'ഒരു ഇന്ത്യാക്കാരിയായതില്‍ ഞാന്‍ ലജ്ജിക്കുന്നു'

 
'ഒരു ഇന്ത്യാക്കാരിയായതില്‍ ഞാന്‍ ലജ്ജിക്കുന്നു'

അസഹനീയ ചൂടുള്ളു ഒരു ഉച്ചനേരത്താണ് തെക്കന്‍ ഡല്‍ഹിയിലെ ഉപഹാര്‍ തിയേറ്ററില്‍ ബോര്‍ഡര്‍ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചത്. യുദ്ധചിത്രത്തിലും തിയേറ്ററിനുള്ളിലെ സുഖമുള്ള കുളിര്‍മയിലും മുഴുകി എയര്‍ കണ്ടിഷന്‍ ചെയ്ത തിയേറ്ററിനുള്ളില്‍ ഇരിക്കുകയാണ് നൂറുകണക്കിന് പ്രക്ഷകര്‍.

തീവ്ര ദേശീയവികാരവും ഇമ്പമുള്ള സംഗീതവുമൊക്കെയായി ചിത്രം പുരോഗമിക്കുന്നതിനിടയില്‍ തിയേറ്ററിന്റെ നിലവറയില്‍ അഗ്നിബാധയുണ്ടായി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 59 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മനുഷ്യനിര്‍മ്മിതമായ ദുരന്തമായിരുന്നു അത്: കെട്ടിട ഉടമകളായ നിര്‍മ്മാണരംഗത്തെ കുത്തക കമ്പനി അന്‍സല്‍സ്, കെട്ടിടത്തിന്റെ നിലവറയില്‍ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയും അടിയന്തിര വാതില്‍ അടച്ചിടുകയും ചെയ്തു. ജനങ്ങളും മാധ്യമങ്ങളും പോലീസും കെട്ടിടത്തിന് സമീപം എത്തിയപ്പോഴേക്കും, രക്ഷപ്പെടാന്‍ കഴിയാതിരുന്ന പലരും കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. മരിച്ചവരെയും പരിക്കേറ്റവരെയും പോലീസിന്റെ പിസിആര്‍ വാനുകളില്‍ കുത്തിനിറച്ച് അടുത്തുള്ള എഐഐഎംഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

'ഒരു ഇന്ത്യാക്കാരിയായതില്‍ ഞാന്‍ ലജ്ജിക്കുന്നു'

ആ ദുരന്തത്തില്‍ മരിച്ചവരില്‍ 17 കാരി ഉന്നതിയും സഹോദരന്‍ ഉജ്ജ്വലും ഉള്‍പ്പെട്ടിരുന്നു. വന്‍ പ്രചാരണം നേടിയ ചിത്രം കാണാനായിരുന്നു സഹോദരങ്ങള്‍ സിനിമാശാലയില്‍ എത്തിയത്.

1997 ജൂണ്‍ പതിമൂന്നിന് നടന്ന ഉപഹാര്‍ ദുരന്ത കേസിലെ പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് ഇന്നലെ വിധി പറഞ്ഞിരുന്നു. വ്യാഴാഴ്ച കോടതിക്ക് പുറത്ത് നുറങ്ങുന്ന ഹൃദയവുമായി ഉന്നതിയുടെയും ഉജ്ജ്വലിന്റെയും മാതാപിതാക്കള്‍ നിന്നു. സുപ്രീം കോടതിക്ക് പുറത്തുവച്ച് ഉന്നതിയുടെയും ഉജ്ജ്വലിന്റെയും മാതാവ് നീലം കൃഷ്ണമൂര്‍ത്തി ഇങ്ങനെ പറഞ്ഞു, 'ഒരു ഇന്ത്യക്കാരിയായതില്‍ ഞാനിന്ന് ലജ്ജിക്കുന്നു. എന്തെങ്കിലും വിദ്വേഷം ഉള്ളതുകൊണ്ടല്ല ഞാനിത് പറയുന്നത്. ഒരു ഇന്ത്യക്കാരിയായതില്‍ അഭിമാനിക്കുന്നില്ല എന്നതിനാലാണ് ഞാനിത് പറയുന്നത്. ദേശീയഗാനം പാടുമ്പോള്‍ എല്ലാവരും നിര്‍ബന്ധമായും എഴുന്നേറ്റ് നില്‍ക്കണമെന്ന ഉത്തരവ് കോടതിക്ക് പുറപ്പെടുവിക്കാം. എന്നാല്‍, ദുരന്തം ഒഴിവാക്കുന്നതിനായി വാതിലുകള്‍ തുറന്നിടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അതിന് സാധിക്കുന്നില്ല.' രോഷത്തോടെ അവര്‍ തുടരുന്നു, 'നമുക്കറിയാത്ത ചില പ്രത്യേക അവകാശങ്ങള്‍ ധനികരും ശക്തരുമായ ആളുകള്‍ക്ക് ഉണ്ടെന്നാണ് ഇന്നത്തെ സുപ്രീം കോടതി വിധി തെളിയിച്ച ഒരേ ഒരു കാര്യം. അവര്‍ക്ക് സാധാരണ പൗരന്മാരുടെ കുട്ടികളെ കൊല്ലാനും അതിനുശേഷം ഒരു ട്രോമ കേന്ദ്രത്തിന് കുറച്ച് പണം നല്‍കി അതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുകയും ചെയ്യുമെന്ന കാര്യം മാത്രം.'

ഉപഹാര്‍ ദുരന്തത്തിലെ ഇരകളുടെ സംഘടന (എവിയുടി) നടത്തിയ ഏകദേശം നിഷ്ഫലമായ നിയമപോരാട്ടത്തെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു നീലം.

വ്യാഴാഴ്ച സുപ്രീം കോടതി അന്‍സല്‍ സഹോദരന്മാരില്‍ ഇളയ ആളെ ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് അയച്ചപ്പോള്‍, പ്രായക്കൂടുതല്‍ പരിഗണിച്ച് മൂത്ത ആള്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന അതിന്റെ മുന്‍വിധിയില്‍ ഉറച്ചു നിന്നു.

ഉപഹാര്‍ ഇരകളെ സംബന്ധിച്ചിടത്തോളം ഇതൊരു ദീര്‍ഘ പോരാട്ടമായിരുന്നു. ഈ രാജ്യത്ത് നിലനില്‍ക്കുന്ന നിയമ വ്യവസ്ഥയുടെ തണുത്തുറഞ്ഞ ആഖ്യാനം കൂടിയായി അത് മാറുന്നു.

അശ്രദ്ധമൂലമുള്ള കുറ്റകരമായ നരഹത്യയ്ക്കും സിനിമാറ്റോഗ്രാഫി ചട്ടത്തിന്റെ ലംഘനത്തിനും ഒരു ഡസനിലേറെ ആളുകളുടെ പേരില്‍ 2001 ഫെബ്രുവരിയില്‍ കോടതി ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം കുറ്റം ചുമത്തി. 2007 നവംബറില്‍ പ്രതികളില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയും അന്‍സല്‍ സഹോദരന്മാരെ രണ്ടു വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.

2008 ജനുവരി നാലിന് ഡല്‍ഹി ഹൈക്കോടതി അന്‍സല്‍ സഹോദരന്മാര്‍ക്ക് ജാമ്യം അനുവദിച്ചെങ്കിലും ഏതാനും മാസങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി ജാമ്യം റദ്ദാക്കുകയും ഇരുവരെയും തിഹാര്‍ ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു. എന്നാല്‍ 2015 ഓഗസ്റ്റില്‍, 60 കോടി രുപ പിഴ അടച്ച ശേഷം സ്വതന്ത്രരായി വിഹരിക്കാന്‍ പരമോന്നത കോടതി അന്‍സല്‍ സഹോദരന്മാര്‍ക്ക് അനുമതി നല്‍കി. മൂത്ത സഹോദരന്‍ സുശീല്‍ അന്‍സാലിന് പ്രായക്കൂടുതല്‍ ഉള്ളതിനാല്‍ അദ്ദേഹത്തെ ജയില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹത്തിന്റെ ഇളയ സഹോദരനും 'തുല്യത' അര്‍ഹിക്കുന്നുണ്ടെന്നും കൂടി ജസ്റ്റിസ് അനില്‍ ആര്‍ ദവെ തലവനും ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും ആദര്‍ശ് കെ ഗോയലും അംഗങ്ങളായുള്ള മൂന്നംഗ ബഞ്ച് 2015 ലെ ഓഗസ്റ്റ് ഉത്തരവില്‍ പറഞ്ഞിരുന്നു.

എന്നാല്‍, വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍, ഗോപാലിന്റെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത് 'നിലനില്‍ക്കും' എന്നും അദ്ദേഹത്തിന്റെ സഹോദരന് നല്‍കിയ ഇളവ് ഗോപാലിന് ബാധകമായിരിക്കില്ലെന്നും ജസ്റ്റിസ് ദവെ വിരമിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ പുതിയ മൂന്നംഗ ബഞ്ച് വിധിച്ചു.

ഇടയ്ക്കുള്ള പരോള്‍ ഉള്‍പ്പെടെ സുശീല്‍ ഇതിനകം തന്നെ ഒമ്പത് മാസത്തെ തടവ് ശിക്ഷ അനുഭവിച്ചു കഴിഞ്ഞെന്നും പ്രായാധിക്യം മൂലമുള്ള അനാരോഗ്യം കണക്കിലെടുത്ത് അദ്ദേഹത്തെ ജയിലിലേക്ക് തിരിച്ചയക്കേണ്ടതില്ലെന്നും ബഞ്ച് വിധിച്ചു.

ബാക്കിയുള്ള തടവ് ശിക്ഷ അനുഭവിക്കുന്നതിനായി നാല് ആഴ്ചയ്ക്കുള്ളില്‍ ഹാജരാകാന്‍ ഗോപാലിനോട് നിര്‍ദ്ദേശിച്ച കോടതി, സഹോദരന്മാര്‍ ഇരുവരും 30 ലക്ഷം രൂപ വീതം പിഴ അടയ്ക്കണമെന്നും അത് ഡല്‍ഹിയില്‍ ട്രോമ കേന്ദ്രം സ്ഥാപിക്കാന്‍ ഉപയോഗിക്കണമെന്നുമുള്ള അതിന്റെ 2015ലെ ഉത്തരവ് നിലനില്‍ക്കുമെന്നും അറിയിച്ചു.

'കുറ്റത്തിന്റെ തീവ്രതയും പ്രതികള്‍ നേടിയെടുത്ത നിയമവിരുദ്ധമായ ലാഭങ്ങളും കണക്കിലെടുക്കുമ്പോള്‍ 60 കോടി രൂപ പിഴയെന്നത് അമിതമല്ല. കടുത്ത പിഴ ഏര്‍പ്പെടുത്തുകയും അത് പൊതുജനത്തിന് ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കുകയും ചെയ്യുക എന്നതാണ് ആശയം.....തടവും വലിയ പിഴയും ഈടാക്കിക്കൊണ്ടുള്ള ശിക്ഷ, വാദികളുടെയും പൊതുജനങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നതിനാല്‍ ഇതുപോലൊരു കേസില്‍ ഏറ്റവും യുക്തമായ ശിക്ഷാവിധിയാണിത്,' എന്ന് കോടതി നിരീക്ഷിച്ചു.

ഇതോടെ, ഹൃദയഭേദകമായ ഉപഹാര്‍ കേസില്‍ കോടതി അതിന്റെ നിയമ പരമാധികാരം അരക്കിട്ടുറപ്പിച്ചു. എന്നാല്‍ നീതി ലഭിക്കാനുള്ള ഒരേ ഒരു ആശ്രയം കോടതി മാത്രമായ കൃഷ്ണമൂര്‍ത്തിമാരെ പോലെയുള്ളവര്‍ക്ക് ഒരിക്കലും മോചനം ലഭിക്കാത്ത ഒരു പ്രഹരമായി അത് മാറുന്നു.