തുല്യ ജോലിക്ക് തുല്യ വേതനം, ആരും നിയന്ത്രിക്കില്ല, രാത്രിയേയും പേടിയില്ല; ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയില്‍ സ്ഥാനമുറപ്പിച്ച് കുറച്ചു സ്ത്രീകള്‍

 
തുല്യ ജോലിക്ക് തുല്യ വേതനം, ആരും നിയന്ത്രിക്കില്ല, രാത്രിയേയും പേടിയില്ല; ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയില്‍ സ്ഥാനമുറപ്പിച്ച് കുറച്ചു സ്ത്രീകള്‍

രാവിലെ എട്ട് മണിക്ക് സ്‌കൂട്ടിയുമായി വീട്ടില്‍ നിന്നിറങ്ങും. രാവിലെ തുടങ്ങുന്ന ഭക്ഷണ വിതരണം ചിലപ്പോള്‍ തീരാന്‍ രാത്രി ഒരു മണിയാവും. ഓരോ ഭക്ഷണ ഓര്‍ഡറുകളും കൃത്യസമയത്ത് ആളുകളിലേക്കെത്തിക്കാനുള്ള ഈ ഓട്ടം തുടങ്ങിയിട്ട് എട്ട് മാസമാവുന്നു. ഭക്ഷണമെത്തിക്കുമ്പോള്‍ ചിലര്‍ സന്തോഷത്തോടെ ചിരിക്കും, ചിലര്‍ ലേറ്റ് ആയെന്നു പറഞ്ഞ് ചൂടാവും. ചിരിക്കുന്നവര്‍ക്ക് തിരിച്ചൊരു ചിരി നല്‍കും, ചൂടാകുന്നവരുടെ അടുത്തു നിന്ന് കേട്ടില്ലെന്ന ഭാവത്തില്‍ തിരിഞ്ഞു നടക്കും.

ഇതാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണരംഗത്ത് ഏറ്റവും കൂടുതല്‍ പരിചയസമ്പത്തുള്ള (തിരുവനന്തപുരം) വനിതയായ ശശികലയുടെ ഒരു ദിവസം. താന്‍ ഈ രംഗത്തേക്ക് എത്തിയതിനെക്കുറിച്ച് ശശികല പറയുന്നത് ഇങ്ങനെയാണ്, 'എട്ടു മാസത്തിലേറെയായി ഞാന്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് ജോലി ചെയ്യുന്നു. ഊബര്‍ ഈറ്റ്‌സില്‍ നിന്നും ഇപ്പോള്‍ സൊമാറ്റോയിലേക്ക് മാറി. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ ട്രിപ്പ് എടുക്കുന്ന വ്യക്തി ഞാനാണെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്. അതിനെക്കുറിച്ച് കൃത്യമായി അറിയില്ല. രാവിലെ എട്ടു മണിക്കു തുടങ്ങുന്ന ജോലി പലപ്പോഴും രാത്രി ഒരു മണി വരെ നീണ്ടു പോകാറുണ്ട്. ഞാന്‍ ഇതു തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം ഇവിടെ നിയന്ത്രിക്കാന്‍ ആരും ഇല്ല എന്നതാണ്. ഇതിനു മുന്‍പ് ഞാന്‍ ബ്യൂട്ടീഷ്യനായിരുന്നു. സാമ്പത്തികമായി വളരെ മികച്ച ജോലിയാണിതെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. നമുക്കിഷ്ടമുളള സമയത്ത് മാത്രം ജോലിചെയ്താല്‍ മതി. ആരും നിയന്ത്രിക്കാനുമില്ല. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യമുള്ള ജോലിയാണിത്.' ശശികല പറയുന്നു.

ഇന്ത്യയിലെ വന്‍കിട നഗരങ്ങളില്‍ സജീവമായിക്കഴിഞ്ഞ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകള്‍ ഇപ്പോള്‍ തിരുവനന്തപുരം, കൊച്ചി അടക്കമുള്ള നഗരങ്ങളെ കീഴടക്കി കഴിഞ്ഞു. കേരളത്തില്‍ പ്രധാനമായും രണ്ടിത്താണ് സജീവമെങ്കിലും വൈകാതെ ചെറു നഗരങ്ങളിലേക്കും ഇവയെത്തും എന്നു തന്നെയാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. നമുക്കാവശ്യമുള്ള ഭക്ഷണം നമുക്കിഷ്ടമുള്ള സ്ഥലത്തേക്കെത്തിക്കുന്ന ഈ സംവിധാനം ധാരാളം തൊഴിലവസരങ്ങളാണ് നല്‍കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു വണ്ടിയും മൊബൈല്‍ഫോണും നെറ്റ് കണക്ടിവിറ്റിയും മാത്രം മതി കൈവശം. ഓര്‍ഡറുകള്‍ക്കനുസരിച്ച് ഭക്ഷണം ആവശ്യക്കാരില്‍ എത്തിക്കുക, പണിയവസാനിപ്പിക്കുമ്പോള്‍ നിരാശയില്ലാതെ ശമ്പളം കൈപ്പറ്റുക.

കേരളത്തില്‍ പ്രധാനമായും ഭക്ഷണവിതരണത്തിനായുള്ള ആപ്ലിക്കേഷനുകള്‍ ഊബര്‍ ഈറ്റ്‌സ്, സ്വിഗ്ഗി, സൊമാറ്റോ എന്നിവയാണ്. ചിലയിടത്ത് ജോലിയെടുക്കുന്ന സമയത്തിനാണ് പൈസയെങ്കില്‍ മറ്റുചിലയിടത്ത് എത്ര ഓര്‍ഡറുകള്‍ ഒരു ദിവസമെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. കൂടുതല്‍ ചെറുപ്പക്കാര്‍ കടന്നുവരുന്ന ഈ ഓണ്‍ലൈന്‍ സംരംഭങ്ങള്‍ നിരവധിപേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. ഒരു ദിവസം 1500 മുതല്‍ 2000 രൂപവരെ സമ്പാദിക്കാന്‍ കഴിയുന്ന ജോലി എന്നനിലയില്‍ വലിയ സാമ്പത്തിക നേട്ടം നല്‍കുന്നതിനോടൊപ്പം തന്നെ ഇഷ്ടമള്ള സമയത്ത് ജോലി ചെയ്യാം എന്നതാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കോളേജിലും മറ്റും പഠിക്കുന്ന കുട്ടികളില്‍ പലരും പാര്‍ട്ട് ടൈമായാണ് ഈ ജോലിക്കിറങ്ങുന്നത്. പഠിച്ചുകൊണ്ടു തന്നെ പണം സമ്പാദിക്കുന്നതിനുള്ള മികച്ച അവസരമായി അവര്‍ ഇതിനെ കാണുന്നു. പഠനത്തിനിടയ്ക്കു മാത്രമല്ല ജോലി അന്വേഷിക്കുന്നവര്‍ക്കും താല്‍ക്കാലികമായി ഒരു ജോലിയാണ് ഈ ആപ്പുകള്‍ സമ്മാനിക്കുന്നത്.ഈ ജോലിയുടെ പ്രധാന പ്രത്യേകത ഈ തൊഴിലവസരങ്ങളെല്ലാം തന്നെ ലിംഗഭേദമന്യേ സ്ത്രീകള്‍ക്കും ഉപയോഗപ്പെടുത്താം എന്നതാണ്. പൊതുവില്‍ പല മേഖലകളിലും കണ്ടുവരുന്ന വേതന അസമത്വം ഇവിടെയില്ല. എടുക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് അല്ലെങ്കില്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നു എന്നതിനനുസരിച്ച് സ്ത്രീ-പുരുഷ ഭേദമന്യേ ശമ്പളം ലഭിക്കുന്നു. അതുകൊണ്ടു തന്നെ പുരുഷന്മാര്‍ കൂടുതലുള്ള ഈ മേഖലയിലേക്ക് ഇപ്പോള്‍ ധാരാളം സ്ത്രീകളാണ് കടന്നുവരുന്നത്.

തിരുവനന്തപുരത്ത് പൊതുവില്‍ പുരുഷന്മാരാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് കൂടുതലുള്ളത്. ആ മേഖലയില്‍ ഇപ്പോള്‍ ചുവടുറപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ കുറച്ചു സ്ത്രീകള്‍. മറ്റ് ജോലികളെക്കാള്‍ സാമ്പത്തിക നേട്ടം ഉണ്ടാകുന്നു എന്നതാണ് ഈ മേഖലയിലേക്ക് ഇവരെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട വിഷയം. അതുമാത്രമല്ല ഏത് സമയത്ത് ജോലിക്കിറങ്ങണമെന്നും എപ്പോള്‍ ജോലി അവസാനിപ്പിക്കണമെന്നുമെല്ലാം അവനവനു തന്നെ തീരുമാനിക്കാം. ആരും നിയന്ത്രിക്കാനുണ്ടാവില്ല. കുട്ടികളും മറ്റു ഉത്തരവാദിത്വങ്ങളുമൊക്കെയുള്ള സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു തൊഴില്‍ മേഖലയായിട്ടാണ് ഇവരില്‍ പലരും ഇതിനെ കാണുന്നത്.

ഊബര്‍ ഈറ്റ്‌സ്, സൊമാറ്റോ എന്നീ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളിലാണ് പ്രധാനമായും സ്ത്രീകള്‍ ജോലിയെടുക്കുന്നത്. മറ്റ് പല ജോലികളും ചെയ്തതിനു ശേഷം ഈ മേഖലയിലേക്കു കടന്നു വന്ന ഇവര്‍ പറയുന്നത് മറ്റ് ജോലികളെക്കാള്‍ ഈ ജോലിയുടെ സവിശേഷത ഇവിടെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരേ ശമ്പളമാണ് നല്‍കുന്നത് എന്നതാണ്.

ഊബര്‍ ഈറ്റ്‌സില്‍ ജോലി ചെയ്യുന്ന ബിന്ദു പറയുന്നു,'ഞാന്‍ ഈ മേഖലയിലേക്ക് വന്നിട്ട് ഏഴ് മാസത്തോളം ആയി. ജോലി നന്നായി തന്നെ പോകുന്നു. ഇതിനു മുന്‍പ് ഒരുപാട് ജോലികള്‍ ചെയ്തിട്ടുണ്ട്. അതില്‍ നിന്നും വ്യത്യസ്ഥമായി ഈ ജോലിയുടെ പ്രത്യേകത എന്തെന്ന് ചോദിച്ചാല്‍ നമുക്ക് മുകളില്‍ ഇരുന്ന് ഓര്‍ഡര്‍ തരാന്‍ ആരും ഉണ്ടാവില്ല എന്നതാണ്. അതുപോലെ തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേറെ വേറെ ശമ്പളം എന്ന രീതിയും ഇവിടെയില്ല. എടുക്കുന്ന ജോലിക്ക് ആണിനും പെണ്ണിനും ഒരേ കൂലി കിട്ടുന്നു. നമുക്ക് ഇഷ്ടമുണ്ടെങ്കില്‍ ജോലിക്ക് ഇറങ്ങിയാല്‍ മതി. എന്താണ് ജോലിക്ക് ഇറങ്ങാത്തത് എന്ന ഒരു ചോദ്യം ആരില്‍ നിന്നും ഉണ്ടാവില്ല. ഇത്ര മണിക്കൂര്‍ പണിയെടുക്കണം എന്ന് ആരും പറയാന്‍ വരില്ല. ആരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യവുമില്ല. സാമ്പത്തികമായും ഈ ജോലി തന്നെയാണ് നല്ലത്. മറ്റുള്ള ജോലികളെക്കാള്‍ സ്വാതന്ത്ര്യം ഈ ജോലിക്കുണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്.'എന്നാണ്

പല സ്ത്രീകളും ഈ രംഗത്ത് സജീവമാണെങ്കിലും ഇപ്പോഴും സ്ത്രീകളെ ഈ മേഖലയില്‍ കാണുമ്പോള്‍ പലര്‍ക്കും അത്ഭുതമാണ്. പലപ്പോഴും ഈ ചോദ്യം ഇവര്‍ക്ക് നേരിട്ടു കേള്‍ക്കേണ്ടി വരാറുണ്ട്. എന്നാലും ഇപ്പോള്‍ കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് ധൈര്യപൂര്‍വം കടന്നു വരുന്നുണ്ട്. മദേഴ്‌സ് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായ സുധാകരന്‍ പറയുന്നത് രാത്രി സമയങ്ങളില്‍ പോലും പുരുഷന്മാരോടൊപ്പം സ്ത്രീകളെയും ജോലിക്കെത്തുന്നത് സാധാരണമാണെന്നാണ്. 'രാത്രി സമയങ്ങളില്‍ കൂടുതലും പുരുഷന്മാരാണ് ജോലി നോക്കുന്നതെങ്കിലും സ്ത്രീകളും എത്താറുണ്ട്. അത്തരം സ്ത്രീകളുടെ കൂടെ ചിലപ്പോള്‍ അവരുടെ സഹോദരങ്ങളോ അമ്മയോ ആരെങ്കിലുമൊക്കെ ഉണ്ടാവാറുമുണ്ട്.'

"വീടിനേയും കുട്ടികളെയും നോക്കേണ്ടതേ പലപ്പോഴും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണല്ലോ അതുകൊണ്ടു തന്നെ കുട്ടികള്‍ക്കെന്തെങ്കിലും അസുഖം വന്നാലൊ അല്ലെങ്കില്‍ വീട്ടില്‍ എന്തെങ്കിലും ആവശ്യം വന്നാലൊ ലീവ് എടുക്കേണ്ട സാഹചര്യം പലപ്പോഴും സ്ത്രീകള്‍ക്കാണുണ്ടാകാറുള്ളത്. ലീവ് കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ വലിയ മാനസികസംഘര്‍ഷങ്ങളും ഉണ്ടായേക്കാം. എന്നാല്‍ ഈ ജോലിയില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല അത്യാവശ്യമാണെങ്കില്‍ താല്‍ക്കാലികമായി ജോലി നിര്‍ത്തി വയ്ക്കാം." ഇത്തരത്തില്‍ എങ്ങനെ നോക്കിയാലും തങ്ങള്‍ക്ക് വലിയ നേട്ടമാണ് ഈ ജോലിയിലൂടെ ലഭിക്കുന്നതെന്ന് ഈ സ്ത്രീകള്‍ ഒറ്റ സ്വരത്തില്‍ പറയുന്നു

സൊമാറ്റോയിലെ രാജേശ്വരി തന്റെ ജോലിയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, "എടുക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ചാണ് ഞങ്ങളോരോരുത്തര്‍ക്കും ശമ്പളം ലഭിക്കുന്നത്. കൂടുതല്‍ ഓര്‍ഡറുകള്‍ എടുക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ പണം ലഭിക്കുന്നു. ഒരു ദിവസം ലീവ് വേണമെന്നു തോന്നിയാല്‍ ലീവിനപേക്ഷിക്കേണ്ട കാര്യമൊന്നുമില്ല, ഓഫ്‌ലൈന്‍ ആയാല്‍ മാത്രം മതി. എനിക്ക് നേരത്തെ ബിസിനസായിരുന്നു. ബിസിനസ് ചെയ്ത് നഷ്ടടം വന്നത് കാരണം ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തികൂടിയാണ്. എന്റെ പ്രശ്‌നങ്ങള്‍ ഒരുവിധം തീര്‍ക്കാന്‍ ഈ ജോലികൊണ്ട് സാധിക്കും എന്നെനിക്കുറപ്പുണ്ട്. അതുകൊണ്ടു തന്നെ 6 മാസത്തിലധികമായി ഈ ജോലി ചെയ്യുന്നു. ഒരു ദിവസം 1500 മുതല്‍ 2000 രൂപ വരെ ഈ ജോലിയിലൂടെ സമ്പാദിക്കാന്‍ സാധിക്കും. രാത്രി 11 മണി വരെ ഞാന്‍ ജോലിയെടുക്കാറുണ്ട്. ഇതു വരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. വീട്ടിലും പ്രശ്നമൊന്നുമില്ല."

രാവിലെ എട്ടുമണി മുതല്‍ രാത്രി വൈകുന്നതുവരെ ജോലി ചെയ്യുന്ന അവസരങ്ങളില്‍ പലപ്പോഴും ഇവര്‍ക്ക് നേരിടേണ്ടി വരുന്ന ഒരു ചോദ്യമാണ് രാത്രി ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാവില്ലെ എന്നത്. എന്നാല്‍ ഇതുവരെ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും ഇവര്‍ക്കു നേരിടേണ്ടി വന്നിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്. രാത്രി വൈകി ഡെലിവറിക്കു പോകുമ്പോള്‍ ചിലപ്പോള്‍ വീട്ടുകാരും ഇതേ ചോദ്യം ചോദിക്കാറുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നു അതില്‍ സമയം ഒരു ബുദ്ധിമുട്ടായി ഇതുവരെ തോന്നിയിട്ടില്ല. ഈ ചോദ്യത്തിനുള്ള എല്ലാവരുടെയും പൊതു ഉത്തരം ഇതാണ്.

വിശക്കുന്നവര്‍ക്ക് കൃത്യസമയത്ത് ഭക്ഷണമെത്തിച്ചുകൊടുക്കാനുള്ള ഓട്ടം കഴിഞ്ഞ് ശശികല വീട്ടില്‍ എത്തുമ്പോള്‍ ചിലപ്പോള്‍ എല്ലാവരും ഉറങ്ങിയിരിക്കും. "ആരും കാത്തിരിക്കുന്നില്ല എന്ന് പരിഭവം പറയാനൊക്കില്ലല്ലോ സമയം ഒരുമണി കഴിഞ്ഞിരിക്കും." നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ എടുക്കുന്നത് ശശികലയാണെന്നും എങ്ങനെ ഇതിനു സാധിക്കുന്നു എന്നും പലരും ചോദിക്കുമ്പോള്‍ മറുപടി ചിരിയില്‍ ഒതുക്കുമെങ്കിലും സമയത്തെ മറന്ന് അധ്വാനിക്കാനുള്ള ശശികലയുടെ മനസ്സും കഴിവും തന്നെയാണ് അതിനുപിന്നില്‍ എന്നത് വ്യക്തമാണ്.

പുതിയൊരു തൊഴില്‍ മേഖല രൂപപ്പെട്ടു വരുമ്പോള്‍ അവിടെ ലിംഗഭേദമില്ലാതെ സ്ത്രീകള്‍ക്കും സ്ഥാനം ലഭിക്കുന്നു എന്നതും അവര്‍ക്കും തുല്യ വേതനം ലഭിക്കുന്നു എന്നതുമാണ് ഭക്ഷണ വിതരണ മേഖലയെ മറ്റു പല തൊഴില്‍ മേഖലകളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്.

മഹാപ്രളയത്തിന് ഒരു വയസ്സ്; നാം എന്തു പഠിച്ചു...?

Read More : ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ