ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും പിന്തുണയുമായി ടാറ്റ മോട്ടോഴ്‌സ്

 
ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും പിന്തുണയുമായി ടാറ്റ മോട്ടോഴ്‌സ്

ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും പിന്തുണയുമായി രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ്. ആവശ്യമായ എല്ലാ സാധനങ്ങളും തടസ്സമില്ലാതെ ലഭിക്കുന്നതിനായി ചരക്കുനീക്കം ഉറപ്പാക്കാന്‍ ഗതാഗത സംവിധാനങ്ങളെ സമഗ്രമായി പിന്തുണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് തങ്ങളെന്ന് ടാറ്റ മോട്ടോഴ്‌സ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ട്രക്ക് ഡ്രൈവര്‍മാര്‍, ചെറുകിട ട്രാന്‍സ്‌പോര്‍ട്ടറുകള്‍, മിഡ്-സൈസ് ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, ഫ്‌ളീറ്റ് ഉടമകള്‍ തുടങ്ങിയവര്‍ക്കാണ് സഹായം നല്‍കി വരുന്നത്.

ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ടാറ്റാ മോട്ടോഴ്സ് ഓപ്പറേഷന്‍ ശൃംഖലയിലുടനീളം നിരവധി 'സാരഥി ആരാം കേന്ദ്രങ്ങളില്‍' ഭക്ഷണം, മാസ്‌ക്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ വിതരണം ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ സമയത്ത്, ട്രക്ക് ഡ്രൈവര്‍മാര്‍ക്കും രാജ്യത്തുടനീളമുള്ള ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്കും വേണ്ടി 1800 209 7979 എന്ന 24ഃ7 ഹെല്‍പ്പ് ലൈന്‍ ടോള്‍ ഫ്രീ നമ്ബര്‍ ടാറ്റ മോട്ടോര്‍സ് പ്രവര്‍ത്തിപ്പിച്ചു. ലഭിച്ച അഭ്യര്‍ത്ഥനകള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന്, 900 അടിയന്തിര പ്രതികരണ ടീമുകളെ സൃഷ്ടിക്കുകയും പ്രധാന ഗതാഗത കേന്ദ്രങ്ങളിലും ഇടനാഴികളിലും കൃത്യമായി അവരെ കേന്ദ്രീകരിക്കുകയും ചെയ്തു. 21 സംഭരണശാലകളില്‍ നിന്നും എളുപ്പത്തില്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ എത്തിച്ചു. ഇതിനായി ഒരു പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് സിസ്റ്റം നടപ്പിലാക്കി.

ലോക് ഡൗണ്‍ കാലയളവില്‍ വാറന്റി കാലഹരണപ്പെടുന്ന വാണിജ്യ വാഹനങ്ങളുടെ വാറന്റി നീട്ടി നല്‍കി, ടാറ്റ സുരക്ഷ വാര്‍ഷിക അറ്റകുറ്റപ്പണി കരാറുകളുടെ സമയപരിധികളും നീട്ടിയിട്ടുണ്ട്. ടാറ്റ മോട്ടോഴ്സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ മോട്ടോഴ്സ് ഫിനാന്‍സ് (ടിഎംഎഫ്) വായ്പ തവണകള്‍ ഉദാരമാക്കുകയും കാലാവധി നീട്ടിനല്‍കുകയും ചെയ്തുവെന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ട്രക്ക് ഡ്രൈവര്‍മാരും, ട്രാന്‍സ്‌പോര്‍ട്ടുകളും രാജ്യത്തിന്റെ എല്ലാ സപ്ലൈകളും തടസ്സമില്ലാത്ത എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായി ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡിന്റെ സിവിബിയു കസ്റ്റമര്‍ കെയര്‍ ഗ്ലോബല്‍ ഹെഡ് ആര്‍. രാമകൃഷ്ണന്‍ പറഞ്ഞു.