റോഹിങ്ക്യന്‍ സിനിമകള്‍ ദേശവിരുദ്ധ ചിത്രങ്ങളെന്ന് ജനം ടിവി, ഐഎഫ്എഫ്‌കെക്ക് ദേശവിരുദ്ധ നിലപാടെന്നും ബിജെപി ചാനല്‍

 
റോഹിങ്ക്യന്‍ സിനിമകള്‍ ദേശവിരുദ്ധ ചിത്രങ്ങളെന്ന് ജനം ടിവി, ഐഎഫ്എഫ്‌കെക്ക് ദേശവിരുദ്ധ നിലപാടെന്നും ബിജെപി ചാനല്‍

മ്യാന്‍മറിലെ വംശീയ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യ മുസ്ലീങ്ങളെക്കുറിച്ചുള്ള ചിത്രം പ്രദര്‍ശിപ്പിക്കുന്നതിലൂടെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്‌കെ) സംഘാടകരായ കേരള ചലച്ചിത്ര അക്കാഡമിയും ദേശവിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ബിജെപി ചാനലായ ജനം ടിവി. ഐഎഫ്എഫ്‌കെയില്‍ ഐഡന്റിറ്റി ആന്‍ഡ് സ്‌പേസ് എന്ന വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ പറഞ്ഞിരുന്നു. ഇതാണ് ഐഎഫ്എഫ്‌കെയുടെ ദേശവിരുദ്ധ നിലപാടെന്ന് പറഞ്ഞ് ജനം ടിവി ബ്രേക്കിംഗ് ന്യൂസ് ആക്കിയിരിക്കുന്നത്.

ഇത്തവണ ഡിസംബര്‍ എട്ട് മുതല്‍ 15 വരെയാണ് തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ നടക്കുക. റോഹിങ്ക്യന്‍ പ്രശ്‌നം പറയുന്ന മലേഷ്യന്‍ ചിത്രമാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. റോഹിങ്ക്യകള്‍ നുഴഞ്ഞുകയറ്റക്കാരാണെന്നും കമലിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്നും ജനം ടിവി പറയുന്നു. പാകിസ്ഥാനില്‍ നിന്നുള്ള 'ഹിന്ദു അഭയാര്‍ത്ഥി'കളേയും 'കമ്മ്യൂണിസ്റ്റ് തീവ്രവാദത്തെ'ക്കുറിച്ചുമുള്ള ചിത്രങ്ങള്‍ക്ക് അക്കാഡമി അനുമതി നിഷേധിച്ചതായി പറയുന്ന ജനം ടിവി, ഈ തീരുമാനത്തില്‍ അക്കാഡമിയിലെ പലര്‍ക്കും കടുത്ത പ്രതിഷേധമുള്ളതായും പറയുന്നു. ആരാണ് ഇത്തരത്തില്‍ പ്രതിഷേധം അറിയിച്ചത് എന്ന് വാര്‍ത്തയില്‍ പറയുന്നില. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ചതിനെ തുടര്‍ന്ന് സംവിധായകന്‍ കമലിനെതിരെ നേരത്തെ സംഘപരിവാര്‍ സംഘടനകള്‍ ആക്രമണവുമായി രംഗത്തെത്തിയിരുന്നു. കമലിന്‍റെ കൊടുങ്ങല്ലൂരിലെ വീട്ടിലേക്ക് മാര്‍ച്ച് വരെ നടത്തിയിട്ടുണ്ട്.

സിനിമ പ്രദര്‍ശനത്തിന് മുമ്പ് തീയറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവും ഇതിനെതിരായ പ്രതിഷേധവും ഏഴുന്നേറ്റ് നില്‍ക്കാന്‍ തയ്യാറാകാത്തവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതും എല്ലാം കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്കെയില്‍ വലിയ വിവാദമായിരുന്നു. ഇന്ത്യയിലെത്തുന്ന റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ സുരക്ഷാപ്രശ്‌നമാണെന്നും ഇവരെ തിരിച്ചുവിടണമെന്നുമാണ് മോദി സര്‍ക്കാരിന്റെ നിലപാട്. കേന്ദ്രസര്‍ക്കാരിന്റെ ഈ സമീപനം വിവാദമാവുകയും വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.