എം.പി വീരേന്ദ്ര കുമാര്‍/അഭിമുഖം: എല്‍ഡിഎഫില്‍ നിന്ന് ചവിട്ടി പുറത്താക്കിയതാണ്; യുഡിഎഫിന് പിന്തുണ പുറത്തുനിന്നു മാത്രം

 
എം.പി വീരേന്ദ്ര കുമാര്‍/അഭിമുഖം: എല്‍ഡിഎഫില്‍ നിന്ന് ചവിട്ടി പുറത്താക്കിയതാണ്; യുഡിഎഫിന് പിന്തുണ പുറത്തുനിന്നു മാത്രം

ബീഹാറില്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജനതാദള്‍-യു, എന്‍.ഡി.എയില്‍ ചേക്കേറിയതോടെ പ്രതിസന്ധിയിലായത് ഈ നീക്കത്തെ എതിര്‍ത്ത വലിയൊരു വിഭാഗം നേതാക്കളാണ്. മുതിര്‍ന്ന നേതാവ് ശരദ് യാദവിന്റെ നേതൃത്വത്തില്‍ ജെ.ഡി (യു) റിബല്‍ നേതാക്കള്‍ തങ്ങളാണ് യഥാര്‍ത്ഥ ജെ.ഡി (യു) എന്നു പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിതീഷ് കുമാര്‍ വിഭാഗത്തെ അംഗീകരിക്കുകയും പാര്‍ട്ടി ചിഹ്നമായ അമ്പ് അനുവദിക്കുകയും ചെയ്തിരുന്നു. ശരദ് യാദവിനെ അയോഗ്യനാക്കണമെന്ന ജെ.ഡി(യു) ആവശ്യം ഇപ്പോള്‍ രാജ്യസഭാ അധ്യക്ഷനു മുമ്പാകെയാണ്. ശരത് യാദവിനും ബീഹാറില്‍ നിന്ന് തന്നെയുള്ള മറ്റൊരു നേതാവ് അന്‍വര്‍ അലിക്കും പുറമേ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് എം.പി വീരേന്ദ്ര കുമാറും ജെ.ഡി (യു)വിന്റെ രാജ്യസഭാംഗങ്ങളാണ്. ഈ സാഹചര്യത്തിലാണ് എം.പി സ്ഥാനം രാജി വയ്ക്കുന്നതിനെ കുറിച്ച് എം.പി വീരേന്ദ്ര കുമാര്‍ പ്രഖ്യാപിച്ചത്. അദ്ദേഹവുമായി അഴിമുഖം ചീഫ് ഓഫ് ബ്യുറോ കെ.ആര്‍ ധന്യ നടത്തിയ അഭിമുഖം

കെ.ആര്‍ ധന്യ: ബിഹാറിലെ ബിജെപി വിരുദ്ധ മഹാസഖ്യം പൊളിച്ചുകൊണ്ട് എന്‍ഡിഎയ്ക്കൊപ്പം പോയ നിതീഷ് കുമാറിനെതിരെ വിയോജിപ്പറിയിക്കുക, നിതീഷിനെതിരെ പടനയിക്കുന്ന ശരദ് യാദവിനെ പരസ്യമായി പിന്തുണയ്ക്കുക, പിന്നീട് കുറേ മാസക്കാലത്തേക്ക് മൗനം, ഇപ്പോള്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ രാജ്യസഭാഗത്വം രാജിവെച്ചിരിക്കുന്നു- എംപി സ്ഥാനം രാജിവക്കുക എന്ന തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നതെങ്ങനെയാണ്?

എം.പി വീരേന്ദ്രകുമാര്‍: രാജി പെട്ടെന്നുണ്ടായ തീരുമാനമല്ല. ഞാന്‍ സാങ്കേതികമായി ഇപ്പോഴും നിതീഷ്‌കുമാറിന്റെ പാര്‍ട്ടിയിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതാണ്. ശരദ് യാദവും ഞാനുമടക്കമുള്ള പാര്‍ട്ടിയുടെ പ്രസിഡന്റും നിയമപരമായി നിതീഷ് കുമാറാണ്. അപ്പോഴാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് വന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് മത്സരിക്കാന്‍ ചിഹ്നമില്ല. ഗുജറാത്തിലെ മത്സരിക്കുന്ന പ്രസിഡന്റ് രാജിവച്ചാണ് മത്സരിക്കുന്നത്. കാരണം രാജിവച്ചില്ലെങ്കില്‍ അമ്പ് ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരും. ആ ചിഹ്നം നിതീഷ്‌കുമാറിന്റെയാണ്. ആ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ ചിഹ്നം ഓട്ടാറിക്ഷയായി മാറി. അവിടെ വോട്ടടുപ്പ് വരികയാണ്. അതിന്റെ പശ്ചാത്തലത്തിലാണ് രാജ്യസഭാ അംഗമായി തുടരില്ല എന്ന് ഞാന്‍ പറഞ്ഞത്. അവിടെയും ഞങ്ങളുടെ സഖാക്കള്‍ മത്സരിക്കുന്നുണ്ട്. കെ.സി ത്യാഗിയടക്കമുള്ള നിതീഷ് കുമാറിനൊപ്പമുള്ള നേതാക്കള്‍ വീരേന്ദ്രകുമാര്‍ തങ്ങളുടെ നേതാവാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഞാനല്ല. ഇതില്‍ തന്നെ തുടര്‍ന്നാല്‍ അവര്‍ വിചാരിക്കും വീരേന്ദ്രകുമാറും, നിതീഷ്‌കുമാറിന്റെ പാര്‍ട്ടിയിലാണെന്ന്. ആ ഒരു ആശയക്കുഴപ്പം വേണ്ട എന്ന് എനിക്കുണ്ട്. അതുകൊണ്ടാണ് ഞാന്‍ നിതീഷ്‌കുമാറിന്റെ പാര്‍ട്ടിയുടെ എം പിയായി നില്‍ക്കില്ലെന്നും രാജിവക്കുമെന്നും പറഞ്ഞത്.

ധന്യ: ജെ.ഡി(എസ്)-ജെ.ഡി(യു) ഒന്നുചേരുന്നതിലേക്കും അതുവഴി എല്‍ഡിഎഫിലേക്കുമുള്ള വഴി തുറക്കാനാണോ ശ്രമം?

വീരേന്ദ്രകുമാര്‍: അതൊന്നും ഞങ്ങളിപ്പോള്‍ ആലോചിക്കുന്നില്ല. രാജ്യസഭാ അംഗത്വം രാജിവക്കുന്നത് തന്നെ ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ്. എന്നെ തിരഞ്ഞെടുത്തത് യുഡിഎഫാണ്. യുഡിഎഫിന്റെ രാജ്യസഭാ അംഗത്വമാണെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഞാന്‍ സംഘപരിവാറിന്റെ എംപിയാണ്. അത് യുഡിഎഫിനും ക്ഷീണമാണ്. യുഡിഎഫ് എനിക്ക് തന്ന രാജ്യസഭാ മെമ്പര്‍ഷിപ്പും കയ്യില്‍ വച്ച് നിതീഷ് കുമാറിന്റെ എംപിയായി തുടരുന്നത് ധാര്‍മ്മികമല്ല. യുഡിഎഫ് തന്ന രാജ്യസഭാ അംഗത്വം കയ്യില്‍ വച്ചുകൊണ്ട് വിലപേശുന്നതും ശരിയല്ല. അതുകൊണ്ട് യുഡിഎഫിന് അവര്‍ തന്ന അംഗത്വം ഞാന്‍ തിരികെയേല്‍പ്പിക്കും. രാജ്യസഭാംഗത്വം എന്റെ രാഷ്ട്രീയത്തിലെ ബാര്‍ഗെയിനിങ് പോയിന്റേയല്ല. ഞാനത് വിട്ടിരിക്കുന്നു. ശരദ് യാദവിന്റെ പാര്‍ട്ടിയും ഞങ്ങളുമെല്ലാം പ്രതിസന്ധിയിലായതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ 24-ാം തീയതി കാണുന്നുണ്ട്. ഞങ്ങളുടെ പാര്‍ട്ടിയെ എങ്ങനെ രക്ഷപെടുത്തണമെന്നുള്ള കാര്യമാണ് ഞങ്ങളുടെ ഇപ്പോഴത്തെ ചര്‍ച്ച. മറ്റൊന്നും ഇപ്പോള്‍ ഞങ്ങളുടെ അജണ്ടയിലില്ല. 17-ാം തീയതി പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗം വിളിച്ചിട്ടുണ്ട്. അതില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ രാജ്യസഭയുടെ കാര്യത്തില്‍ ഇനി ഒരു ചര്‍ച്ചയുമില്ല. അത് തീരുമാനിച്ചുകഴിഞ്ഞു. ഒരു ലയനത്തെക്കുറിച്ചോ, മുന്നണിയെക്കുറിച്ചോ ഇപ്പോള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. അതെല്ലാം ഞങ്ങളുടെ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും.

http://www.azhimukham.com/newswrap-veerendrakumars-rentry-in-ldf-and-cpm-cpi-tussle/

ധന്യ: സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് എങ്ങനെയാണ് യുഡിഎഫിലേക്ക് പോവാനായത്?

വീരേന്ദ്രകുമാര്‍: ഞങ്ങള്‍ക്ക് പുറത്തുപോവേണ്ടി വന്നതാണല്ലോ? എല്‍ഡിഎഫ് ഞങ്ങളെ പുറത്താക്കിയില്ലേ? ഞാനൊരു വാക്കുപയോഗിച്ചിരുന്നു- ചവിട്ടി പുറത്താക്കിയെന്ന്. എന്നിട്ടും ഒരു മുന്നണിയിലും ചേരാതെയാണ് കോണ്‍ഗ്രസിനെ പിന്തുണച്ചത്. അല്ലാതെ യുഡിഎഫ് മുന്നണിയില്‍ വന്ന് കോണ്‍ഗ്രസിനെ പിന്തുണച്ചതല്ല. പുറത്തുനിന്ന് പിന്തുണയ്ക്കുകയായിരുന്നു. ആ പിന്തുണ അവര്‍ക്ക് ഗുണം ചെയ്യുകയും ചെയ്തു. ഞങ്ങളുടെ രണ്ട് അംഗങ്ങള്‍ ജയിച്ചു. രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷമേ മുന്നണിക്കുണ്ടായിരുന്നുള്ളൂ.

ധന്യ: മുമ്പ് ജെ.ഡി (യു) എല്‍ഡിഎഫിലേക്ക് വരണമെന്ന് വിഎസ് പറയുകയും പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ പിണറായി എതിര്‍ത്തു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഇടതുമുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചാല്‍ പിണറായിയുമായി ഒത്തുപോവുമോ?

വീരേന്ദ്രകുമാര്‍: അത് അവരുടെ പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമല്ലേ? അതൊന്നും വ്യക്തിപരമായ വിഷയങ്ങളല്ലല്ലോ? അവരെന്ത് തീരുമാനിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമത്. പക്ഷെ അത്തരത്തിലൊരു ചര്‍ച്ച തന്നെ ഇപ്പോള്‍ ഇല്ലാത്തതുകൊണ്ട് ഞാനതില്‍ അഭിപ്രായം പറയുന്നത് ശരിയല്ല.

ധന്യ: ദേശീയ രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ പാര്‍ലമെന്റ് പോലും ചേരാത്ത അവസ്ഥയാണല്ലോ? ഭരണഘടന തന്നെ അട്ടിമറിക്കുകയാണെന്ന് പി.ഡി.റ്റി ആചാരിയടക്കമുള്ളവര്‍ പറയുന്നു. ഒരു ഏകാധിപത്യ സംവിധാനമായി ഇന്ത്യന്‍ ഭരണകൂടം മാറുകയാണോ?

വീരേന്ദ്രകുമാര്‍: ഇപ്പോള്‍ ഇത് ആരുടെ ഭരണമാണ്? നിങ്ങള്‍ ആധാര്‍ എടുത്തോ? ആധാറിനെ ഏറ്റവുമധികം വിമര്‍ശിച്ചത് മോദിയല്ലേ? ഇപ്പോള്‍ ആധാറിന്റെ ഏറ്റവും വലിയ ആള്‍ ആരാ? എന്നോട് കഴിഞ്ഞ ദിവസം ഒരു സാധാരണക്കാരന്‍ പറയുകയാണ്- പണ്ട് നൂറ് രൂപ ബാങ്കിലിട്ടാല്‍ ഒരു കൊല്ലം കഴിഞ്ഞ് നോക്കുമ്പോള്‍ പലിശയടക്കം നൂറ്റിമൂന്ന് രൂപ കാണും. ഇപ്പോള്‍ നൂറ് രൂപ ബാങ്കിലിട്ടാല്‍ 13 രൂപയേ കാണൂ. കുറച്ചുകൂടി കഴിഞ്ഞാല്‍ അങ്ങോട്ട് പൈസ കൊടുക്കേണ്ടി വരും. ആരാണത് കൊടുക്കേണ്ടത്? സാധാരണക്കാരല്ലേ? ഡീമോണിറ്റൈസേഷന്‍ കൊണ്ടുവന്നു, ജിഎസ്ടി കൊണ്ടുവന്നു. വിലകൂടിയതല്ലാതെ എന്തെങ്കിലും ഗുണം ആര്‍ക്കെങ്കിലും കിട്ടിയോ? അതെല്ലാം പോട്ടെ, സ്വകാര്യ ജീവിതം എവിടെയാണുള്ളത്? നിങ്ങള്‍ ഇവിടെയിരിക്കുന്നുണ്ടെന്നുള്ളത് അംബാനിക്കറിയാമല്ലോ. അദാനിയും അംബാനിയുമല്ലേ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. സ്വകാര്യ ജീവിതം മുഴുവന്‍ പോയോ? നിങ്ങളുടെ വീട്ടില്‍ എന്ത് ഭക്ഷണം കഴിക്കണം, വീട്ടിലിരിക്കുന്ന മെഴുകുതിരി ഊതിക്കെടുത്തണോ അതോ മറ്റെന്തെങ്കിലും ചെയ്യണോ എന്നുതുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതാരാ? അവരുടെ പാര്‍ട്ടിയല്ലേ? അവിടെയെത്തിയോ ഈ രാജ്യം.

http://www.azhimukham.com/kerala-veerendrakumar-politics-profile/

കാമരാജ് നാടാരിന്റെ പേരിലാണ് ചെന്നൈയില്‍ പോര്‍ട്ട് ട്രസ്റ്റ് ഉണ്ടാക്കിയത്. അതിപ്പോള്‍ അദാനിക്ക് കൊടുത്തില്ലേ? കേരളത്തിലെ ക്വാറികളെല്ലാം അദാനിയുടെ കയ്യിലല്ലേ. അപ്പോള്‍ അദാനിയാരാ? വിദേശത്ത് നിന്ന് അയാള്‍ക്ക് കുറേ നഷ്ടം വന്നു. അതുമുഴുവന്‍ വകവച്ചുകൊടുത്തില്ലേ? അതുപോലെ അംബാനി, ഗ്യാസിന്റെ വിലയൊക്കെ ഒരു ദിവസം കൊണ്ട് എത്രയാ ഉയര്‍ന്നതെന്ന് കണ്ടല്ലോ? ഈ ഭരണകൂടം കൊണ്ട് സാധാരണക്കാരന് എന്താണ് ഗുണമുള്ളത്? അവന്റെ സ്വകാര്യജീവിതവും പോയി, അവന്‍ ക്യൂ നിന്നാലെ സാധനങ്ങള്‍ കിട്ടു എന്ന അവസ്ഥ- ഏത് തരത്തില്‍ നോക്കിയാലും സാധാരണക്കാര്‍ക്ക് ഒരു ഗുണവും ചെയ്യാത്ത ഭരണകൂടം.

ധന്യ: ഫാസിസത്തിനെതിരെ സോഷ്യലിസ്റ്റ്-ഇടത് സഖ്യം- പറയുന്നതല്ലാതെ പ്രയോഗത്തില്‍ കൊണ്ടുവരാനായിട്ടില്ല ഇതുവരെ; ഇടക്കിടെ ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന ഇടത്, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ സ്ഥിരതയും ലക്ഷ്യബോധവുമില്ലാതെ പോവുന്നത്?

വീരേന്ദ്രകുമാര്‍ : ഒന്നാമത് ദേശീയ നേതാക്കളെല്ലാം പ്രാദേശിക നേതാക്കളായി മാറിയിട്ടുണ്ട്. ഏത് പാര്‍ട്ടിയുമെടുത്തോളൂ, ഒരു സംസ്ഥാനത്ത് ശക്തിയുള്ള പാര്‍ട്ടി വേറൊരു സംസ്ഥാനത്തില്ലല്ലോ. ഞങ്ങള്‍ സോഷ്യലിസ്റ്റുകളുടെ കാര്യമെടുത്താല്‍, മുലായം സിങ്ങും അഖിലേഷ് യാദവും ആരാണ്, പഴയ സോഷ്യലിസ്റ്റുകളല്ലേ? അതുപോലെ ഞങ്ങളോടൊന്നിച്ചുണ്ടായിരുന്നവരല്ലേ നവീന്‍ പട്നായിക്. നിധീഷ്‌കുമാര്‍, അദ്ദേഹവും പഴയ സോഷ്യലിസ്റ്റ് ആണ്. പക്ഷെ, എല്ലാവരും പ്രാദേശിക നേതാക്കളാണ്. സിപിഎമ്മിന്റെ കാര്യമെടുത്താല്‍ കേരളവും ത്രിപുരയും കഴിഞ്ഞാല്‍ എവിടെയാണുള്ളത്. സിപിഐ എവിടെയാണുള്ളത്? രാഷ്ട്രീയത്തിലെ ഒരു യാഥാര്‍ഥ്യമതാണ്. പ്രദേശിക നേതാക്കളാവുമ്പോള്‍ അതാതിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് സഖ്യമുണ്ടാവുകയുള്ളൂ. നിതീഷ് കുമാറിന്റെ രാജ്ഗീര്‍ കോണ്‍ഫറന്‍സിലെ പ്രമേയം സംഘപരിവാറിനെതിരായിരുന്നു. അത് വിശ്വസിച്ചാണ് അദ്ദേഹത്തിന്റെ കൂടെ ഞങ്ങളൊക്കെ പോയത്. ഇപ്പോള്‍ അദ്ദേഹം തന്നെയാണ് അത് വേണ്ടെന്നു വച്ചത്. നിതീഷ്‌കുമാറിനെക്കുറിച്ച് തന്നെ പറയുകയാണെങ്കില്‍, അയാളുടെ പാര്‍ട്ടി ഗുജറാത്തില്‍ മത്സരിക്കുന്നുണ്ട്. പക്ഷെ അയാളെന്താണ് പ്രചരണത്തിന് പോവാത്തത്? അയാള്‍ ആരുമല്ല അവിടെ. ബിജെപിക്ക് മുന്നില്‍ നിധീഷ്‌ കുമാര്‍ ആരുമല്ല. അല്ലെങ്കില്‍ അയാള്‍ പോവണ്ടതാണല്ലോ?

http://www.azhimukham.com/pinarayi-vijayan-at-veerendra-kumar-book-release/

ധന്യ: ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു? പ്രത്യേകിച്ചും ബിജെപിക്കെതിരെ ഹര്‍ദിക്ക് പട്ടേലും മേവാനിയുമൊക്കെ അണിനിരക്കുമ്പോള്‍?

വീരേന്ദ്രകുമാര്‍: ശക്തമായ മത്സരമാണ് അവിടെ നടക്കുന്നത്. ബിജെപി ജയിച്ചു എന്നുതന്നെ വക്കുക, എന്നാലും പഴയ ഭൂരിപക്ഷത്തിന് ജയിക്കില്ല. ബിജെപിയുടെ പൊള്ളത്തരങ്ങള്‍ കുറേയൊക്കെ വെളിച്ചത്തായിക്കഴിഞ്ഞു. ബിഹാറില്‍ തന്നെ അത് വ്യക്തമായിക്കഴിഞ്ഞല്ലോ? അവസാനം തെറ്റുക മോദിയും അമിത് ഷായുമാണ്. ലോകത്തിലെ ഏകാധിപത്യ ഭരണങ്ങളെല്ലാം അങ്ങനെയാണ് അവസാനിച്ചത്. ഇവിടെയും അതാണ് സംഭവിക്കാന്‍ പോവുന്നത്. ഇന്നല്ലെങ്കില്‍ നാളെ അതുണ്ടാവും.

ധന്യ: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടകള്‍ ആണ് നടപ്പാക്കുതെന്ന് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ആക്ഷേപം ഉയരുന്നുണ്ടല്ലോ?

വീരേന്ദ്രകുമാര്‍: സാമ്പത്തിക സംവരണം നടപ്പാക്കുന്ന കാര്യത്തില്‍ സോഷ്യലിസ്റ്റുകളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ മുമ്പേയുള്ള അഭിപ്രായ വ്യത്യാസമാണ്. ഇപ്പോള്‍ തുടങ്ങിയതല്ല. ഞങ്ങള്‍ സോഷ്യലിസ്റ്റുകള്‍ ജാതിസംവരണം എന്ന് പറയുന്നത് സമ്പത്ത് നോക്കിയിട്ടല്ല. എന്നാല്‍, വളരെ മുമ്പ് തന്നെ, അവരുടെ അഭിപ്രായം സമ്പന്നരിലുള്ള പാവപ്പെട്ടവരെ അതിലുള്‍പ്പെടുത്തണമെന്നാണ്. അത് ഇന്ന് തുടങ്ങിയതല്ല. വര്‍ഷങ്ങളായി തുടരുന്നതാണ്. അതിപ്പോഴുമുണ്ട്. അതുപോലെ സ്ത്രീകള്‍ക്ക് സംവരണം കൊടുക്കണം. വളരെ നല്ല കാര്യമാണ്. സംവരണം കൊടുക്കുമ്പോള്‍ പിന്നോക്ക ജാതിയെ നോക്കണം. അല്ലെങ്കില്‍ അവര്‍ വരില്ല. എല്ലാം വരിക മേല്‍ജാതിയിലെ ആളുകളായിരിക്കും. അങ്ങനെ വന്നാല്‍ സംവരണംകൊണ്ട് ഒരു കാര്യവുമില്ല. അങ്ങനെ തിയററ്റിക്കലായി ഞങ്ങള്‍ക്ക് ചില സ്റ്റാന്‍ഡുകളുണ്ട്. പിന്നെ, മുന്നണികള്‍ യോജിക്കുക എന്ന് പറഞ്ഞാല്‍ മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്. അതില്‍ ഒരു പാര്‍ട്ടിയുടെ മുഴുവന്‍ പരിപാടിയെ മറ്റൊരു പാര്‍ട്ടി പൂര്‍ണമായും അംഗീകരിക്കില്ലല്ലോ? അംഗീകരിക്കാന്‍ സാധിക്കുന്ന ധാരണ, അല്ലാത്തത് അഭിപ്രായവ്യത്യാസമായി തന്നെ നിലനില്‍ക്കും.

http://www.azhimukham.com/kerala-veerendrakumar-lead-jdu-kerala-alliance-shift-confusions-udf-ldf/

ധന്യ: പരിസ്ഥിതിയെ കണക്കിലെടുത്തുകൊണ്ടുള്ള വികസനം എന്നത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന, നടപ്പാക്കുന്ന പദ്ധതികള്‍ അതിനെതിരാണ്. എല്ലാത്തരത്തിലും ജനവിരുദ്ധ സര്‍ക്കാരാണെന്ന അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നു?

വീരേന്ദ്രകുമാര്‍: പല സാമ്പത്തിക പദ്ധതികളും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അംഗീകരിക്കേണ്ടി വരുന്നത് കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നതുകൊണ്ടാണ്. നമ്മുടെ മാത്രം തീരുമാനമല്ല അത്. ഇപ്പോള്‍ ഗെയില്‍ പദ്ധതി എന്നു പറയുന്നത് ഒരു സ്ഥലത്ത് മാത്രമുള്ള വിഷയമല്ല. അത് ജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കേണ്ടതാണ്. പക്ഷെ ഇത്തരം പദ്ധതികളുടെയൊക്കെ പിന്നില്‍ കേന്ദ്രത്തിന്റെ നിയമങ്ങളുണ്ട്. ജിഎസ്ടി, നമ്മള്‍ എന്തിനാണ് അംഗീകരിക്കുന്നത്? ഡീമോണിറ്റൈസേഷന്‍, നമ്മള്‍ എന്തിനാണ് അംഗീകരിക്കുന്നത്? ഇഎസ്ഐ ഓഫീസുകള്‍ പൂട്ടാന്‍ പോവുന്നു, അത് നമ്മളാണോ തീരുമാനിച്ചത്. പ്രോവിഡന്റ് ഫണ്ടിന്റെ വിഷയം നമ്മളുടേതാണോ. അപ്പോള്‍ സമ്പൂര്‍ണമായിട്ടും ഫെഡറല്‍ രീതിയില്‍ ഭരിക്കാന്‍ പറ്റുന്ന പരിതസ്ഥിതിയല്ല മോദി ഭരണത്തില്‍ പ്രത്യേകിച്ചും ഇപ്പോള്‍ ഉള്ളത്. വികസനത്തിന് വേണ്ടി എല്ലാവരും മുറവിളി കൂട്ടുമ്പോള്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കാന്‍ പോവുന്നത് ബിജെപി ഓഫീസുകള്‍ക്കാണ്. അവരുടെ പ്രസിഡന്റിനും പ്രധാനമന്ത്രിക്കുമെല്ലാം വന്നു താമസിക്കാനായി. കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കാന്‍ പോവുന്നത്. എന്നിട്ട് തിരഞ്ഞെടുപ്പിന് ഇവിടെ വന്ന് താമസിക്കാന്‍ പോവുകയാണ്‌.

ധന്യ: ഗാട്ടും കാണാച്ചരടും എഴുതി ഒരു തലമുറയുടെ രാഷ്ട്രീയ ഭാവുകത്വത്തെ സ്വാധീനിച്ച അങ്ങേക്കുള്‍പ്പെടെ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ യുവാക്കളെ കൂടെ നിര്‍ത്താന്‍ കഴിയാത്തതെന്തുകൊണ്ടാണ്?

വീരേന്ദ്രകുമാര്‍: യുവതലമുറ സാങ്കേതിക സംവിധാനങ്ങളൊക്കെയായി മറ്റെല്ലാത്തിനോടും അകന്ന് പോവുകയാണ്. ഇപ്പോള്‍ തന്നെ വലിയ ആപത്ത് വരാന്‍ പോകുന്നതെന്താണെന്നു വച്ചാല്‍ യന്ത്രമനുഷ്യരെ ഉണ്ടാക്കാന്‍ പോവുകയാണ്. പട്ടാളത്തിലേക്ക് അത് കൊണ്ടുവരികയാണ്. ആ യന്ത്രമനുഷ്യനെ പഠിപ്പിച്ചാല്‍ അവന്‍ പോയി കൊന്നുവരും. അത് സിവില്‍ ഭരണത്തിലും കൂടി വന്നാലോ? നിങ്ങളെ കൊല്ലണമെങ്കില്‍ ഒരു യന്ത്രമനുഷ്യനെ അയച്ചാല്‍ നിങ്ങള്‍ക്കതിനെ എന്ത് ചെയ്യാന്‍ പറ്റും? സാങ്കേതിക വിദ്യയുടെ പോക്ക് അങ്ങോട്ടേയ്ക്കാണ്. ഇതിനെക്കുറിച്ചാണ് അടുത്ത ദിവസം യൂണിവേവ്സിറ്റിയില്‍ ഞാന്‍ സംസാരിക്കാന്‍ പോവുന്നത്. നാല് തവണ ലോകാവസാനം വന്നെങ്കിലും ഇനിയത് വരാന്‍ പോവുന്നത് നമ്മുടെ സാങ്കേതികവിദ്യകള്‍ കൊണ്ടാണ്. പ്രകൃതിയുടെയല്ല. പ്രകൃതിയുടേതായി നാല് തവണ ലോകമവസാനിച്ചിട്ടുണ്ട്. അഞ്ചാമത്തെ തവണ നമ്മള്‍ അവസാനിപ്പിക്കുകയാണ്.

http://www.azhimukham.com/opinion-ka-antony-writing-jdu-strategical-move-and-apprehension-of-chennithala/