ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തോളം വരില്ലൊരു സ്റ്റേറ്റ് അവാര്‍ഡും: പൂവച്ചല്‍ ഖാദര്‍/അഭിമുഖം

 
ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തോളം വരില്ലൊരു സ്റ്റേറ്റ് അവാര്‍ഡും: പൂവച്ചല്‍ ഖാദര്‍/അഭിമുഖം

ആകാശവാണിയുടെ പതിഞ്ഞ സ്വരത്തില്‍ ഉച്ചകഴിഞ്ഞ നേരത്ത് പ്രക്ഷേപണം ചെയ്തിരുന്ന ചലച്ചിത്രഗാനപരിപാടികളില്‍ പതിവായി കേള്‍ക്കാറുണ്ടായിരുന്നൊരു പേര്, ഉച്ചമയക്കത്തിന്റെ ആലസ്യത്തിനെ അകറ്റുന്ന ആര്‍ദ്രഗംഭീരങ്ങളായ മിക്ക ഗാനങ്ങളുടെയും രചയിതാവ്- പൂവച്ചല്‍ ഖാദര്‍. ആനുകാലികങ്ങളുടെ വിശേഷാല്‍ പതിപ്പുകളിലോ, ചലച്ചിത്ര പുരസ്‌കാര രാവുകളുടെ ആഘോഷവേദികളിലോ അത്രയൊന്നും പ്രത്യക്ഷപ്പെടാത്ത മുഖം. പ്രതാപകാലത്ത് സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക് പാഞ്ഞിരുന്ന ഗാനരചയിതാവ്. 'ശരറാന്തല്‍ തിരിതാഴും മുകിലിന്‍ കുടിലില്‍', 'ചിത്തിരതോണിയില്‍ ്അക്കരെപോകാന്‍' , 'പൂ മാനമേ', 'അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍'... മലയാളി നെഞ്ചേറ്റിയ അനശ്വരഗാനങ്ങളുടെ സ്രഷ്ടാവ്. എന്നാല്‍ ബാബുക്കയോടും, അര്‍ജ്ജുനന്‍ മാഷിനോടും ഒക്കെ കാട്ടിയ അതേ അവഗണന മലയാളചലച്ചിത്രലോകത്തില്‍ സുദീര്‍ഘമായ നാല് പതിറ്റാണ്ടുകള്‍ പിന്നിട്ട ഈ കവിയോടും കാട്ടുന്നു. പക്ഷേ, ജനങ്ങള്‍ക്ക് അവഗണിക്കാനാകില്ല അദ്ദേഹത്തിനെ, അദ്ദേഹത്തിന്റെ മധുരമധുരങ്ങളായ കല്പനകളെ. മലയാളചലച്ചിത്രത്തിന്റെ പരിണാമം, കോടമ്പാക്കം ജീവിതം, സിനിമാസംബന്ധിയായ സര്‍വ്വസ്മരണകളും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറയുന്നു.

വിഷ്ണു: തെക്കന്‍ തിരുവിതാംകൂറിലെ പൂവച്ചലില്‍ ജനിച്ച് വളര്‍ന്നയാള്‍ എങ്ങനെയാണ് ബാബുക്കയുടെ കോഴിക്കോട്ടെ സംഗീതസദസില്‍ എത്തിച്ചേര്‍ന്നത്?

പൂവച്ചല്‍: ചലച്ചിത്ര ജീവിതത്തിലെ ഒരു വഴിത്തിരിവ് ഉണ്ടാകുന്നത് കോഴിക്കോട്ട് വച്ചായിരുന്നു. അതിന് മുന്‍പ് ആനുകാലികങ്ങളിലൊക്കെ കവിത എഴുതുമായിരുന്നു. അവിടെ വച്ചാണ് ചന്ദ്രികയുടെ എഡിറ്ററായിരുന്ന കാനേഷ് പൂനൂരിനെ പരിചയപ്പെടുന്നത്. ചന്ദ്രികയില്‍ അന്ന് ഞങ്ങളുടെ കവിതകള്‍ക്ക് ഒക്കെ ഇല്ലസ്‌ട്രേഷന്‍ ചെയ്തിരുന്നത് ഐ. വി. ശശിയായിരുന്നു. ശശി അന്ന് സംവിധാന സഹായിയി നില്‍ക്കുന്ന കാലമാണ്. കാനേഷ് വഴിയായിരുന്നു എന്റെ ചലച്ചിത്രപ്രവേശം. കവിതയായിരുന്നു ആദ്യ സിനിമ. കെ. രാഘവന്‍ മാഷ് ആയിരുന്നു ആ ചിത്രത്തിന്റെ സംഗീതസംവിധാനം. മാഷുമായി നേരത്തെ പരിചയമുണ്ടായിരുന്നു. ബാബുക്കയിലേക്ക് എത്തുന്നത് ഞങ്ങളുടെയൊക്കെ പൊതുസുഹൃത്ത് ആയിരുന്ന സലാം കാരശ്ശേരിയിലൂടെയായിരുന്നു. സലാം കാരശ്ശേരി നാടകകൃത്ത്, ചലച്ചിത്ര നിരൂപകന്‍ എന്ന രീതിയില്‍ പ്രശസ്തനായിരുന്നു. 'ചുഴി ' നിര്‍മ്മിച്ചത് അദ്ദേഹമായിരുന്നു. അദ്ദേഹം അതില്‍ അഭിനയിച്ചിട്ടുമുണ്ട്. കാരശ്ശേരി ഞങ്ങളെക്കാളൊക്കെ മുതിര്‍ന്നയാള്‍ ആയിരുന്നു. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ എഴുത്തിന്റെ പാതയില്‍ നടന്നു തുടങ്ങിയ കുറച്ച് പേരുണ്ട് ആ സംഘത്തില്‍; യു. കെ. കുമാരന്‍, എം. എന്‍ കാരശ്ശേരി, എ. പി. കുഞ്ഞാമു അങ്ങനെ നീളുന്നു. ചുഴി നിര്‍മ്മിച്ചപ്പോള്‍ എന്നെ ഗാനരചയിതാവ് ആയി വിളിച്ചതും ആ ബന്ധം കൊണ്ടായിരുന്നു. ചുഴി പുറത്തിറങ്ങാന്‍ താമസിച്ചു. കാറ്റ് വിതച്ചവന്‍ ആയിരുന്നു ആദ്യം ഇറങ്ങിയത്. ചുഴിയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ബാബുക്കയുമായി അടുത്തത്. പക്ഷേ ചുഴിക്ക് മുമ്പേ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുണ്ട്. അന്ന് അത്ര പ്രശസ്തനൊന്നും അല്ല. കോഴിക്കോട്ടെ കലാകാരന്മാര്‍ വൈകുന്നേരങ്ങളില്‍ ഒത്തുചേരുന്നയൊരു മ്യൂസിക് ക്ലബ് ഉണ്ട്. ആദ്യം കാണുന്നത് അവിടെ വച്ചാണ്. ബാബുക്കയുടെ പെട്ടിവായനയും പാട്ടുമൊക്കെ കേട്ട് കൊണ്ടിരുന്നു കുറേനേരം. പക്ഷേ അങ്ങോട്ട് ചെന്ന് പരിചയപ്പെടാന്‍ ഉള്ളയൊരു മേല്‍വിലാസം ഇല്ലായിരുന്നു സാഹിത്യ ലോകത്ത്. പിന്നീട് ഉണ്ടായപ്പോഴും ഒരകല്‍ച്ച പാലിച്ചിരുന്നു. ഗുരുവിന് നല്‍കുന്ന ആദരവ് പോലെ.ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തോളം വരില്ലൊരു സ്റ്റേറ്റ് അവാര്‍ഡും: പൂവച്ചല്‍ ഖാദര്‍/അഭിമുഖം

വി: ശ്യാം, ദേവരാജന്‍ മാഷ്, രവീന്ദ്രന്‍ മാഷ്, ബാബുക്ക, ജോണ്‍സണ്‍ മാഷ് തുടങ്ങിയ സംഗീതസംവിധാന ശാഖയിലെ എല്ലാ അതികായന്മാരോടൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തരില്‍ ആരായിരുന്നു വ്യക്തിജീവിതത്തില്‍ ഉറ്റസുഹൃത്ത് ?

പൂ: രവീന്ദ്രനും, ജോണ്‍സണും അടുത്ത സുഹൃത്തുക്കളായിരുന്നു. ദേവരാജന്‍ മാഷിനോടൊക്കെ ഭയം കലര്‍ന്നൊരു ആദരവ് ആയിരുന്നു. അവരൊക്കെ ഗുരുസ്ഥാനീയരായിരുന്നു. രവിയേട്ടനും, ജോണ്‍സണും ഒക്കെ സമകാലീനരായിരുന്നതുകൊണ്ട് അടുപ്പം ഉണ്ടായിരുന്നു. തമ്പിയേട്ടന്‍ (ശ്രീകുമാരന്‍ തമ്പി) ഇന്നും എന്റെ സഹോദരസ്ഥാനീയനായ സുഹൃത്താണ്. ആദ്യ സിനിമയിറങ്ങിയ സമയത്ത് എന്നെ വന്നു കണ്ട് അഭിനന്ദിച്ചിരുന്നു, തമ്പിയേട്ടന്‍. 'മഴവില്ലില്‍ അജ്ഞാതവാസം കഴിഞ്ഞു'. എനിക്ക് ഒരുപാട് ഇഷ്ടമായി. ഈ നിലവാരം നിലനിര്‍ത്തണം, കവിതകള്‍ കൂടുതല്‍ എഴുതണം, എന്നൊക്കെ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. തമ്പിയേട്ടനുമായി ഇപ്പോഴും ആ ജ്യേഷ്ഠാനുജബന്ധം കാത്തു സൂക്ഷിക്കുന്നു.

വി: നാടകഗാനങ്ങളുടെ സുവര്‍ണ്ണകാലത്തെപ്പറ്റി ?

പൂ: അന്നത്തെ ശക്തമായ മീഡിയം നാടകമായിരുന്നു. നാടകങ്ങളുടെ സ്വാധീനം വളര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് ഗാനങ്ങളായിരുന്നു. മലയാളത്തിലെ മികച്ച ഗാനങ്ങള്‍ നാടകങ്ങളില്‍ നിന്ന് തന്നെയാണ് വന്നിട്ടുള്ളത്. മലയാളിത്തമുള്ള ഗാനങ്ങള്‍ നാടകങ്ങളില്‍ നിന്നായിരുന്നു ജനിച്ചത്. ആദ്യകാല മലയാള ചലച്ചിത്രഗാനങ്ങള്‍ ഹിന്ദിയിലെയും,മറ്റു ഭാഷകളിലെയും ഗാനങ്ങളുടെ അനുകരണങ്ങള്‍ ആയിരുന്നു. തീരാനഷ്ടം തന്നെയാണ് നാടകഗാനങ്ങളുടെ ഇപ്പോഴത്തെ വംശനാശം.

വി: സൗഹൃദങ്ങളിലധിഷ്ഠതമായ പഴയൊരു ചലച്ചിത്രസംസ്‌ക്കാരം ഇന്ന് അന്യമാകുന്നു എന്ന് തോന്നിയിട്ടുണ്ടോ?

പൂ: അങ്ങനെയൊരു കൂട്ടായ്മ ഉണ്ടായിരുന്നു. ആ കൂട്ടായ്മകൊണ്ട് എല്ലാ ജനറേഷനിലും ഉള്ള വ്യക്തികളുമായും നമ്മള്‍ക്ക് ഇടപഴകാന്‍ സാധിക്കുമായിരുന്നു. മദ്രാസ് ആണല്ലോ അന്നത്തെ സിനിമയുടെ കേന്ദ്രം. ഒരു പടത്തിന്റെ ജോലികള്‍ തുടങ്ങികഴിഞ്ഞാല്‍ രണ്ട് ഘട്ടത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരെല്ലാം തമ്മില്‍ കണ്ടുമുട്ടും. സിനിമയുടെ പൂജയ്ക്കും പ്രിവ്യു ഷോയ്ക്കും. ഈ രണ്ട് സന്ദര്‍ഭങ്ങളും ആണ് സിനിമാപ്രവര്‍ത്തകരുടെ സംഗമവേളകള്‍. ഇത്തരം കണ്ടുമുട്ടലുകളില്‍ നിന്നുണ്ടാകുന്ന ബന്ധങ്ങളില്‍ നിന്നാണ് പലപ്പോഴും പല നല്ല സിനിമകളും പിറന്നിട്ടുള്ളത്. ഇന്നങ്ങനെയൊരു പതിവ് ഇല്ലല്ലോ. സൗഹൃദത്തിലേക്ക് വളരാനുള്ള സാഹചര്യം എല്ലാവരും മനപൂര്‍വ്വം ഒഴിവാക്കുകയാണ്.

ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തോളം വരില്ലൊരു സ്റ്റേറ്റ് അവാര്‍ഡും: പൂവച്ചല്‍ ഖാദര്‍/അഭിമുഖം

വി: സൗഹൃദലോകം സര്‍വ്വവിധത്തിലുള്ള അംഗീകാരം നല്‍കിയിട്ടും ഒരു പൂര്‍ണസമയ കവിയാകാന്‍ തയ്യാറായില്ലല്ലോ?

പൂ: എന്റെ ജീവിതത്തിലെ ഭൂരിഭാഗം സമയവും ഞാന്‍ ചെലവഴിച്ചത് വായനയ്ക്കു വേണ്ടിയായിരുന്നു. ഇടയ്ക്ക് കുറേ നാള്‍ കവി എന്ന സ്വത്വത്തില്‍ തന്നെയായിരുന്നു കഴിഞ്ഞത്. പക്ഷേ കവിതയെ പിന്നീട് ഞാന്‍ ചലച്ചിത്ര ഗാനങ്ങളിലേക്ക് പ്രയോഗിക്കുകയായിരുന്നു. അങ്ങനെ ആയപ്പോള്‍ കുറച്ചധികം തിരക്കുകളിലായിപ്പോയി. ആദ്യം മുതല്‍ക്കേ എന്നെ തേടിയെത്തിയ അവസരങ്ങളിലൂടെയാണ് ഞാന്‍ വളര്‍ന്നത്. ശുപാര്‍ശകളും അവസരം തേടിപോകലും ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. നമ്മളെ ആവശ്യം ഉണ്ടെങ്കില്‍ അവസരങ്ങള്‍ തീര്‍ച്ചയായും തേടിയെത്തും.

വി: കവിതയെ ചലച്ചിത്രഗാനങ്ങളിലൂടെ ജനകീയമാക്കിയ പൂവച്ചല്‍ ഖാദര്‍ ഇപ്പോഴത്തെ ഗാനരചനാശൈലിയില്‍ കാണുന്ന മാറ്റങ്ങള്‍ ?

പൂ: മലയാള സിനിമയുടെ ആദ്യഘട്ടത്തില്‍ പുരാണങ്ങളൊക്കെയായിരുന്നല്ലോ സിനിമക്ക് വിഷയം. പത്തും ഇരുപതും ഗാനങ്ങളുണ്ടാകും ആ ചിത്രങ്ങളിലൊക്കെ. പിന്നീട് സാമൂഹിക പ്രശ്‌നങ്ങള്‍ ആസ്പദമായി മാറി. തുടര്‍ന്ന് സാഹിത്യരചനകള്‍ സ്വീകരിച്ചു തുടങ്ങി. പിന്നീട് ആണ് ഞങ്ങളുടെ തലമുറയുടെ രംഗപ്രവേശം. ആ സമയത്ത് രണ്ട് രീതിയും ഉണ്ട്. ചലച്ചിത്രങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കുന്ന രചനകളെ ആസ്പദമാക്കിയുള്ളതും സാഹിത്യരചനകളെ ആധാരമാക്കിയുള്ളതും. പക്ഷേ ഇന്നു പൂര്‍ണമായും ആ രീതിയെ ഒഴിവാക്കിയിട്ടുണ്ട്. ചെറുകഥയോ, നോവലോ സിനിമയ്ക്കായി ഉപയോഗിക്കാറില്ല. ഞങ്ങളുടെ ആദ്യകാലത്ത് ഗാനം എഴുതിയതിന് ശേഷം മാത്രമാണ് കമ്പോസിംഗ്. എഴുത്തിനു മുന്‍പ് തന്നെ ഗാനത്തിന്റെ സന്ദര്‍ഭത്തെ പറ്റി വിശദമായൊരു ചര്‍ച്ചയുണ്ടാകും. പിന്നീട് ട്യൂണിനൊപ്പിച്ചുള്ള വരിയെഴുത്ത് തുടങ്ങി. ഗായകരും, സംഗീതസംവിധായകരും, ഗാനരചയിതാക്കളും തമ്മില്‍ കാണുന്നത് തന്നെ അപൂര്‍വമായി തുടങ്ങി.ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തോളം വരില്ലൊരു സ്റ്റേറ്റ് അവാര്‍ഡും: പൂവച്ചല്‍ ഖാദര്‍/അഭിമുഖം

വി: ഇന്നു ഗാനങ്ങളില്‍ ഉപയോഗിക്കുന്ന ബിംബങ്ങളും (Images), ഭാഷാ പ്രയോഗങ്ങളും പോലും വ്യത്യസ്തമാണല്ലോ?

പൂ: ഏറെ മാറിയിട്ടുണ്ട്. പ്രത്യേകിച്ച് മലയാളഗാനങ്ങളില്‍ എല്ലാ വാക്കുകളും ഉപയോഗിക്കാന്‍ പറ്റില്ല. ഇപ്പോള്‍ തമിഴിലോ തെലുങ്കിലോ ഒക്കെ ആണെങ്കില്‍ 'ഓ രംബോ' എന്നോ മറ്റോ എഴുതിയാലും പാട്ടാകും. മലയാളത്തില്‍ അങ്ങനെ പറ്റില്ല. നിയതമായൊരു ശൈലി ഉണ്ട്. ആ ശൈലിക്കുള്ളില്‍ നിന്ന് കൊണ്ടു വേണം ഗാനരചന നടത്തുവാന്‍. പോരാത്തതിന് ട്യൂണ്‍ എന്നൊരു പരിമിതിയും നിലനില്‍ക്കുന്നുണ്ട്. അങ്ങനെ വന്നപ്പോഴുണ്ടായ പ്രശ്‌നം ഗാനങ്ങളിലെ പദസമ്പത്ത് കുറഞ്ഞു. ഇന്ന് ഗാനങ്ങള്‍ക്ക് സാഹിത്യ സൃഷ്ടിയുടെ നിലവാരത്തിലേക്ക് പോകേണ്ട ആവശ്യമില്ല. പ്രകൃതി വര്‍ണനക്ക് ഒന്നും യാതൊരു സാധ്യതയുമില്ല. കാരണം പരിസ്ഥിതിപോലും പരിതാപകരമായ അവസ്ഥയിലല്ലേ. ശ്രോതാവിന്റെ അഭിരുചികളിലും വ്യതിയാനം സംഭവിക്കുന്നുണ്ട്.

വി: നല്ലൊരു കവിതയെ ഗാനാത്മകമായി അവതരിപ്പിക്കുവാന്‍ കഴിവുള്ള സഹപ്രവര്‍ത്തകന്റെ അഭാവം നിലവിലുണ്ടോ ?

പൂ: ശരിയാണ് അങ്ങനെയൊരു വിശ്വസ്തനായ വ്യക്തിയിപ്പോള്‍ ഇല്ല എന്ന് പറയാം. ദേവരാജന്‍ മാഷിന്റെ ഒപ്പം പടം ചെയ്യുകയാണെങ്കില്‍ സത്യത്തില്‍ പേടിച്ചു കൊണ്ടാണ് ഓരോ വാക്കും എഴുതുന്നത്. അത്രക്ക് കര്‍ക്കശക്കാരനായിരുന്നു അദ്ദേഹം. യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറായില്ല. നമ്മളും ആ നിലവാരത്തിലേക്ക് ഉയരാന്‍ അപ്പോള്‍ നിര്‍ബന്ധിതനാകും സംവിധായകന്‍ അംഗീകരിച്ചാലും. മാഷ് അംഗീകാരം നല്‍കിയാലേ ഗാനം സാധ്യമാകു. ഇപ്പോള്‍ അത്രയും വാശിയോടെ എഴുതേണ്ടി വരാറില്ല.

വി: സമരാരാധ്യനായിരുന്നപ്പോഴും വിവാദങ്ങളും നിരൂപകരും വേട്ടയാടിയിരുന്നല്ലോ?

പൂ: ഒരു വ്യക്തിയെയോ സംഭവത്തിനെയോ പറ്റി പരാമര്‍ശിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. പക്ഷേ അന്നു ശരറാന്തല്‍ എന്ന ഗാനത്തിലുപയോഗിച്ചിരിക്കുന്ന ആശയങ്ങളെ പറ്റി പലരും പലതും പറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് കുടിലില്‍ ശരറാന്തല്‍ കൊളുത്തുന്നത് എന്നൊക്കെ? എന്റെ അഭിപ്രായത്തില്‍ കുടില്‍ രണ്ട് തരം ഉണ്ട്. മണ്‍കുടിലും, പൊന്‍കുടിലും, ഇവിടെ ഉപയോഗിച്ചിരിക്കുന്നത് മുകിലിന്‍ കുടിലില്‍ എന്നാണ്. അതായത് പൊന്‍കുടിലിനേക്കാള്‍ ഔന്നത്യത്തില്‍ വിഹരിക്കുന്ന മുകിലിന്‍ കുടിലില്‍ ആണ് ശരറാന്തലിന്റെ തിരി താഴുന്നത്. കവിഭാവനയായി കണ്ടാല്‍ പോരേ അല്ലാതെ...

വി: നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ എന്ന ഗാനം ഒരു തവണയെങ്കിലും മൂളാത്ത മലയാളി അപൂര്‍വ്വമായിരിക്കും. ഇത്രയും വിചിത്രങ്ങളായ കല്പനകളുള്ള ആ പാട്ടിന്റെ പിറവിയെപ്പറ്റി?

പൂ: ആ ഗാനത്തിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഞങ്ങളുടെ അന്നത്തെ ചലച്ചിത്ര കൂട്ടായ്മയാണ്. ഭരതേട്ടന്‍ (ഭരതന്‍) നല്ല ഇമേജറി നല്ല വരികള്‍ ഇവയൊക്കെ കണ്ടാല്‍ നമ്മളെ വല്ലാതെ അഭിനന്ദിക്കും. രചനാ വേളയില്‍ അനാവശ്യമായി ഇടപെടില്ല. പൂര്‍ണമായും നമ്മള്‍ക്ക് സ്വാതന്ത്ര്യം തരും. ഭരതേട്ടന്‍ സന്ദര്‍ഭം വിവരിച്ചു തന്നാല്‍ ഫ്രെയിമിലെ ഓരോ വസ്തുക്കളും നമ്മള്‍ക്ക് അപ്പോള്‍ കാണാന്‍ കഴിയും. ഈ സന്ദര്‍ഭം വിവരിച്ചു തന്നപ്പോള്‍ ജോലിസ്ഥലത്തേക്ക് പോകാന്‍ മുറച്ചെറുക്കനെ കാത്തിരിക്കുന്ന അദ്ധ്യാപികയുടെ ചിത്രമൊക്കെ വളരെ കൃത്യമായി ലഭിച്ചു. ഭരതേട്ടനുമായി കൃത്യമായ ആശയവിനിമയം സാധിച്ചിരുന്നതുകൊണ്ടാകാം അത്ര വിചിത്രവും ഹൃദ്യവുമായ കല്‍പ്പനകള്‍ ആ ഗാനത്തിന് ലഭിച്ചത്.

വി: പുതു ഈണത്തില്‍ ഒരുപാട് ആഘോഷിക്കപ്പെട്ട ഗാനമാണ് മന്ദാരചെപ്പുണ്ടോ മാണിക്യകല്ലുണ്ടോ (ദശരഥം). ആ ഗാനം വരികളോട് നീതി പുലര്‍ത്തുന്നതായി തോന്നിയോ പുതിയ രൂപത്തില്‍?

പൂ: അന്ന് ഞാനും ജോണ്‍സണും ചേര്‍ന്ന് നല്‍കിയ ആത്മാവ് ഇപ്പോള്‍ ആ ഗാനത്തിനുള്ളതായി എനിക്ക് തോന്നുന്നില്ല. ഈ പാട്ടിനെന്നല്ല മറ്റ് ഗാനങ്ങളുടേയും അവസ്ഥ ഇങ്ങനെ തന്നെയാണ് സോള്‍ലെസ്സ് (Soul - less ) ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ കാലഘട്ടത്തിലെ കേള്‍വിക്കാരന്‍ ഒരുപക്ഷേ ആവശ്യപ്പെടുന്നത് അത്തരം ഗാനങ്ങളായത് കൊണ്ടാകാം.

വി: പുരസ്‌ക്കാരങ്ങളോ ബഹുമതികളോ അര്‍ഹമായ സാഹചര്യത്തില്‍ പലപ്പോഴും തേടിയെത്തിയിട്ടില്ലല്ലോ. ദു:ഖം തോന്നിയിട്ടുണ്ടോ ?

പൂ: ഒരിക്കലും ഇല്ല (നിറഞ്ഞ ചിരിയോടെയാണ് ആ വാക്കുകള്‍ അദ്ദേഹം പറഞ്ഞത്). പല സ്ഥലങ്ങളിലും ഉള്‍നാടന്‍ ഗ്രാമങ്ങളിലും, നഗരങ്ങളിലും ഒക്കെ എത്തുമ്പോള്‍ അവിടെയുള്ള ജനങ്ങള്‍ നല്‍കുന്ന സ്‌നേഹം ഞാന്‍ കണ്ടറിഞ്ഞിട്ടുള്ളതാണ് ആ സ്‌നേഹത്തോളം വരില്ല ഒരു സ്റ്റേറ്റ് അവാര്‍ഡും. നാല്പ്പത്തിനാല് വര്‍ഷം മുമ്പ് ഞാന്‍ ആദ്യം രചിച്ച 'നീ എന്റെ പ്രാര്‍ത്ഥന കേട്ടു' എന്ന ഗാനം ഈ കഴിഞ്ഞ ക്രിസ്തുമസ് വേളയിലും പലരും പാടി ഞാന്‍ കേട്ടു. ഇന്നും ആളുകള്‍ എന്റെ വരികള്‍ ഓര്‍ക്കുന്നില്ലേ. തൃപ്തനാണ്.ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തോളം വരില്ലൊരു സ്റ്റേറ്റ് അവാര്‍ഡും: പൂവച്ചല്‍ ഖാദര്‍/അഭിമുഖം

വി: വെള്ളത്തിരയില്‍ ഗാനരചന - പൂവച്ചല്‍ ഖാദര്‍ എന്ന ടൈറ്റില്‍ കാണാന്‍ മലയാളികള്‍ക്ക് ഇനിയും സാധിക്കുമോ?

പൂ: നാല് പതിറ്റാണ്ടുകളായി സിനിമയില്‍. അന്ന് മുതല്‍ ഇന്ന് വരെയും ഞാന്‍ എഴുത്ത് മുടക്കിയിട്ടില്ല. സിനിമയില്‍ അത്രത്തോളം സജീവമല്ല എന്നു മാത്രം. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നുണ്ട്. മലയാള സിനിമയില്‍ ഇപ്പോള്‍ മത്സരം വളരെയധികം കൂടുതലാണല്ലോ. പണ്ട് ഇത്രയും മത്സരമില്ലായിരുന്നു. അന്ന് പ്രതിഭയുള്ളവര്‍ മാത്രമേ ചലച്ചിത്ര മേഖലയില്‍ എത്തിയിരുന്നുള്ളു. ഞങ്ങള്‍ തമാശക്ക് പറയുമായിരുന്നു ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്നല്ല സിനിമ പഠിക്കേണ്ടത് കോടമ്പാക്കത്തു നിന്നാണെന്ന്. ആ സമയത്ത് നമ്മള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരിടുക എന്നതും സിനിമ സംസ്‌കാരത്തിന്റെ ഭാഗമാണ്. അക്ഷരാര്‍ത്ഥത്തില്‍ ഗുരുകുല സമ്പ്രദായം തന്നെയാണ്. ഡയറക്ടര്‍ക്ക് അദ്ധ്യാപകന്റെ സ്ഥാനമാണ്. ഇന്ന് ആ രീതിയൊക്കെ മാറി. മുഖം കറുപ്പിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അപ്പോഴേ സെറ്റില്‍ നിന്ന് പോകും. സൗഹൃദബന്ധങ്ങള്‍ക്കൊന്നും വലിയ സ്ഥാനമില്ലാതായി. പിന്നെ മറ്റൊരു കാര്യം അന്ന് ഇത്രയും സംഘടനകളുടെ ബാഹുല്യം ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് സംഗീതസംവിധായകരുടെ യൂണിയന്‍ മാത്രമാണ്. ഇപ്പോള്‍ സംഘടനകളുടെ എണ്ണം പെരുകി. അവയുടെ അവാന്തരവിഭാഗങ്ങള്‍ കൂടി. സംഘടനകളുടെ വലിപ്പത്തെചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ഇപ്പോള്‍ സിനിമയിലുള്ളത്. മ്യുസീഷ്യന്‍സ് യൂണിയന്‍ ഉണ്ടായത് മറ്റൊരു ആവശ്യത്തിനായിരുന്നു. അന്ന് ഞങ്ങള്‍ക്ക് ഒന്നും കൃത്യമായ വേതനം ലഭിച്ചിരുന്നില്ല. യൂണിയന്‍ വന്നതോടെ ആ രീതിയില്‍ മാറ്റം വന്നു. താരസംഘടനകള്‍ ഒന്നും തീരെ ഇല്ലായിരുന്നു എന്ന് തന്നെ പറയാം.

(സിനിമ പ്രവര്‍ത്തകനാണ് വിഷ്ണു)