'സ്ത്രീകളെ ശബരിമലയിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്നവരെയോർത്ത് ലജ്ജ തോന്നുന്നു'; യതി അന്നേ പറഞ്ഞു

 
'സ്ത്രീകളെ ശബരിമലയിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്നവരെയോർത്ത് ലജ്ജ തോന്നുന്നു'; യതി അന്നേ പറഞ്ഞു

പ്രകൃതിയുടേയും അതിലെ ജീവിതത്തിന്റേയും നടുക്കു നിന്നുകൊണ്ട് ആത്മീയ സംവാദം നടത്തിയ അനശ്വരനായ നിത്യചൈതന്യയതിയുടെ വിലപ്പെട്ട ലേഖനങ്ങളുടെ സമാഹാരം ആണ് ' ദൈവത്തിന്റെ പൂന്തോട്ടം'. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നടക്കുന്ന ഈ അവസരത്തിൽ നിത്യചൈതന്യയതി ശബരിമലയിൽ അരങ്ങേറുന്ന അസമത്വത്തെ കുറിച്ചെഴുതിയിരുന്നതിൽ പ്രസക്തമായ ചില കാര്യങ്ങൾ.

"ജാതിയുടെ സ്പർശം ഇല്ലാതിരുന്ന ഒരേയൊരു സ്ഥലം ശബരിമല ആയിരുന്നു. ജാതി, മതം ഈ മാതിരി ഒരു വ്യത്യാസവും ഇല്ലാതെ തമിഴരും മലയാളികളും ഒരുപോലെ ഒത്തുകൂടി അന്നൊക്കെ പേട്ട തുള്ളുമ്പോൾ തീയം തിന്തകത്തോം തീയം തിന്തകത്തോം എന്നാണ് പാടിയിരുന്നത് അത് ഞാനിന്നും ഓർക്കുന്നു. ആ പാട്ട് എന്തുകൊണ്ടോ നിന്നു പോയി. ധർമ്മശാസ്താവ് എന്നു പറയുന്നത് ബുദ്ധൻ്റെ പേരാണെന്നും ഓർക്കുക. ബുദ്ധനാണല്ലോ ഇവിടെ ജാതി മത വ്യത്യാസം ആദ്യം ഇല്ലാതാക്കിയത്.

എന്നാൽ ഇപ്പോൾ ശബരിമലയെ എല്ലാ സ്പർദ്ധകളും ദുരാചാരങ്ങളും വളർത്തി എടുക്കാനുള്ള പുതിയ മൂശയാക്കി മാറ്റിയിരിക്കുന്നു. അവിടെയിപ്പോൾ നാം കേൾക്കുന്നത് പത്തു വയസിനും അൻപത് വയസിനും ഇടയിലുള്ള ഒരു സ്ത്രീ പോലും മലചവിട്ടി കയറി സന്നിധാനത്ത് എത്തരുത് എന്നാണ്. സ്വപ്നസ്ഖലനം ഉണ്ടാകുന്ന പുരുഷന് ശബരിമലയിൽ ചെല്ലുന്നതിന് പോലീസ് പരിശോധന വേണ്ടായെങ്കിൽ നമ്മെയൊക്കെ പെറ്റുവളർത്തിയ സ്ത്രീക്ക് ഏതൊ ദോഷമുണ്ടെന്ന് കരുതുന്നവർക്ക് മനോരോഗമാണ്.

വൈദികകാലംമുതൽ ഇങ്ങോട്ട് സ്ത്രീയോട് കാണിച്ചുപോരുന്ന കടുത്ത അനീതിയും ക്രൂരതയും എന്നെന്നേക്കുമായി നമ്മുടെ നാട്ടിൽ നിന്ന് തുടച്ചു മാറ്റേണ്ട കാലമായി. കോടതികളും പോലീസുമൊക്കെ ഇടപെട്ട്‌ ഭഗവത് ദർശനത്തിന് പോകുന്ന സ്തീകളെ ശബരിമലയിൽ നിന്ന് കണ്ടുപിടിച്ച് ഉൻമൂലനം ചെയ്യണമെന്ന് പത്രത്തിൽ എഴുതിക്കണ്ടു. ഇതുകേട്ടിട്ട് ലജ്ജിക്കാത്ത പുരുഷൻമാർ ഈ രാജ്യത്തുണ്ടല്ലോ എന്നതാണ് എന്നെ ലജ്ജിപ്പിക്കുന്നത്. അതുകൊണ്ട് ഞാൻ ഇവിടുത്തെ പ്രകൃതി ദൃശ്യത്തെ സ്നേഹിക്കുന്ന സകല സ്ത്രീകളോടും അഭ്യർത്ഥിക്കുന്നു, നിങ്ങൾ ഒറ്റക്കെട്ടായി ശബരിമലയ്ക്ക് പോകുവിൻ. ഒരു പോലീസും നിങ്ങളെ ഒന്നും ചെയ്യുകയില്ല.

പ്രിയ സഹോദരികളേ മറക്കരുത് ശബരിമലയ്ക്ക് പോകണം."

(ഡിസി ബുക്സ് പബ്ലിഷ് ചെയ്ത നിത്യചൈതന്യയതിയുടെ "ദൈവത്തിന്റെ പൂന്തോട്ടം" എന്ന തത്ത്വശാസ്ത്ര ലേഖനങ്ങളുടെ സമാഹരണ ഗ്രന്ഥത്തിൽ നിന്ന്)

https://www.azhimukham.com/trending-writer-mleelavathi-on-sabarimala-women-entry/

https://www.azhimukham.com/offbeat-amma-maharani-sethu-parvathi-bayi-sabarimala-controversy/