തത്വം പറയുന്നതിനു മുമ്പ് സ്വന്തമായി എന്തെങ്കിലും സമ്പാദിക്കു; ഷാരുഖ് ഖാന്റെ ഉപദേശം

 
തത്വം പറയുന്നതിനു മുമ്പ് സ്വന്തമായി എന്തെങ്കിലും സമ്പാദിക്കു; ഷാരുഖ് ഖാന്റെ ഉപദേശം

നിങ്ങള്‍ തത്വചിന്തകരാകുന്നതിനു മുമ്പ്, സ്വന്തമായി സമ്പാദ്യം ഉണ്ടാക്കൂ; ബോളിവുഡിന്റെ താരരാജാവ് ഷാരുഖ് ഖാന്റേതാണ് ഈ ഉപദേശം. ദാരിദ്ര്യത്തില്‍ നിങ്ങള്‍ക്ക് ഒരിക്കലും കാല്‍പനികതയുണ്ടാവില്ലായെന്നും ഷാരുഖ് പറയുന്നു. ഫാഷന്‍ മാസികയായ ജി ക്യു ഇന്ത്യയുടെ പുതുവര്‍ഷ പതിപ്പിലാണ് ഷാരുഖ് മനസ് തുറക്കുന്നത്. ഞാന്‍ ദാരിദ്ര്യം അനുഭവിച്ചിട്ടുള്ളവനാണ്. അതുകൊണ്ടാണ് എനിക്ക് പറയാന്‍ കഴിയുന്നത്, ആ അവസ്ഥയില്‍ ഒരിക്കലും കാല്‍പ്പനികതയെ കാണാന്‍ കഴിയില്ല. നിങ്ങള്‍ ജീവിതത്തെ കുറിച്ച് തത്വങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതിനു മുമ്പ് നിങ്ങളുടേതായ സമ്പാദ്യം ഉണ്ടാക്കണം. ചില യുവാക്കള്‍, സുഹൃത്തുക്കളായവര്‍ ഒക്കെ പറയാറുണ്ട്, അവര്‍ വലിയൊരു നോവലിസ്റ്റ് ആകാന്‍ ആഗ്രഹിക്കുന്നൂവെന്ന്. ഞാന്‍ അവരോട് ഉപദേശിക്കും- നിങ്ങള്‍ ആദ്യം ഒരു കോപ്പി റൈറ്റര്‍ ആകൂ, കുറച്ച് പണം സമ്പാദിക്കു. ജീവിതത്തില്‍ ബുദ്ധിമുട്ടുന്നൊരു കലാകാരന്‍ ആകാതിരിക്കുക, സന്തുഷ്ടനായൊരു വ്യക്തിയാവുക.

ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളില്‍ 20 പേരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട ഖാന്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും മനസ് തുറക്കുന്നുണ്ട്.

എനിക്ക് പതിനാലോ പതിനഞ്ചോ വയസ് ഉള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. 25 വയസയാപ്പോള്‍ അമ്മയേയും നഷ്ടപ്പെട്ടു. മാതാപിതാക്കളുടെ നഷ്ടം നികത്താനാവാത്തതാണ്. നിങ്ങള്‍ക്ക് മാതാപിതാക്കളെ ജീവിതത്തിനെ തുടക്ക കാലത്തേ നഷ്ടപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ വേഗം വളരും. അച്ഛനമ്മമാര്‍ ഇല്ലാത്ത ലോകത്ത് നിങ്ങള്‍ കളിപ്പാട്ടങ്ങള്‍ക്കൊപ്പം കളിക്കുന്നില്ല, ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായിട്ടായിരിക്കും നിങ്ങളുടെ കളി.

ഞാനെന്റെ കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി കളിക്കാറുണ്ട്. മറ്റുള്ളവര്‍ ചിലപ്പോള്‍ അത്ഭുതത്തോടെ നോക്കുമായിരിക്കും. അവര്‍ വിചാരിക്കുന്നു ഞാനൊരു നല്ല പിതാവ് ആണെന്ന്. അതു ശരിയല്ല. ഞാന്‍ വെറുമൊരു പിതാവ് മാത്രമാണ്, സ്വന്തമായി കളിപ്പാട്ടങ്ങള്‍ ഇല്ലാതിരുന്ന ഒരാള്‍.