ഇനി ഇരുട്ടുന്നതിന് മുമ്പ് ആരും ഇവരെ ഹോസ്റ്റല്‍ മുറികളില്‍ അടച്ചിടില്ല: പുറത്തുപോകാം, സിനിമ കാണാം, രാത്രിയിലെ നഗരം കാണാം

 
ഇനി ഇരുട്ടുന്നതിന് മുമ്പ് ആരും ഇവരെ ഹോസ്റ്റല്‍ മുറികളില്‍ അടച്ചിടില്ല: പുറത്തുപോകാം, സിനിമ കാണാം, രാത്രിയിലെ നഗരം കാണാം

ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിലെ ആസാദി സമരസമിതി കഴിഞ്ഞ മൂന്ന് ദിവസമായി ലിംഗനീതിയ്ക്ക് വേണ്ടിയുള്ള മഹത്തായ ഒരു പോരാട്ടത്തിലായിരുന്നു. ഇവർ രാത്രിയും പകലും ഇന്ത്യയ്ക്ക്‌ ആവേശമായ ആസാദി ഗാനവും പാടി സമരം ചെയ്ത് ഒടുവില്‍ അവരുടെ ആവശ്യങ്ങൾ ഭാഗികമായെങ്കിലും നേടിയെടുക്കുകയും ചെയ്തു. ഹോസ്റ്റൽ ഗേറ്റിനു ഇനി 6.30 ന് പൂട്ടുവീഴില്ല. ആൺകുട്ടികളുടെ ഹോസ്റ്റൽ പൂട്ടുന്ന അതെ സമയമായ 9 .30 വരെ പെൺകുട്ടികൾക്കും പുറത്തിറങ്ങി നടക്കാം. ആരും ഇവരോട് "വിശദീകരണം" ആവശ്യപ്പെടില്ല. ഹോസ്റ്റൽ ഗേറ്റ് പൂട്ടാൻ സമയപരിധിയേ വേണ്ടെന്നായിരുന്നു സമരസമിതിയുടെ ആവിശ്യം. എന്നാൽ മൂന്നുദിവസത്തെ സമരത്തിനിടയ്ക്ക് തന്നെ ഹോസ്റ്റൽ സമയം കൂട്ടിയത് ശുഭസൂചന ആയിട്ട് തന്നെയാണ് കാണുന്നതെന്ന് ആസാദി സമിതിയുടെ അംഗങ്ങൾ അഴിമുഖത്തോട് പറയുന്നു.

"പുറത്ത്പോയി ഒരു ചായകുടിച്ചിട്ട് വന്നാലോ എന്നാലോചിക്കുമ്പോൾ ഇരുട്ട് വീണല്ലോ ഏഴു മണി ആയല്ലോ കാവൽക്കാരൻ തടയുമല്ലോ എന്നൊന്നും ഇനിയും ഞങ്ങൾക്ക് പേടിക്കാൻ മനസ്സില്ല, ഒരു സിനിമ കാണണമെന്ന് വിചാരിക്കുമ്പോൾ മൂന്നു മണിക്കൂർ സിനിമ കഴിയുമ്പോഴേക്കും തിരിച്ച് ഹോസ്റ്റലിൽ കേറാൻ പറ്റില്ലല്ലോ എന്ന് വിചാരിച്ച് ഇനിയും ഞങ്ങൾക്ക് ഈ ചെറിയ സന്തോഷങ്ങൾ വേണ്ടെന്ന് വെക്കാനാകില്ല, ഈ സമയം നിങ്ങൾ പെൺകുട്ടികൾക്ക് അസമയം ആണെന്ന പരുഷ വാക്കുകൾ കേൾക്കാതെ ഞങ്ങൾക്ക് പുറത്ത്പോകണം, സിനിമകാണണം, വല്ലപ്പോഴും പുറത്തുനിന്നും ഭക്ഷണം കഴിക്കണം, രാത്രിയിലെ നഗരം കാണണം...."-അവര്‍ പറയുന്നു.

പെൺകുട്ടികളുടെ സുരക്ഷിതത്വം പറഞ്ഞ് 6.30ന് ഗേറ്റ് അടയ്ക്കുന്ന സംവിധാനം മാറ്റണമെന്ന ആവിശ്യം ഉന്നയിച്ചാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ആസാദി എന്ന് പേരിട്ട സമരസമിതി പൊരുതിയത്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ 9.30 വരെ സമയം ഉണ്ടെന്നിരിക്കെ എന്തിനാണ് സുരക്ഷിതത്വം പറഞ്ഞ് തങ്ങളെ മാത്രം ഇരുട്ടുന്നതിനു മുമ്പ്‌ ഹോസ്റ്റലിൽ അടച്ചിടുന്നതെന്നാണ് ഈ പെൺകുട്ടികൾ ചോദിക്കുന്നത്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഒരുമുറിയിൽ രണ്ട് പേർ താമസിക്കുമ്പോൾ പെൺകുട്ടികൾക്കുള്ള ചെറിയ ഹോസ്റ്റൽ മുറികളിൽ അഞ്ചിൽ അധികം പെൺകുട്ടികളാണ് തിങ്ങി കഴിയുന്നത്. അതെന്താണ് അങ്ങനെ എന്ന് ചോദ്യം വന്ന സമയത്ത് പെണ്‍കുട്ടികളല്ലേ അഡ്ജസ്റ്റ് ചെയ്തോളും എന്നായിരുന്നു അധികൃതരുടെ മറുപടി. ക്യാമ്പസിൽ നടക്കുന്ന നഗ്നമായ ലിംഗവിവേചനകൾക്കെതിരെ കരുത്തുറ്റ വിജയമാണ് ഈ പെൺകുട്ടികൾ ഇന്ന് നേടിയെടുത്തത്.

ഹോസ്റ്റലിലെ സമയനിയന്ത്രണം മാറ്റണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകൾ സമർപ്പിച്ചിരുന്നെങ്കിലും മൂന്നു ദിവസങ്ങൾക്കുമുമ്പാണ് ഈ ആവശ്യങ്ങൾ ഒരു പ്രത്യക്ഷ സമരമായി മാറിയത്. സമരത്തിന്റെ ഭാഗമായി സമയ പരിധി കഴിഞ്ഞിട്ടും പെൺകുട്ടികൾ കൂട്ടത്തോടെ ഹോസ്റ്റലിനു പുറത്ത്‌ തന്നെ നിന്നു. പിന്നീട് വൈകി അകത്തുകയറിയപ്പോൾ എന്തുകൊണ്ട് വൈകി എന്നതിന്റെ വിശദീകരണം തരണമെന്ന് കാവൽക്കാരൻ ആവശ്യപ്പെട്ടു. വിശദീകരം എഴുതില്ല എന്ന് പറഞ്ഞ് പെൺകുട്ടികൾ പുറത്ത് തന്നെ ഇരുന്നു. രണ്ടാം ദിവസവും ഇത് തന്നെ ആവർത്തിച്ചു. രണ്ടാം ദിവസം പുറത്തിരുന്ന് സമരം ചെയ്യാൻ നൂറിൽ അധികം പെൺകുട്ടികളാണ് പുറത്തിറങ്ങിയത്. അപ്പോഴും ഇവർ വിശദീകരണം എഴുതില്ല എന്ന നിലപാടിൽ ഉറച്ച് നിന്നതോടെ “നിങ്ങൾ അകത്തോ പുറത്തോ എവിടെയാണെന്ന് വെച്ചാൽ ഇരിക്ക് ബാക്കിയൊക്കെ ഞാൻ നിങ്ങളുടെ മാതാപിതാക്കളോട് സംസാരിച്ചോളാം“ എന്നാണ് ഹോസ്റ്റൽ വാർഡൻ പറഞ്ഞത്. അന്നുതന്നെ ഒരു പി.ടി.എ വൈസ് പ്രസിഡണ്ട് ഈ പെൺകുട്ടികളിൽ ചിലരുടെ വീട്ടിൽ പാതിരാത്രിയോടെ വിളിച്ച് ”മക്കളെ ഇവിടെ വിപ്ലവം ഉണ്ടാക്കാൻ പറഞ്ഞ് വിടുകയാണോ” എന്നും മറ്റും ചോദിച്ചതായും വിദ്യാർഥികൾ പറയുന്നു. മുൻപുതന്നെ പലവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ഒരു പിതാവിന് പെട്ടെന്ന് ഈ വാർത്ത കേട്ട് ദേഹാസ്വാസ്ഥ്യങ്ങളുമുണ്ടായി. സമരസ്ഥലത്തെത്തിയ ശ്രീകാര്യം എസ് ഐ സമരക്കാരോട് ബഹുമാനമില്ലാതെ സംസാരിച്ചതായും നിങ്ങൾ ഇവിടെ വരുന്നത് പഠിക്കാനല്ലേ എന്ന് ഉപദേശിച്ചതായും ദൃക്‌സാക്ഷികൾ പറയുന്നു. വീട്ടിൽ വിളിച്ച് പറഞ്ഞതോടെ മൂന്നാം ദിവസമായപ്പോഴേക്കും പൊരുതുന്ന വിദ്യാർഥിനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് രാത്രി ഭൂരിഭാഗം പെൺകുട്ടികളും റൂം വിട്ട് പുറത്തേക്കിറങ്ങി.

“ഇത് ശക്തമായി നിലപാടുകളിൽ ഉറച്ച് നിന്ന് സമരം ചെയ്ത് കാണിച്ചുകൊടുത്ത പെൺകുട്ടികളുടെ വിജയമാണ്. ന്യായമായ ഈ സമരകാരണത്തോട് ഐക്യപ്പെടുന്നു ആർക്കും പങ്കെടുക്കാവുന്ന സമരമായിരുന്നു. എസ്‌ഐഫ്ഐ ഉൾപ്പടെയുള്ള വിദ്യാർഥിസംഘടനകൾ സമരത്തെ പിന്തുണച്ചിരുന്നു. പ്രത്യേകിച്ച് ഭാരവാഹികളൊന്നുമില്ലാത്ത സമിതിയിലെ അമൃത, അഞ്ചു, കൃഷ്ണവേണി മുതലായ പെൺകുട്ടികളുടെ പ്രവർത്തനങ്ങൾ എടുത്ത്പറയേണ്ടതാണ്. ഇത് അവർ ഉയർത്തിപ്പിടിച്ച ലിംഗനീതി എന്ന മഹത്തായ ആശയത്തിന്റെ വിജയമാണ്. എങ്ങനെയാണു സമരം ചെയ്യേണ്ടതെന്നും ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് കൃത്യമായി രാഷ്ട്രീയം സംസാരിക്കേണ്ടതെന്നും ഈ പെൺകുട്ടികൾ കാണിച്ച് തന്നു. ഇവരുടെ ഈ ഇഛാശക്തി കണ്ട് അത്ഭുതപ്പെട്ടാണ് ഞങ്ങളും പിന്തുണച്ചത്,” ആസാദി മൂവ്‌മെന്റ് സമിതിയിലെ പുരുഷമെമ്പറായ ഷമീം അഴിമുഖത്തോട് പറയുന്നു. പെൺകുട്ടികളുടെ വീടുകളിൽ രാത്രി വിളിച്ച് ഭയപ്പെടുത്തിയ പിടിഎ അംഗം കുട്ടികളോട് മാപ്പ് പറയുകയും രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തു. സർവകലാശാല വിസി ഉഷ ടൈറ്റസും കുട്ടികൾക്ക് അനുകൂലമായ നിലപാടുകൾ തന്നെയാണ് സ്വീകരിക്കുന്നത്. ഹോസ്റ്റൽ സമയം പരിഷ്ക്കരിച്ച ഓർഡർ രണ്ട് ദിവസങ്ങൾക്കുള്ളിൽ കയ്യിൽ കിട്ടുമെന്നാണ് കോളേജ് അധികൃതർ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകുന്നത്. "ഇത് ഞങ്ങൾ സംസാരിച്ച വ്യക്തമായ രാഷ്‌ടീയത്തിന്റെ വിജയമാണ്, പഠിക്കാൻ വന്നാൽ പഠിച്ചാൽ പോരെ പെൺകുട്ടികൾ രാത്രി കറങ്ങി നടക്കണോ എന്ന് ചോദിക്കുന്നവരുണ്ടാകും, രാത്രി സ്ത്രീകളുടേതും കൂടിയാണ്” ആസാദി സമരസമിതി അംഗങ്ങൾ ഒരേസ്വരത്തിൽ പറയുന്നു.