ഇസ്ലാമിക തീവ്രവാദികള്‍ക്ക് മുമ്പ് പ്രൊഫ.ജോസഫിനെ വേട്ടയാടിയത് എംഎ ബേബിയും കത്തോലിക്ക സഭയും: ജയന്‍ ചെറിയാന്‍

 
ഇസ്ലാമിക തീവ്രവാദികള്‍ക്ക് മുമ്പ് പ്രൊഫ.ജോസഫിനെ വേട്ടയാടിയത് എംഎ ബേബിയും കത്തോലിക്ക സഭയും: ജയന്‍ ചെറിയാന്‍

പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് ഇസ്ലാമിക തീവ്രവാദികള്‍ പ്രൊഫ.ടിജെ ജോസഫിന്റെ കൈവെട്ടിയ സംഭവത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ജയന്‍ ചെറിയാന്‍. തന്റെ അദ്ധ്യാപകനായിരുന്ന അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും ഇസ്ലാമിക മതതീവ്രവാദികളും സര്‍ക്കാരും കത്തോലിക്ക സഭയും ചേര്‍ന്ന് വേട്ടയാടുകയായിരുന്നു എന്ന് ജയന്‍ ചെറിയാന്‍ പറയുന്നു. ഹാദിയ കേസുമായി ബന്ധപ്പെട്ട് ജോസഫ് മാഷിന്റെ വിഷയം വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യത്തിലാണ് ജയന്‍ ചെറിയാന്റെ പോസ്റ്റ്. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് മുന്‍പ് എംഎ ബേബി നേതൃത്വം നല്‍കിയിരുന്ന വിദ്യാഭ്യാസ വകുപ്പും കത്തോലിക്ക സഭയുടെ മാനേജ്‌മെന്റും ചേര്‍ന്ന് ജോസഫിനെ വേട്ടയാടിയെന്ന് ജയന്‍ ചെറിയാന്‍ പറയുന്നു. സ്വതന്ത്ര ചിന്താഗതിക്കാരനും തന്റെ ജോലി ആത്മാര്‍ത്ഥയോടെ ചെയ്യാന്‍ ശ്രമിച്ചയാളുമായ ഒരു അദ്ധ്യാപകനെ മതേതരകേരളം കൈകാര്യം ചെയ്ത രീതി മദ്ധ്യകാലഘട്ടത്തിലെ മതദ്രോഹവിചാരണകളെ പോലും നാണിപ്പിക്കുന്നതാണെന്നും ജയന്‍ ചെറിയാന്‍ അഭിപ്രായപ്പെടുന്നു:

കത്തോലിക്ക സഭയും ന്യൂമാന്‍ കോളജിലെ അദ്ധ്യാപക വേഷമിട്ട അതിന്റെ പുരോഹിതപ്പരിഷകളുമാണ് ജോസഫ് സാറിനെ അവിടെനിന്നും പുകച്ചു പുറത്ത് ചാടിക്കാനുള്ള സ്വഭാവഹത്യാ ക്യാപ്യയിന്‍ ആരംഭിക്കുന്നത്, അന്നത്തെ വിദ്യഭ്യാസ മന്ത്രി 'മഹാജ്ഞനി' യായ എം.എ ബേബി ജോസഫ് സാറിനെ 'മണ്ടന്‍ പ്രൊഫസ്ര്‍' എന്ന് വിളിച്ചാക്ഷിപിക്കുന്നു, സസ്‌പെന്‍ഡ് ചെയ്യുന്നു, അദ്ദേഹത്തിനെതിരെ കേസെടുക്കുന്നു, അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നു, ജോസഫ് സാര്‍ ഒളിവില്‍ പോകുന്നു, സാറിന്റെ വിദ്ധാര്‍ഥിയായ മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നു, മകനെ രക്ഷിക്കാന്‍ സാര്‍ പോലീസിന് കീഴടങ്ങന്നു, വിചാരണ ചെയ്യപ്പെടുന്നു, പിന്നീട് മാസങ്ങള്‍ കഴിഞ്ഞാണ് ഇസ്ലാമിക തീവ്രവാദികള്‍ അദ്ദേഹത്തെ ആക്രമിക്കുകയും പ്രവാചക നിന്ദ ക്കുള്ള 'ഖുറാനിക ശിക്ഷ ' നടപ്പാക്കുകയും ചെയുന്നത്.

ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍, ജോസഫിന്റെ കൈ വെട്ടിയ സംഭവത്തെ ന്യായീകരിച്ച് നേരത്തെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. വിവാദമായപ്പോള്‍ ഇത് പിന്‍വലിച്ചു. ഹിന്ദുത്വ തീവ്രവാദികളെ പോലെ തന്നെ അപകടകാരികളായ ഇസ്ലാമിക തീവ്രവാദികളെ ന്യായീകരിക്കാനാണ് മതേതര ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്ന ചിലര്‍ ശ്രമിക്കുന്നതെന്ന് ജയന്‍ ചെറിയാന്‍ കുറ്റപ്പെടുത്തുന്നു: ഹാദിയക്ക് പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗര എന്നനിലയില്‍ ഏത് മതം സ്വീകരിക്കാനും ആരെ വേണമെങ്കിലും വിവാഹം കഴിക്കാനും സ്വതന്ത്രയായി ഇന്ത്യയില്‍ ജീവിക്കാനും അവകാശമുണ്ട്. അവര്‍ക്ക് ആ അവകാശം അരെങ്കിലും നിഷേധിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ ശക്തമായ പ്രതിഷേധം ഒരു ജനാധിപത്യ സമൂഹമെന്ന നിലയില്‍ നമുക്കിടയില്‍ നിന്ന് ഉയര്‍ന്നുവരണം. അതുണ്ടാവുന്നുണ്ടന്നാണ് ഞാന്‍ മനസിലാക്കുന്നത്. പക്ഷേ ഹാദിയയുടെ ഭര്‍ത്താവിന്റേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന, ജോസഫ് സാറിന്റെ കൈ വെട്ടിയതിനെ ന്യായീകരിക്കുകയും മരിച്ചു പോയ സലോമിയെ സ്വഭാവഹത്യ നടത്തുന്നതുമായ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നത് തീര്‍ത്തും മനുഷ്യത്വഹീനവും അധാര്‍മികവുമാണ്. ഇന്ന് അപകടകരമായ വിധത്തില്‍ വളര്‍ന്നിരിക്കുന്ന ഹിന്ദുത്വ തീവ്രവാദികളെ ചെറുക്കാന്‍ അത്രതന്നെ അപകടകാരികളായ ഇസ്ലാമീക തീവ്രവാദികളുടെ അക്രമങ്ങളെ ന്യായീകരിക്കേണ്ടതാണെന്ന ചില 'സെക്യുലര്‍' ബുദ്ധിജീവികളുടെ നിലപാട് നിരുത്തരവാദപരവും അപഹാസ്യവുമാണ്.

അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടിയത് ഏംഎ ബേബി ഭരിക്കുന്ന വിദ്യഭ്യാസവകുപ്പും കത്തോലിക്കസഭ നിയന്ത്രിക്കുന്ന കോളജ് മാനേജ്‌മെന്റുമാണ്. ആ പീഡനപരമ്പരയവസാനിച്ചത് മാനസികമായും സാമ്പത്തികമായും ജോസഫ്‌ സാറിന്‍റെ കുടുംബത്തെ ഛിന്നഭിന്നമാക്കുന്നതിലും സലോമിയുടെ അകാലമരണത്തിലുമാണ്. സ്വതന്ത്ര ചിന്താഗതിക്കാരനായ ഒരു അദ്ധ്യാപകനെന്ന നിലയില്‍ തന്റെ ജോലി ഇന്റഗ്രിറ്റിയോടെ ചെയ്യാന്‍ ശ്രമിച്ച ഒരു അദ്ധ്യാപകനെ മതേതരകേരളം കൈകാര്യം ചെയ്ത രീതി മദ്ധ്യകാലഘട്ടത്തിലെ മതദ്രോഹവിചാരകരെപ്പോലും നാണിപ്പിക്കുന്ന വിധത്തിലായിരുന്നു. ഇപ്പോള്‍ ഇതെല്ലാം ഓര്‍മ്മിക്കാന്‍ കാരണം ഹാദിയ കേസുമായി ബന്ധപ്പെട്ട് ജോസഫ് സാറിന്റെ പേര് പലരും വലിച്ചിഴക്കുന്നത് കണ്ടിട്ടാണ് - ജയന്‍ ചെറിയാന്‍ പറയുന്നു.