ഇന്ന് യുഡിഎഫ് യോഗം; തിരഞ്ഞെടുപ്പ് പരാജയത്തിനൊപ്പം കോണ്‍ഗ്രസിലെ തര്‍ക്കവും ഘടകകക്ഷികളുടെ അതൃപ്തിയും ചര്‍ച്ചയാകും

 
ഇന്ന് യുഡിഎഫ് യോഗം; തിരഞ്ഞെടുപ്പ് പരാജയത്തിനൊപ്പം കോണ്‍ഗ്രസിലെ തര്‍ക്കവും ഘടകകക്ഷികളുടെ അതൃപ്തിയും ചര്‍ച്ചയാകും

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഇന്ന് യുഡിഎഫ് യോഗം ചേരും. രാഷ്ട്രീയമായി അനുകൂല സാഹചര്യമുണ്ടായിട്ടും തിരഞ്ഞെടുപ്പില്‍ സംഭവിച്ച തിരിച്ചടിയാകും പ്രധാന ചര്‍ച്ചാവിഷയം. കോണ്‍ഗ്രസിലെ അനൈക്യവും ആഭ്യന്തര തര്‍ക്കവും ഉള്‍പ്പെടെ ചര്‍ച്ചയാകും. കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം, മുസ്ലീം ലീഗ് ഉള്‍പ്പെടെ കോണ്‍ഗ്രസിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നത തിരിച്ചടിയായെന്ന അഭിപ്രായം തന്നെ മറ്റു ഘടകക്ഷികള്‍ക്കുമുള്ളത്. താഴെത്തട്ടില്‍ സംഘടന ശക്തി ക്ഷയിച്ചെന്ന് അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രി 22 മുതല്‍ നടത്തുന്ന പര്യടനത്തിന് ബദല്‍ പരിപാടികളും ഇന്ന് ചര്‍ച്ച ചെയ്യും.

തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് കെപിസിസിയുടെ തിരുത്തല്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തില്‍ പരാജയത്തിന്റെ കാര്യകാരണങ്ങള്‍ വിലയിരുത്താനാണ് യോഗം. ഓരോ ജില്ലകളിലും തിരഞ്ഞെടുപ്പ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരോട് അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കെപിസിസിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം നേതാക്കള്‍ തന്നെ ആവര്‍ത്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ചുമതലകളില്‍ പരാജയപ്പെട്ട നേതാക്കളെ ഭാരവാഹിത്വത്തില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.