പ്രതീക്ഷ നിലനില്‍ക്കുന്നതായി യെച്ചൂരി

 
പ്രതീക്ഷ നിലനില്‍ക്കുന്നതായി യെച്ചൂരി

അഴിമുഖം പ്രതിനിധി

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. വി എസ് പാര്‍ട്ടിക്ക് പുറത്തേക്ക് എന്ന ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചു നില്‍ക്കുന്ന അന്തരീക്ഷത്തിലാണ് യെച്ചൂരിയുടെ വാക്കുകള്‍. സമ്മേളന വേദിവിട്ട് പുന്നപ്രയിലെ വീട്ടിലേക്ക് മടങ്ങിപ്പോയ വി എസിനെ യെച്ചൂരി ഫോണില്‍ വിളിച്ച് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു വി എസ്. വൈകിട്ട് നാലു മണിയോടെ അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നും വി എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് സൂചനകള്‍ വരുന്നുണ്ട്.

നേരത്തെ സമ്മേളനവേദിയില്‍ നിന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് യാത്ര പറഞ്ഞുപോരുന്നതിന് മുമ്പ് ഇങ്ങനെ തുടരാന്‍ താല്‍പര്യമില്ലെന്നും പറയാനുള്ളതെല്ലാം ജനങ്ങളോട് പറഞ്ഞോളാം എന്നും പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു അതിനാല്‍ വി എസ് മാധ്യമങ്ങളെ കാണുമെന്ന വാര്‍ത്ത വളരെ ആകാംക്ഷപൂര്‍വമാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. ഇതിനിടയില്‍ തന്റെ അടുത്ത അനുയായികളോട് ഫോണില്‍ ബന്ധപ്പെട്ട് വി എസ് ഇവരോട് പുന്നപ്രയിലെ വീട്ടിലേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

അതേസമയം വി എസിന്റെ വേലിയ്ക്കകത്ത് വീടിനുമുന്നില്‍ നാട്ടുകാരടക്കം വി എസ് അനുകൂലികള്‍ ഒത്തുചേര്‍ന്നിട്ടുണ്ട്. വിഎസിനായി മുദ്രാവാക്യങ്ങള്‍ വിളിച്ചും തങ്ങള്‍ ഒപ്പമുണ്ടാകും എന്ന് പ്രഖ്യാപിച്ചും അവര്‍ തങ്ങളുടെ വികാരങ്ങള്‍ പ്രകടപ്പിക്കുന്നുണ്ട്.