ടോമിന്‍ തച്ചങ്കരി കേരള കെജ്രിവാളോ?

 
ടോമിന്‍ തച്ചങ്കരി കേരള കെജ്രിവാളോ?

പി കെ ശ്യാം

കൺസ്യൂമർഫെഡിലെ അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്ന തന്നെ സർക്കാർ സംരക്ഷിച്ചില്ലെന്ന രക്തസാക്ഷി പരിവേഷമുണ്ടാക്കി കളങ്കിതനാണെന്ന പ്രതിച്ഛായ ഇല്ലാതാക്കാനാണ് ടോമിൻ തച്ചങ്കരിയുടെ ശ്രമം. രണ്ടായിരം കോടി രൂപയുടെ ഉൽപ്പന്നങ്ങൾ പ്രതിവർഷം വിറ്റഴിക്കുന്ന കൺസ്യൂമർഫെഡിൽ വിപണിവിലയേക്കാൾ മുപ്പതുശതമാനം വിലകൂട്ടി സാധനങ്ങൾ വാങ്ങിക്കൂട്ടുകയും പിന്നീട് നശിപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയ എ.ഡി.ജി.പി ആർ.ശ്രീലേഖയുടെ ഓപ്പറേഷൻ അന്നപൂർണയേക്കാൾ വലുതൊന്നും തച്ചങ്കരി ചെയ്തിട്ടില്ല. ഗോഡൗണുകളിലടക്കം ഒരേസമയം 19 ഇടത്ത് റെയ്ഡ് നടത്തി ശ്രീലേഖ കണ്ടെത്തിയ അഴിമതികളിൽ കുറ്റപത്രം പോലും നൽകാനായിട്ടില്ല. ഇതിന്റെ ചുവടുപിടിച്ചാണ് മുഖംമിനുക്കാനുള്ള തന്ത്രങ്ങൾ തച്ചങ്കരി പയറ്റിയത്. കൺസ്യൂമർഫെഡിൽ അഴിമതിയില്ലെന്ന് ഞങ്ങളും പറയുന്നില്ല. എന്നാൽ ഇതിന്റെ മറപറ്റിയുള്ള തച്ചങ്കരിയുടെ നാടകം കണ്ടില്ലെന്ന് നടിക്കാൻ വയ്യ.

അനധികൃതമായി 68 ലക്ഷത്തോളം രൂപ സമ്പാദിച്ചെന്ന കേസിൽ വിജിലൻസ് തച്ചങ്കരിക്കെതിരെ കുറ്റപത്രം നൽകിയിരിക്കുകയാണ്. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രസർക്കാർ വിജിലൻസിന് അനുമതി നൽകിയിട്ടുമുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ തുടർച്ചയായി ആരോപണവിധേയനായതിനാൽ തച്ചങ്കരിയുടെ ഔദ്യോഗിക സേവനവും പ്രവർത്തനങ്ങളും അവലോകനം നടത്തണമെന്ന ഡി.ജി.പിയുടേയും ആഭ്യന്തരവകുപ്പിന്റേയും ശുപാർശ ഇപ്പോഴും സെക്രട്ടേറിയറ്റിലുണ്ട്. കളങ്കിതരായ സിവിൽസർവീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യണമെന്ന കേന്ദ്രസർക്കാർ ചട്ടപ്രകാരം സേവനം തൃപ്തികരമല്ലെങ്കിൽ പിരിച്ചുവിടാമെന്നാണ് ചട്ടം. ഇതിനു മുന്നോടിയായി ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരുടെ ഉന്നതതല സമിതിക്ക് രൂപം നൽകി സർക്കാർ പരിശോധന നടത്താനുള്ള ഡി.ജി.പിയുടെ ശുപാർശ പൂഴ്‌ത്തിവച്ചാണ് കഴിഞ്ഞ ഡിസംബർ അവസാനം ടോമിൻ തച്ചങ്കരിക്ക് അഡി.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയത്. ആലപ്പുഴ എ.എസ്.പി ആയിരിക്കേ നടത്തിയ ലോക്കപ്പ് മർദ്ദനം, അനുമതിയില്ലാത്ത വിദേശയാത്ര, അവിഹിത സ്വത്ത് സമ്പാദനം, തീവ്രവാദബന്ധമുണ്ടെന്ന പരാതി തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരിയുടെ സേവനം അവലോകനം ചെയ്യണമെന്ന് ഡി.ജി.പി നിർദ്ദേശിച്ചത്.

സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്‌ടോക്കിലേയ്ക്ക് യാത്രപോകുന്നുവെന്ന് കാണിച്ച് യാത്രാ ഇളവ് നേടിയശേഷം തച്ചങ്കരി യു.എ.ഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും സന്ദർശനം നടത്തിയെന്നും വിദേശത്ത് പോകാൻ നേരത്തെ അനുമതി തേടിയിരുന്നുവെന്നതിന് തെളിവായി ചില രേഖകൾ ഹാജരാക്കിയത് യഥാർത്ഥമല്ലെന്നും എ.ഡി.ജി.പി എ.ഹേമചന്ദ്രനാണ് കണ്ടെത്തിയത്. ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിഗണിക്കാതെ തച്ചങ്കരിയെ കുറ്റവിമുക്തനാക്കുകയും അഡീ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനും സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇടത് ചായ്‌വുള്ള തച്ചങ്കരിയെ നിലയ്ക്കുനിറുത്താനുള്ള തുറുപ്പുചീട്ടായാണ് ഉമ്മൻചാണ്ടി ഈ റിപ്പോർട്ട് ഉപയോഗിച്ചത്.

ടോമിന്‍ തച്ചങ്കരി കേരള കെജ്രിവാളോ?

യു.എ.ഇ യാത്രയ്ക്ക് മുൻപ് നടത്തിയ വിദേശയാത്രയ്ക്കിടെ ഖത്തറിൽ തീവ്രവാദബന്ധമുള്ളവരുമായി തച്ചങ്കരി കൂടിക്കാഴ്ച നടത്തിയെന്ന് അവിടെ ഇന്ത്യൻ സ്ഥാപനപതിയായിരുന്ന ദീപാഗോപാലൻ വാധ്വയാണ് കേന്ദ്രസർക്കാരിന് പരാതി നൽകിയത്. എല്ലാ ദിവസവും ഡൽഹിയിലേക്ക് അയക്കുന്ന രഹസ്യ റിപ്പോർട്ടിലാണ് ഖത്തറിൽ തച്ചങ്കരി തീവ്രവാദികളുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നുവെന്ന് ദീപാ വാധ്വ അറിയിച്ചിരുന്നത്. ഇതേക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) അന്വേഷണത്തിന് തച്ചങ്കരി വിധേയനായിരുന്നു. രാഷ്ട്രീയസമ്മർദ്ദം ശക്തമായതോടെ ആലപ്പുഴ സ്വദേശിയായ ദീപാഗോപാലൻ വാധ്വ തച്ചങ്കരിക്കെതിരായ കേസിൽ നിന്ന് പിൻമാറുകയായിരുന്നു. ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണവുമായി സഹകരിക്കില്ലെന്നും മൊഴിനൽകില്ലെന്നും അവർ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു.

ഖത്തറിൽ താവളമടിച്ചിട്ടുള്ള ചില തീവ്രവാദികളെക്കുറിച്ച് തച്ചങ്കരി തന്നോടു അന്വേഷിച്ചു എന്നാണ് ദീപാവാധ്വ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നത്. ഇതേ റിപ്പോർട്ട് സംസ്ഥാന ആഭ്യന്തരവകുപ്പിനും അയച്ചു. തച്ചങ്കരിയെ രഹസ്യമായി നിരീക്ഷിക്കണമെന്നായിരുന്നു നിർദ്ദേശം. അതീവ രഹസ്യസ്വഭാവമുള്ള തന്റെ റിപ്പോർട്ട് കേരളത്തിൽ പുറത്തായതിനാലാണ് കേസിൽ നിന്ന് പിന്മാറുന്നതെന്നാണ് ദീപാവാധ്വ എൻ.ഐ.എയോട് വിശദീകരിച്ചിട്ടുള്ളത്.

എ.ഐ.ജി ഷാഹിദ് ഫാരിദ് ഷാപൂവിന്റെ നേതൃത്വത്തിലുള്ള എൻ.ഐ.എ സംഘം ഖത്തറിലെത്തി ദീപയിൽ നിന്ന് മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും അവർ തയ്യാറായില്ല. തച്ചങ്കരിക്ക് ദീപാവാധ്വയെ പരിചയപ്പെടുത്തിയ ഖത്തറിലെ മലയാളി വ്യവസായിയുടെയും തച്ചങ്കരിയുടെയും മൊഴികൾ എൻ.ഐ.എ രേഖപ്പെടുത്തിയിരുന്നു. ആലപ്പുഴക്കാരിയായ ദീപയെ തനിക്ക് മുൻപരിചയമുണ്ടായിരുന്നില്ലെന്നും ഖത്തറിൽ സ്വകാര്യ സന്ദർശനത്തിനിടെ തന്റെ അതേ റാങ്കിലുള്ള ഉദ്യോഗസ്ഥയായായ ദീപയുമായി സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയതെന്നുമാണ് തച്ചങ്കരി എൻ.ഐ.എക്ക് മൊഴി നൽകിയിട്ടുള്ളത്. കേസിന്റെ നിർണായക ഘട്ടത്തിൽ ദീപ പിന്മാറിയതോടെ ഒന്നരവർഷത്തോളം സസ്പെൻഷനിലായിരുന്ന തച്ചങ്കരിയെ സർവ്വീസിൽ തിരികെ പ്രവേശിപ്പിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് എൻ.ഐ.എ വ്യക്തമാക്കുകയായിരുന്നു. ഇപ്പോഴും തച്ചങ്കരി എൻ.ഐ.എയുടെ നിരീക്ഷണത്തിൽ തന്നെയാണ്.

എന്നാൽ സംസ്ഥാനത്ത് രാഷ്ട്രീയക്കാർ തച്ചങ്കരിക്ക് വഴിവിട്ട എല്ലാ സഹായവും നൽകി. എൻ.ഐ.എ അന്വേഷണം നേരിട്ട ടോമിൻ തച്ചങ്കരിയെ എൻ.ഐ.എയുടെ അവലോകന യോഗത്തിൽ പങ്കെടുപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന എൻ.ഐ.എയുടെ ദക്ഷിണമേഖലാ റീജിയണൽ കോഓർഡിനേഷൻ മീ​റ്റിംഗിലാണ് പ്രത്യേക ക്ഷണിതാവായി തച്ചങ്കരി പങ്കെടുത്തത്. കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഐ.ബി, സി.ബി.ഐ, റിസർവ് ബാങ്ക്, ഡി.ആർ.ഐ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ്, നാർക്കോട്ടിക്സ് കണ്‍ട്രോള്‍ൾ ബ്യൂറോ, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണി​റ്റ് എന്നിവിടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ തീവ്രവാദമായിരുന്നു പ്രധാന ചർച്ചാവിഷയം. കേസുകളുടെ അവലോകനം നടന്നില്ലെങ്കിലും എല്ലാ സംസ്ഥാനങ്ങളിലേയും തീവ്രവാദ/മാവോയിസ്​റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനവും അവർക്ക് പണമെത്തുന്ന വഴികളുമടക്കമുള്ള വിഷയങ്ങളെല്ലാം യോഗത്തിൽ ചർച്ചയായി. വിവിധ സംസ്ഥാനങ്ങൾ തങ്ങൾ നേരിടുന്ന ഭീഷണികൾ പങ്കുവയ്ക്കുകയും ചെയ്തു. ഇത്ര നിർണയാകമായ യോഗത്തിലേക്കാണ് എൻ.ഐ.എ അന്വേഷണം നേരിട്ടയാളെ ക്ഷണിച്ചത്. ഇതേക്കുറിച്ച് എൻ.ഐ.എ സംസ്ഥാന ആഭ്യന്തരവകുപ്പിനോട് വിശദീകരണം ആരാഞ്ഞിരുന്നു. കസ്റ്റഡി മർദ്ദനക്കേസിൽ അന്വേഷണം നേരിട്ട തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ പൗരാവകാശ സംരക്ഷണ ചുമതലയുള്ള ഐ.ജിയായി നിയമിച്ച തമാശയും കേരളത്തിലുണ്ടായി.

ടോമിന്‍ തച്ചങ്കരി കേരള കെജ്രിവാളോ?

ഡിഐജിയായിരിക്കേ 65 ലക്ഷംരൂപയുടെ അനധികൃത സ്വത്തു സമ്പാദിച്ചതായി കണ്ടെത്തി തച്ചങ്കരിക്കെതിരേ വിജിലൻസ് കുറ്റപത്രം നൽകിയിരുന്നു. ഈ നടപടികൾ പുരോഗമിക്കുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം എൻഫോഴ്സ്‌മെന്റ് കേസെടുത്തത്. അനധികൃതമായി ലഭിച്ച പണം ഉപയോഗിച്ചാണ് സ്വത്തുക്കൾ സമ്പാദിച്ചതെന്ന് ചൂണ്ടികാട്ടിയാണ് എൻഫോഴ്സ്‌മെന്റ് കേസ്. വിദേശത്തു നിന്ന് അനധികൃതമായി ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തതും ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് എംഡിയായിരുന്നപ്പോൾ പുസ്തകങ്ങൾ കത്തിച്ചതിലെ ക്രമക്കേടിലും തച്ചങ്കരി ആരോപണ വിധേയനായി. ആലപ്പുഴ കസ്റ്റഡി മർദ്ദനക്കേസിൽ പരാതിക്കാരനായ പ്രകാശൻ പിൻമാറിയതിനാൽ തച്ചങ്കരിയെ പിന്നീട് കോടതി വെറുതേവിട്ടു. തച്ചങ്കരിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ റിയാന്‍ സ്​റ്റുഡിയോയിൽ നിന്ന് അന്നത്തെ ആന്റി പൈറസി സെൽ എസ്.പി.ആയിരുന്ന ഋഷിരാജ് സിംഗ് വ്യാജ സിഡി വേട്ട നടത്തിയത് വൻ വിവാദമായിരുന്നു. ഇടുക്കിയിൽ കഞ്ചാവ് മാഫിയയുമായുള്ള ബന്ധവും ക്വാറി മാഫിയയുമായുള്ള ബന്ധവുമെല്ലാം തച്ചങ്കരിക്കെതിരേയുള്ള ആരോപണങ്ങളുടെ കൂട്ടത്തിലുണ്ട്.

മൂന്ന് തവണ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യപ്പെടുകയും വിജിലൻസ് അന്വേഷണം നേരിടുകയും ചെയ്യുന്ന തച്ചങ്കരിക്കെതിരെ നടപടി വേണമെന്നും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ഉൾപ്പടെ പതിനെട്ടോളം ആക്ഷേപങ്ങൾ ഉന്നയിച്ച് സർക്കാരിന് ശുപാർശ നൽകിയ മുൻ ഡി.ജി.പി ബാലസുബ്രമണ്യത്തിനെതിരേ ചീഫ്സെക്രട്ടറിക്ക് പരാതി നൽകി തിരിച്ചടിക്കാനാണ് തച്ചങ്കരി ശ്രമിച്ചത്. തന്നോടുള്ള വ്യക്തി വിദ്വേഷമാണ് ഡി.ജി.പിക്കെന്നായിരുന്നു തച്ചങ്കരിയുടെ പരാതി. തനിക്കെതിരേയുള്ള ആരോപണങ്ങളെ വഴിതിരിച്ചുവിടാൻ ഇതേ തന്ത്രമാണ് തച്ചങ്കരി പയറ്റുന്നത്. 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ തച്ചങ്കരിക്ക് 2023 വരെ സർവീസുണ്ട്. അതായത് ഡി.ജി.പി ഗ്രേഡിൽ ആറു വർഷമെങ്കിലും വിലസാം. രക്തസാക്ഷി പരിവേഷത്തിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ തച്ചങ്കരി നടത്തുന്ന നാടകങ്ങളുടെ തിരക്കഥ ഇതുമാത്രമാണെന്ന് വ്യക്തം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ടോമിന്‍ തച്ചങ്കരി കേരള കെജ്രിവാളോ?