ശ്രീജീവിന്റെ കസ്റ്റഡി മരണം: സിബിഐ അന്വേഷണത്തിന് വിജ്ഞാപനമിറങ്ങി; സമരം തുടരുമെന്ന് ശ്രീജിത്ത്

 
ശ്രീജീവിന്റെ കസ്റ്റഡി മരണം: സിബിഐ അന്വേഷണത്തിന് വിജ്ഞാപനമിറങ്ങി; സമരം തുടരുമെന്ന് ശ്രീജിത്ത്

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് പാറശാല പോലീസിന്റെ കസ്റ്റിഡിയിലിരിക്കെ മരിച്ച കേസില്‍ സിബിഐ അന്വേഷണ വിജ്ഞാപനമിറക്കി. വിജ്ഞാപനത്തിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു. ഉത്തരവ് എംവി ജയരാജ് ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറും. അതേസമയം ഉത്തരവ് സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ 770 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്ത് അറിയിച്ചു.

വിജ്ഞാപനം കൊണ്ട് കാര്യമില്ലെന്നും സിബിഐ കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കുന്നതു വരെ സമരപ്പന്തലില്‍ തന്നെ തുടരുമെന്നുമാണ് ശ്രീജിത്തിന്റെ നിലപാട്. സമരത്തില്‍ ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയും ഇതേ നിലപാടില്‍ തന്നെയാണ്.

നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവ് 2014 മെയ് 21നാണ് പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിലാണ് മരണമെന്ന് പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പാറശാല സ്റ്റേഷനിലെ എഎസ്‌ഐയായ ഫിലിപ്പോസിന്റെ ബന്ധുവിന്റെ മകളുമായി ശ്രീജീവ് പ്രണയത്തിലായിരുന്നു. ഈ പെണ്‍കുട്ടിയുടെ വിവാഹത്തിന്റെ തലേദിവസമാണ് ശ്രീജീവിനെ കസ്റ്റഡിയിലെടുത്തത്. അതിന് രണ്ട് ദിവസത്തിന് ശേഷമാണ് മരണം സംഭവിച്ചത്.

പാറശാല മുന്‍ സിഐ ഗോപകുമാര്‍, എസ്‌ഐ ബിജുകുമാര്‍, എഎസ്‌ഐ ഫിലിപ്പോസ്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രതാപചന്ദ്രന്‍, വിജയചന്ദ്രന്‍ എന്നിവരാണ് കേസിലെ കുറ്റാരോപിതര്‍. ശ്രീജീവിന്റെ കുടുംബത്തിന് കുറ്റക്കാരില്‍ നിന്നും 10 ലക്ഷം രൂപ നഷ്ടപരാഹിരം ഈടാക്കി നല്‍കണമെന്നായിരുന്നു അതോറിറ്റിയുടെ ഒരു നിര്‍ദ്ദേശം. എന്നാല്‍ സിഐ ഗോപകുമാര്‍ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ നേടിയതിനാല്‍ ഈ തുക സര്‍ക്കാര്‍ തന്നെ നല്‍കുകയായിരുന്നു. കൂടാതെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്ന അതോറിറ്റിയുടെ നിര്‍ദ്ദേശവും ഈ സ്‌റ്റേ ഉത്തരവ് മൂലം നടപ്പാക്കാനായില്ല. പോലീസുകാര്‍ തന്നെ പ്രതികളായ കേസില്‍ പോലീസില്‍ നിന്നും നീതി ലഭിക്കില്ലെന്ന് വ്യക്തമായപ്പോഴാണ് ശ്രീജിത്ത് 2015 ഡിസംബര്‍ 11ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്.