ദിലീപിന് മുന്നില്‍ മുട്ടിടിച്ച് അമ്മ; മോഹന്‍ലാലിന്റെ ഈ മെയ്‌വഴക്കത്തിന്റെ പേര് നട്ടെല്ലില്ലായ്മയെന്ന്‌

 
ദിലീപിന് മുന്നില്‍ മുട്ടിടിച്ച് അമ്മ; മോഹന്‍ലാലിന്റെ ഈ മെയ്‌വഴക്കത്തിന്റെ പേര് നട്ടെല്ലില്ലായ്മയെന്ന്‌

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കണമെന്ന മൂന്ന് നടിമാരുടെ ആവശ്യത്തെ ഇന്നലെ ചേര്‍ന്ന് എക്‌സിക്യൂട്ടീവ് യോഗം വീണ്ടും അവഗണിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയ്ക്കകം അന്തിമതീരുമാനമുണ്ടാകണമെന്ന് നടി രേവതി കത്തിലൂടെ ആവശ്യപ്പെട്ടപ്പോഴാണ് ഇന്നലെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. എന്നാല്‍ എക്‌സിക്യൂട്ടീവിന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനാകില്ലെന്നും വിഷയം ജനറല്‍ ബോഡിക്ക് വിടുകയാണെന്നുമാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഇപ്പോള്‍ പറയുന്നത്.

ദിലീപിനെതിരായ നടപടിയില്‍ സംഘടനയില്‍ നിന്നും കൃത്യമായ മറുപടി ലഭിക്കാത്തതിനാലാണ് നടിമാര്‍ മൂന്നാമതും കത്ത് നല്‍കിയത്. ഇതുസംബന്ധിച്ച് നിയമോപദേശം തേടാന്‍ 21 ദിവസത്തെ സമയം അനുവദിക്കണമെന്നാണ് അമ്മ ഭാരവാഹികള്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇതെല്ലാം നടപടി വൈകിപ്പിക്കുന്നതിനായാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. 2010ല്‍ മുതിര്‍ന്ന നടന്‍ തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കിയത് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു. തിലകനെ പുറത്താക്കാന്‍ അധികാരമുണ്ടായിരുന്ന അതേ എക്‌സിക്യൂട്ടീവ് തന്നെയാണ് ഇപ്പോള്‍ ദിലീപിന്റെ കാര്യം വന്നപ്പോള്‍ ബലഹീനരായിരിക്കുന്നത് എന്നതാണ് കൗതുകം. തിലകനെ പുറത്താക്കുമ്പോള്‍ മോഹന്‍ലാല്‍ അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. അച്ചടക്ക സമിതിയുടെ ശുപാര്‍ശ പ്രകാരം തീരുമാനമെടുക്കുന്നതായി ലാല്‍ തിലകന് അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഒരു ജനറല്‍ ബോഡി മീറ്റിംഗ് പോലും വിളിച്ചു ചേര്‍ക്കാതെയും നിയമോപദേശം തേടാതെയുമാണ് തിലകനെതിരെ നടപടിയെടുത്തത്. അമ്മയെയും അതിലെ അംഗങ്ങളായ സൂപ്പര്‍താരങ്ങളെയും പരസ്യമായി അപമാനിച്ചുവെന്നതായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം.

2010 ഫെബ്രുവരി 9ന് കൊച്ചിയിലെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ തിലകന്‍ മാപ്പ് പറയണമെന്നും വിശദീകരണം നല്‍കണമെന്നും ഫെബ്രുവരി 10ന് അന്നത്തെ സെക്രട്ടറി ഇടവേള ബാബു അയച്ച കത്തിലും ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 17ന് തിലകന്‍ ഇതിന് നല്‍കിയ മറുപടി താന്‍ ആരെ, എപ്പോള്‍, എവിടെ വച്ച് അപമാനിച്ചുവെന്ന് വ്യക്തമായില്ലെന്നായിരുന്നു. കൂടാതെ അംഗങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ അമ്മ തന്നെ ഒരു ഫെഫ്ക നേതാവിന്റെ ഇടപെടല്‍ മൂലം അഡ്വാന്‍സ് നല്‍കിയ ചിത്രങ്ങളില്‍ നിന്നു പോലും ഒഴിവാക്കിയപ്പോള്‍ നിശബ്ദത പാലിച്ചതിനെയും അദ്ദേഹം ഈ മറുപടി കത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് അമ്മയുടെ ഓഫീസില്‍ ഹാജരാകണമെന്ന് അച്ചടക്ക സമിതി അദ്ദേഹത്തിന് കത്തയച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല.

അതിനെ തുടര്‍ന്നാണ് മാര്‍ച്ച് 15ന് മോഹന്‍ലാല്‍ തിലകന് കത്തയച്ചത്. തിലകന്‍ കുറ്റക്കാരനാണെന്ന് അച്ചടക്ക സമിതി കണ്ടെത്തിയിട്ടുണ്ടെന്നും അംഗത്വത്തില്‍ നിന്നും പുറത്താക്കാതിരിക്കാന്‍ ഏഴ് ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നല്‍കണമെന്നും ലാലിന്റെ കത്തില്‍ പറയുന്നു. ഏപ്രില്‍ ആദ്യവാരം എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും അച്ചടക്ക സമിതിയുടെയും മുമ്പാകെയാണ് തിലകന്‍ ഹാജരായത്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുറത്താക്കല്‍ തീരുമാനമെടുക്കുകയായിരുന്നെന്ന് മകള്‍ സോണിയ വെളിപ്പെടുത്തിയിരുന്നു.

വെറും രണ്ട് മാസത്തിനിടയിലാണ് തിലകനെതിരെയുള്ള നടപടികള്‍ അമ്മ പൂര്‍ത്തിയാക്കിയതും. അതും പേരിന് പോലും ഒരു ജനറല്‍ ബോഡി വിൡച്ചു ചേര്‍ക്കാതെ. തിലകനെ ശിക്ഷിക്കാന്‍ അധികാരമുണ്ടായിരുന്ന അതേ അമ്മ എക്‌സിക്യൂട്ടീവാണ് ഇപ്പോള്‍ ദിലീപിനെതിരായ നടപടിക്ക് അധികാരമില്ലെന്ന് പറയുന്നത്. താടിയുള്ള അപ്പൂപ്പനെ കണ്ടപ്പോള്‍ പേടിക്കുന്നത് പോലെയാണ് ഇത്. ഇനി അഥവ എക്‌സിക്യൂട്ടീവിന് അതിനുള്ള അധികാരമില്ലെങ്കില്‍ തിലകന്റെ പുറത്താക്കല്‍ റദ്ദാക്കപ്പെടേണ്ടതാണ്. മരണശേഷമെങ്കിലും മലയാളത്തിലെ ആ അതുല്യനടന് നീതി ലഭിക്കട്ടെ.

തിലകന്റേത് പോലെ അച്ചടക്ക ലംഘനമല്ല ദിലീപിനെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന കുറ്റം. ഗുരുതരമായ ക്രിമിനല്‍ കേസാണ്. അതും അമ്മയിലെ അംഗം തന്നെയായ ഒരു നടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസ്. ആ സാഹചര്യത്തില്‍ മോഹന്‍ലാല്‍ പറയുന്നത് പോലെ ജനറല്‍ ബോഡിയ്ക്കാണ് നടപടിക്ക് അധികാരമുള്ളതെങ്കില്‍ അടിയന്തരമായി ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കുകയാണ് വേണ്ടത്. അപമാനിക്കപ്പെട്ട പെണ്‍കുട്ടിയോടും അവള്‍ക്കൊപ്പം നില്‍ക്കുന്ന സ്ത്രീകളോടും അങ്ങനെയെങ്കിലും നീതി കാട്ടാന്‍ ഈ സംഘടന തയ്യാറാകണം.

https://www.azhimukham.com/cinema-double-justice-for-thilakan-and-dileep-documents-leaked/

https://www.azhimukham.com/offbeat-thilakan-fight-against-amma-organization-jyothi/

https://www.azhimukham.com/trending-nunprotest-spycase-social-media-against-dileep-mohanlal/

https://www.azhimukham.com/news-update-actress-attack-case-action-against-dileep-women-members-file-new-letter-to-amma/