വിനോദ സഞ്ചാരം ദുരന്തമാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

 
വിനോദ സഞ്ചാരം ദുരന്തമാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യാത്രസൗകര്യങ്ങള്‍ വര്‍ധിച്ചതും ലോകം മുഴുവനും ഒരു സ്മാര്‍ട്ട് ഫോണിലേക്ക് എത്താനും തുടങ്ങിയതോടെ വിനോദസഞ്ചാരത്തിനും ആളുകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കി തുടങ്ങി. ഇന്നുവരെ അറിഞ്ഞിട്ടും കേട്ടിട്ടുമില്ലാത്ത സ്ഥലത്തേക്ക് എത്തിപ്പറ്റാന്‍ ആളുകള്‍ തിടുക്കം കൂട്ടുമ്ബോള്‍ പലപ്പോഴും പല അബദ്ധങ്ങളും ചിലപ്പോള്‍ അപകടങ്ങളും സംഭവിക്കാറുണ്ട്. ഇപ്പോള്‍ നേപ്പാളിലെ ദമാനിലെ റിസോര്‍ട്ട് മുറിയില്‍ മരിച്ചത് എട്ട് മലയാളികളാണ്. തണുപ്പകറ്റാന്‍ മുറിയില്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് ഹീറ്ററില്‍ നിന്ന് കാര്‍ബണ്‍മോണോക്‌സൈഡ് ചോര്‍ന്നതാണ് മരണകാരണം. അതുപോലെ തന്നെ കഴിഞ്ഞ ദിവസം വേമ്ബനാട് കായലില്‍ ഹൗസ് ബോട്ട് തീപിടിച്ച്‌ കത്തിനശിച്ചിരുന്നു. അതില്‍ ഉണ്ടായിരുന്ന 16 യാത്രക്കാരും ജീവനക്കാരും കായലിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ഈ അപകടങ്ങള്‍ക്ക് കാരണം ആ സഞ്ചാരികളുടെ അശ്രദ്ധയല്ലെങ്കിലും പലപ്പോഴും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അപകടങ്ങള്‍ യാത്രികര്‍ ക്ഷണിച്ചു വരുത്താറാണ് പതിവ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏറെക്കുറെ അപകടങ്ങള്‍ നമ്മള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും.

സഞ്ചാരികള്‍ പൊതുവെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

- പോകുന്ന സ്ഥലത്തേക്കുറിച്ച്‌ സത്യസന്ധമായ വിവരങ്ങള്‍ ശേഖരിക്കുക. ഗൂഗിളും യാത്ര സംബന്ധിച്ചുള്ള വെബ്‌സൈറ്റുകളും, മുമ്ബ് പോയിട്ടുള്ളവരുമായി ചോദിച്ചും മനസിലാക്കാം.

- കാലാവസ്ഥ എങ്ങനെയെന്നും അതിനുള്ള മുന്‍കരുതലുകളും തയ്യാറാക്കുക.

- തണുപ്പുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍ റൂമുകളിലും ബാത്തുറൂമുകളിലും ഉപയോഗിക്കുന്ന ഹീറ്ററുകളെ കുറിച്ച്‌ അധികൃതര്‍ പറയുന്നതേ വിശ്വാസിക്കാന്‍ നമ്മുക്ക് തരമുള്ളൂ. ട്രാവല്‍ ആപ്പുകള്‍ വഴിയാണ് റൂമുകള്‍ ബുക്ക് ചെയ്യുന്നതെങ്കില്‍ അവരുടെ റേറ്റിംഗും ഹോട്ടലുകളെക്കുറിച്ചുള്ള കമന്റുകളും ശ്രദ്ധിക്കുക. വാട്ടര്‍ ഹീറ്റര്‍ റോഡുകള്‍/ കോയില്‍ വഴി ഉപയോഗിച്ച്‌ വെള്ളം ചൂടാക്കുന്ന സംവിധാനമാണെങ്കില്‍ ഷോക്ക് ഏല്‍ക്കാതെ കൈക്കാര്യം ചെയ്യുക. കൂടാതെ ഹീറ്ററുകളും മറ്റും പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച്‌ ഹോട്ടല്‍ അധികൃതരോട് ചോദിച്ച്‌ മനസിലാക്കുക.

- ചൂട് കൂടുതലുള്ള സ്ഥലങ്ങളിലെ റൂമുകളില്‍ ഉപയോഗിക്കുന്ന ഏസികളും ശ്രദ്ധിക്കുക.

- സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ മെഡിക്കല്‍ സംവിധാനങ്ങളെക്കുറിച്ച്‌ മനസിലാക്കുക.

- വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് പ്രത്യേകിച്ച്‌ വിദേശ രാജ്യങ്ങളിലെ പ്രദേശങ്ങള്‍ പ്രശ്‌നബാധിതമാണെങ്കില്‍ ഇന്ത്യന്‍ ടൂറിസം മന്ത്രാലായം തന്നെ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. അതിനാല്‍ ടൂറിസം മന്ത്രാലയങ്ങളുടെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും (ഇന്ത്യക്ക് അകത്തേ കാര്യങ്ങള്‍ മനസിലാക്കാന്‍) വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് നല്ലതാണ്.

- യാത്രരേഖകളും ഐഡികളുടെയും പകര്‍പ്പുകള്‍ എടുത്തു സൂക്ഷിക്കുന്നതും, ഡിജിറ്റലായി അവ ഫോണിലും മറ്റും സൂക്ഷിക്കുന്നതും നല്ലതാണ്.

- അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍നമ്ബരും അഡ്രസും എഴുതി സൂക്ഷിക്കുക. കൂടാതെ രണ്ട് മൂന്ന് ഫോണ്‍ നമ്ബരുകളെങ്കിലും ഓര്‍മ്മയില്‍ സൂക്ഷിക്കുക.

- ഓരോ സ്ഥലമെത്തുമ്ബോഴും സുഹൃത്തുക്കളെ അറിയിക്കുന്നതും ഇടയ്ക്ക് മൊബൈലില്‍ ലോക്കേഷന്‍ അയച്ചിടുന്നതും നല്ലതാണ്.

- ട്രെക്കിംഗിനും മലകയറ്റത്തിനും മറ്റും പോകുമ്ബോള്‍ ആരോഗ്യസ്ഥിതി അനുസരിച്ച്‌ തീരുമാനമെടുക്കുക. പോകുന്ന സ്ഥലത്തെപ്പറ്റി കൃത്യമായ ധാരണ വേണം. കഴിയുമെങ്കില്‍ അംഗീകൃത ഗൈഡിനെയോ, മുന്‍പരിചയമുള്ളവരെയോ കൂട്ടുക.

- ജലാശയങ്ങളിലേക്ക് പോകുമ്ബോ അവിടുത്ത അവസ്ഥയെക്കുറിച്ച്‌ കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

- അതാത് പ്രദേശത്തെ പോലീസ് തുടങ്ങിയ സഹായം ലഭിക്കുന്ന അധികൃതരുമായി ബന്ധപ്പെടാനുള്ള മാര്‍ഗ്ഗം അറിഞ്ഞിരിക്കുക. കൂടാതെ പ്രാദേശിക ഭാഷയിലെ അത്യാവശ പദങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും.

- ടാക്‌സികളും ട്രാന്‍സ്‌പോര്‍ട്ട് സൗകര്യങ്ങളും അംഗീകൃതമാമെന്ന് ഉറപ്പുവരുത്തിയിട്ട് യാത്ര ചെയ്യുക.

- അപരിചതരോടൊപ്പം ഇടപെടുമ്ബോള്‍ കരുതി പെരുമാറുക. കൈയിലുള്ള പണത്തെക്കുറിച്ചോ വ്യകതിപരമായ കൂടുതല്‍ കാര്യങ്ങളോ പങ്കുവയ്ക്കാതിരിക്കുക.

- അനാവശ്യമായ സാഹസികത കാണിച്ച്‌ അപകടത്തില്‍പ്പെടാതിരിക്കുക. സെല്‍ഫി ഭ്രമങ്ങളും, ടിക്ക്‌ടോക്കിനും ഒക്കെയായി സാഹസികത കാണിച്ച്‌ അപകടങ്ങള്‍ ക്ഷണിച്ച്‌ വരുത്താതിരിക്കുക.

- പ്രദേശത്തേക്കുറിച്ച്‌ തദ്ദേശിയരുടെയും അധികൃതരുടെയും നിര്‍ദേശങ്ങള്‍ ഗൗരമായി കാണുക.