക്കുറി കേരളാ കോണ്‍ഗ്രസിന്റെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതും കോണ്‍ഗ്രസ് നേതൃത്വം ആയിരുന്നതിനാല്‍ തോല്‍വിയുടെ പാതി ഉത്തരവാദിത്വം ആ പാര്‍ട്ടിക്ക് കൂടിയാണ്. മണ്ഡലത്തിലെ അടിയൊഴുക്കുകള്‍ കാണാന്‍ ജോസ് കെ മാണിക്കോ കോണ്‍ഗ്രസ് നേതാക്കള്‍ക്കോ കഴിഞ്ഞില്ല എന്ന് തന്നെ വേണം വിലയിരുത്താന്‍. അതേസമയം ലോക്സഭ തിരെഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ എല്‍ ഡി എഫിനെ സംബന്ധിച്ചിടത്തോളം പാലായിലെ ഈ ഉപതിരഞ്ഞെടുപ്പ് വലിയ ഊര്‍ജം പകരും. പ്രത്യേകിച്ചും പാലാക്ക് തൊട്ടു പിന്നാലെ വരുന്ന മാസം 21നു അഞ്ചു ഉപതെരെഞ്ഞെടുപ്പുകള്‍ കൂടി നടക്കാനിരിക്കുന്നതിനാല്‍. അതോടൊപ്പം തന്നെ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിലെ രാഷ്ട്രീയ കാലാവസ്ഥയല്ല ഇപ്പോള്‍ നിലവിലുള്ളതെന്ന് കരുതാന്‍ പ്രേരിപ്പിക്കുന്ന ഒന്നുകൂടിയാണ് പാലായിലെ മാണി സി കാപ്പന്റെ ചരിത്ര വിജയം.

പൊടുന്നനെ ഉണ്ടായ പാലായുടെ ഈ രാഷ്ട്രീയ നിറം മാറ്റത്തിന് കാരണങ്ങള്‍ പലതുണ്ടെങ്കിലും പ്രധാന ഘടകം കേരളാ കോണ്‍ഗ്രസിലെ അനൈക്യവും വോട്ടര്‍മാര്‍ക്കിടയില്‍ അത് ആ പാര്‍ട്ടിയോടുണ്ടാക്കിയ വെറുപ്പും തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. മാണിയുടെ മരണത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസില്‍ ഉടലെടുത്ത പദവി തര്‍ക്കം സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ രൂക്ഷമാവുകയും അതിന്റെ അലയടികള്‍ ഒടുവില്‍ വോട്ടെടുപ്പ് ദിനത്തില്‍ വരെ പ്രതിധ്വനിക്കുകയും ചെയ്തപ്പോഴും കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് നിര്‍ണയിക്കുന്നതില്‍ ജോസ് കെ മാണി വിഭാഗവും അയാള്‍ക്കൊപ്പം പാറപോലെ ഉറച്ചു നിന്ന കോണ്‍ഗ്രസ് നേതൃത്വവും പരാജയപ്പെട്ടു എന്നതിന്റെ കൂടി തെളിവാണ് വോട്ടെണ്ണുന്നതിനു തൊട്ടു മുന്‍പുപോലും അവര്‍ പ്രകടിപ്പിച്ച വലിയ വിജയ പ്രതീക്ഷ. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ടാണ് കാപ്പന്‍ പാലായില്‍ അട്ടിമറി വിജയം നേടിയിരിക്കുന്നത്. കേവലം 2943 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിനാണെങ്കിലും കാപ്പന്റെ വിജത്തിന് തിളക്കമേറെയാണ്. അന്തരിച്ച കെ എം മാണിയെ ചിഹ്നമായി അവതരിപ്പിച്ചുകൊണ്ടാണ് യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് ടോമും യു ഡി എഫും വോട്ടു തേടിയതെങ്കിലും പാലായിലെ വോട്ടര്‍മാര്‍ ജീവനുള്ള മറ്റൊരു മാണിയെ തന്നെ വിജയിപ്പിച്ചു എന്നത് ഏറെ കൗതുകം ഉയര്‍ത്തുന്ന ഒന്നാണ്.

പാലായിലെ ഈ പരാജയത്തോടുകൂടി കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രസക്തി നഷ്ടമായി എന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ ഇതോടെ ആ പാര്‍ട്ടി മുച്ചൂടും മുടിഞ്ഞു എന്നൊന്നും പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ് കേരളാ കോണ്‍ഗ്രസിലെ തമ്മിലടി കൂടുതല്‍ രൂക്ഷമാവുകയും അത് അനിവാര്യമായ മറ്റൊരു പിളര്‍പ്പിലേക്ക് നയിക്കുകയും ചെയ്‌തേക്കാം. ഇക്കാര്യം ഏതാണ്ട് ശരിവെക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ കാപ്പന്‍ ലീഡ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇരു വിഭാഗത്തിന്റെയും ചില നേതാക്കളില്‍ നിന്നും ഉണ്ടായ പ്രതികരണം സൂചിപ്പിക്കുന്നത്. ജോസ് കെ മാണിയുടെ ആളുകള്‍ വോട്ടു മറിച്ചിട്ടുണ്ടാകാം എന്ന് പി ജെ ജോസഫ് പ്രതികരിച്ചപ്പോള്‍ 'കള്ളന്‍ കപ്പലില്‍ തന്നെ' എന്നായിരുന്നു സ്ഥാനാര്‍ഥി ജോസ് ടോമിന്റെ മറുപടി.

ആദ്യം വോട്ടെണ്ണിയ യു ഡി എഫ് കോട്ടയായ രാമപുരം പഞ്ചായത്തില്‍ കാപ്പന്‍ മുന്നില്‍ എത്തിയപ്പോള്‍ തന്നെ പാലായുടെ ജനവിധി ഏതാണ്ട് വ്യക്തമായിരുന്നു. കെ എം മാണിക്ക് എന്നും ഭൂരിപക്ഷം നല്‍കിയിരുന്ന ഭരണങ്ങാനം പഞ്ചായത്തു പോലും ഇക്കുറി യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ കൈവിട്ടു എന്നതും കേരളാ കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെയും സംബന്ധിച്ചു അത്ര നല്ല സൂചനയല്ല നല്‍കുന്നത്. കേരളാ കോണ്‍ഗ്രസിലെ നിഷേധ വോട്ടുകള്‍ പോലെ തന്നെ കോണ്‍ഗ്രസ് വോട്ടുകളിലും ചോര്‍ച്ച ഉണ്ടായെന്നും കരുതേണ്ടിയിരിക്കുന്നു. ഇക്കാര്യം ഇതിനകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. വരും ദിനങ്ങളില്‍ കേരളാ കോണ്‍ഗ്രസ്സും യു ഡി എഫും തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശകലനങ്ങളിലേക്കു കടക്കുമ്ബോള്‍ ഇനിയും പൊട്ടിത്തെറികള്‍ പ്രതീക്ഷിക്കാം. കഴിഞ്ഞ അസംബ്ലി തിരെഞ്ഞെടുപ്പില്‍ 25000ല്‍ ഏറെ വോട്ടു ലഭിച്ച എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍ ഹരിക്കു ഇത്തവണ കിട്ടിയത് 18044 വോട്ടു മാത്രമാണെന്നതും വലിയ ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കും വഴി തുറന്നിട്ടുണ്ട്. എന്‍ഡിഎയില്‍ ബിജെപിയും ബിഡിജെഎസ്സും തമ്മില്‍ വര്‍ധിച്ചു വരുന്ന അകലത്തിന്റെ സൂചനയായി പോലും വേണമെങ്കില്‍ ഇതിനെ കാണാം.

ഈ തിരെഞ്ഞെടുപ്പ് ഫലം മുന്‍പേ പറക്കാന്‍ ശ്രമിക്കുന്ന ചിലര്‍ക്കുകൂടിയുള്ള മുന്നറിയിപ്പാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയ -പരാജയ നിരീക്ഷണങ്ങളും പ്രീ പോള്‍, എക്സിറ്റ് പോള്‍ പ്രവചനങ്ങളും മുന്‍പും നടന്നിട്ടുള്ള കാര്യം തന്നെ. എന്ന് കരുതി ഒറ്റപ്പെട്ട ഒരു ഉപതിരഞ്ഞെടുപ്പിനെ വിശേഷാല്‍ കണ്ടു എക്സിറ്റ് പോള്‍ നടത്തുന്ന ഏര്‍പ്പാട് ഇതാദ്യമായി ആണ് കണ്ടത്. മലായാളത്തില്‍ ആദ്യ സ്വതന്ത്ര ന്യൂസ് ചാനല്‍ ആരംഭിച്ച ഏഷ്യാനെറ്റിന് ഒരു പക്ഷെ അതിനുള്ള എല്ലാ അര്‍ഹതയും ഉണ്ട് താനും. എങ്കിലും സ്വന്തം ചാനല്‍ ലേഖകന്മാര്‍ തലങ്ങും വിലങ്ങും ഇറങ്ങി തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ മുന്നില്‍ എന്ന് വിളംബരം ചെയ്ത ശേഷം ഇത്തരത്തില്‍ ഒരു എക്സിറ്റ് പോള്‍ ഫലം പുറത്തു വിട്ടു അപഹാസ്യരാവേണ്ടതുണ്ടായിരുന്നോ എന്ന് പ്രസ്തുത ചാനലിന്റെ ആരംഭ ദിശ മുതല്‍ അതുമായി പൊരുത്തപ്പെട്ടുപോയിരുന്ന എന്നെപോലും കുറച്ചൊന്നുമല്ല വിസ്മയിപ്പിക്കുന്നത്‌. ഒരൊറ്റ മണ്ഡലത്തില്‍ മാത്രം നടക്കുന്ന ഒരു ഉപ തിരഞ്ഞെടുപ്പാണെന്നും അതുകൊണ്ടു തന്നെ എറര്‍ ഫാക്ടര്‍സ് ധാരാളം ഉണ്ടാകും എന്ന ഒരു ജ്യാമ്യം എഡിറ്റര്‍ എം ജി രാധാകൃഷ്‌ണനും അവതാരകന്‍ പി ജി സുരേഷ് കുമാറും പറഞ്ഞിരുന്നുവെന്നതൊക്കെ ശരി തന്നെ. എന്ന് കരുതി യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് 48 ശതമാനം വോട്ടും എല്‍ ഡി എഫിന്റെ മാണി സി കാപ്പന് 32 ശതമാനം വോട്ടും എന്‍ ഡി എ യുടെ എന്‍ ഹരിക്കു 19 ശതമാനവും ബാക്കി ഒരു ശതമാനവും എന്ന് പറഞ്ഞവര്‍ ഇനിയെങ്ങനെ 16 ശതമാനത്തിന്റെ കണക്കു വിശദീകരിക്കും എന്നതാണ് പ്രധാന ചോദ്യം. 48 ഉം 32 ഉം തമ്മിലുള്ള വലിയ ദൂരം നിങ്ങളുടെ ലേഖകര്‍ അളന്നില്ലേ? അല്ലെങ്കില്‍ അവരെക്കാള്‍ നിങ്ങള്‍ ഏജന്‍സിയെ ആണോ വിശ്വസിച്ചത് എന്നൊക്കെ ഇനിയിപ്പോള്‍ പറയേണ്ടി വരില്ലേ? പോയല്ലോ രാജീവ് ചന്ദ്രശേഖര്‍ പോയെന്നൊക്കെ പറയുമ്ബോഴും എന്‍ ഡി എ സ്ഥാനാര്‍ഥിക്കു നിങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്ന സര്‍വ്വേ നടത്തിയ ഏജന്‍സി പറഞ്ഞ കണക്കെവിടെ എന്ന ചോദ്യത്തിനും ഉത്തരം വേണ്ടേ? അബദ്ധങ്ങള്‍ ആര്‍ക്കും പറ്റാം. എന്ന് കരുതി എന്റെ ഒരുപാടൊരുപാട് സുഹൃത്തുക്കള്‍ തുടക്കം മുതല്‍ ഇപ്പോഴും ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിന് കളങ്കം വരുത്തി വെക്കരുതേ എന്നൊരു എളിയ അഭ്യര്‍ത്ഥന നടത്തുന്നത് നിങ്ങളുടെ വീഴ്ചകള്‍ ജോസ് കെ മാണിയുടെ വീഴ്ച പോലെ മറ്റുള്ളവര്‍ മുതലെടുക്കും എന്നതുകൊണ്ട് കൂടിയാണ്.