കേരളത്തിന്റെ കരുതലിലേക്ക് അവര്‍ പറന്നിറങ്ങി; കൊച്ചിയിലും കോഴിക്കോടുമായി എത്തിയത് 363 പ്രവാസികള്‍; ചിത്രങ്ങള്‍, ദൃശ്യങ്ങള്‍

 
കേരളത്തിന്റെ കരുതലിലേക്ക് അവര്‍ പറന്നിറങ്ങി; കൊച്ചിയിലും കോഴിക്കോടുമായി എത്തിയത് 363 പ്രവാസികള്‍; ചിത്രങ്ങള്‍, ദൃശ്യങ്ങള്‍

പ്രവാസികളുടെ രണ്ടാമത്തെ സംഘവും ഗള്‍ഫില്‍ നിന്നെതിയതോടെ രണ്ടു വിമാനത്താവളങ്ങളിലുമായി കേരളത്തില്‍ ആകെ എത്തിയത് 363 പേര്‍. ദുബായില്‍ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് 182 യാത്രക്കാരാണ്.177 മുതിര്‍ന്നവരും അഞ്ച് കുട്ടികളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. അഞ്ച് കുട്ടികളും കൈക്കുഞ്ഞുങ്ങളാണ്. 19 ഗര്‍ഭിണികളുണ്ട്. ആറ് പേര്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്നവരാണ്. അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ വിമാനത്തില്‍ 181 പ്രവാസികളും ഉണ്ടായിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ്-344 വിമാനം രാത്രി 10.35 നാണ് കരിപ്പൂരിലെത്തിയത്. ദുബായില്‍ നിന്ന് ആരോഗ്യ ജാഗ്രത പാലിച്ചെത്തിയ സംഘത്തെ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. ടി.ജി. ഗോകുല്‍, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. കനത്ത കോവിഡ് സുരക്ഷാ ക്രമീകരണങ്ങളിലേയ്ക്കാണ് പ്രവാസി സംഘം വിമാനത്തില്‍ നിന്ന് ഇറങ്ങിയത്. പ്രത്യേക ഗ്രൂപ്പുകളായാണ് യാത്രക്കാരെ പുറത്തിറക്കിയത്. 10.44 ന് ആദ്യ യാത്രക്കാരുടെ സംഘം പുറത്തിറങ്ങി. ആദ്യമിറങ്ങിയ 24 പേരെ എയ്‌റോ ബ്രിഡ്ജില്‍വച്ചു തന്നെ ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കി. തെര്‍മല്‍ സ്‌കാനിംഗാണ് ആരോഗ്യ വിദഗ്ധര്‍ നടത്തിയത്. ഇതിനായി ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരടങ്ങുന്ന നാല് പ്രത്യേക ടീമുകളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കു പിറകെ മറ്റുളള ഗ്രൂപ്പുകളും പുറത്തിറങ്ങി.

ആരോഗ്യ പരിശോധനകള്‍ക്കു ശേഷം ഇവര്‍ക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ബോധവത്ക്കരണ ക്ലാസ് നല്‍കി. തുടര്‍ന്ന് ഓരോ യാത്രക്കാരുടേയും കൃത്യമായ വിവര ശേഖരണം നടത്തിയ ശേഷമാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. വിവര ശേഖരണത്തിന് 10, എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് 15, കസ്റ്റംസ് പരിശോധനകള്‍ക്കായി നാല് എന്നിങ്ങനെയാണ് വിമാനത്താവളത്തിനകത്ത് കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നത്. ക്വാറന്‍്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കില്ല എന്ന സത്യവാങ്മൂലം ഇവരില്‍ നിന്ന് എഴുതിവാങ്ങുന്നുണ്ട്

യാത്രക്കാരെ തെര്‍മല്‍ സ്കാനിംഗിനും ശരീരോഷ്മാവ് പരിശോധിക്കുന്ന ഗണ്‍ സ്കാനിംഗിനും വിധേയരാക്കിയ ശേഷം . രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്.

മലപ്പുറം ജില്ലയില്‍ നി ന്നുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുമാണ് മാറ്റുന്നത്. രോഗലക്ഷണങ്ങളില്ലാത്തവരെ ക്വാറന്‍്റൈന്‍ സെന്‍്ററുകളിലേക്കാണ് മാറ്റുക. കോഴിക്കോട് ജില്ലക്കാരെ എന്‍ഐടി എംബിഎ സെന്‍്ററിലേക്ക് മാറ്റും. ഇവിടെ 100 പേര്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ കൊണ്ടുപോകാനായി കെഎസ്‌ആര്‍ടിസി ബസ്സുകളും ടാക്സികളും വിമാനത്താവളത്തിന് പുറത്ത് സജ്ജമായിരുന്നു.-

അബുദാബിയില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യം സംഘമാണ് ആദ്യം കൊച്ചിയിലെത്തിയത്. 10.10ഓടെയാണ് നാല് കൈക്കുഞ്ഞുങ്ങളേയും കുട്ടികളടക്കമുള്ള മറ്റ് 177 യാത്രക്കാരേയും വഹിച്ചുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. 49 ഗര്‍ഭിണികളും കുട്ടികളും നാല് കൈക്കുഞ്ഞുങ്ങളുമാണ് കൊച്ചിയിലെത്തിയ സംഘത്തിലുള്ളത്. ആകെ 181 പേര്‍. തൃശ്ശൂര്‍, എറണാകുളം ജില്ലക്കാരാണ് കൊച്ചിയിലെത്തിയവരില്‍ കൂടുതലും.