ഭൂമിക്കു വേണ്ടിയുള്ള കീഴാളരുടെ എല്ലാ സമരങ്ങളും പരാജയപ്പെടുന്നില്ല; നേര്യമംഗലത്തെ ഈ പോരാട്ടം ഉദാഹരണമാണ്

 
ഭൂമിക്കു വേണ്ടിയുള്ള കീഴാളരുടെ എല്ലാ സമരങ്ങളും പരാജയപ്പെടുന്നില്ല; നേര്യമംഗലത്തെ ഈ പോരാട്ടം ഉദാഹരണമാണ്

ഭൂമി എന്ന അധികാരത്തിനും രാഷ്ട്രീയത്തിനും വേണ്ടിയുള്ള കീഴാള ജനതയുടെ പോരാട്ടം പലപ്പോഴും വിജയം കാണാറില്ല. അധികാര വര്‍ഗം പല തന്ത്രങ്ങളും പയറ്റി അവയെ പരാജയപ്പെടുത്താറാണ് പതിവ്. എന്നാല്‍ എറണാകുളം നേര്യമംഗലത്ത് ഇതിന് വിപരീതമായൊന്ന് സംഭവിച്ചിരിക്കുന്നു. ഭൂമിയ്ക്ക് വേണ്ടിയുള്ള ആദിവാസി വിഭാഗങ്ങളുടെ പോരാട്ടം വിജയം കണ്ടു. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ അര്‍ഹമായ 42 ഏക്കര്‍ ഭൂമി അവര്‍ക്ക് തിരികെ ലഭിച്ചു.

ഭൂമാഫിയയോടും അവര്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉദ്യോഗസ്ഥ വൃന്ദത്തോടും പടപൊരുതിയാണ് ആദി ദ്രാവിഡ സാംസ്‌കാരിക സഭ ഭൂമി സ്വന്തമാക്കിയത്.

2002ല്‍ എ.കെ.ആന്റണി സര്‍ക്കാരിന്റെ കാലത്താണ് നേര്യമംഗലത്ത് ഭൂരഹിതരായ ആദിവാസി വിഭാഗക്കാര്‍ക്ക് വേണ്ടി 42 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. വനഭൂമിയോട് ചേര്‍ന്ന ഭൂമിയാണ് ഇതിനായി തിരഞ്ഞെടുത്തത്. അന്ന് 250തോളം പേര്‍ പട്ടയത്തിനായി അപേക്ഷ ക്ഷണിച്ചു. 2004ല്‍ ഇതില്‍ 120 പേര്‍ക്ക് പട്ടയം നല്‍കി. എന്നാല്‍ വാസയോഗ്യമല്ലാത്ത ഭൂമി നല്‍കി സര്‍ക്കാര്‍ ആദിവാസി വിഭാഗങ്ങളെ കബളിപ്പിക്കുകയായിരുന്നു. മുട്ടോളം വെള്ളമുള്ള ചതുപ്പ് പ്രദേശങ്ങളും കീഴ്ക്കാംതൂക്കായ പാറകളിലുമെല്ലാം ഭൂമി പതിച്ച് നല്‍കി. വാസയോഗ്യമല്ലാത്ത ഭൂമി വേണ്ടെന്ന് എഴുതി നല്‍കി അന്ന് ഭൂമി ലഭിച്ചവര്‍ പലരും പിന്‍വാങ്ങി. പകരം വാസയോഗ്യമായ ഭൂമി നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും ചുരുക്കം ചിലരെ മാത്രം എടക്കാട്ടുവയലില്‍ ഭൂമി കണ്ടെത്തി പുനരധിവസിപ്പിച്ച് പട്ടിക വര്‍ഗ വികസന വകുപ്പ് കൈകഴുകി.

ഭൂമിക്കു വേണ്ടിയുള്ള കീഴാളരുടെ എല്ലാ സമരങ്ങളും പരാജയപ്പെടുന്നില്ല; നേര്യമംഗലത്തെ ഈ പോരാട്ടം ഉദാഹരണമാണ്

മലയരയ, ഉള്ളാട, മുവന്‍ വിഭാഗങ്ങളിലെ ഭൂരഹിതര്‍ക്കായാണ് സര്‍ക്കാര്‍ ജില്ലാ കൃഷിത്തോട്ടത്തിന്റെ കയ്യില്‍ നിന്നും 42 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. എന്നാല്‍ ഇത്രയും ഭൂമിയില്‍ താമസിക്കാനുള്ള ആളുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് 42 ഏക്കര്‍ ഭൂമി 12 ഏക്കര്‍ 70 സെന്റായി പട്ടിക വര്‍ഗ വികസന വകുപ്പ് ചുരുക്കി. ഈ ഭൂമിയില്‍ വീട് വച്ച് നല്‍കാനെന്ന പേരില്‍ വ്യപകമായി മരങ്ങള്‍ വെട്ടി വിറ്റു. വനഭൂമിയിലെ കോടിക്കണക്കിന് രൂപ വിലവരുന്ന മരങ്ങളാണ് അന്ന് കുറഞ്ഞ നിരക്കില്‍ ലേലം ചെയ്ത് വിറ്റത്. ഇത് നിരവധി പ്രതിഷേധങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന് മരം വെട്ടാനുള്ള അനുമതി വനം വകുപ്പ് റദ്ദാക്കി. എന്നാല്‍ മരം വെട്ടി വിറ്റ് വനഭൂമി വെളുപ്പിച്ചതല്ലാതെ ഒരു വീട് പേലും അവിടെ പൊങ്ങിയില്ല.

പട്ടയം നല്‍കാനുള്ള എല്ലാവര്‍ക്കും അത് വിതരണം ചെയ്യണമെന്നും ഭൂമി നല്‍കിയവര്‍ക്ക് വീട് വച്ച് നല്‍കണമെന്നും സാമുദായിക സംഘടനകളുള്‍പ്പെടെ ആവശ്യം ശക്തമാക്കി. എന്നാല്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാതെ മുമ്പ് പട്ടയം നല്‍കിയ 120 പേരുടേയും പട്ടയം അകാരണമായി റദ്ദാക്കുകയും കരമടക്കല്‍ മരവിപ്പിക്കുകയുമാണ് പട്ടിക വര്‍ഗ വികസന ഓഫീസര്‍ ചെയ്തത്. അതോടെ ഭൂമി ലഭിച്ചവര്‍ വീണ്ടും ഭൂരഹിതരായി.

ആദി ദ്രാവിഡ സാംസ്‌കാരിക സഭയുടെ നേതാവായ കെ.സോമന്‍ പറയുന്നതിങ്ങനെ 'ഇതിനിടെ സര്‍ക്കാര്‍ ആദിവാസി വിഭാഗങ്ങള്‍ക്കായി ഏറ്റെടുത്ത ഭൂമി നാട്ടുകാരില്‍ പലരും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കയ്യേറി. കൃഷി ചെയ്യാനെന്ന പേരില്‍ പലരും കയറിപ്പറ്റിയ ഭൂമി പിന്നീട് സമ്പന്നരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ് കണ്ടത്. 12 ഏക്കറില്‍ നിന്ന് ഒരേക്കര്‍ ഭൂമി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് കൃഷി പഠിക്കാനായി അന്നത്തെ എറണാകുളം ജില്ലാ കളക്ടര്‍ വിട്ടു നല്‍കി. 12 ഏക്കറില്‍ തന്നെ ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി അന്നത്തെ എ.എല്‍.എ. ആയിരുന്ന കുരുവിളയും എത്തി. ഇതോടെ തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ ആദിവാസി വിഭാഗങ്ങള്‍ സമര വഴി തിരഞ്ഞെടുക്കുകയായിരുന്നു.

ആദി ദ്രാവിഡ സാംസ്‌കാരിക സഭ 2013ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ഇത് സംബന്ധിച്ച പരാതി നല്‍കി. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി ആദിവാസികള്‍ക്ക് വിട്ട് നല്‍കണമെന്നായിരുന്നു ഇവര്‍ ഉന്നയിച്ച് ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് സമര സമിതിയുടെ നേതൃത്വത്തില്‍ ഒമ്പത് കുടുംബങ്ങള്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചു. കൃഷിയിടം മാവേയിസ്റ്റുകള്‍ കയ്യേറി എന്ന് പറഞ്ഞാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്ന് ഞങ്ങള്‍ക്കെതിരെ പോരാടിയത്. വ്യാജ പ്രചരണങ്ങള്‍ നിരവധി വന്നെങ്കിലും ഞങ്ങള്‍ പിന്‍മാറിയില്ല. സമരം അവസാനിക്കാതായതോടെ 2015ല്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു. 2004ല്‍ നല്‍കിയ 120 പട്ടയങ്ങള്‍ ഉടന്‍ തന്നെ തിരികെ നല്‍കണമെന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്നും അന്ന് കളക്ടറായിരുന്ന രാജമാണിക്യത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 2015 മാര്‍ച്ച് 17നാണ് ഈ നിര്‍ദ്ദേശം കളക്ടര്‍ക്ക് ലഭിച്ചത്. ഒരു മാസത്തിനുള്ളില്‍ എല്ലാവര്‍ക്കും ഭൂമി നല്‍കണമെന്ന് കളക്ടറും ഉത്തരവിട്ടു. എന്നാല്‍ ഈ തീരുമാനം അട്ടിമറിക്കാനാണ് പട്ടിക വര്‍ഗ വികസന വകുപ്പ് ശ്രമിച്ചത്. വീണ്ടും പട്ടയങ്ങള്‍ക്കായുള്ള അപേക്ഷ ക്ഷണിക്കുകയാണ് വകുപ്പ് ഓഫീസര്‍ ചെയ്തത്. ഏപ്രില്‍ 30ന് മുമ്പ് അപേക്ഷകള്‍ നല്‍കണമെന്നായിരുന്നു പറഞ്ഞത്. വീണ്ടും കബളിപ്പിക്കപ്പെട്ടത് മനസ്സിലാക്കിയ ഞങ്ങള്‍ ഉപവാസ സമരം നടത്തുകയും കളക്ടറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. എന്നാല്‍ ഞങ്ങള്‍ക്ക് ഗുണപ്പെടുന്ന ഒരു തീരുമാനവും സര്‍ക്കാരില്‍ നിന്നുണ്ടായില്ല.

ഡിസംബര്‍ അഞ്ച് മുതല്‍ നേര്യമംഗലം വില്ലേജ് ഓഫീസിന് മുന്നില്‍ നിരാഹാര സമരം തുടങ്ങി. ഒടുവില്‍ മന്ത്രി നേരിട്ടെത്തി സമരപ്പന്തലിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. മറ്റുള്ളവര്‍ക്ക് കാലതാമസമില്ലാതെ പട്ടയം വിതരണം ചെയ്യുമെന്നും ഉറപ്പ് നല്‍കി. ഒരു വര്‍ഷം ഞങ്ങള്‍ കാത്തിരുന്നു. പട്ടയ വിതരണത്തിനായുള്ള നറുക്കെടുപ്പുകള്‍ നടത്തുമ്പോള്‍ സമരത്തില്‍ പങ്കെടുത്തവരെ അതില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളും നടന്നു. ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള ഭൂമി മറ്റുള്ളവര്‍ക്ക് പതിച്ച് നല്‍കുന്നതും ശ്രദ്ധയില്‍ പെട്ടു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഞങ്ങള്‍ കളക്ടറോട് ആവശ്യപ്പെട്ടു. പട്ടയത്തിനായുള്ള നറുക്കെടുപ്പില്‍ ഊരു കൂട്ടമോ ജനകീയ സമിതിയോ നല്‍കുന്ന ലിസ്റ്റ് പരിഗണിക്കപ്പെട്ടിരുന്നുമില്ല. ഇതേ തുടര്‍ന്നാണ് ഡിസംബര്‍ അഞ്ചിന് കളക്ട്രേറ്റ് പടിക്കല്‍ ഞങ്ങള്‍ നിരാഹാര സമരമിരിക്കാന്‍ തീരുമാനിക്കുന്നത്. 19 ദിവസത്തെ നിരാഹാര സമരം ഒടുവില്‍ ഫലം കണ്ടു. കളക്ടറും മന്ത്രിമാരും ഞങ്ങളോട് ചര്‍ച്ചയ്ക്ക് തയ്യാറായി. ഒടുവില്‍ 42 ഏക്കറും ആദിവാസികള്‍ക്കായി തിരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പട്ടയം നഷ്ടപ്പെട്ടവര്‍ക്കും ഇനി പട്ടയം ലഭിക്കാനുള്ളവര്‍ക്കും ഭൂമി ഉടനെ വിതരണം ചെയ്യാനും തീരുമാനമായി. ഭൂമിയളക്കല്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്'.

ഭൂമിക്കു വേണ്ടിയുള്ള കീഴാളരുടെ എല്ലാ സമരങ്ങളും പരാജയപ്പെടുന്നില്ല; നേര്യമംഗലത്തെ ഈ പോരാട്ടം ഉദാഹരണമാണ്

ഈ 42 ഏക്കറില്‍ വാസയേഗ്യമായ ഭൂമി മാത്രം നല്‍കിയാല്‍ മതിയെന്നാണ് സമര സമിതിയുടെ പക്ഷം. വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വീട് നിര്‍മ്മിക്കാനുള്ള പണം ഭൂമിയുടെ അവകാശികള്‍ക്ക് തന്നെ നല്‍കിയാല്‍ മതിയെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. മുമ്പ് എടക്കോട്ടുവയലിലേക്ക് പുനരധിവസിപ്പിച്ചവര്‍ക്ക് വീട് വച്ച് നല്‍കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നത്. വര്‍ഷങ്ങളിത്രയായിട്ടും 83 പ്ലോട്ടുകളില്‍ ഒമ്പത് വീടുകള്‍ മാത്രമാണ് ഇതേവരെ നിര്‍മ്മിച്ചത്. രണ്ടര ലക്ഷം രൂപ വീട് നിര്‍മ്മാണത്തിനായി കരാറേറ്റെടുത്ത കുടുംബശ്രീയ്ക്ക് നല്‍കിയെങ്കിലും ഷീറ്റു വലിച്ചു കെട്ടിയ വാസയോഗ്യമല്ലാത്ത വീടുകളാണ് നിര്‍മ്മിച്ച് നല്‍കിയതെന്ന് ആക്ഷേപം നിലനില്‍ക്കുന്നു. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. ഈ അനുഭവം മുന്നിലുള്ളതിനാലാണ് പുറം കരാര്‍ നല്‍കാതെ വീട് നിര്‍മ്മാണത്തിനുള്ള പണം ഭൂ ഉടമകള്‍ക്ക് തന്നെ നല്‍കണമെന്ന ആവശ്യം സമര സമിതി ഉന്നയിക്കുന്നത്.

ആദിവാസികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച ഭൂമിയിലേക്ക് വൈദ്യുതി കണക്ഷനും, ജലവിതരണത്തിനുമുള്ള നടപടികളും സ്വീകരിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് തങ്ങളുടെ സമരത്തിന്റെ ഫലമാണെന്ന് സമര സമിതി പ്രവര്‍ത്തകര്‍ ഉറച്ച് വിശ്വസിക്കുന്നു. ഇതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം തുടങ്ങിയത് ആദിവാസി വിഭാഗങ്ങള്‍ക്ക് ആശ്വാസകരമാണെന്നും കെ.സോമന്‍ പറയുന്നു.

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)