കറന്‍റ് കക്കുന്ന മുതലാളിമാരെ തൊട്ടാല്‍...

 
കറന്‍റ് കക്കുന്ന മുതലാളിമാരെ തൊട്ടാല്‍...

ടീം അഴിമുഖം

വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്ത് നിന്ന്‍ ഋഷിരാജ് സിംഗ് ഐ പി എസിനെ മാറ്റിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം ഈ വിഷയത്തില്‍ വലിയ വാദ പ്രതിവാദങ്ങള്‍ നടക്കുന്നതിനിടയിലാണ് തൃശൂരില്‍ നടന്ന വനിതാ പോലീസ് പാസിംഗ് ഔട്ട് പരേഡിനിടെ വേദിയിലേക്ക് കടന്നു വന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സിംഗ് സല്യൂട്ട് ചെയ്യാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി വിട്ടത്. രണ്ടാമത്തെ സംഭവം ആദ്യത്തേതിന്റെ തുടര്‍ച്ചയെന്ന തോന്നല്‍ പൊതുസമൂഹത്തില്‍ ഉണ്ടാക്കിയത് കൊണ്ട് തന്നെ വമ്പന്‍മാരുടെ വൈദ്യുതിമോഷണം കൂടുതല്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. വമ്പന്‍ സ്രാവുകളെ കുരുക്കാന്‍ ശ്രമിച്ചാല്‍ സ്ഥാനം തെറിക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാരണമാണ് ഋഷി രാജ് സിംഗ്. ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട കേശവേന്ദ്ര കുമാര്‍, ബാര്‍കോഴ അന്വേഷണ ഘട്ടത്തില്‍ വിജിലന്‍സില്‍ നിന്ന് മാറ്റപ്പെട്ട ജേക്കബ് തോമസ് തുടങ്ങിയവര്‍ ചില സമീപ കാല ഉദാഹരണങ്ങള്‍ മാത്രം.

ഒരു കോടി രൂപയുടെ വൈദ്യുതി മോഷണം നടത്തിയ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സ്‌കൈഷെഫിന്റെ തട്ടിപ്പ് കണ്ടെത്തിയപ്പോഴാണ് വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷി രാജ് സിംഗിനെ തല്‍സ്ഥാനത്തു നീക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. 11 മാസത്തെ കാലയളവിനിടയില്‍ ഉന്നതരില്‍ നിന്ന് 100 കോടിയോളം രൂപ വൈദ്യുതി മോഷണത്തിന്റെ പേരില്‍ ഉന്നതരില്‍ നിന്ന് പിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് ഋഷി രാജ് സിംഗ്. പൊതുജന മധ്യത്തില്‍ പേരും പെരുമായുമുള്ള നിരവധി പേര്‍ സിംഗിന്റെ വലയില്‍ കുടുങ്ങുകയുണ്ടായി. ഒടുവില്‍ മുത്തൂറ്റിനെ തൊടുന്നു എന്ന ഘട്ടം വന്നപ്പോഴാണ് ഋഷി രാജ് സിംഗിന്റെ കസേര ഇളകിയത്. ഈ വിഷയത്തില്‍ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ അടക്കം ഉന്നതരുടെ പേര് വിവരങ്ങള്‍ ഒളിപ്പിച്ച് തങ്ങളുടെ പരസ്യ വരുമാനം സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ നവമാധ്യമങ്ങളാണ് നിര്‍ഭയമായി സത്യാവസ്ഥ ജനങ്ങളെ അറിയിച്ചത് എന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്. അതേ സമയം ഒരു വശത്ത് പുതിയ പദ്ധതികളുടെയും റോഡ് വികസനത്തിന്റെയുമൊക്കെ പേരില്‍ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നതിനും അവരുടെ മേല്‍ കുതിര കയറുന്നതിനും ഭരണകൂടം ഒരു നിമിഷം പോലും മടിച്ചു നില്‍ക്കുന്നില്ല എന്ന യാഥാര്‍ഥ്യവുമുണ്ട്. അവിടെ വികസനമെന്ന വായ്ത്താരിയിട്ട് അതിനെ മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം മോഷണങ്ങളിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന റവന്യൂ നഷ്ടം അതി ഭീമമാണ്. വൈദ്യുതി ബോര്‍ഡിന് തന്നെ 3000 കോടിയോളം രൂപ കുടിശിഖയായി പിരിഞ്ഞു കിട്ടാനുണ്ടെന്നാണ് കണക്ക്.

ഋഷി രാജ് സിംഗിന്റെ സ്ഥാനചലനവുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകളും വിശകലനങ്ങളും അഴിമുഖം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഈ വിഷയത്തില്‍ വായനക്കാരുടെ പ്രതികരണങ്ങള്‍ കൂടി പ്രസിദ്ധീകരിക്കപ്പെടേണ്ടതുണ്ട് എന്ന് ഞങ്ങള്‍ കരുതുന്നു. ‘കറന്‍റ് കക്കുന്ന മുതലാളിമാരെ തൊട്ടാല്‍...’ എന്ന ഈ പംക്തിയിലേക്ക് വായനക്കാരുടെ പ്രതികരണങ്ങള്‍ ക്ഷണിച്ചു കൊള്ളുന്നു.

ഋഷി രാജ് സിംഗ് വിഷയത്തില്‍ അഴിമുഖം പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഇവിടെ വായിക്കാം

ഋഷിരാജ് തെറിച്ചത് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനെതിരെ നടപടി ഉറപ്പായപ്പോള്‍

ഋഷിരാജിനെ തെറിപ്പിച്ചതിന് പിന്നിലെ സുതാര്യമല്ലാത്ത സര്‍ക്കാര്‍
എന്നേ കെട്ടുകെട്ടിക്കേണ്ടിയിരുന്ന ഋഷിരാജ് സിംഗ്!
ചില ഉദ്യോഗസ്ഥർ വരുമ്പോൾ മാത്രം ചില നിയമങ്ങൾ പ്രവർത്തിക്കുന്നതെന്തുകൊണ്ടാണ്? ഹരീഷ് വാസുദേവന്‍ എഴുതുന്നു
എഴുന്നേറ്റ് നില്‍ക്കേണ്ടത് ദേശീയ ഗാനം ചൊല്ലുമ്പോള്‍- ഋഷി രാജ് സിംഗ്; വിവാദം അനാവശ്യം- രമേശ് ചെന്നിത്തല