ഭൂമിയോടും പ്രകൃതിയോടും മനുഷ്യര്‍ ചെയ്ത ക്രൂരതയുടെ ഫലമാണ് കോവിഡ് ദുരന്തം, വീടുകളില്‍ തളച്ചിടപ്പെട്ട ഈ സമയം തന്നെ നാം ഇടപെട്ടേ മതിയാവൂ

 
ഭൂമിയോടും പ്രകൃതിയോടും മനുഷ്യര്‍ ചെയ്ത ക്രൂരതയുടെ ഫലമാണ് കോവിഡ് ദുരന്തം, വീടുകളില്‍ തളച്ചിടപ്പെട്ട ഈ സമയം തന്നെ നാം ഇടപെട്ടേ മതിയാവൂ

"I See the Earth ! What a beautiful sight ! " ഈ ആശ്ചര്യ പ്രകടനം ഉണ്ടായത് ലോകത്തെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനില്‍ നിന്നാണ്. ബഹിരാകാശത്തു നിന്ന് ഭൂമിയെ നോക്കിക്കണ്ട ഗഗാറിന്‍ അത്ഭുതപ്പെട്ടുപോയതിന്റെ ആഴം ആ വരികളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. മനേഹരകാഴ്ചയായി കാണപ്പെട്ട ഭൂമി ഒരു മഹാമാരിയുടെ പിടിയിലമര്‍ന്ന്, ജനജീവിതം സ്തംഭിച്ച്‌, കബന്ധങ്ങളുടെ ഘോഷയാത്രക്ക് ശമനമില്ലാതായിരിക്കുന്ന സ്ഥിതിയിലാണിപ്പോള്‍.ലോകസാമ്ബത്തികരംഗം പ്രതിസന്ധിയില്‍പ്പെട്ട് ഉഴറുന്ന സമയത്താണ് കോവിഡ്19 വിനാശം വിതക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കാലാവസ്ഥാ വ്യതിയാനവും മലിനീകരണമുള്‍പ്പെടെയുള്ള പ്രശ്നങ്ങളും സമ്ബദ് വ്യവസ്ഥക്ക് പ്രഹരമേല്‍പ്പിക്കുകയാണ്. പ്രകൃതിക്ക് പകരം വെക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ വിഭവങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഫലമായാണ് ഇവയെല്ലാം സംഭവിക്കുന്നത്. സാമ്ബത്തിക വികസനത്തിന്റെ കണക്കുകളില്‍ തെളിയുന്ന അക്കങ്ങളില്‍ അഭിരമിച്ചിരിക്കുന്നവര്‍ക്ക് ഭൂമി ചൂഷണത്തിനു മാത്രമുള്ള ഒന്നായിരുന്നു. ഭൂമിയെ, പ്രകൃതിയെ ചൂഷണം ചെയ്യാതെ മനുഷ്യവര്‍ഗ്ഗത്തിന് മുന്നോട്ടുപോകാനാവുകയില്ല എന്നതിനെ പിന്‍പറ്റി കുതിക്കുകയായിരുന്നു ലോകം.

പതിനാറാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തോടെ മുതലാളിത്ത ഉത്പാദനപ്രക്രിയക്ക് കരുത്തേറി. കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുക, ഉല്‍പ്പാദിപ്പിക്കുന്നതെല്ലാം വിറ്റഴിക്കുക എന്നതിലൂടെ ധനികരാവുക എളുപ്പമായി മാറി. ലാഭം കേന്ദ്രബിന്ദുവായപ്പോള്‍ പരമാവധി ഉത്പാദനം എന്നായി ചിന്ത. ഉത്പാദിപ്പിക്കുന്നതെല്ലാം വിറ്റഴിക്കാന്‍ പാകത്തില്‍ കൂടുതല്‍ ശക്തമായ കമ്ബോളത്തെ രൂപപ്പെടുത്തിയാണ് പരമാവധി ഉപഭോഗം എന്നത് യാഥാര്‍ത്ഥ്യമാക്കിയത്. പരമാവധി ലാഭം എന്നതും മാറി എങ്ങിനേയും പണമുണ്ടാക്കുക എന്നതിലേക്കെത്തിയപ്പോള്‍ ഭൂമിയെ അനിയന്ത്രിതമായ ചൂഷണത്തിന് വിധേയമാക്കുന്നതാണ് നാം കണ്ടത്. ഇതിനെ വികസനം എന്നു പേരിട്ടുവിളിക്കുക എന്ന തന്ത്രപരമായ സമീപനവും മുതലാളിത്തത്തിന്റെ വക്താക്കള്‍ സ്വീകരിച്ചു. സമയവും ദൈവവുമെല്ലാം പണമാണെന്ന ചിന്താഗതിക്ക് കരുത്തേറിയപ്പോള്‍ ഭൂമി സമാനതകളില്ലാത്ത കൊള്ളയടിക്കലുകള്‍ക്ക് വിധേയയായി. എങ്ങിനെയും പണമുണ്ടാക്കാനുള്ള ആര്‍ത്തിയോടെ പ്രാദേശികമായി നടക്കുന്ന ചൂഷണങ്ങള്‍ മുതല്‍ കോര്‍പ്പറേറ്റുകളുടെ കൊള്ളകള്‍ വരെ വികസനം എന്ന ലേബലൊട്ടിച്ച്‌ മുന്നേറുമ്ബോള്‍ പരിസ്ഥിതി നാശം വ്യാപകമാവുകയും എല്ലാ ജീവജാലങ്ങളുടേയും നിലനില്‍പ്പിനാധാരമായ ഒരേയൊരു ഭൂമിയില്‍ ജീവിതങ്ങള്‍ തകര്‍ന്നടിയുകയും ചെയ്യുകയാണ്.

അമേരിക്കക്കാരിയായ റേച്ചല്‍ കാഴ്സണ്‍ എഴുതിയ 'നിശബ്ദവസന്തം' (Silent Spring) എന്ന പുസ്തകം 1962 ല്‍ പുറത്തിറങ്ങിയപ്പോള്‍ അന്നേവരെ ശരിയെന്നു കരുതിയ പലതും കീഴ്മേല്‍ മറിഞ്ഞു. വ്യാവസായിക കൃഷിയുടെ ദുരിതങ്ങളും ദുരന്തങ്ങളും വിവരിച്ച റേച്ചല്‍ കാഴ്സണ്‍, കര്‍ഷക മിത്രമായി വ്യാഖ്യാനിക്കപ്പെട്ടിരുന്ന രാസകീടനാശിനിയായ DDTയുടെ ഉപയോഗം ഏല്‍പ്പിച്ച കനത്ത ആഘാതങ്ങളെ അനാവരണം ചെയ്യുകയുമുണ്ടായി. മുതലാളിത്ത വികസനത്തിന്റെ രീതികളും അതുമൂലം പ്രകൃതിക്കുണ്ടാവുന്ന അപകടങ്ങളും അതോടെ ചര്‍ച്ചാ വിഷയമായിമാറി. എണ്ണ ചോര്‍ച്ച, ഫാക്ടറികളുടെ മലിനീകരണം, അസംസ്കൃത മലിനജലം, വിഷ മാലിന്യങ്ങള്‍, കീടനാശിനികള്‍, വന്യമൃഗങ്ങളുടെ വംശനാശം എന്നിവയെ ഗൗരവത്തിലെടുക്കാന്‍ ജനങ്ങള്‍ തയ്യാറാവുന്നതാണ് പിന്നീട് കണ്ടത്. അമേരിക്കയില്‍ തന്നെ അതിന്റെ ആദ്യ ബഹിര്‍സ്ഫുരണങ്ങള്‍ ഉണ്ടായി. വിസ്കോണ്‍സനില്‍ നിന്നുള്ള അമേരിക്കന്‍ സെനറ്ററായ ഗെയ്ലോര്‍ഡ് നെല്‍സണ്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ സംഘടിപ്പിച്ച്‌ പരിസ്ഥിതി സംരക്ഷണത്തിനായി മുന്നിട്ടിറങ്ങി. കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറയില്‍ വന്‍തോതിലുണ്ടായ എണ്ണച്ചോര്‍ച്ചയുടെ ദുരിതങ്ങള്‍ നേരിട്ടു ബോധ്യപ്പെട്ട ആളായിരുന്നു നെല്‍സണ്‍. വിയറ്റ്നാമിനെനെതിരെ അമേരിക്ക നടത്തിയ യുദ്ധത്തില്‍ പ്രതിഷേധിച്ച്‌ അമേരിക്കന്‍ കാമ്ബസുകള്‍ തിളച്ചുമറിഞ്ഞ കാലവുമായിരുന്നു അത്. വിദ്യാര്‍ത്ഥി പ്രക്ഷോഭം അമേരിക്കന്‍ ജനതയെ ഏറെ സ്വാധീനിച്ചതും ഭരണാധികാരികളെ തിരുത്തിച്ചതും മറ്റൊരു ചരിത്രം. വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിന്റെ ഊര്‍ജ്ജം ഭൂമിയെ സംരക്ഷിക്കാനായും വിനിയോഗിക്കണമെന്ന നെല്‍സന്റെ അഭിപ്രായം അമേരിക്കന്‍ കാമ്ബസുകള്‍ ഏറ്റെടുത്തു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡെനിസ് ഹെയ്സ് വിദ്യാര്‍ത്ഥികളെ ഏകോപിപ്പിക്കാന്‍ നെല്‍സണൊപ്പം മുന്നിട്ടിറങ്ങി. അമേരിക്കന്‍ ജനത ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധമായ പിന്തുണയും നല്‍കി. അങ്ങിനെയാണ് 1970 ഏപ്രില്‍ 22 ന്റെ ആദ്യ ഭൗമദിനാചരണം നടക്കുന്നത്. അന്ന് കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, രാസ-തീവ്രമായ കൃഷി എന്നിവ അസ്തിത്വ പ്രതിസന്ധികളായി മാറിയിരുന്നില്ല.മുഖ്യപ്രശ്നം മലിനീകരണമായിരുന്നു. വ്യാവസായവല്‍ക്കരണത്തിലൂടെ അതിക്രമിച്ചുകയറുന്ന വിഷവസ്തുക്കളില്‍ നിന്ന് വിലയേറിയ വിഭവങ്ങളായ വായു, ജലം, ഭൂമി, ജീവജാലങ്ങള്‍ എന്നിവയെ സംരക്ഷിക്കാനുള്ള നടപടികള്‍ക്കു വേണ്ടി രംഗത്തിറങ്ങാനുള്ള ആഹ്വാനമായിരുന്നു നെല്‍സണും ഹെയ്സുമെല്ലാം നടത്തിയത്. അത് ഒരു ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ പര്യാപ്തവുമായിരുന്നു. അമേരിക്കന്‍ ജനസംഖ്യയില്‍ പത്തുശതമാനത്തിലധികം പേര്‍ അതായത് രണ്ടുകോടിയിലധികം ആളുകള്‍ വ്യാവസായിക വികസനത്തിന്റെ തിക്തഫലങ്ങള്‍ക്കെതിരെ, പരിസ്ഥിതിയെ സംരക്ഷിക്കാന്‍ അന്നത്തെ പരിപാടികളില്‍ പങ്കാളികളായി രംഗത്തിറങ്ങിയത് ഒരു പുത്തന്‍ അനുഭവമായി മാറി.

ഒന്നാമത്തെ ഭൗമദിനാചരണം കേവലമൊരു പരിപാടിയായി ഒടുങ്ങിയില്ല . യുദ്ധവിരുദ്ധപ്രക്ഷോഭങ്ങളിലൂടെ ഭരണകൂടത്തെ വിറപ്പിച്ച വിദ്യാര്‍ത്ഥികളുടെ ശക്തി ഇതിന്റെ പിന്നിലുള്ളത് നന്നായി ബോധ്യപ്പെട്ട അധികാരികള്‍ ഭൗമദിനാചരണപരിപാടികളിലൂടെ ഉന്നയിച്ച വിഷയങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ നിര്‍ബന്ധിതരായി.1970 അവസാനമാകുമ്ബോഴേക്കും അമേരിക്ക, എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി രൂപീകരിച്ചു. ദേശീയ പരിസ്ഥിതി വിദ്യാഭ്യാസ നിയമം,തൊഴില്‍ സുരക്ഷയും ആരോഗ്യവും നിയമം , ശുദ്ധവായു നിയമം എന്നിങ്ങനെ നിരവധി നിയമങ്ങളും അതേ വര്‍ഷം പാസാക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.ശുദ്ധജല സംരക്ഷണനിയമം,വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണ നിയമം എന്നിവ ഉള്‍പ്പെടെ അസംഖ്യം നിയമങ്ങളും തൊട്ടടുത്ത വര്‍ഷങ്ങളില്‍ പാസാക്കാനും അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കാനും അമേരിക്ക തയ്യാറായത് ഭൗമദിനാചരണത്തിന്റെ നേട്ടമായിരുന്നു.

ഒന്നാമത്തെ ഭൗമദിനാചരണത്തിന്റെ ഊര്‍ജ്ജം ലോകമാകെ പടര്‍ന്നു.1972 ല്‍ UNന്റെ ആദ്യ അന്താരാഷ്ട്ര പരിസ്ഥിതി കണ്‍വന്‍ഷന്‍ സ്റ്റോക്ക് ഹോമില്‍ ചേര്‍ന്നു. മണ്ണും ജലവും അന്തരീക്ഷവും സസ്യജന്തുജാലങ്ങളും പ്രകൃതിയുടെ ആവാസവ്യവസ്ഥയുടെ ഭാഗമായ എല്ലാത്തിനേയും ഈ തലമുറക്കും വരും തലമുറകള്‍ക്കുവേണ്ടിയും കാത്തു സംരക്ഷിക്കാന്‍ ആ സമ്മേളനം പ്രതിജ്ഞയെടുത്തു.ലോക രാഷ്ട്രങ്ങള്‍ ഇതിനനുസരിച്ച്‌ നിരവധി തീരുമാനങ്ങള്‍ കൈക്കൊണ്ടു. ഭാരതത്തിന്റെ ഭരണഘടനയില്‍ നാല്‍പ്പത്തിരണ്ടാം ഭേദഗതിയായി പരിസ്ഥിതി സംരക്ഷണം സ്ഥാനം പിടിച്ചതും അങ്ങിനെയാണ്. സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ അവതരിപ്പിച്ച സുപ്രധാന രേഖ "ഒരേ ഒരു ഭൂമി " എന്നപേരിലുള്ളതായിരുന്നു. ബ്രിട്ടീഷ് സാമ്ബത്തിക വിദഗ്ദ്ധയായ ബാര്‍ബറ വാര്‍ഡ്, അമേരിക്കന്‍ മൈക്രോ ബയോളജിസ്റ്റായ റെനേ ഡൂബോസ് എന്നിവര്‍ തയ്യാറാക്കി അവതരിപ്പിച്ച ആ രേഖ പ്രഖ്യാപിച്ചത്, " ഈ ഭൂമി പോയ തലമുറകളില്‍ നിന്ന് നമുക്ക് പൈതൃകമായി കിട്ടിയ സ്വത്തല്ല . ഭാവി തലമുറകളില്‍ നിന്ന് നാം കടം വാങ്ങിയതാണ് " എന്നായിരുന്നു.ഈ ചിന്താഗതിക്ക് വലിയ അംഗീകാരം ലഭിച്ചെങ്കിലും പണത്തോടുള്ള ഒടുങ്ങാത്ത ആര്‍ത്തിയുമായി മുന്നേറുന്ന മുതലാളിത്ത വികസനരീതികള്‍ ഭൂമിയെയും പ്രകൃതിയെയും കടുത്ത ചൂഷണത്തിന് വിധേയമാക്കുന്നതാണ് പിന്നെയും കണ്ടത്.

'ഒരേ ഒരു ഭൂമി' എന്ന രേഖയില്‍ ഭൂമിയുടെ ഉടമകളെപ്പറ്റി സൂചിപ്പിച്ച നിലപാട്, അതിനും നൂറുകൊല്ലങ്ങള്‍ക്കുമുമ്ബ് മൂലധനത്തില്‍ മാര്‍ക്സ് കുറേക്കൂടി വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിരുന്നു. "ഭൂമി ആരുടേയും സ്വകാര്യസ്വത്തല്ല.എല്ലാവരുടെയും പൊതുസ്വത്തുമല്ല. ഭൂമിയില്‍ ജീവിക്കുന്ന നമ്മള്‍ താല്‍ക്കാലിക ഗുണഭോക്താക്കള്‍ മാത്രമാണ്.ഒരു നല്ല കാരണവരേപ്പോലെ ഇന്നത്തേക്കാള്‍ ഭൂമിയെ മെച്ചപ്പെടുത്തി വരും തലമുറകള്‍ക്ക് കൈമാറാന്‍ നാം ബാധ്യസ്ഥരാണ് " എന്നായിരുന്നു മാര്‍ക്സ് മൂലധനത്തില്‍ വിശദീകരിച്ചത്. മുതലാളിത്തം തൊഴിലാളി വര്‍ഗ്ഗത്തെ മാത്രമല്ല ചൂഷണത്തിന് വിധേയമാക്കുന്നതെന്നും പ്രകൃതിയേയും കാല്‍ക്കീഴിലിട്ട് ചവുട്ടി മെതിക്കുകയാണെന്നും മാര്‍ക്സ് തിരിച്ചറിഞ്ഞിരുന്നു. ഈ ചൂഷണങ്ങളാണ് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും മലിനീകരണത്തിനുമെല്ലാം കാരണമായിരിക്കുന്നത്. അതേ ചൂഷണം തന്നെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയുടെ പിന്നിലുമുള്ളതെന്ന യാഥാര്‍ത്ഥ്യത്തെ ഉള്ളില്‍ കുടിയിരുത്താന്‍ ജനതയും ഭരണകൂടങ്ങളും തയ്യാറായേ മതിയാവൂ. കാലാവസ്ഥാവ്യതിയാനവും ആവാസവ്യവസ്ഥകളുടെ നാശവുമെല്ലാം ഇപ്പോഴത്തെ ദുരന്തത്തിന്റെ മുഖ്യ കാരണങ്ങളില്‍പ്പെടുന്നവയാണ്.

കാലാവസ്ഥാ വ്യതിയാനം ജീവിവര്‍ഗ്ഗങ്ങള്‍ക്ക് കനത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വനനശീകരണം വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി വന്യജീവികളുടെ ആവാസവ്യവസ്ഥക്കും വലിയ തകര്‍ച്ച സംഭവിക്കുന്നു. ഇത് മൂലം മനുഷ്യനും വന്യജീവികളും തമ്മിലുണ്ടായിരുന്ന അകലം കുറയുകയാണ്. വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെ കടന്നു കയറ്റം സൃഷ്ടിക്കുന്ന അപകടങ്ങള്‍ ചെറുതല്ല.പകര്‍ച്ച വ്യാധികളില്‍ 75 ശതമാനവും വന്യജീവികളില്‍ നിന്നാണ് പകരുന്നതെന്ന് UNEP തലവന്‍ ഇംഗര്‍ ആന്‍ഡേഴ്സണ്‍ അടുത്തിടെ പറഞ്ഞത് മറക്കാതിരിക്കാം. 40 ശതമാനം പ്രാണികളോടൊപ്പം ഒരു ദശലക്ഷം ഇനം സസ്യങ്ങളും ജന്തുക്കളും വംശനാശ ഭീഷണിയിലാണെന്ന് ജൈവവൈവിധ്യ, ആവാസവ്യവസ്ഥാ സേവനങ്ങളെക്കുറിച്ചുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ സയന്‍സ്-പോളിസി പ്ലാറ്റ്ഫോമിന്റെ 2019 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. വേള്‍ഡ് ഇക്കണോമിക് ഫോറം അടുത്തിടെ സൂചിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ലോകത്തിലെ എല്ലാ വന്യജീവികളുടെയും 60 ശതമാനം നഷ്ടപ്പെട്ടു, അതേസമയം കഴിഞ്ഞ 60 വര്‍ഷത്തിനിടെ പുതിയ പകര്‍ച്ചവ്യാധികളുടെ എണ്ണം നാലിരട്ടിയായി വര്‍ദ്ധിക്കുകയും ചെയ്തു എന്നായിരുന്നു ഇക്കണോമിക് ഫോറത്തിന്റെ പഠനം വിശദീകരിച്ചത്. പകര്‍ച്ചവ്യാധി വ്യാപനം കാലാവസ്ഥയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു . കാലാവസ്ഥാ വ്യതിയാനം പകര്‍ച്ചവ്യാധികളുടെ സംക്രമണ രീതികളില്‍ മാറ്റം വരുത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്നത് ഗൗരവതരമാണ്. ആഗോള താപനിലയില്‍ ഏകദേശം ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയരുന്നത് ചില ജീവിവര്‍ഗങ്ങളുടെ സമൃദ്ധി, ജനിതക ഘടന, സ്വഭാവം, നിലനില്‍പ്പ് എന്നിവയില്‍ മാറ്റം വരുത്തുന്നുവെന്നും പഠനങ്ങള്‍ വെളിവാക്കുന്നുണ്ട്.

കോവിഡ്19 പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാവുന്നത് വനനശീകരണമാണെന്നും ഇന്ന് ബോധ്യപ്പെടുന്നുണ്ട്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ 'സ്കൂള്‍ ഓഫ് എര്‍ത്ത്, എനര്‍ജി , ആന്റ് എന്‍വയണ്‍മെന്റല്‍ സയന്‍സിന്റെ' പുതിയ പഠനം വനനശീകരണം കൊറോണ വ്യാപനത്തിന്റെ ആക്കം വര്‍ദ്ധിപ്പിച്ചതിനെപ്പറ്റി പ്രതിപാദിക്കുന്നതാണ്. വനഭൂമി കൃഷിഭൂമിയായി പരിവര്‍ത്തനം ചെയ്യുന്നത് ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതായി അവര്‍ വ്യക്തമാക്കുന്നു.1980 നും 2000 നും ഇടയില്‍ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ 100 ദശലക്ഷം ഹെക്ടര്‍ കാര്‍ഷിക വ്യാപനമുണ്ടായി. അത് ഫ്രാന്‍സിന്റേയും ജര്‍മ്മനിയുടെയും വലുപ്പത്തിന് തുല്യമാണെന്നും പഠനം പറയുന്നു. പ്രകൃതിദത്ത വനങ്ങളേയും ആവാസവ്യവസ്ഥകളേയും കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റുമായി രൂപാന്തരപ്പെടുത്തുമ്ബോള്‍ സൂനോട്ടിക് രോഗങ്ങള്‍ (മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങള്‍ ) ഏറുക തന്നെ ചെയ്യും.

പതിനായിരം കൊല്ലങ്ങള്‍ക്കു മുമ്ബ് കൃഷി ആരംഭിച്ചതു മുതലാണ് മനുഷ്യന്‍ മൃഗങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാന്‍ തുടങ്ങിയത്. കൃഷിയുടെ വ്യാപനത്തിന് സഹായിക്കുന്ന മൃഗങ്ങളെ മെരുക്കിവളര്‍ത്തിയത് ഭക്ഷ്യോല്‍പ്പാദനം വര്‍ദ്ധിക്കുന്നതിന് ഉപകരിച്ചു. വളര്‍ത്തുമൃഗങ്ങള്‍ അങ്ങിനെ കൃഷിക്കും മനുഷ്യനും ഏറെ സഹായകമായി മാറി. ഇന്ന് ലോകത്തിന്റെ പകുതി ഭൂമി കൃഷിക്കായി മാറ്റപ്പെട്ടിരിക്കുകയാണ്. ഇത് മനുഷ്യരും വന്യജീവികളും തമ്മിലുള്ള അടുത്ത ബന്ധത്തിലേക്ക് നയിച്ചു. പ്രകൃതിയും കാര്‍ഷിക ബിസിനസും ഖനനവും മറ്റ് മനുഷ്യ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലാണ് പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതെന്ന് ഗവേഷകര്‍ക്ക് പണ്ടേ അറിയാം. പശ്ചിമാഫ്രിക്കയില്‍ എബോള പൊട്ടിപ്പുറപ്പെട്ടത് വനനശീകരണത്തിന്റെ ഫലമായാണ്. ഉഗാണ്ടയിലെ ഉഷ്ണമേഖലാ വനങ്ങളുടെ നാശം ആമസോണ്‍ കാടുകളുടെ നാശം എന്നിവയെല്ലാം നമുക്കു മേല്‍ ദുരിതങ്ങള്‍ വര്‍ഷിക്കുമെന്നതില്‍ തര്‍ക്കം വേണ്ട .ജൈവവൈവിധ്യ നഷ്ടവും കാലാവസ്ഥാ വ്യതിയാനവും പരസ്പരം കുഴപ്പങ്ങളെ രൂക്ഷമാക്കുകയാണ്. ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും നഷ്ടം കാലാവസ്ഥാ തകരാറിന് കാരണമാവുകയും ഇത് ജൈവവൈവിധ്യ നഷ്ടത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.ഇവ രണ്ടും മഹാമാരികളുടെ ഉയര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്നാണ് ശാസ്ത്രലോകം പറയുന്നത്.

മലിനീകരണ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് അപകടസാധ്യത കൂടുതലാണ് എന്നതിന് ഇന്ന് രണ്ടു പക്ഷമില്ല. മലിനമായ വായു ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മാത്രമല്ല , ഓരോ വര്‍ഷവും ലോകത്ത് 83 ലക്ഷം പേര്‍ ഇതുമൂലം അകാലമരണത്തിനടിപ്പെടുകയും ചെയ്യുന്നു. ഗ്ലോബല്‍ അലയന്‍സ് ഓണ്‍ ഹെല്‍ത്ത് ആന്റ് പൊല്യൂഷന്‍ ( GAHP) ന്റെ 2019ലെ റിപ്പോര്‍ട്ട് , അകാലമരണങ്ങളുടെ ഒരു പ്രധാന കാരണം മലിനീകരണമാണെന്ന് വിശദീകരിക്കുന്നു.പതിനഞ്ച് ശതമാനം അകാലമരണങ്ങള്‍ മലിനീകരണം മൂലം സംഭവിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ടു രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണ്. ഇന്ത്യ-23ലക്ഷം, ചൈന-18ലക്ഷം എന്നാണ് ആ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2003 ല്‍ സാര്‍സ് വിനാശം വിതച്ച ചൈനയില്‍ മലിനീകരണം കുറഞ്ഞ പ്രദേശത്തുള്ളവരേക്കാള്‍ ഇരട്ടിയിലധികം ആളുകള്‍ മലിനീകരണമുള്ള പ്രദേശങ്ങളില്‍ മരണപ്പെട്ടതായി കണ്ടെത്തിയിരുന്നു. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ കോവിഡ് മരണനിരക്കിനെ ബാധിക്കും എന്നതും ലോകം അനുഭവിച്ചറിയുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഹാര്‍വാര്‍ഡ് TH ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ കാലാവസ്ഥാ, ആരോഗ്യ,ആഗോള പരിസ്ഥിതിവിഭാഗം തലവന്‍ ആരോണ്‍ ബര്‍ണസ്റ്റൈനെ ഉദ്ദരിച്ച്‌ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തത് "വായു മലിനീകരണത്തിനിരയായവരിലും പുകവലിക്കാരിലും കോവിഡ് അപകട സാധ്യത കൂടുതലാണ് " എന്നായിരുന്നു.

വനനശീകരണം, വ്യവസായ കൃഷി, അനധികൃത വന്യജീവി വ്യാപാരം, കാലാവസ്ഥാവ്യതിയാനം , മറ്റ് പരിസ്ഥിതി നശീകരണങ്ങള്‍ എന്നിവ പകര്‍ച്ചവ്യാധികളുടെ വ്യാപനം വര്‍ദ്ധിപ്പിക്കും എന്നത് ഈ കോവിഡ് കാലം നമ്മെ പഠിപ്പിക്കുന്നു. WHO അടക്കമുള്ള സ്ഥാപനങ്ങളുടെ ശാസ്ത്രീയ വിശകലനം ഇപ്പോഴും എത്തിനില്‍ക്കുന്നത് ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റിലെ വന്യജീവി വ്യാപാരത്തിലാണെന്നതും ശ്രദ്ധേയമാണ്. ലോകത്തിലെ വലിയ കുറ്റകൃത്യങ്ങളില്‍ നാലാമത്തേതാണ് അനധികൃത വന്യജീവിവ്യാപാരം. അനധികൃത വന്യജീവി വ്യാപാരവും കച്ചവട കേന്ദ്രങ്ങളും വ്യാപകമാവുന്നുണ്ട്. വന്യമായതിനെ വന്യമായിത്തന്നെ നിലനിര്‍ത്തുകയാണ് വേണ്ടത്. പ്രകൃതി പുന:സ്ഥാപനത്തിനായി ചിലവഴിക്കുന്ന ഓരോ ഡോളറിനും ഒന്‍പത് ഡോളറിന്റെ നേട്ടമുണ്ടാവുമെന്ന് കണക്കാക്കിയത് വേള്‍ഡ് എക്കണോമിക്ക് ഫോറമാണ് . പരിസ്ഥിതി വിഷയങ്ങളോട് മുഖം തിരിച്ചു നിന്ന സാമ്ബത്തിക ശക്തികളുടെ ഈ കൂട്ടായ്മക്ക് ഇന്ന് ഇതിനെ അവഗണിക്കാന്‍ പറ്റാതായിരിക്കുകയാണ്. ലോകത്തിന്റെ ജി.ഡി.പി യുടെ പകുതിയിലധികവും പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നുവെന്നും അവരുടെ Nature Risk Rising Report ( NRRR)ന് പറയേണ്ടിവന്നു.

പരിസ്ഥിതി സംരക്ഷണത്തിനായി കൈയ്മെയ് മറന്നിറങ്ങേണ്ടതിന്റെ ആവശ്യകത ലോകമാകെ അടച്ചുപൂട്ടപ്പെട്ടിരിക്കുന്ന ഈ വേളയില്‍ പോലും ജനതയുടെ ഉള്ളില്‍ കയറുന്നില്ല എങ്കില്‍ പിന്നെ ഒന്നും ചെയ്യാനാവില്ല. പണ്ടെന്നോ ഒരു പ്ലേഗ് ,ഇപ്പോള്‍ ഒരു കോവിഡ്19 , ഇതു കഴിഞ്ഞാല്‍ അടുത്ത നൂറ്റാണ്ടില്‍ വേറൊരു മഹാമാരി എന്ന് തീര്‍പ്പുകല്‍പ്പിക്കുന്നവരുണ്ടാകാം. 2018 ലെ പ്രളയത്തിന്റെ കാലത്ത് നൂറ്റാണ്ടിലൊന്ന് എന്ന് വിധിയെഴുതിയവര്‍ ഉണ്ടായിരുന്നു. 2019ല്‍ വീണ്ടും പ്രളയമെത്തിയപ്പോള്‍ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു .2020 ല്‍ വീണ്ടും പ്രളയമുണ്ടാവാനുള്ള സാധ്യത പ്രവചിച്ചിരിക്കുകയുമാണ്. മഹാമാരികളുടെ കാര്യവും അതുപോലെയാണ്. അവ ഇനിയും നമ്മെ തകര്‍ക്കാതിരിക്കാന്‍ നാം ക്രിയാത്മകമായി ഇടപെട്ടേ മതിയാകൂ. പ്രകൃതിയെ കാത്തു പുലര്‍ത്തുക എന്ന ചുമതല ഒരു ദൈവത്തേയും ഏല്‍പ്പിച്ച്‌ മാറിയിരിക്കാനാവുകയില്ലെന്നും ഈ മഹാമാരിക്കാലം നമ്മെ നന്നായി പഠിപ്പിച്ചിട്ടുണ്ട്.

മഹാമാരിയില്‍ നിന്ന് ഭരണകൂടങ്ങള്‍ പാഠം പഠിക്കുമോ എന്നതും പ്രസക്തമായ ചോദ്യമാണ്. ഭരണാധികാരിയെ നയിക്കുന്ന താല്‍പ്പര്യത്തിനനുസരിച്ചിരിക്കും അതിന്റെ ഉത്തരം. മരണത്തിന്റെ ഗ്രാഫ് അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുമ്ബോള്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത് ഇതുമായി ചേര്‍ത്തു വായിക്കേണ്ടതാണ്. വാഹനങ്ങളുടെ ഇന്ധനക്ഷമതാ നിലവാരം കുറക്കാന്‍ തീരുമാനിച്ചതായിരുന്നു അതിലൊന്ന്. ഒബാമയുടെ കാലത്ത് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ കൈക്കൊണ്ട സുപ്രധാനമായ നടപടി ഇതോടെ ഇല്ലാതായിരിക്കുകയാണ്. പുതിയ തീരുമാനം മൂലം നൂറുകോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ പുറം തള്ളലുണ്ടാകുമെന്നും ഇത് ഭൂമിയുടെ ചൂട് വര്‍ദ്ധിപ്പിക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത് മാര്‍ച്ച്‌ 31ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം തന്നെ റിപ്പോര്‍ട്ടുചെയ്യുകയുണ്ടായി. ഈ തീരുമാനം മൂലം 8000 കോടി ഗ്യാലന്‍ പെട്രോളിന്റെ അധിക ഉപയോഗത്തിനും വഴിവെക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനേക്കാള്‍ ഗൗരവതരമായ മറ്റൊരു തീരുമാനം കൂടി ട്രംപ് കൈക്കൊണ്ടു. ഒന്നാമത്തെ ഭൗമദിനാചരണത്തെ തുടര്‍ന്ന് രൂപീകരിച്ച എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളിലെ സുപ്രധാന ഇനങ്ങളിലൊന്നായ കമ്ബനികളെ നിരീക്ഷിക്കല്‍, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍ എന്നിവയെല്ലാം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നു എന്നതാണത്. വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന മലിനീകരണമടക്കമുള്ള കാര്യങ്ങള്‍ നോക്കാനാളില്ലാത്ത സ്ഥിതിയായി. കൊവിഡിന്റെ പേരില്‍ വമ്ബന്‍മാര്‍ക്ക് നല്‍കുന്ന ഇളവുകള്‍ പരിസ്ഥിതിക്ക് കനത്ത പ്രഹരമേല്‍പ്പിക്കുന്ന തരത്തിലായിരിക്കുന്നു.

ഇത് അമേരിക്കയുടെയോ ട്രംപിന്റെയോ മാത്രം കഥയല്ല. ചെറുകിട വ്യവസായങ്ങളുടെ പരിസ്ഥിതി മാനദണ്ഡങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് ചൈനീസ് പരിസ്ഥിതി മന്ത്രാലയം മാര്‍ച്ച്‌ മാസത്തില്‍ തീരുമാനം കൈക്കൊണ്ട്, തങ്ങളും മോശക്കാരല്ലെന്ന് തെളിയിച്ചു. അമേരിക്കയും ചൈനയും മാതൃകയായാല്‍ ഭൂമിയില്‍ ജീവിതം അസാദ്ധ്യമായിത്തീരും. പുര കത്തുമ്ബോള്‍ വാഴ വെട്ടണമെന്ന് തീരുമാനിച്ചുറപ്പിച്ചവരെ തിരുത്താനും നമ്മുടെയും ഭാവിതലമുറകളുടേയും ജീവിതത്തെ സുരക്ഷിതമാക്കാനും ഇപ്പോള്‍ നാം ഇടപെട്ടേ മതിയാവൂ. വീടുകളില്‍ തളച്ചിടപ്പെട്ട ഈ സമയം തന്നെയാണ് ഇത്തരമൊരു തീരുമാനത്തിന് നല്ലത്. ലോകമെല്ലാം പാക്കേജുകള്‍ പ്രഖ്യാപിക്കുകയും നടപ്പിലാക്കിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവാകുന്ന തരത്തില്‍ അതിനെ പുന:സംഘടിപ്പിക്കാന്‍, ഹരിത സമ്ബദ്ഘടനയെ സൃഷ്ടിക്കാന്‍ നാം ഇടപെടണം.

അമ്ബതു വര്‍ഷങ്ങള്‍ക്ക് മുമ്ബ് ആദ്യത്തെ ഭൗമദിനത്തില്‍ 20 ദശലക്ഷം ആളുകള്‍ തെരുവിലിറങ്ങി. ഇപ്പോള്‍ നമ്മളേയും മറ്റുള്ളവരേയും സംരക്ഷിക്കാന്‍ നാം വീട്ടില്‍ തന്നെ ഇരിക്കുകയാണ്. ഇത് രണ്ടും അനിവാര്യമായതുപോലെ, ജീവിക്കാന്‍ കഴിയുന്ന ഒരു ഭൂമിക്കും ഭാവിക്കുമായി ഒരുമിച്ച്‌ ആവശ്യപ്പെടാന്‍ വീട്ടിലിരുന്നും പ്രവര്‍ത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.നിരവധി മഹാമാരികളെ മറികടന്നാണ് മാനവരാശി ഇതുവരെ എത്തിയത്. തീര്‍ച്ചയായും നമ്മള്‍ കോവിഡ് 19നേയും അതിജീവിക്കുക തന്നെ ചെയ്യും.എന്നാല്‍ ആഗോള താപനത്തേയും കാലാവസ്ഥാ വ്യതിയാനത്തേയും എളുപ്പത്തില്‍ അതിജീവിക്കാന്‍ കഴിയുമെന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നില്ല. "കാലാവസ്ഥാ വ്യതിയാനം ഇതുവരെയും ഒരു അദൃശ്യ പിശാചായിരുന്നതിനാല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ആളുകള്‍ക്ക് ബോധ്യപ്പെട്ടിരുന്നില്ല " എന്നും " നമ്മുടെ ലോകം യഥാര്‍ത്ഥത്തില്‍ നമുക്ക് ചുറ്റും കത്തുകയാണ് " എന്നെല്ലാമുള്ള ഗ്രേറ്റ തന്‍ബെര്‍ഗിന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കാം. കാലാവസ്ഥാ നീതിക്കും , ഭാവിക്കും, നമ്മള്‍ ഏറെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ആരോഗ്യത്തോടെ ജീവിക്കാന്‍ ആരോഗ്യമുള്ള ഭൂമിക്കായി നമുക്ക് പ്രയത്നിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)