രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് താരമായ ജ്യോതി വിജയകുമാര്‍ ആരാണ്‌?

 
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് താരമായ ജ്യോതി വിജയകുമാര്‍ ആരാണ്‌?

പത്തനാപുരത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് വന്‍ സ്വീകാര്യതയാണ് കിട്ടിയത്. പൂര്‍ണമായും ഇംഗ്ലീഷില്‍ നടത്തിയ ആ പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ ആവേശം ആ വാക്കുകളിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട ദേശീയ വിഷയങ്ങള്‍ ഊന്നിഊന്നി പറഞ്ഞ രാഹുലിന്റെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വനിത ആരാണെന്നാണ് അത് കണ്ടുകൊണ്ടിരുന്ന ഓരോരുത്തരും അന്വേഷിച്ചത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിജയകുമാറിന്റെ മകള്‍ ജ്യോതി വിജയകുമാറാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ദേശീയ മത്സ്യത്തൊഴിലാളി പാര്‍ലമെന്റില്‍ രാഹുല്‍ ഇംഗ്ലീഷിലും ഹിന്ദിയിലും നടത്തിയ പ്രസംഗവും അതേ രീതിയില്‍ ലളിതമായി മലയാളത്തിലേക്കു തര്‍ജ്ജിമ ചെയ്തതും ജ്യോതി ആണ്. എന്നാല്‍ ഇന്നത്തെ ഒറ്റ പ്രസംഗം കൊണ്ട് ജ്യോതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുകയാണ്. മത്സ്യത്തൊഴിലാളി പാര്‍ലമെന്റില്‍ പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഹിന്ദിയിലും ഇംഗ്ലീഷിലും രാഹുല്‍ നല്‍കിയ മറുപടിയാണ് ഇവര്‍ തര്‍ജ്ജമ ചെയ്തത്. ഒരു മണിക്കൂറോളം നീണ്ട സംവാദത്തിലുടനീളം പ്രസംഗത്തിന്റെ വീര്യം ചോരാതെയാണ് ജ്യോതി മലയാളത്തിലേക്ക് തര്‍ജ്ജിമ നടത്തിയത്.

തിരുവന്തപുരത്ത് സിവില്‍ സര്‍വ്വീസ് അക്കാദമി അധ്യാപികയും മുന്‍ മാധ്യമ പ്രവര്‍ത്തയുമാണ് ഇവര്‍. തന്റെ പ്രസംഗം നന്നായി മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത ജ്യോതിയെ രാഹുല്‍ ഗാന്ധി അഭിനന്ദിക്കുകയും ചെയ്തു.

2016ല്‍ സോണിയ ഗാന്ധി കേരളത്തിലെത്തിയപ്പോള്‍ ്അവരുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതും ജ്യോതിയാണ്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണായിരുന്നു ഇവര്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ജ്യോതി ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്നുമുണ്ട്.

അതേസമയം മുമ്പ് പലരും രാഷ്ട്രീയ പ്രമുഖരുടെ പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത് പരിഹാസ്യരായ സ്ഥാനത്താണ് ജ്യോതി കത്തിക്കയറിയത് എന്നതാണ് അവരെ താരമാക്കുന്നത്. കണ്ണൂരില്‍ അമിത് ഷായുടെ പ്രസംഗം തര്‍ജ്ജിമ ചെയ്തത് വി. മുരളീധരനാണ്. 'കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ഇവിടുത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വലിച്ചു താഴെയിടും' പോലുള്ള അബദ്ധങ്ങള്‍ ആ തര്‍ജ്ജമയില്‍ സംഭവിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കെ.സുരേന്ദ്രന്‍ തര്‍ജ്ജിമ ചെയ്തപ്പോള്‍ അബദ്ധങ്ങള്‍ സംഭവിക്കുകയും ഇടയ്ക്ക് വെച്ചു വി. മുരളീധരനു കൈമാറേണ്ടതായും വന്നു. ബൃന്ദ കരാട്ട് പ്രസംഗിച്ചപ്പോള്‍ അവസാനം തര്‍ജ്ജിമ ചെയ്ത ആള്‍ക്കു അവര്‍ തന്നെ വിശദീകരിച്ചു കൊടുക്കേണ്ടിയും വന്നു.Read More :