ഇടതുമുന്നണിക്ക് അമിതമായി ആഹ്ലാദിക്കാന്‍ വകയില്ലെന്ന് മുല്ലപ്പള്ളി; യുഡിഎഫ് അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്ന് ചെന്നിത്തല

 
ഇടതുമുന്നണിക്ക് അമിതമായി ആഹ്ലാദിക്കാന്‍ വകയില്ലെന്ന് മുല്ലപ്പള്ളി; യുഡിഎഫ് അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്ന് ചെന്നിത്തല

തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി കോണ്‍ഗ്രസിന് എതിരല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മിനും എല്‍ഡിഎഫിനും അമിതമായി ആഹ്ലാദിക്കാന്‍ വകയില്ല. എല്‍ഡിഎഫിന് വലിയ വിജയമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.

2015നേക്കാള്‍ മെച്ചപ്പെട്ട പ്രകടനം പാര്‍ട്ടി കാഴ്ചവച്ചിട്ടുണ്ട്. യുഡിഎഫിന് കൂടുതല്‍ പഞ്ചായത്തുകള്‍ കിട്ടിയിട്ടുണ്ട്. നാളെ കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേരും. തിരഞ്ഞെടുപ്പ് ഫലം സമിതി വിലയിരുത്തും. ബിജെപിക്ക് എന്താണ് നേട്ടമെന്ന് വ്യക്തമാക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ. സുരേന്ദ്രന് കഴിഞ്ഞിട്ടില്ല. സിപിഎം- യുഡിഎഫ് ധാരണയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. വീഴ്ചകളുണ്ടെങ്കില്‍ പരിശോധിച്ച് തിരുത്തും. ഫലം സത്യസന്ധമായി വിലയിരുത്തുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടിലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെയും പ്രതികരണം. 2015ലെ തിരഞ്ഞെടുപ്പ് ഫലത്തെ അപേക്ഷിച്ച് മുന്നോട്ടുപോകാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫിന് അത്തരത്തിലൊരു നേട്ടം അവകാശപ്പെടാന്‍ കഴിയില്ല. ജനപിന്തുണയില്‍ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തില്‍ യുഡിഎഫിന് ആത്മ വിശ്വാസം നല്‍കുന്നതാണ് തിരഞ്ഞെടുപ്പ് പ്രകടനം. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കും. സര്‍ക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം പൂര്‍ണമായും പ്രതിഫലിച്ചിട്ടില്ല. പ്രാദേശിക പ്രശ്‌നങ്ങളും വ്യക്തിപരമായ സ്വാധീനങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അക്കാര്യത്തിലാണ് ഇടതുപക്ഷത്തിന് മുന്‍തൂക്കം. വിവാദ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുളള പ്രതിഷേധവുമായി മുന്നോട്ടുപോകും.

2010ലെ തിരഞ്ഞെടുപ്പ് ഒഴികെ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷമാണ് വിജയിച്ചത്. കേരളത്തിലെ സര്‍ക്കാരിന്റെ മുഴുവന്‍ സ്വാധീനവും ഉപയോഗിച്ചിട്ടും എല്‍ഡിഎഫിന് 2015നേക്കാള്‍ മെച്ചപ്പെടാനായില്ല. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അഴിമതികള്‍ കേരളത്തിലെ ജനങ്ങള്‍ വെള്ളപൂശിയെന്ന എല്‍ഡിഎഫിന്റെ നിലപാട് അങ്ങേയറ്റം അപഹാസ്യമാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

കേരളത്തില്‍ ബിജെപിക്ക് സ്ഥാനമില്ലെന്ന് തിരഞ്ഞെടുപ്പോടെ വ്യക്തമായി. ഏതാനും പോക്കറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് സ്വാധീനം. കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ ബിജെപിക്കായില്ല. ബിജെപി പൂര്‍ണ പരാജയമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.