ദുബായ് പോസ്റ്റല്‍ വകുപ്പ് 56 വര്‍ഷം മുമ്പ് ഇറക്കിയ ഈ സ്റ്റാമ്പുകളുടെ പ്രത്യേകത അറിയാമോ?

 
ദുബായ് പോസ്റ്റല്‍ വകുപ്പ് 56 വര്‍ഷം മുമ്പ് ഇറക്കിയ ഈ സ്റ്റാമ്പുകളുടെ പ്രത്യേകത അറിയാമോ?

ഷെരീഫ് ഇബ്രാഹിം

ചരിത്രതാളുകളില്‍ അമൂല്യമായ സ്റ്റാമ്പുകളാണ് ഇവ. ഇത് പുറത്തിറക്കിയിരിക്കുന്നത് ദുബായ് പോസ്റ്റല്‍ വകുപ്പാണ്. കാരണം അന്ന് ഈ പ്രദേശങ്ങള്‍ യുഎഇ ആയിട്ടില്ല. ട്രൂഷ്യല്‍ സംസ്ഥാനങ്ങള്‍ ആയിരുന്നു. 1966ലാണ് ഈ സ്റ്റാമ്പ് ഇറക്കിയത്. എന്താണ് ഇവയുടെ പ്രത്യേകതയെന്ന് നോക്കാം.
ട്രൂഷ്യല്‍ സംസ്ഥാനങ്ങളില്‍ പിന്നീട് യുഎഇ-യില്‍ ഉള്‍പ്പെട്ട അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ ഏഴു സംസ്ഥാനങ്ങളിലെ ഭരണാധികാരികള്‍ കൂടാതെ രണ്ടു രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഈ സ്റ്റാമ്പില്‍ ഉണ്ട്. ചിത്രത്തിലെ സ്റ്റാമ്പിലെ, മുകളില്‍ ഇടത്ത് നിന്ന് രണ്ടാമത്തുള്ളത് ഖത്തര്‍ ഭരണാധികാരി എച്ച് എച്ച് അമീര്‍ ഷെയ്ഖ് അഹമദ് ബിന്‍ അലി ബിന്‍ അബ്ദുള്ള അല്‍താനിയും, ബഹ്റൈന്‍ ഭരണാധികാരി എച്ച്.എം. അമീര്‍ ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ അല്‍ഖലീഫയുമാണ്.

ഇപ്പോഴത്തെ യുഎഇയില്‍പ്പെട്ട ഏഴ് എമിറേറ്റുകളും ബഹ്റൈനും ഖത്തറും കൂടി ഒന്നിച്ച് യുഎഇ (UAE - United Arab Emirates) രൂപീകരിക്കാന്‍ 1966കളിലും 1967കളിലും ദുബായ് - അബുദാബി ബോര്‍ഡറിന്നടുത്തുള്ള ദുബായ് രാജാവിന്റെ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന് ഈ ഒമ്പത് പേരും ഒപ്പിട്ട ഒരു എഗ്രിമെന്റ് ഉണ്ടാക്കി (അതിന്റെ കോപ്പി എന്റെ കയ്യില്‍ ഇപ്പോഴുമുണ്ട്). പിന്നീട് ഖത്തറും ബഹ്റൈനും വേറെ സംസ്ഥാനങ്ങള്‍ ആകാം എന്ന് പറഞ്ഞ് ഒഴിഞ്ഞു. അതോടൊപ്പം റാസല്‍ഖൈമയും എഗ്രിമെന്റില്‍ നിന്ന് ഒഴിഞ്ഞു.
റാസല്‍ഖൈമ സ്വന്തം രാജ്യം ഉണ്ടാക്കുന്നു എന്നും അതല്ല മസ്‌കത്തിന്റെ കൂടെ കൂടുന്നു എന്നും അന്ന് കിംവദന്തി ഉണ്ടായിരുന്നു. പക്ഷെ, മൂന്ന് മാസമാവാറായപ്പോള്‍ റാസല്‍ഖൈമ യുഎഇയില്‍ ചേര്‍ന്നു. തന്മൂലം ആദ്യത്തെ യുഎഇ എഗ്രിമെന്റിലോ ആദ്യത്തെ ദേശീയദിനത്തിലോ ആറ് എമിറേറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റാസല്‍ഖൈമ ഉണ്ടായിരുന്നില്ല. മറ്റൊരു പ്രത്യേകത സ്റ്റാമ്പിന്റെ മൂല്യങ്ങള്‍ ഇന്ത്യന്‍ നാണയത്തിലാണ്. അതായത് 35, 60, 150 പൈസകള്‍ ആണ് ഈ സ്റ്റാമ്പിന്റെ വില.