നാരാങ്ങാമിഠായികളുടെ നന്മ

 
നാരാങ്ങാമിഠായികളുടെ നന്മ

ബൈക്കില്‍ കാര്‍ട്ടണ്‍ ബോക്സുകള്‍ കുത്തിനിറഞ്ഞ വലിയൊരു ബാഗുമായാണ് ആ യുവാവ് ഗേറ്റിലെത്തിയത്. ആമസോണില്‍ നിന്നുള്ള ഡെലിവറിയാണ്. നേരത്തെ നഗരങ്ങളില്‍ മാത്രമുണ്ടായിരുന്ന വിതരണം ഇപ്പോള്‍ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. വീട്ടുപടിക്കല്‍ ഗുണനിലവാരത്തില്‍ തെറ്റില്ലാത്ത സാധനമെത്തുന്നു. മനസ്സിലുദ്ദേശിക്കുന്ന വസ്തുക്കള്‍ തേടിയലയേണ്ട, കുറച്ചു പേര്‍ക്കു തൊഴില്‍ കിട്ടുന്നു എന്ന നല്ലതുകളൊക്കെയുണ്ട്. പക്ഷേ ഈ ചെറുപ്പക്കാരന്‍ വന്നത് ജംങ്ഷനിലെ അജയഘോഷ് ചേട്ടന്റെ കടയുടെ മുന്നിലൂടെയായിരിക്കുമല്ലോ എന്നു ഞാനോര്‍ത്തു. പാവം പിടിച്ച ഒരു മാടക്കടയാണ്. കോറോണക്കാലമായതോടെ കച്ചവടമൊക്കെ കുറഞ്ഞ് കഷ്ടത്തിലാണ്. വീട്ടിലേക്കാവശ്യമായ നിസ്സാരമെന്നു തോന്നുന്ന കൊച്ചുകൊച്ചു സാധനങ്ങള്‍ക്ക് ഓടിയെത്തുന്നത് അബ്ദു ഇക്കയുടെ കടയിലേക്കാണ്. കുറഞ്ഞ വിലയില്‍ അതുകിട്ടും. ഇപ്പോള്‍ അവിടെ എത്തിയിരിക്കുന്ന പുതിയ ഐറ്റം പല നിറങ്ങളിലുള്ള മാസ്‌കുകളാണ്.

മാടക്കടക്കടകള്‍ ധാരാളമുണ്ടായിരുന്നു ഗ്രാമമായിരുന്നു എന്റേത്. അല്ലെങ്കില്‍ തന്നെ മാടക്കടകള്‍ കാണാത്ത മലയാളനാടുണ്ടായിരുന്നോ? കാലവും നാടും ഒരുപാടു മുന്നോട്ടുപോയെങ്കിലും ഒരു മാടക്കടയെങ്കിലുമില്ലാത്ത പ്രദേശം നാട്ടില്‍ അത്യപൂര്‍വമായിരിക്കും. ഓരോ മാടക്കടയ്ക്കും ഓരോ മണമാണ്. ഓര്‍മ്മകളെ ഉണര്‍ത്തുന്ന മണം. അത് ഒത്തിരിയൊത്തിരി ഭൂതക്കാലകുളിരുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.

കൊച്ചി, തിരുവനന്തപുരത്തും ഞാന്‍ താമസിച്ചിട്ടുണ്ട്. വലിയ നഗരങ്ങള്‍. വീടു വിട്ടുവന്ന ഒരാളെ തന്റെ ഗ്രാമത്തിന്റെ ഓര്‍മ്മകളിലേക്കും നന്മകളിലേക്കും മടക്കിക്കൊണ്ടുപോകുന്ന ചില അനുഭവങ്ങള്‍ ഈ നഗരങ്ങള്‍ തന്നിട്ടുണ്ട്. അതിലൊന്നാണു ഗ്രാമപ്പച്ചത്തുരുത്തുകളെന്ന പോലെ നഗരങ്ങളുടെ ഓരം ചേര്‍ന്നു കാണുന്ന ചില മാടക്കടകള്‍. നഗരം വളര്‍ന്നു മാനം മുട്ടിയിട്ടും മുഖം മാറാതെ നില്‍ക്കുന്നവ. പതിറ്റാണ്ടുകളുടെ പഴക്കം പേറുന്നവ. ഗോലി സോഡയും നറുനീണ്ടി സര്‍ബത്തും ഇത്തിരിക്കുഞ്ഞന്‍ മിഠായികളും മണ്‍കുടത്തിലെ മോരും ഉണ്ണക്കെച്ചമ്മീനും മീന്‍ അച്ചാറും വെറ്റിലയും ചുണ്ണാമ്പും മൂക്കുപ്പൊടിയും കൊട്ടടയ്ക്കയും തെറുപ്പുബീഡിയും മുതല്‍ പോയകാലത്തെ അടയാളപ്പെടുത്തുന്ന മനുഷ്യാനുഭങ്ങളൊക്കെയും അതേ പ്രൗഡിയോടെ നിരന്നിരിക്കുന്ന ഇടങ്ങള്‍.

മാടക്കടകള്‍ക്കുള്ള മാത്രമുള്ള ഒരു ഗന്ധമുണ്ടല്ലോ. മുറുക്കും സിഗരറ്റു വലിയുമൊക്കെ പൊതുവെ കുറഞ്ഞെങ്കിലും ചെറുനാരങ്ങയും ചുണ്ണാമ്പും വെറ്റിലയും അടക്കയുമൊക്കെ ചേര്‍ന്നുള്ള മണം ഇപ്പോഴും മാടക്കടകളില്‍ നിന്നുയരുന്നുണ്ട്. കയറില്‍ തൂങ്ങി നില്‍ക്കുന്ന നാടന്‍ പഴങ്ങള്‍. ഒന്നാഞ്ഞു ശ്വസിച്ചാല്‍ പഴുക്കപ്പെട്ടിയുടെ ഗന്ധമറിയാം. മാടക്കടയുടെ കൂര താങ്ങി നിര്‍ത്തുന്ന ചില മരത്തൂണുകളും കുറ്റികളുമൊക്കെ കാണാം. അവയില്‍ മുറുക്കാന്‍ പ്രേമികളുടെ വിരല്‍ത്തുമ്പുകള്‍ കോറിയിട്ട ചുണ്ണാമ്പുചിത്രങ്ങളുണ്ടാകും. കൊച്ചി നഗരത്തില്‍ അടുത്ത കാലം വരെ മാടക്കടകള്‍ സജീവമായിരുന്നു. കലൂരിലും വൈറ്റിലയിലും പാലാരിവട്ടത്തും മാടക്കടകള്‍ നിറഞ്ഞിരുന്നു. സ്‌കൂള്‍ ഗേറ്റിനു വെളിയില്‍ മോരുംവെള്ളവും കപ്പലണ്ടിമിഠായിയും ടാറുമിട്ടായിയുമൊക്കെ വില്‍ക്കുന്ന കടകളുണ്ടായിരുന്നു.

കടവന്ത്രയില്‍ ഡിഡി അങ്ങാടിയിരിക്കുന്ന ഇടം ഒരുകാലത്തു മാടക്കടകളുടെ വലിയ കേന്ദ്രമായിരുന്നു. സന്ധ്യയായാല്‍ കടയ്ക്കു മുന്നില്‍ ആളുകൂടും. പെട്രോമാക്സിന്റെ മഞ്ഞവെളിച്ചം നിറയും. ഉപ്പും മുളകും തുടങ്ങി വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ കുശലവും പരദൂഷണവും നാട്ടുവിശേഷവും രാഷ്്ട്രീയവുമൊക്കെ അവിടെ ഇടംപിടിച്ചിരുന്നു. എല്ലാവരും പരസ്പരം അറിയുന്നവര്‍. പരിചിതര്‍. അതുകൊണ്ട് വര്‍ത്തമാനം നീളും. വളക്കച്ചവടക്കാരും കല്യാണബ്രോക്കര്‍മാരും പാത്രക്കച്ചവടക്കാരുമൊക്കെ കളംപിടിയ്ക്കും.

ഇന്നും കടവന്ത്രയില്‍ ആള്‍ക്കൂട്ടമുണ്ട്. അതിരാവിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ തിരക്കാണ്. അവര്‍ക്കിടയിലൂടെ ചുരുക്കം നാട്ടുകാര്‍ നടന്നുപോയെന്നിരിക്കും. വലിയ അന്യതാബോധത്തോടെ. ചിട്ടിപ്പിരിവുകാരുടെ കളക്ഷന്‍ പോയിന്റ് മാടക്കടകളായിരുന്നു. ഭാഗ്യക്കുറിവില്പനക്കാരെ അന്ന് ഇതുപോലെ കണ്ടിരുന്നില്ല. കാലമൊന്നു കറങ്ങി തിരിഞ്ഞു വന്നപ്പോള്‍ മാടക്കടകളിലും ഭാഗ്യക്കുറികളെത്തിയിരിക്കുന്നു.

ഞാന്‍ താമസിച്ചിരുന്ന കൊച്ചിയിലെ തമ്മനത്ത് അബ്ദു എന്ന മനുഷ്യന്റെ മാടക്കടയുണ്ടായിരുന്നു. വെളുത്ത താടിയും മുടിയുമുള്ള എപ്പോഴും പുഞ്ചിരിച്ചു കണ്ടിരുന്ന സുമുഖനായ വൃദ്ധന്‍. കൂത്താപ്പാടി ബസ് സ്റ്റോപ്പിനോടു ചേര്‍ന്നായിരുന്നു ആ കട. അബ്ദുവിന്റെ മാടക്കടയ്ക്കു മധുരമായിരുന്നു മണം. ടാറുമിഠായിയും നാരാങ്ങാമിഠായിയും മുതല്‍ പോയ കാലത്തിന്റെ മധുരങ്ങളെല്ലാം ഈ കൊച്ചുകടയിലെ അസംഖ്യം ചില്ലുഭരണികളില്‍ അബ്ദു ഇടപാടുകാര്‍ക്കായി കാത്തു വച്ചിരുന്നു.

ഈയിടെ അതുവഴി പോയപ്പോള്‍ കടയ്ക്കു മുന്നില്‍ വണ്ടിനിര്‍ത്തി. കട അടച്ചിരിക്കുകായണ്. നിറവും മണവും മധുരവുമല്ല, പോയകാലം സമ്മാനിച്ച തീവ്രമായ ഓര്‍മ്മകളാണ് മനസ്സിലേക്കോടി വന്നത്. മൂന്നു പതിറ്റാണ്ടിനു മുമ്പാണ് കൂത്താപ്പാടിയില്‍ അബ്ദു മാടക്കട തുറന്നത്. ആദ്യം പരിചയപ്പെട്ടപ്പോള്‍ അബ്ദു പറഞ്ഞു: 'സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഇവിടെ നിന്നു മിട്ടായിയൊക്കെ വാങ്ങിക്കഴിച്ചിരുന്ന 'കുട്ടികള്‍' ഇപ്പോഴും വരാറുണ്ട്. അവര്‍ വളര്‍ന്നു വലുതായി എന്ന് എനിക്കു തോന്നിയിട്ടില്ല. അവരുടെ കൂടെ ചിലപ്പോള്‍ കൊച്ചുമക്കളും കാണും. ഈ കടയോയും എന്നോടും സ്നേഹമാണെന്നാണു പറയാറ്..'

മാനം മുട്ടെ വളര്‍ന്ന കൊച്ചിയില്‍ മാറ്റമില്ലാതെ കാണുന്നത് അബ്ദുവും അബ്ദുവിന്റെ കടയുമാണെന്ന് എനിക്കു തോന്നി. മാറ്റമില്ലാതെ കഴിയുന്നത് മറ്റൊരര്‍ഥത്തില്‍ വലിയൊരു മികവാണ്. സാഹചര്യത്തിനനുസരിച്ച് മാറുന്നവരാണ് അധികം പേരും. അങ്ങനെയല്ലാത്ത മനുഷ്യനു നന്മകളുണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. മറ്റുള്ളവരെ സംതൃപ്തരാക്കുന്നതിനാണ് ഇങ്ങനെയുള്ള മനുഷ്യര്‍ ജീവിച്ചിരിക്കുന്നതെന്നു തോന്നിപ്പോകും.

'മാറ്റമില്ലാതിരിക്കുന്നു എന്നതിനര്‍ത്ഥം എന്നും ചെറുപ്പമായി ഇരിക്കുന്നു എന്നാണല്ലോ..' അബ്ദു പറഞ്ഞു.

ചില്ലുഭരണി തുറന്ന് ഒരു കുറെ നാരാങ്ങാമിഠായികളെടുത്ത് അദ്ദേഹം എനിക്കു നേരേ നീട്ടി. വാങ്ങാന്‍ ഒന്നു മടിച്ചപ്പോള്‍ അദ്ദേഹം നിഷ്‌കളങ്കമായി ചിരിച്ചു.

കൈ നീട്ടി. പല നിറത്തിലുള്ള നാരങ്ങാമിഠായികളുടെ ഒരു പൊതി.

........

അബ്ദു കട തുറക്കാത്തതെന്തെന്ന് അടുത്തുള്ള ചായപ്പീടികയില്‍ തിരക്കി. അദ്ദേഹം കുറച്ചുകാലം മുന്‍പ് മരിച്ചു. ഇപ്പോള്‍ വീട്ടുകാരാണ് കട നോക്കുന്നത്. കച്ചവടം കുറവായതിനാല്‍ പതിവായി തുറക്കാറില്ല. ഒരു നിമിഷത്തേക്ക് നെഞ്ചൊന്നു വിങ്ങി. തൊപ്പി വൃത്തിയായി തൂത്തുതുടച്ച് പഞ്ഞിനരത്തലമുടിയിലേക്ക് ചേര്‍ത്തുവയ്ക്കുന്ന അബ്ദുവിനെ ഓര്‍ത്തുപോയി. ആ പ്രവൃത്തിക്കിടയില്‍ അദ്ദേഹം കാലത്തെ നോക്കി ഒരു കുസൃതിച്ചിരി ചിരിക്കുന്നുണ്ട്.